‘മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ പൂര്‍ണ്ണമായും മനസിലാക്കുന്നു. അവരുടെ മാനസിക പ്രയാസം സര്‍ക്കാരിന് ബോധ്യമുണ്ട്. എന്നാലിവിടെ അവരുടെ മാനസികാവസ്ഥയെ രാഷ്ട്രീയമായി മുതലെടുക്കനുള്ള ശ്രമങ്ങള്‍ കാണാതിരുന്നുകൂടാ. അക്കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഡി.ജി.പി. ഓഫീസിന് മുന്നില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായി. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കുമെന്ന് ജിഷ്ണുവിന്റെ അമ്മയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഞാന്‍ ഇടപ്പെട്ടതുകൊണ്ട് മാത്രം തീരുന്ന സമരമായിരുന്നില്ല അത്. അങ്ങനെ കരുതേണ്ടതില്ല. എങ്കിലും സുഗതകുമാരിയും സൂസൈപാക്യവും അടക്കമുള്ള പല ഉന്നത വ്യക്തികളും ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരിന് എന്തെകിലും വീഴ്ച പറ്റി എന്ന വിധത്തിലായിരുന്നില്ല അത്. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ കഴിയുന്നവരാണ് ഇവര്‍. എന്നാല്‍ മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ മുതലെടുക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നാണ് പറഞ്ഞത്.

സമരം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ കെ.വി.സോഹന്‍, കേസില്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരം നിയമിച്ച പ്രത്യേക പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു എന്നിവര്‍ ജിഷ്ണുവിന്റെ അമ്മയുമായി ഏകദേശം നാലു മണിക്കൂറിലേറെ സംസാരിച്ചു. ഇതിനിടെ സോഹന്‍ എന്നെ വിളിച്ചു. എന്നിട്ട് ആ അമ്മയോട് സംസാരിക്കാമോയെന്ന് ചോദിച്ചു. എനിക്കെന്താ വിരോധം? നേരത്തെയും അവര്‍ എന്നെ വന്നു കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതുമാണ്. സംസാരിച്ചപ്പോള്‍ വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു അവര്‍. കരഞ്ഞുകൊണ്ടുമാത്രമെ സംസാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നുള്ളൂ. ആ വിഷമം മനസിലാക്കാവുന്നതേയുളളൂ. അപ്പോഴാണ് എന്തെങ്കിലും വീഴ്ചയുണ്ടെകില്‍ നടപടി എടുക്കുമെന്ന് ഉറപ്പു നല്‍കിയത്. വീണ്ടും സോഹനും ഉദയഭാനുവും അവരുമായി സംസാരിച്ചു. അവര്‍ സമരം അവസാനിപ്പിക്കുയായിരുന്നു. അല്ലാതെ ഞാന്‍ ഇടപെട്ടത് കൊണ്ട് മാത്രം സമരം അവസാനിപ്പിച്ചു എന്ന നിലയില്‍ അതിനെ ചുരുക്കി കാണരുത്.

കേസില്‍ ഏതെല്ലാം തരത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് നോക്കാം. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള എല്ലാ സാങ്കേതികതകളും മാറ്റിവെച്ച് അവര്‍ ആവശ്യപ്പെട്ട ആളെ തന്നെ നിയമിച്ചു. പ്രതികള്‍ക്ക് ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇങ്ങനെ ഒരു സര്‍ക്കാര്‍ ഇടപെടുന്നതു തന്നെ ആദ്യമായിട്ടായിരിക്കും. കുടുംബം സമരത്തിലേക്ക് പോകുമ്പോള്‍ എന്ത് കാര്യമാണ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത് എന്ന് കൂടി വിമര്‍ശിക്കുന്നവര്‍ പറയണം.’

Pinarayi (2)
പിണറായി വിജയന്‍

വളരെ വ്യക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. സമരം തീര്‍ന്നത് തന്റെ മേന്മയാണെന്നു വരുത്താനൊന്നും അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ, പറയാനുള്ളത് വ്യക്തമായി പറഞ്ഞു. ടെലിവിഷന്‍ ക്യാമറകള്‍ മുഖേന കേരളത്തിലെ ജനങ്ങള്‍ അതു കേട്ടു. ഈ വിഷയത്തില്‍ ആദ്യം തൊട്ടു സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റമൊന്നും പിണറായി വരുത്തിയില്ല. പക്ഷേ, അദ്ദേഹം പറഞ്ഞത് എനിക്ക് സ്വീകാര്യമായി തോന്നി. മറ്റുള്ളവരുടെ കാര്യം അറിയില്ല. അങ്ങനെ തോന്നാന്‍ കാരണമുണ്ട്, പറയുന്നത് പിണറായി നേരിട്ടാണ്. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത് -ക്യാബിനറ്റ് ബ്രീഫിങ്.

