Reading Time: 4 minutes

നിശ്ശബ്ദത മാന്യതയുടെ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ നിശ്ശബ്ദത കുറ്റമായി മാറാറുണ്ട്. അതു ബോദ്ധ്യപ്പെടാന്‍ മറ്റുള്ളവരുടെ പ്രതികരണം ആവശ്യമായി വന്നേക്കാം. കേരളത്തിലെ ജനസാമാന്യത്തെ ഇപ്പോള്‍ ചൂഴ്ന്നു നില്‍ക്കുന്ന നിശ്ശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഒരു അലന്‍സിയര്‍ വേണ്ടി വന്നു.

ALENCIER (1).jpg

കത്തുന്ന നട്ടുച്ച വെയിലില്‍ ആതന്‍സ് നഗരവീഥികളിലൂടെ പന്തം കത്തിച്ചുപിടിച്ച് ഡയോജനീസ് നടന്നത് യഥാര്‍ഥ മനുഷ്യനെ തിരഞ്ഞായിരുന്നു. സാമൂഹിക ജീവിതവ്യവസ്ഥയെ അധിക്ഷേപിച്ചുകൊണ്ട് ഡയോജനീസ് നടത്തിയ പ്രതീകാത്മക പ്രതിഷേധവുമായി അലന്‍സിയറുടെ ഏകാംഗ -ഏകാങ്ക നാടകത്തെയും താരതമ്യപ്പെടുത്താം. ടെലിവിഷന്‍ വാര്‍ത്തയിലാണ് ഞാന്‍ അലന്‍സിയറുടെ പ്രതിഷേധം കണ്ടത്. 2 മിനിറ്റ് ദൈര്‍ഘ്യമേ ആ വാര്‍ത്തയ്ക്കുണ്ടായിരുന്നുള്ളൂ എങ്കില്‍ പോലും അദ്ദേഹത്തിനു പറയാനുള്ളതെന്തെന്ന് എനിക്ക് മനസ്സിലായി. ദേശീയതയുടെ പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരോടും എഴുത്തുകാരോടും രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന ഫാഷിസത്തിനെതിരായ കലാകാരന്റെ ഒറ്റയാള്‍ പ്രതിഷേധത്തിന്റെ ശക്തി ഞാനറിയുന്നു. ‘വരു, നമുക്ക് പോകാം, അമേരിക്കയിലേക്ക് പോകാം…’ എന്നാണ് കലാപ്രകടനത്തിന് അലന്‍സിയര്‍ നല്‍കിയ പേര് -അലന്‍സിയര്‍ എന്ന പേര് വെച്ച് അമേരിക്കയിലേക്ക് പോകാന്‍ പറഞ്ഞേക്കാം എന്ന അര്‍ത്ഥത്തില്‍.

ALENCIER (2).jpg

‘എന്റെ നാടിനേക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനേക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്?’ -ഇതു പറഞ്ഞുകൊണ്ടാണ് അലന്‍സിയര്‍ കാസര്‍കോട് ബസ് സ്റ്റാന്‍ഡിലേക്കു കടന്നു വരുന്നത്. മുണ്ട്യത്തടുക്കയിലേക്കു പോകാന്‍ നിര്‍ത്തിയിട്ട, യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസ്സിലേക്ക് ഒറ്റമുണ്ട് മാത്രമുടുത്ത് കടന്നുചെന്ന മധ്യവയസ്‌കനെ പലരും തിരിച്ചറിഞ്ഞില്ല. ‘ഈ ബസ് പാകിസ്താനിലേക്കു പോകുവോ? അമേരിക്കയിലേക്ക് പോകുവോ?’ -ചോദ്യങ്ങള്‍ കേട്ടവരുടെ കണ്ണില്‍ അത്ഭുതം, ഭ്രാന്താണെന്നു കരുതി സഹതാപം. ‘ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ് …എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന്. നിങ്ങളും വരുന്നോ..?’ ഇതു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ എന്തൊക്കെയോ കത്തി. ‘ഭാരതമെന്നാല്‍ എന്റെ നാടാണ്. എന്നെ ഇവിടെനിന്ന് പാകിസ്താനിലേക്കോ അമേരിക്കയിലേക്കോ ചവിട്ടിത്തള്ളാന്‍ ആര്‍ക്കും അവകാശമില്ല’ -പീപ്പി ഊതിക്കൊണ്ട് നിര്‍ത്തിയിട്ട ബസുകളില്‍ കയറിയും പുറപ്പെട്ട ബസുകള്‍ കൈനീട്ടി നിര്‍ത്തിയും അലന്‍സിയര്‍ ഉറക്കെപ്പറഞ്ഞു. ‘അണ്ടര്‍വയറിന്റെ സ്നേഹം, രാജ്യസ്നേഹമല്ല’ എന്ന് പറഞ്ഞ് കപട രാജ്യസ്‌നേഹത്തെ തുറന്നുകാട്ടിയാണ് നാടകം അദ്ദേഹം അവസാനിപ്പിച്ചത്.

