അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ?
അമ്മേ… അമ്മേ… അമ്മേ…

തികഞ്ഞഭാരവും പൂവായ് കാണും
നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും
കനവിന്‍ കാഞ്ചന തൊട്ടിലൊരുക്കും
കല്യാണിരാഗം പാടിയുറക്കും
രാരിരാരോ… രാരാരിരോ…

സര്‍വ്വവും മറക്കും കോടതിയമ്മ
സത്യപ്രഭതന്‍ സന്നിധിയമ്മ
സ്‌നേഹസാരം നീതന്നെയല്ലേ?
സേവനഭാവം നിന്‍ പ്രാണനല്ലേ?
അമ്മേ… അമ്മേ… അമ്മേ…

അമ്മയെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി എഴുതിയിട്ട അതിമനോഹരമായ ഈ വരികള്‍ ഒരു തവണയെങ്കിലും മൂളാത്ത മലയാളിയുണ്ടാവുമോ എന്നു സംശയം. ഞാന്‍ ജനിക്കുന്നതിനും 2 വര്‍ഷം മുമ്പ് 1972ല്‍ പുറത്തിറങ്ങിയ സംഭവാമി യുഗേ യുഗേ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ഈ പാട്ടെഴുതിയത്. എം.എസ്.ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ ജയചന്ദ്രന്‍ ആലപിച്ചത്. 46 വര്‍ഷമായിട്ടും ആ പാട്ട് ഇന്നും സജീവം. അതിനു കാരണം അതില്‍ പ്രതിപാദിക്കുന്ന വിഷയമാണ് -അമ്മ. ഈ ലോകത്തുള്ള എല്ലാത്തിനും അടിസ്ഥാനം -അതാണ് അമ്മ.

പക്ഷേ, ഇന്ന് മലയാളികളുടെ അമ്മയെ ചില മരയൂളകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. Association of Malayalam Movie Artists – A.M.M.A. മലയാളത്തിലെ സിനിമാഭിനയ തൊഴിലാളികളുടെ സംഘടന. എ.എം.എം.എ. എന്നതിനെ സൗകര്യപൂര്‍വ്വം മലയാളീകരിച്ച് അമ്മ എന്നു വിപണനം ചെയ്തു. അന്ധമായ താരാരാധനയില്‍ മയങ്ങിയ നമ്മള്‍ അതു വകവെച്ചു കൊടുത്തു. പക്ഷേ, ഈ സിനിമാഭിനയ തൊഴിലാളികളില്‍ വലിയൊരു വിഭാഗം അങ്ങേയറ്റം സ്ത്രീവിരുദ്ധന്മാരും ആഭാസന്മാരുമാണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ കൂട്ടര്‍ക്ക് അമ്മ എന്ന പേരുപയോഗിക്കാന്‍ ഒരര്‍ഹതയുമില്ല. ഈ ആഭാസ സംഘടനയെ ഇനി എ.എം.എം.എ. എന്നു തന്നെ വിളിക്കണം. അമ്മ എന്ന പേരില്‍ വലിയ ഡെക്കറേഷന്‍ ഒന്നും വേണ്ട.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്  പ്രതി ചേര്‍ക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുത്ത എ.എം.എം.എ. കേരളീയ സമൂഹത്തിന്റെ മുഖത്ത് കാറിത്തുപ്പുകയാണ് ചെയ്തിരിക്കുന്നത്. ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുക മാത്രമല്ല ദിലീപ് ചെയ്തതെന്നോര്‍ക്കണം. ആക്രമിക്കപ്പെട്ട നടിയെ ആരെങ്കിലുമൊന്ന് ആക്രമിക്കൂ എന്ന് ആവര്‍ത്തിച്ചാഹ്വാനം ചെയ്ത് അതൊരു പൊതുബോധമായി സിനിമാരംഗത്ത് സ്ഥാപിച്ചെടുത്തത് ദിലീപാണ്. അതറിയാത്തവര്‍ മലയാള സിനിമയിലില്ല.