പിണറായി വിജയനു മുമ്പുള്ള മുഖ്യമന്ത്രിമാരെല്ലാം ആഴ്ചയിലൊരിക്കല്‍ കൃത്യമായി മാധ്യമപ്രവര്‍ത്തകരെ കാണുന്നത് പതിവാക്കിയിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള ക്യാബിനറ്റ് ബ്രീഫിങ് എന്ന പേരിലാണ് കൂടിക്കാഴ്ചയെങ്കിലും ആ ഒരാഴ്ചക്കാലത്ത് സംസ്ഥാനത്തുണ്ടാവുന്ന എല്ലാ പ്രധാനപ്പെട്ട പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്ലെത്തിക്കാനും അദ്ദേഹത്തിന്റെ അഭിപ്രായമറിയാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, പിണറായി അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ഉപദേശകര്‍ ആദ്യം ചെയ്തത് ഈ ‘ആഴ്ചക്കൂടിക്കാഴ്ച’ അവസാനിപ്പിക്കുക എന്നാണ്. ഇതിനെതിരെ ഞാനടക്കമുള്ളവര്‍ വിമര്‍ശമുയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ തുപ്പല്‍ തെറിക്കുന്ന ദൂരത്തിരുന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യസാദ്ധ്യത്തിനാണ് മുറവിളിയെന്ന മറുവിമര്‍ശമായിരുന്നു മറുപടി. പിണറായി വിജയനെപ്പോലൊരു നേതാവിനെ പിന്‍വാതിലിലൂടെ സ്വാധീനിച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശേഷിയുണ്ടെന്ന് വിശ്വസിച്ചവരോട് പരിതപിക്കുകയല്ലേ നിവൃത്തിയുള്ളൂ. മാധ്യമപ്രവര്‍ത്തകരും ജനങ്ങളില്‍ നിന്നുള്ളവരാണ്. ജനങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് ജനങ്ങളോടു സംസാരിക്കുന്നതിനു തുല്യമാണ്. ജനങ്ങളുമായുള്ള ഈ ആശയവിനിമയം നടക്കുന്നില്ല എന്നതു തന്നെയാണ് പിണറായി വിജയന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നു തോന്നുന്നു.

ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് കുറച്ചുകാലം തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നു. അപ്പോള്‍ ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി. അന്ന് ജൂനിയറായ ഞാന്‍ ഒന്നോ രണ്ടോ പത്രസമ്മേളനങ്ങളില്‍ നായനാരെ അടുത്തു കണ്ടിട്ടുണ്ട് എന്നേയുള്ളൂ. പിന്നീട്, എ.കെ.ആന്റണിയും അതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോള്‍ ഞാന്‍ തലസ്ഥാനത്തില്ല. പുറംനാടുകളിലെ സേവനത്തിനു ശേഷം 2006ലാണ് തിരുവനന്തപുരത്ത് ഞാന്‍ തിരിച്ചെത്തുന്നത്, മാതൃഭൂമിയില്‍. 2012ല്‍ ഇന്ത്യാവിഷനിലേക്കു മാറിയെങ്കിലും പ്രവര്‍ത്തനമണ്ഡലം തിരുവനന്തപുരം തന്നെയായിരുന്നു. ഈ കാലയളവില്‍ പ്രധാനമായും 2 മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായി -വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും. വാര്‍ത്തയുടെ കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുമായി നിരന്തരബന്ധം പുലര്‍ത്തേണ്ട സാഹചര്യമുണ്ടായിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയെ നേരിട്ടല്ല കിട്ടുക, അവര്‍ക്കു വേണ്ടി മറുപടി പറയാന്‍ കൃത്യമായി ഒരാളുണ്ടാവും -പ്രസ് സെക്രട്ടറി. വി.എസ്.അച്യുതാനന്ദന്റെ കാലത്ത് കെ.ബാലകൃഷ്ണനും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പി.ടി.ചാക്കോയുമാണ് ഈ ചുമതല വഹിച്ചിരുന്നത്. മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള എന്തും -എത്ര അപ്രിയമായ കാര്യമായിരുന്നാലും -ഇവരോട് ചോദിക്കാം. ഏതു ചോദ്യത്തിനും കൃത്യമായ മറുപടി ലഭിച്ചിരിക്കും. മുഖ്യമന്ത്രിമാരെന്ന നിലയില്‍ വി.എസ്സിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ശ്രദ്ധയില്‍ ജനകീയ വിഷയങ്ങള്‍ എത്തിച്ചിരുന്നതില്‍ വലിയൊരു പങ്ക് ബാലകൃഷ്ണനും ചാക്കോയും വഹിച്ചിട്ടുണ്ട്. ബാലകൃഷ്ണന്‍ സംഘടനാനടപടി നേരിട്ട് പുറത്തുപോയ ശേഷം വി.എസ്സിനൊപ്പം പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി ചേര്‍ന്ന, ഇപ്പോഴും തുടരുന്ന കെ.വി.സുധാകരനെയും ഈ ഗണത്തില്‍പ്പെടുത്താം. കൊട്ടക്കണക്കിന് ഉപദേശകരും സെക്രട്ടറിമാരുമുണ്ടെങ്കിലും ബാലകൃഷ്ണന്റെയോ ചാക്കോയുടെയോ സുധാകരന്റെയോ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പിണറായിക്കൊപ്പമില്ല. അതു വലിയൊരു കുറവ് തന്നെയാണ്.

KB_PTC
കെ.ബാലകൃഷ്ണനും പി.ടി.ചാക്കോയും

ഉപദേശകരാണോ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ ശത്രുക്കള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ ഞാന്‍ ‘അതെ’ എന്നു പറയും. ജിഷ്ണുവിന്റെ കുടുംബത്തിന് മന്ത്രിസഭ യോഗം ചേര്‍ന്ന് 10 ലക്ഷം രൂപ സഹായം അനുവദിച്ചതിന്റെ നന്മ ഇല്ലാതാക്കാന്‍ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ പരസ്യം കൊടുക്കാന്‍ 50 ലക്ഷം വിനിയോഗിച്ചു!! ആരാണാവോ ഈ ബുദ്ധി ഉപദേശിച്ചുകൊടുത്തത്? ആ പരസ്യത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പലര്‍ക്കും ആക്ഷേപവുമുണ്ട്. ഈ ധനനഷ്ടം നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു, മുഖ്യമന്ത്രി വിചാരിച്ചിരുന്നെങ്കില്‍. ചൊവ്വാഴ്ച പറഞ്ഞ അതേ കാര്യം 3 ദിവസം മുമ്പ് പറഞ്ഞാല്‍ മതിയായിരുന്നു. ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത പാല്‍ കണ്ടാലും പേടിക്കുന്ന അവസ്ഥ പോലെയാണ് പിണറായിയുടെ സ്ഥിതി. തുടര്‍ച്ചയായി തന്നെ വേട്ടയാടുന്ന ലാവലിന്‍ കുരുക്ക് ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്ന വാശിയുള്ളതിനാല്‍ അങ്ങേയറ്റം അവധാനതയോടെയാണ് അദ്ദേഹത്തിന്റെ ഓരോ ചുവടും. ഈ സാഹചര്യം ഉപദേശകര്‍ പരമാവധി മുതലെടുക്കുന്നുണ്ട്. ചുറ്റുമുള്ളവരുടെ കഴിവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിശ്വാസമാണെങ്കിലും എനിക്കതില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ആരെങ്കിലും കുത്സിതപ്രവൃത്തി നടത്തുകയാണെങ്കില്‍ അതാദ്യം കണ്ടെത്തുകയും വിളിച്ചുപറയുകയും ചെയ്യുന്നത് ഞങ്ങള്‍ തന്നെയാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷനിലൂടെ റെജീനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായ വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൈയേറ്റമുണ്ടായിരുന്നു. അന്ന് പരസ്യപ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നപ്പോള്‍ ഞങ്ങളില്‍ തന്നെ ഒരു വിഭാഗം അതിനെ എതിര്‍ത്തു. പ്രത്യക്ഷ സമരത്തെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ എതിര്‍ക്കാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ ‘പേ റോള്‍’ പുറത്തുവരുന്നത്. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് വ്യവസായ മന്ത്രിയില്‍ നിന്ന് സ്ഥിരമായി ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ വിശദാംശങ്ങളായിരുന്നു ‘പേ റോള്‍’. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ!! അതുവരെ അങ്ങേയറ്റം ബഹുമാന്യരായി എന്നെപ്പോലുള്ളവര്‍ കരുതിയിരുന്ന പല മാധ്യമപ്രവര്‍ത്തക വിഗ്രഹങ്ങളും അന്നു വീണുടഞ്ഞു. അന്നു തകര്‍ന്ന ഒരു വിഗ്രം ഇപ്പോള്‍ പിന്‍വാതിലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്നുകൂടിയിട്ടുണ്ട്. ഒരു ‘വിശ്വസ്തന്‍’ നിര്‍ബന്ധിച്ചു, മുഖ്യമന്ത്രി നിയമിച്ചു! ഈ ‘വിശ്വസ്തനെ’പ്പറ്റി നേരത്തേ ആക്ഷേപമുയര്‍ന്നപ്പോള്‍ പ്രതിരോധം ചമയ്ക്കാന്‍ ഈ ഉടഞ്ഞ വിഗ്രഹം ചാടിയിറങ്ങിയിരുന്നു എന്നത് യാദച്ഛികമാവാം!!

