Reading Time: 2 minutes

തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ്‌ക്കേണ്ടവരാണെന്നും തോന്നും. അങ്ങനെ തല്ലിയത് പൊലീസിനെ ആയാലോ? കഥയല്ല, നടന്ന സംഭവമാണ്.

beat.jpeg

ഈ വക്കീല്‍രോഗികള്‍ക്ക് ഒരു കാര്യമറിയില്ല -ക്യാമറ കൊണ്ടു നടക്കുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരല്ല എന്ന വസ്തുത. മാധ്യമപ്രവര്‍ത്തകനാണെന്ന ധാരണയില്‍ പൊലീസിന്റെ ക്യാമറാമാനെ ചില വക്കീലന്മാര്‍ ചേര്‍ന്ന് കോടതിയില്‍ പഞ്ഞിക്കിട്ടു. പൊലീസിനത് വേണം. കറുത്ത കോട്ടുധാരികളുടെ വാക്കും കേട്ട് മാധ്യമപ്രവര്‍ത്തകരായ പാവം പെണ്‍കുട്ടികളുടെ പേരില്‍ കള്ളക്കേസെടുത്തവന്മാരല്ലേ. കൊടുത്താല്‍ കൊല്ലത്തല്ല, വഞ്ചിയൂരിലും കിട്ടും.

vanchiyoor-court.jpg

ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ പേരിലാണ് സംഭവം. അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട ആ കേസില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ക്യാമറയില്‍ പകര്‍ത്തി രേഖയാക്കി സൂക്ഷിക്കുന്നതിനാണ് പൊലീസ് ക്യാമറാമാനെത്തിയത്. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നെത്തിയ അദ്ദേഹത്തോടൊപ്പം ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരുമുണ്ടായിരുന്നു. എന്നാല്‍, ക്യാമറ കണ്ടതോടെ ഒരു സംഘം വക്കീല്‍രോഗികള്‍ അദ്ദേഹത്തെ തടഞ്ഞു. മാധ്യമപ്രവര്‍ത്തകനെന്നു കരുതിയായിരുന്നു കൈയേറ്റം. ഇതു വലിയ വാക്കുതര്‍ക്കത്തിനു കാരണമായി. ക്യാമറയുമായി എത്തിയയാള്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നാണെന്ന് മനസ്സിലായതോടെ അദ്ദേഹത്തെ കോടതിയില്‍ പ്രവേശിപ്പിക്കാന്‍ വക്കീലന്മാര്‍ അനുവദിച്ചു. വക്കീലന്മാര്‍ കൊടുത്തതും വാങ്ങി കീശയിലിട്ട് ഒന്നും മിണ്ടാനാവാതെ ക്യാമറാമാന്‍ ജോലി ചെയ്തു. തിണ്ണമിടുക്ക് കാട്ടി എന്നോ, കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നോ ഒക്കെ പറയാം.

സംഭവം സംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പൊലീസ് പറഞ്ഞത്. അതു മോശമായിപ്പോയി. ഇടി കൊണ്ട പൊലീസ് ക്യാമറാമാന്റെ പേരില്‍ വക്കീലന്മാരെ കൊല്ലാന്‍ ശ്രമിച്ചു എന്നു പറഞ്ഞൊരു കേസ് ആകാമായിരുന്നു. അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍! വക്കീലന്മാര്‍ക്ക് അക്കിടി പറ്റി എന്നതിലെ സന്തോഷം പ്രകടിപ്പിക്കാനല്ല ഈ കുറിപ്പ്. ആരു പറഞ്ഞാലും തങ്ങള്‍ അക്രമം തുടരുമെന്ന ചില വക്കീലന്മാരുടെ ധാര്‍ഷ്ട്യം തുറന്നുകാണിക്കാനാണ്. കോടതികളില്‍ സംഘര്‍ഷം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് നിയമസഭയിലാണ്. വക്കീലന്മാര്‍ക്ക് പിണറായി വിജയനെ പുല്ലുവില!!

ADVOCATE.jpg

നിയമം വ്യാഖ്യാനിക്കാന്‍ അവകാശമുണ്ടെന്നത് നിയമം ലംഘിക്കാനുള്ള സൗകര്യമാക്കി മാറ്റുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഒരുദാഹരണം പറയാം. ഒരു സാധാരണക്കാരന്‍ മദ്യപിച്ച് വാഹനമോടിച്ച് വൈദ്യുതി തൂണ്‍ ഇടിച്ചു തകര്‍ത്താല്‍ എന്തു സംഭവിക്കും? അകത്താതയതു തന്നെ. പിന്നെ മെഡിക്കല്‍ പരിശോധന, കോടതി, കേസ്, പിഴ, ലൈസന്‍സ് റദ്ദാക്കല്‍ -അങ്ങനെ നടപടിക്രമങ്ങളേറെ. പക്ഷേ, വക്കീല്‍ സംഘടനാ നേതാവാണ് ഇതു ചെയ്തത് എന്നതിനാല്‍ ഒന്നും സംഭവിച്ചില്ല. പൊലീസുകാര്‍ പഞ്ചപുച്ഛമടക്കി നിന്ന് എല്ലാം കോംപ്ലിമെന്റ്‌സാക്കി!

സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി. വക്കീല്‍ സംഘടനയുടെ പ്രമുഖ നേതാവ് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചു മദോന്മത്തനായി വീട്ടിലേക്കു പോകുന്നു. ശാസ്തമംഗലത്ത് എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചുകയറി. വക്കീല്‍ നേതാവ് കാര്‍ അവിടെ ഉപേക്ഷിച്ച് പതിയെ സ്‌കൂട്ടായി. ശരീരത്തില്‍ ചില്ലറ തട്ടലും മുട്ടലുമൊക്കെയായി പെയിന്റ് അല്പം പോയതിനാല്‍ നേരെ ഇടപ്പഴിഞ്ഞിയിലുള്ള എസ്.കെ. ആസ്പത്രിയില്‍ ചികിത്സയും തേടി. വക്കീല്‍ നേതാവിന്റെ ശരീരത്തില്‍ കാണുന്ന പഞ്ചറുകളും തകര്‍ന്ന കാറും തന്നെയാണ് സംഭവത്തിന് തെളിവ്. കേസില്ല, പരിശോധനയില്ല, ഒരു മണ്ണാങ്കട്ടയുമില്ല. സ്വകാര്യ റിക്കവറി വാന്‍ കൊണ്ടുവന്ന് കാര്‍ രായ്ക്കുരാമാനം കെട്ടിവലിച്ച് ചുമന്നു മാറ്റി. അതിനുവേണ്ടി വക്കീല്‍ സാറിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പൊലീസിലെ ഏമാന്മാര്‍ തന്നെ!! അപ്പോള്‍പ്പിന്നെ പൊലീസുകാര്‍ക്ക് വക്കീലന്മാരില്‍ നിന്നു തന്നെ തല്ലു കിട്ടുന്നതാണ് നല്ലത്!!

Previous articleകൈക്കൂലി 1,000 കോടി!!!
Next articleചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here