ഒരു സംഘടനയുടെ ആഭ്യന്തരകാര്യം മാത്രമായി ചുരുക്കിക്കാണാവുന്ന ഒന്നല്ല ഈ നടപടി. നമ്മള്‍ ഇത് വകവച്ചു കൊടുക്കരുത്. അങ്ങേയറ്റം ആഭാസകരമായ പ്രവൃത്തിയാണ് എ.എം.എം.എയുടേത്. ദിലീപിനെ പിന്തുണയ്ക്കാന്‍ ആദ്യം മുതല്‍ തന്നെ സംഘടനയിലുള്ളവര്‍ മുന്നോട്ടുവന്നിരുന്നു. ഇതോടൊപ്പം അതിക്രമത്തെ അതിജീവിച്ച നടിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് പൊതുസമൂഹത്തില്‍ നിന്നുണ്ടായ രൂക്ഷമായ പ്രതികരണങ്ങളാണ് കൂടുതല്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളിലേക്കു പോകാതെ എ.എം.എം.എയെ തടഞ്ഞത്. ശരിക്കും ജനങ്ങളെ പേടിച്ചു എന്നു തന്നെ പറയാം.

എന്നാല്‍, ഇപ്പോള്‍ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ പിന്‍വാതില്‍ അജന്‍ഡയിലൂടെ അവര്‍ തീരുമാനിച്ചത്. ആ വിലയിരുത്തല്‍ തെറ്റായിരുന്നു. അതിനാല്‍ത്തന്നെ തീരുമാനം ദയനീയമായി പാളുകയും ചെയ്തു. പൊതുസമൂഹത്തിന്റെ ചിന്തകള്‍ക്ക് പുല്ലുവില മാത്രമാണ് എ.എം.എം.എ. എന്ന സംഘടനയും അതില്‍ നേതാക്കള്‍ എന്നു പറയുന്നവരും കല്പിച്ചിരിക്കുന്നത് എന്നു വ്യക്തം. സിനിമ കാണുന്ന നമ്മളൊക്കെ ആരാധന മൂത്ത് ഭ്രാന്തുപിടിച്ച വെറും മണ്ടന്മാര്‍!! രണ്ടു ദിവസം കഴിയുമ്പോള്‍ എല്ലാം മറക്കുന്നവരാണ് നമ്മള്‍!! ഇത്തരം ചിന്തകളില്‍ നിന്ന് ഉണ്ടാവുന്ന അഹംഭാവമാണ് സിനിമയുടെ പണക്കൊഴുപ്പില്‍ വിലസുന്ന നടന്മാരെ നയിക്കുന്നത്.  അതു ശരിയല്ലെന്നു തെളിയിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.

എ.എം.എം.എ. യോഗത്തില്‍ ഇന്നസന്റ്, മോഹന്‍ലാല്‍, ഇടവേള ബാബു, ഗണേഷ് കുമാര്‍

സ്ത്രീവിവേചനത്തിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കുന്ന കാലം. പുരുഷനും സ്ത്രീക്കു തുല്യനീതിക്കായി വലിയ പോരാട്ടങ്ങള്‍ നടക്കുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമാ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നത്. സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തെ ഒപ്പം നിര്‍ത്തി കാര്യം നേടാന്‍ അവര്‍ ശ്രമിക്കുന്നു -ഒരു തരം ക്വട്ടേഷന്‍ തന്നെ. ഗുരുതരമായ കുറ്റാരോപണത്തിന് വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദിലീപിന് എ.എം.എം.എയില്‍ നിന്നു ലഭിക്കുന്ന പിന്തുണയെ സമൂഹത്തിലെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാവൂ.