എന്റെ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇപ്പോള്‍ വിവിധ ചാനലുകളുടെ തലപ്പത്തും പത്രങ്ങളുടെ ബ്യൂറോ ചീഫുമാരായുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഒരാള്‍ പോലും ഇത്തരം പേ റോളുകാരെ അംഗീകരിക്കില്ല, സമീപിക്കില്ല. ഞങ്ങളുമായിട്ട് ഇത്തരക്കാര്‍ക്ക് ബന്ധവുമില്ല. പിന്നെങ്ങനെ ആശയവിനിമയം സുഗമമാവും? മുഖ്യമന്ത്രിയുടെ മുഴുവന്‍ സമയ പ്രസ് സെക്രട്ടറി പ്രഭാ വര്‍മ്മയാണ്. ദൈനംദിന വിഷയങ്ങളില്‍ ഓടിനടന്ന് ഇടപെടാനും മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ ലഭ്യമാക്കാനുമുള്ള ശേഷി പരമസാത്വികനായ അദ്ദേഹത്തിനില്ല തന്നെ. മാത്രമല്ല, അദ്ദേഹത്തെക്കൊണ്ട് അത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നത് ശരിയുമല്ല. മാധ്യമ ഉപദേശകനായ ജോണ്‍ ബ്രിട്ടാസ് താഴേത്തട്ടിലുള്ള എന്നെപ്പോലുള്ള സാധാരണ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യനാണ്. അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും വിവരമെടുക്കുന്നതിനെക്കാള്‍ എളുപ്പം നേരിട്ട് പിണറായിയോട് തന്നെ ചോദിച്ചറിയാന്‍ ശ്രമിക്കുന്നതാണ്. ഇതുപോലെ തന്നെയാണ് ഓരോ ഉപദേശകനും, തങ്ങളുടേതായ ഔന്നത്യങ്ങളില്‍ വിരാജിക്കുന്നവര്‍.