ALENCIER (5).jpg
‘ഇത് എന്റെ പ്രതിഷേധമല്ല. പ്രതിരോധമാണ്. ഞാനൊരു ആക്ടറാണ്. ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യനാണ്. തണുപ്പു കൂടുമ്പോള്‍ പുതപ്പെടുത്തു മൂടുകയും ചൂടുകൂടുമ്പോള്‍ ഫാനിടുകയും അല്ലെങ്കില്‍ കാറ്റ് കിട്ടുന്നിടത്ത് പോയിരിക്കുകയും ചെയ്യുന്ന ഒരാള്‍. എന്നെ എന്റെ പേരിന്റെ പേരില്‍ പാകിസ്താനിലേക്കോ മറ്റു രാജ്യത്തെക്കോ കടത്തിക്കളയുമോ എന്നു തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് എന്റെ രാജ്യം പോകുന്നത്’ -അലന്‍സിയര്‍ പറയുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അതിനെതിരെ പ്രതിരോധം ഉയര്‍ന്നുവരേണ്ടത് സാമൂഹികസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതിന് അത്യാവശ്യമാണ്. എന്നാല്‍, ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ധാരണയില്‍ നാമോരുരത്തരും കുറ്റകരമായ മൗനമവലംബിക്കുന്നു. അതു ശരിയല്ലെന്നു ഉറക്കെപ്പറയുകയാണ് അലന്‍സിയര്‍.

ALENCIER (3).jpg

എം.ടി.വാസുദേവന്‍ നായര്‍ക്കും കമലിനുമെല്ലാമെതിരെ അടുത്തിടെ ഉണ്ടായ പരാമര്‍ശങ്ങളാണ് അലന്‍സിയറെ ഇത്തരമൊരു പ്രതിഷേധത്തിനു പ്രേരിപ്പിച്ചതെന്നു വ്യക്തം. കല കലാപമാണ്. അങ്ങനെ വരുമ്പോള്‍ കലാകാരന്‍ കലാപകാരിയാണ്. അതെ, സമൂഹനന്മയ്ക്കായുള്ള കലാപമാണ് അലന്‍സിയര്‍ കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നടത്തിയത്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ ഊന്നി നിന്നുകൊണ്ട് ആര്‍ക്കും പറയാം -എ.എന്‍.രാധാകൃഷ്ണനും പറയാം. ആശയവിനിമയവും വാദപ്രതിവാദവും സമൂഹത്തിന് കരുത്ത് പകരം. എന്നാല്‍, പ്രതിവാദമുന്നയിക്കുന്നവരെ ഉന്മൂലനം ചെയ്യുകയോ നിഷ്‌കാസിതരാക്കുകയോ ചെയ്ത ശേഷം തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരിയെന്നു വാദിച്ചാല്‍ അത് ഫാഷിസമാവും. തനിക്ക് ഇഷ്ടമില്ലാത്തത് പറയുന്നവര്‍ രാജ്യം വിടണമെന്ന നിലപാട് ജനനേതാവ് എന്നു പറയപ്പെടുന്ന ഒരു വ്യക്തി സ്വീകരിക്കുമ്പോള്‍ ഫാഷിസം മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്പ് ബഹുസ്വരതയില്‍ അധിഷ്ഠിതമാണ്. ബഹുസ്വരത ഇല്ലാതായാല്‍ ഇന്ത്യ ഇല്ല എന്ന കാര്യം ആരും മറക്കരുത്.

ALENCIER (4).jpg

എ.എന്‍.രാധാകൃഷ്ണന്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറിയാണ്. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ഭരണകക്ഷിയുടെ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്വബോധം അദ്ദേഹം കാണിക്കണം. അതിനു പകരം വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താവായി ഉന്മൂലനസിദ്ധാന്തം പ്രചരിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആളുണ്ടാവും. എതിര്‍ക്കുക തന്നെ വേണം. വെറുപ്പ് പ്രചരിപ്പിച്ചാല്‍ പ്രശസ്തനാവാം എന്ന അവസ്ഥയുള്ളതിനാല്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി മാത്രം വിദ്വേഷപ്രസ്താവനകളും ഭീഷണികളും പുറപ്പെടുവിക്കുന്നവരുണ്ട്. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ തന്നെ കാണണം. നിശബ്ദരായി ഇരുന്നാല്‍, ചിലര്‍ വന്ന് നാം അറിയാതെ തന്നെ നമ്മുടെ നാവ് മുറിച്ചെടുക്കുന്ന അവസ്ഥ വന്നേക്കാം. അത്തരം അവസ്ഥ വരാതിരിക്കണം. അതിനുള്ള ജാഗ്രത പുലര്‍ത്താന്‍ കലാകാരനു മാത്രമല്ല സമൂഹത്തിനാകെ ബാദ്ധ്യതയുണ്ട് എന്ന് അലന്‍സിയര്‍ പറയുമ്പോള്‍ അംഗീകരിക്കാതെ തരമില്ല.

ALENCIER (8).jpg

കമലിന്റെ സിനിമയില്‍ റോളിനു വേണ്ടി അലന്‍സിയര്‍ കളിച്ച നാടകം എന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അവര്‍ക്ക് അലന്‍സിയര്‍ ലെ ലോപ്പസിനെ അറിയില്ല എന്നു മാത്രമാണ് ഇതിനു മറുപടി പറയാനാവുക. തിരുവനന്തപുരത്തെ പുത്തന്‍തോപ്പ് എന്ന തീരപ്രദേശത്ത് ജനിച്ചു വളര്‍ന്ന സാധാരണക്കാരന്‍. നന്നേ ചെറുപ്രായത്തില്‍ തന്നെ നാടകനടനായി. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലം അദ്ദേഹത്തിലെ നടനെയും നിലപാടുകളെയും രാകിമിനുക്കി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് നിരോധനാജ്ഞാവേളയില്‍ ഒറ്റയാന്‍ പ്രതിഷേധം നടത്തിയിട്ടുണ്ട് ചെറുപ്പക്കാരനായ അലന്‍സിയര്‍. ‘അല്ലാഹു അക്ബര്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് 6 വലം വെച്ചു. ഇന്നത്തെപ്പോലെ സിനിമാതാരം അല്ലാതിരുന്നതിനാല്‍ പ്രതിഷേധം വലുതായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ സിനിമാതാരമായതിനാല്‍ കൂടുതല്‍ പേര്‍ ശ്രദ്ധിക്കുകയും കൂടുതല്‍ പേരിലേക്ക് തന്റെ സന്ദേശമെത്തിക്കാന്‍ സാധിക്കുകയും ചെയ്തുവെന്ന് അലന്‍സിയര്‍ സമ്മതിക്കുന്നു.

അലന്‍സിയറോട് രണ്ടോ മൂന്നോ തവണ സംസാരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്, സിനിമാതാരം ആവുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ്. കാവാലം നാരായണപ്പണിക്കരുടെ ‘സോപാനം’ നാടകസംഘത്തിലെ അംഗം എന്ന നിലയിലായിരുന്നു പരിചയം. ‘സോപാന’ത്തില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. കാവാലം താമസിച്ചിരുന്നത് എന്റെ വീടിനടുത്ത് തൃക്കണ്ണാപുരത്താണ്. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം അവിടെയുണ്ട്. ഓരോ വിഷയത്തിലും അലന്‍സിയര്‍ വെച്ചുപുലര്‍ത്തിയിരുന്ന അഭിപ്രായങ്ങള്‍, ആശയങ്ങള്‍ക്കുണ്ടായിരുന്ന വ്യക്തത എന്നിവയെല്ലാം അന്നു തന്നെ ബഹുമാനം ജനിപ്പിച്ചിരുന്നു. ഒരു തുടക്കക്കാരന്‍ പത്രപ്രവര്‍ത്തകന്‍, അതിലുപരി തന്നെപ്പോലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെയും യൂണിവേഴ്‌സിറ്റി കോളേജിലെയും പൂര്‍വ്വവിദ്യാര്‍ത്ഥി എന്നീ പദവികള്‍ ചെറിയൊരു പരിഗണന അദ്ദേഹത്തില്‍ നിന്ന് എനിക്കും നേടിത്തന്നിട്ടുണ്ട്. വലിയ സിനിമാതാരമായെങ്കിലും പഴയ അലന്‍സിയറിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നു മനസ്സിലാക്കാനായതില്‍ അതിയായ സന്തോഷം.

അലന്‍സിയറെപ്പോലെ കലാപകാരികളായ കലാകാരന്മാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കട്ടെ.

Previous articleവീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്
Next articleയുഗാന്ത്യം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here