വന്‍ പ്രതിഫലം വാങ്ങുന്ന മൂന്നു നടന്മാര്‍ക്ക് -മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് -ചുറ്റും കിടന്നു കറങ്ങുന്ന വെറും കറക്കു കമ്പനിയാണ് എത്രയോ കാലമായി മലയാള സിനിമ. ഈ മൂവര്‍ സംഘത്തിന്റെ ഇഷ്ടത്തിനെതിരായി ഒന്നും നടക്കില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്തവരെ സിനിമയില്‍ ചാന്‍സ് നല്‍കാതെ പുറത്താക്കാനുള്ള കഴിവ് ഈ വന്‍ നടന്മാര്‍ക്കുണ്ട്. അതവര്‍ ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, ഇനിയും ചെയ്യും. ഇത്തരം ദുഷിപ്പുകളെ നേരിടാനാണ് സാധാരണ ഗതിയില്‍ ആളുകള്‍ സംഘടന ഉണ്ടാക്കുന്നത്. പക്ഷേ, മലയാള സിനിമയുടെ കാര്യത്തില്‍ സംഘടന പോലും ഈ മൂന്നു പ്രമുഖന്മാരുടെ കൈപ്പിടിക്കുള്ളിലാണ്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ചേര്‍ന്ന എ.എം.എം.എ. യോഗം. ഈ യോഗം ദിലീപിനെ ന്യായീകരിച്ചു

അതിക്രമത്തിന് ഇരയായ നടിക്ക് എ.എം.എം.എയില്‍ നിന്ന് രാജി വെയ്‌ക്കേണ്ടി വന്നിരിക്കുന്നു. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോടു തുറന്നു പറയുന്നത്. അവരെ പിന്തുണയ്ക്കുന്ന സഹപ്രവര്‍ത്തകരായ 3 നടിമാര്‍ കൂടി ഒപ്പമിറങ്ങി. ഈ സാഹചര്യം ഉണ്ടായത് കേരളത്തില്‍ തന്നെയാണ് എന്നത് നമുക്കെല്ലാം അപമാനകരമാണ്.

എ.എം.എം.എയില്‍ നിന്ന് നാലു സ്ത്രീകള്‍ രാജിവെച്ചു എന്ന വാര്‍ത്ത ഒരേസമയം ആവേശവും ആശങ്കയും ഉണര്‍ത്തി. അവരുടെ തീരുമാനം ആവേശകരമായപ്പോള്‍ അവരുടെ ഭാവി ആശങ്കാജനകമായി. തങ്ങളുടെ അഭിനയജീവിതത്തിന് വന്‍ നഷ്ടമുണ്ടാകും എന്നറിയാമായിരുന്നിട്ടും എതിര്‍പ്പുകള്‍ പരസ്യമായി പറഞ്ഞു പുറത്തു പോകാന്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുക തന്നെ വേണം. എ.എം.എം.എയുടെ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ കമന്റ് ഈ നാല്‍വര്‍ സംഘത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് -‘ഫീല്‍ഡ് ഔട്ട് ആയവരാണ് രാജിവെച്ചത്.’ രാജിവെച്ചവര്‍ ഫീല്‍ഡ് ഔട്ട് ആണെന്നു നിശ്ചയിച്ച ബാബുവിന് കൈനിറയെ അവസരങ്ങളുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ് ആകെ ഒരു സമാധാനം!!!

നമ്മുടെയൊക്കെ കണ്ണുകള്‍ക്കു മുന്നില്‍ സിനിമാ രംഗത്തെ പുരുഷ കോമരങ്ങള്‍ സ്ത്രീകളോട് ഈ വിധത്തിലാണ് പെരുമാറുന്നതെങ്കില്‍ നമ്മുടെ കാണാമറയത്ത് അവരുടെ പെരുമാറ്റം ഏതു വിധത്തിലായിരിക്കുമെന്നത് ആലോചിക്കുമ്പോള്‍ തന്നെ നടുക്കമുണ്ടാവുന്നു. അഭിനയം എന്ന തൊഴില്‍ ചെയ്തു ജീവിക്കാന്‍ ഇവിടത്തെ സ്ത്രീകള്‍ എന്തൊക്കെ സഹിക്കുന്നുണ്ടാവണം? തനിക്കു വന്ന അവസരങ്ങള്‍ ദിലീപ് തട്ടിക്കളഞ്ഞു എന്നു പരാതി പറഞ്ഞിട്ടും സംഘടന ഒന്നും ചെയ്തില്ല എന്ന് ഇരയായ നടി പറഞ്ഞത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ആ നടിയെ മലയാളസിനിമയില്‍ നിന്ന് ആട്ടിപ്പുറത്താക്കണമെന്ന് സംവിധായകരോട് നേരിട്ടാവശ്യപ്പെട്ടിട്ടുണ്ട് ദിലീപ്. ഉറച്ച റോളുകള്‍ വിളിച്ചുപറഞ്ഞ് മുടക്കിയിട്ടുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, ദിലീപിനെ ആരും തൊടില്ല, പേടിയാണ്.