ഇപ്പോള്‍ പുതിയൊരു ഉപദേശകന്‍ വന്നിട്ടുണ്ട്. പൊലീസ് കാര്യങ്ങളില്‍ ഉപദേശിക്കാന്‍ -രമണ്‍ ശ്രീവാസ്തവ. അടിപൊളി! ഉപദേശിക്കാന്‍ പറ്റിയ കക്ഷി തന്നെ. കേരളാ പൊലീസ് മേധാവി ആയിരുന്നപ്പോഴും അതിനു മുമ്പും കാര്യപ്രാപ്തി പല വട്ടം തെളിയിച്ചിട്ടുണ്ട്!!! നേരിട്ടറിയാവുന്ന രണ്ടു കാര്യങ്ങള്‍ പറയാം. ടോമിന്‍ തച്ചങ്കരിയുടെ റയാന്‍ സ്റ്റുഡിയോയില്‍ വ്യാജ സി.ഡി. റെയ്ഡ് നടന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്നില്‍ നിന്ന് ഈയാംപാറ്റയെപ്പോലെ വിറച്ചതും അതിനെക്കുറിച്ച് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വീണ്ടും വിറയ്ക്കുന്നതും കണ്ടിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങ് തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം വഴി തെറ്റിയതുമായി ബന്ധപ്പെട്ട് തന്നെക്കാള്‍ വളരെ ജൂനിയറായ എസ്.പി.ജി. ഉദ്യോഗസ്ഥന്റെ വായില്‍ നിന്ന് കൈകെട്ടി നിന്ന് പുലഭ്യം കേള്‍ക്കുന്ന ശ്രീവാസ്തവയെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ഇപ്പോഴും ഇതില്‍ക്കൂടുതലൊന്നും -പുലഭ്യം കേള്‍ക്കല്‍ -സംഭവിക്കാനിടയില്ല.

raman srivastava (1)
രമണ്‍ ശ്രീവാസ്തവ

ബാങ്കിതര പണമിടപാട് സ്ഥാപനം അഥവാ ബ്ലേഡ് കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്റാണ് ശ്രീവാസ്തവ. അതായത് കുടിശ്ശിക പിരിവിന് മേല്‍നോട്ടം, പൊലീസുമായുള്ള ബന്ധം എന്നിവയെല്ലാം അദ്ദേഹം കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ പൊലീസ് മേധാവിയായിരുന്ന വ്യക്തിക്ക് ചേര്‍ന്ന ഉദ്യോഗം! ഇവിടെ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായി ചീഫ് സെക്രട്ടറിയുടെ തസ്തികയില്‍ എത്തുന്നത്. പക്ഷേ, പ്രതിഫലമില്ല. ബ്ലേഡ് കമ്പനിയിലെ ബഹുലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലി അദ്ദേഹം ഉപേക്ഷിക്കുമായിരിക്കും, അല്ലേ? അതോ രണ്ടു കൂടി ഒരുമിച്ച് വെച്ചുനടത്തുമോ?

രമണ്‍ ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഓര്‍മ്മയില്‍ വരിക ഐ.എസ്.ആര്‍.ഒ. ചാരക്കേസ് എന്നാണ്. ചാരക്കേസ് സുപ്രീം കോടതി വരെ തള്ളിയതാണെന്ന് വാദിക്കുന്നവരുണ്ടാവും. കോടതി തീരുമാനമെടുക്കുന്നത് മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകള്‍ അട്ടിമറിക്കപ്പെട്ടതാണെങ്കിലോ? ഇതു സംബന്ധിച്ച് വന്ന ‘കിടപ്പറയിലെ ട്യൂണ’ പോലുള്ള സാങ്കല്പിക വാര്‍ത്തകളോട് അങ്ങേയറ്റം വിയോജിപ്പുണ്ടെങ്കിലും ചാരക്കേസ് കളവാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കു സമാനമായ അഭിപ്രായം പുലര്‍ത്തുന്ന ധാരാളം പേരുണ്ട്. എന്നോട് എതിരഭിപ്രായമുള്ളവര്‍ അതിന്റെ എത്രയോ ഇരട്ടിയുണ്ടാവാം. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകന്‍ പ്രഭാകരറാവുവിന്റെ പേര് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതോടെയാണ് ചാരക്കേസ് വെറും ചാരമായി മാറിയത്. സി.ബി.ഐ. ഡയറക്ടര്‍ കെ.വി.ആര്‍.റാവു നേരിട്ട് തിരുവനന്തപുരത്ത് വന്ന് കേസ് അട്ടിമറിച്ചതാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കേരളാ പൊലീസിനെ മാത്രമല്ല, ഒരുവിധം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെക്കൂടിയാണ് ഈ വിഷയത്തില്‍ സി.ബി.ഐ. തള്ളിപ്പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണ്. മാധ്യമങ്ങളെ പുലഭ്യം പറയാനുള്ള ഉദാഹരണമാക്കി ചാരക്കേസിനെ മാറ്റാന്‍ പലരും സൗകര്യപൂര്‍വ്വം പ്രഭാകരറാവു അദ്ധ്യായം മറക്കുന്നു.

raman srivastava (2)
രമണ്‍ ശ്രീവാസ്തവ

പൊലീസില്‍ ക്രമപ്രകാരം അര്‍ഹതയുണ്ടാവുന്ന ഉയര്‍ന്ന തസ്തിക ലഭിക്കുന്നതു പോലല്ല സി.പി.എമ്മിന്റെ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം. അതൊരു രാഷ്ട്രീയ തീരുമാനമാണ്. 22 വര്‍ഷം മുമ്പ് സി.പി.എമ്മുകാര്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ വിളിച്ച മുദ്രാവാക്യമുണ്ട് -‘ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെയ്കുക!!’ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിവിട്ട മുദ്രാവാക്യം സി.പി.എം. ഏറ്റെടുത്തതാണെന്നത് വേറെ കാര്യം. ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ സ്വന്തം ഓഫീസിലെത്തിക്കുമ്പോള്‍ പിണറായി വിജയന്‍ ഒപ്പം കൂട്ടുന്നത് സിറാജുന്നീസ എന്ന 11കാരിയുടെ ആത്മാവിനെ കൂടിയാണ്. 1991 ഡിസംബര്‍ 15ന് പാലക്കാട്ടെ പുതുപ്പള്ളിയിലുണ്ടായ ആ വെടിവെപ്പിന്റെ പേരില്‍ രമണ്‍ ശ്രീവാസ്തവ ഏറെ നാള്‍ മുള്‍മുനയിലായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോയോ? വെടിവെയ്ക്കാന്‍ ഉത്തരവിട്ടുകൊണ്ട് ശ്രീവാസ്തവ വയര്‍ലെസിലൂടെ പറഞ്ഞ വാക്കുകള്‍ കുറഞ്ഞപക്ഷം പാലക്കാട് മേഖലയിലെങ്കിലും കുപ്രസിദ്ധമാണ്. പൊലീസില്‍ കാവിവല്‍കരണം നടക്കുന്നു എന്ന മുറവിളി സി.പി.എമ്മുകാര്‍ തന്നെ പല കോണുകളിലും ഉയര്‍ത്തുന്നതിനിടെയാണ് മേമ്പൊടിയായി രമണ്‍ ശ്രീവാസ്തവ കൂടി കടന്നുവരുന്നത്.

sirajunnisa.jpg

മുഖ്യമന്ത്രിക്ക് ഔദ്യോഗികമായ തിരക്കുകളുണ്ട്, കനത്ത ഉത്തരവാദിത്വങ്ങളുണ്ട്. അതിനാല്‍ എല്ലാ കാര്യങ്ങളും നേരിട്ട് മനസ്സിലാക്കുക മനുഷ്യസാദ്ധ്യമല്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നവര്‍ക്ക് പ്രാധാന്യം കൈവരുന്നത്. മുഖ്യമന്ത്രിയുടെ ചുറ്റും നില്‍ക്കുന്നവരുടെ മനഃസ്ഥിതിയിലെ അപാകം വ്യക്തമാക്കാന്‍ സി.പി.എമ്മിലെ ഉന്നതനായ ഒരു നേതാവ് തീര്‍ത്തും സ്വകാര്യമായി എന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്താം. മുഖ്യമന്ത്രിയെ കാണാന്‍ വളരെ പ്രായം ചെന്ന ഒരു സ്ത്രീ സെക്രട്ടേറിയറ്റിലെത്തുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ താഴെത്തട്ടിലുള്ള ഒരു ജീവനക്കാരന്‍ മാനുഷിക പരിഗണന വെച്ച് ആ സ്ത്രീയെ അകത്തു കടത്തിയിരുത്തുന്നു. ഇതു കണ്ടു നിന്ന് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ തന്നെ വലിയൊരു സാര്‍ ചോദിച്ചത് ‘നീയെന്താ ഏജന്‍സി തുടങ്ങിയോ?’ എന്നാണ്. കീഴ്ജീവനക്കാരന്‍ അപ്പോഴൊന്നും മിണ്ടിയില്ലെങ്കിലും ആളൊഴിഞ്ഞപ്പോള്‍ നേരെ വലിയ സാറിന്റെ മുന്നിലെത്തി നല്ലത് നാലു പറഞ്ഞു -‘നീയെന്താടാ എന്നെക്കുറിച്ച് വിചാരിച്ചത്? വലിഞ്ഞുകയറി വന്നവനല്ല ഞാന്‍. ഞാന്‍ പാര്‍ട്ടി മെമ്പറാണ്. പിണറായി വിജയനെ കാണാന്‍ പ്രായം ചെന്ന ഒരു സ്ത്രീ വന്നാല്‍ അവരോട് മനുഷ്യത്വപരമായി പെരുമാറുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അത് പിണറായി വിജയനോടുള്ള ബഹുമാനമാണ്. ഒരുമാതിരി മറ്റേ ഡയലോഗുമായി ഇനി വന്നാല്‍ നീ വിവരമറിയും.’ വലിയ സാറിന് മറുപടിയുണ്ടായില്ല. ഈ സംഭവം കേട്ടപ്പോള്‍ ആ കീഴ്ജീവനക്കാരന്റെ പകുതി വിവേകമെങ്കിലും വലിയ സാറിനുണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയി.

നശിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകും’ എന്ന ആപ്തവാക്യം -അതോ മുദ്രാവാക്യമോ?- വിശ്വസിച്ച് വോട്ട് ചെയ്ത വലിയൊരു വിഭാഗം ജനങ്ങളുണ്ടിവിടെ. തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ച ഒരാളെന്ന നിലയില്‍ എനിക്കത് നന്നായി മനസ്സിലാവും. അവര്‍ നിരാശരാവരുത് എന്നതു മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ഭക്തസഭക്കാരും ന്യായീകരണ തൊഴിലാളികളും പിഴവുകള്‍ കാണില്ല. അതിന് ഭക്തി അശേഷമില്ലാത്ത എന്നെപ്പോലുള്ളവര്‍ വേണം. പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷയുടെ ഭാരം വളരെ വലുതാണെന്നും അറിയാം. പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രി എന്നറിഞ്ഞു കൊണ്ടു തന്നെ ഒരു കാര്യം പറയാം -പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ജനങ്ങളുമായി പിണറായി വിജയനുണ്ടായിരുന്ന ബന്ധം, ജനമനസ്സ് വായിക്കാനുണ്ടായിരുന്ന ശേഷി മുഖ്യമന്ത്രി പിണറായി വിജയന് കൈമോശം വന്നുവോ എന്ന സംശയം ന്യായമായും ഉയരുന്നു. ഉപദേശകരുടെ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കുള്ള എതിരഭിപ്രായം പോലും അദ്ദേഹം കാണാതെ പോകുന്നു. മാത്രമല്ല, പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സ്വീകരിക്കുന്ന നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്കെത്താതെ പോവുന്ന അവസ്ഥയുമുണ്ട്. സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന പുതിയ ചികിത്സാസഹായ പദ്ധതി തന്നെയാണ് ഉദാഹരണം. പിണറായിയെ ജനങ്ങളില്‍ നിന്നകറ്റുന്നത് ഉപദേശകര്‍ ചമയുന്ന അവതാരങ്ങളാണ്. മുഖ്യമന്ത്രിക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ടോ ഇപ്പോള്‍ അദ്ദേഹത്തിനടുത്തില്ല, അദ്ദേഹവുമായി സംസാരിക്കുന്നില്ല. ഇത് പിണറായി തന്നെ തിരിച്ചറിഞ്ഞേ മതിയാകൂ. എത്രയും പെട്ടെന്ന് അദ്ദേഹം ഇതു തിരിച്ചറിയുന്നുവോ, അത്രയും നല്ലത്.

ഇന്നാട്ടില്‍ ഭൂരിഭാഗത്തിന്റെയും മനസ്സിലുള്ള ചോദ്യം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിക്കുകയാണ് -‘ജനങ്ങളെ മനസ്സിലാക്കാന്‍ ശേഷിയുള്ള ഒരാളെങ്കിലും അങ്ങയുടെ ഉപദേശികളുടെ കൂട്ടത്തില്‍ വേണ്ടേ? അത്തരക്കാരെ ആരെയും ഒപ്പം കൂട്ടില്ലെന്ന് അങ്ങേയ്ക്ക് നിര്‍ബന്ധമുണ്ടോ?’

FOLLOW
 •  
  1.3K
  Shares
 • 1.3K
 • 32
 •  
 • 31
 •  
 •