നടിക്കു നേരെ ആക്രമണമുണ്ടായതിനെതിരെ പ്രതിഷേധിക്കാന്‍ എ.എം.എം.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപ് ‘അഭിനയിക്കുന്നു

എ.എം.എം.എ. യോഗത്തില്‍ മമ്മൂട്ടി മാനം നോക്കിയിരിക്കുന്നതും മോഹന്‍ലാല്‍ ചിത്രംവരച്ചു കളിക്കുന്നതും വെറുതെയല്ല. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നത് ഇവര്‍ക്ക് രണ്ടു പേര്‍ക്കുമറിയാമായിരുന്നു. പക്ഷേ, തിലകനെപ്പോലും അപമാനിച്ച് കേമനായ ദിലീപിനു മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നുമല്ല തന്നെ. ദിലീപ് മുന്‍കൈ എടുത്ത് തിലകനെ സിനിമാ രംഗത്ത് നിന്ന് ഒതുക്കിയപ്പോള്‍ അതിന്റെ പാപഭാരം ചുമന്നത് സംഘടന മുഴുവനുമാണ്. നീതിയും ജനാധിപത്യവും മനുഷ്യാവകാശവും ഒക്കെ നില നില്‍ക്കുന്ന ലോകത്ത് ഇത്തരം ചെയ്തികള്‍ക്ക് mobing എന്നാണ് പേര്. Mobing നിയമപരമായി കുറ്റമാണ്. പക്ഷേ, ഇവിടാരാണ് നടപടിയെടുക്കാന്‍!

എ.എം.എം.എയിലെ ഭൂരിഭാഗം നടിമാര്‍ക്കും ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ല എന്നാണ് വാദം. ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മിള ഉണ്ണി എന്ന നടിയാണ് എന്നും ന്യായീകരണം. എനിക്ക് ഇതില്‍ ഒട്ടും അത്ഭുതമില്ല. നമ്മുടെ രാജ്യത്ത് സ്ത്രീധനത്തിന്റെ പേരില്‍ എവിടൊക്കെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ അത്തരം കേസുകളിലെല്ലാം മുഖ്യപ്രതി സ്ഥാനത്ത് ഒരു സ്ത്രീ തന്നെയായിരിക്കും -അമ്മായി അമ്മയുടെയോ നാത്തൂന്റെയോ രൂപത്തില്‍. സ്ത്രീകളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന സ്ത്രീകളുടെ കുലം നമ്മുടെ സിനിമാ നടികളുടെ ഇടയിലും ഉണ്ടാവുക സ്വാഭാവികം. സ്ത്രീകള്‍ ഒപ്പമുണ്ട് എന്നതിനാല്‍ സ്ത്രീവിരുദ്ധമായ പ്രവൃത്തി ശരിയാവണം എന്നില്ലല്ലോ. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുന്നു. അതിന് ചില സ്ത്രീകള്‍ തന്നെ കുടപിടിക്കുന്നു.

കാത്വ ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

കാത്വയിലെ ബലാത്സംഗികള്‍ക്കുവേണ്ടി തെരുവില്‍ കൊടിപിടിച്ച സംഘികളേക്കാള്‍ നികൃഷ്ടരാണ് ദിലീപിനെ തിരികെ സംഘടനയിലേയ്ക്കാനയിച്ച താരഗുണ്ടകള്‍. നെറികേടും ഗുണ്ടായിസവും ബലാത്സംഗവും മഹത്വവല്‍ക്കരിച്ച് രസിക്കുന്നതാണ് ഫാഷിസം. അവളോടൊപ്പം നില്‍ക്കാനോ അവള്‍ അനുഭവിച്ച ക്രൂരതകളും മാനസികവും ശാരീരികവുമായ വ്യഥകളും മനസ്സിലാക്കാന്‍ ശ്രമിക്കാനോ അവളോടൊപ്പം എന്ന് പേരിനെങ്കിലും ഒന്ന് പറയാനോ പോലും തോന്നാത്തവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ ഞാനില്ല. ഇക്കൂട്ടത്തില്‍ ഇടതുപക്ഷത്തു നില്‍ക്കുന്നു എന്നു പറയപ്പെടുന്ന മൂന്നു ജനപ്രതിനിധികള്‍ ഉണ്ട് എന്നു പറയുന്നത് അങ്ങേയറ്റം ജുഗുപ്‌സാവഹമാണ്. എം.പിയായ ഇന്നസന്റിനെയും എം.എല്‍.എമാരായ മുകേഷ്, ഗണേഷ് എന്നിവരെയും പറഞ്ഞു തിരുത്താനും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തൊഴിച്ചോടിക്കാനും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയുണ്ടാവണം. സി.പി.എമ്മും പാര്‍ട്ടിയുടെ നേതാക്കളും ‘അവള്‍ക്കൊപ്പം’ എന്നു തന്നെ ഏതായാലും വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂവര്‍ സംഘത്തെ അടക്കിയിരുത്തി തങ്ങളുടെ പ്രസ്താവനയിലെ ആത്മാര്‍ത്ഥത പാര്‍ട്ടി തെളിയിക്കേണ്ടതുണ്ട്.

നടിയെ ആക്രമിച്ച കേസിലെ കുറ്റവിചാരണ കോടതിയില്‍ പുരോഗമിക്കുന്നു. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. വിധി പറയേണ്ടത് കോടതിയാണ്. എന്നാല്‍, ആ വിധി വരും മുമ്പ് ദിലീപ് നിരപരാധിയെന്ന മുന്‍വിധിയോടു കൂടി എ.എം.എം.എ. അനുകൂല നിലപാടെടുക്കുന്നത് എങ്ങനെയാണ്? ഇനി ദിലീപിനെ ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കില്‍ അപ്പോള്‍ പുറത്താക്കാം എന്നാണോ?

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി ജാമ്യം നേടി ജയിലില്‍ നിന്നു പുറത്തുവന്ന ദിലീപിന്റെ ആഹ്ലാദം

അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയില്‍ തങ്ങളുടെ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം സംഘടനാനേതൃത്വം പരിഗണിക്കാതിരുന്നതിനു പിന്നില്‍ ദിലീപിന്റെ പണത്തിന്റെ സ്വാധീനം മാത്രമാണ്. നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും -പഴയൊരു ചൊല്ലാണ്. ഐസ് ക്രീം പാര്‍ലര്‍ പീഡന കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണെന്നു നമ്മള്‍ കണ്ടു. ദിലീപ് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും അതു തന്നെയാണ്. പണക്കൊഴുപ്പിന്റെ ബലത്തില്‍ സാമാന്യനീതിയെ വെല്ലുവിളിക്കുന്ന ഈ ഹുങ്കിനെ ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് ധാര്‍മ്മിക ബാദ്ധ്യതയുണ്ട്. പോരാടുന്നവര്‍ക്ക് അഭിവാദനങ്ങള്‍.

അമ്മ എന്ന പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നമുക്ക് ശക്തമായി പ്രതികരിക്കാം… ഇവന്മാര്‍ വെറും എ.എം.എം.എ.!

Previous articleAvailable, Accesible, Acceptable, Adaptable Education
Next articleകന്നഡ കലയിലെ നേരിന്റെ തീ

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS