• 1.5K
 • 42
 •  
 •  
 • 41
 •  
  1.6K
  Shares

40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാന്‍ പരാജയപ്പെടുന്നവര്‍ സ്വയം മാറുകയോ മാറ്റങ്ങള്‍ക്കു കാരണക്കാരാവുകയോ ചെയ്യും. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണല്ലോ!

SHI PU
ഷിറാസും പുത്രനും

രണ്ടു സുഹൃത്തുക്കളാണ് ഇപ്പോള്‍ ഈ ചിന്ത ഉണര്‍ത്തിവിട്ടത് -പ്രായഭേദമന്യേ എല്ലാവര്‍ക്കും ‘പുത്രന്‍’ ആയ ബി.ആര്‍.ബ്രഹ്മപുത്രനും ഷിറാസ് എന്ന ഡോ.എന്‍.ഷിറാസ് ബാവയും. ഇരുവരും തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ സീനിയറായി പഠിച്ചവര്‍. പ്രായം കൊണ്ട് അവര്‍ മൂത്തവരെങ്കിലും എല്ലായ്‌പ്പോഴും എനിക്കു നല്‍കിയത് സമപ്രായക്കാരനുള്ള പരിഗണന. അതിനാല്‍ത്തന്നെ അടുപ്പമേറെ. കാല്‍ നൂറ്റാണ്ടിനിപ്പുറവും ബന്ധം ശക്തമായി നില്‍ക്കുന്നതിന് കാരണം ഇതു തന്നെ. 1992ല്‍ ഞങ്ങള്‍ ഗവ. ആര്‍ട്‌സ് കോളേജ് വിട്ടു -ഞാന്‍ പ്രിഡിഗ്രി പഠനത്തിനു ശേഷവും അവര്‍ ബി.കോം പഠനത്തിനു ശേഷവും. പക്ഷേ, കോളേജ് ജീവിതം ഇന്നലെ കഴിഞ്ഞ പോലെ.

ഈ ചങ്ങാതിമാര്‍ ചിന്തയിലേക്കു കയറിവരാന്‍ കാരണമായത് അവരുടെ പുതിയ സംരംഭമാണ്. ഇതിലേക്കെത്തുന്നതിനായി പുത്രന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയിലെ ആറക്ക ശമ്പളമുള്ള സുഖകരമായ ജോലി വലിച്ചെറിഞ്ഞു. സര്‍ക്കാര്‍ ശമ്പളത്തിന്റെ സുരക്ഷിതത്വത്തില്‍ വിരാജിച്ചിരുന്ന ഷിറാസിനെയും വിളിച്ചിറക്കി. എന്നിട്ട് പുതിയ ചക്രവാളം തേടിയിറങ്ങി. അവര്‍ കണ്ടെത്തിയ ചക്രവാളത്തിന് മഴവില്ലിന്റെ അഴകുണ്ട്. സാന്ത്വനത്തിന്റെ സ്പര്‍ശമുണ്ട്.

കുറച്ചു നാളുകള്‍ക്കു മുമ്പ് ചെറിയൊരു രോഗബാധയെത്തുടര്‍ന്ന് മൂന്നാഴ്ചയോളം പുത്രന്‍ കിടപ്പിലായിരുന്നു. ആസ്പത്രിയിലും വീട്ടിലുമായുള്ള ആ കിടപ്പ് ജീവിതത്തെ മാറ്റിമറിച്ചു. ശരവേഗത്തില്‍ മുന്നോട്ടു നീങ്ങിയിരുന്ന ജീവിതത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടുണ്ടാവാന്‍ ആ ഇടവേള കാരണമായി. അതിന്റെ ഫലമായി ഉണ്ടായതാണ് ALIVE -ADDING LIFE TO AGE.

പ്രായമായ അച്ഛനമ്മമാര്‍ മാത്രമുള്ള ഒട്ടേറെ വീടുകള്‍ തിരുവനന്തപുരം നഗരത്തിലുണ്ട്. എല്ലാ നഗരങ്ങളിലും ഇത്തരം വീടുകളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടാവാം. അവരുടെയൊക്കെ മക്കള്‍ ജീവിതം കെട്ടിപ്പടുക്കാന്‍ വിദേശത്തോ ഇന്ത്യയിലെ തന്നെ അന്യനഗരങ്ങളിലോ ആണ്. വയോജനങ്ങളുടെ ദേശീയ ശരാശരി 8 ശതമാനമാണെങ്കില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ അവര്‍ 12.5 ശതമാനമുണ്ട്. അവരുടെ സുഖജീവിതവും സുരക്ഷയും ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ വേണം. അതാണ് അലൈവ്. അധികമാരും ഇതുവരെ കൈവെയ്ക്കാത്ത മേഖലയിലാണ് പുത്രനും ഷിറാസും കടന്നിരിക്കുന്നത് -വയോജനപരിപാലനം. ആ വാക്കില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍.

സി.ഇ.ഒ. പുത്രനും സി.ഒ.ഒ. ഷിറാസും ചേര്‍ന്ന് തുടക്കമിട്ടിരിക്കുന്നത് തീര്‍ച്ചയായും ഒരു വ്യവസായ സംരംഭത്തിനാണ്. പക്ഷേ, സാമൂഹികസേവനം ഈ സംരംഭത്തിന്റെ പ്രധാന ഘടകമാണ് എന്ന സവിശേഷതയുണ്ട്. സാമൂഹികസേവനത്തിലൂടെ നിലനില്‍ക്കുന്ന വ്യവസായ സംരംഭം എന്നു പറയുന്നതാണ് ശരി. സാന്ത്വന ചികിത്സയില്‍ പരിശീലനം നേടിയ സൈക്കോളജിസ്റ്റ് ടി.രേഖ ജനറല്‍ മാനേജരായും എഞ്ചിനീയറായ എസ്.ബാലസുബ്രഹ്മണ്യന്‍ സാങ്കേതിക വിഭാഗം മേധാവിയായും എത്തിയതോടെ അലൈവ് ടീം റെഡി. പുതിയ സംരംഭം അവതരിപ്പിക്കും മുമ്പ് ഈ നാല്‍വര്‍ സംഘം വാര്‍ദ്ധക്യവിജ്ഞാനത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കി, തങ്ങള്‍ ഇടപെടാന്‍ പോകുന്നവരുടെ മനശ്ശാസ്ത്രം വ്യക്തമായി മനസ്സിലാക്കാന്‍.

alive team (2)
അലൈവ് ടീം -പുത്രന്‍, ഷിറാസ്, ബാല, രേഖ

വയോജനപരിപാലനം എന്ന ആശയത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. പ്രായമായവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ 40 ശതമാനവും ചെറുതും വലുതുമായ വീഴ്ചകളില്‍ നിന്നാണ് തുടങ്ങുന്നത്. പ്രായമേറിയ മൂന്നിലൊരാള്‍ എന്ന നിലയില്‍ ഓരോ വര്‍ഷവും വീണു പരിക്കേല്‍ക്കുന്നുണ്ട്. പരിക്ക് ചെറുതോ വലുതോ ആകാം. ഇത് അവരുടെ ശാരീരികശേഷിയെ കാര്യമായി ബാധിക്കുകയും ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന പലരും തങ്ങള്‍ വീണുവെന്ന കാര്യം അടുത്തവരോടു പറയുക പോലുമില്ല. പലപ്പോഴും അത് കാര്യമാക്കാത്തതാവാം. എന്നാല്‍, ഈ ചെറിയ വീഴ്ച പോലും പിന്നീട് വിനയായി മാറാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രായമായവരുടെ വീഴ്ചകളില്‍ 80 ശതമാനവും സംഭവിക്കുന്നത് വീട്ടിനുള്ളില്‍ തന്നെയാണ്. കിടപ്പുമുറി, കുളിമുറി, അടുക്കള, കോണിപ്പടി എന്നിവയാണ് പ്രധാന ‘വീഴ്ചാ’കേന്ദ്രങ്ങള്‍. ഇതിന് പരിഹാരം അലൈവ് നിര്‍ദ്ദേശിക്കുന്നുണ്ട്. അലൈവിന്റെ സാങ്കേതിക വിഭാഗം വീട് പരിശോധിച്ച് ചില ചെറിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. പിടിച്ചു നടക്കാനുതകുന്ന ഉറപ്പുള്ള കൈവരികള്‍, കോണിപ്പടിയുടെ അരികത്ത് ഘര്‍ഷണം വര്‍ദ്ധിപ്പിക്കാനുള്ള ഗ്രിപ്പര്‍ തുടങ്ങിയവയെല്ലാം ഈ മാറ്റങ്ങളിലുള്‍പ്പെടുന്നു. തിരുവനന്തപുരത്തു മാത്രം ഇരുന്നൂറിലേറെ വീടുകള്‍ അലൈവ് ഇടപെട്ട് വയോജനസൗഹൃദമാക്കി മാറ്റിക്കഴിഞ്ഞു. ചെന്നൈയിലും ഇതിന്റെ നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്.

alive (1).jpeg

പ്രായമായവര്‍ മാത്രം താമസിക്കുമ്പോള്‍ വീണോ മറ്റോ അപകടത്തില്‍പ്പെട്ടാല്‍ മറ്റുള്ളവരെ എങ്ങനെ വിവരമറിയിക്കും എന്ന പ്രശ്‌നമുണ്ട്. ഇതിനുള്ള പരിഹാരത്തിനായുള്ള ഗവേഷണമാണ് റെസ്‌ക്യു ബട്ടണ്‍ എന്ന ആശയത്തിലേക്ക് പുത്രനെയും സംഘത്തെയും എത്തിച്ചത്. പ്രായമായവര്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീടുകളില്‍ അടുത്തിടെ നടന്ന കൊള്ളകളും കൊലപാതകങ്ങളും ഈ ആശയം വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് പ്രേരകമായി. ഒരു കുപ്പിയുടെ അടപ്പിനോളം വലിപ്പമുള്ള റെസ്‌ക്യൂ ബട്ടണ്‍ ശരീരത്തില്‍ അണിഞ്ഞുനടക്കാം. ഇതിന് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.

ബ്ലൂടൂത്ത് സാങ്കേതിവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ബട്ടണ്‍ സംയോജിപ്പിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണോ ആപ്പിള്‍ ഫോണോ വേണം. പ്രതിസന്ധി ഘട്ടത്തില്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ റെസ്‌ക്യൂ ബട്ടണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സംയോജിപ്പിക്കപ്പെട്ട ഫോണില്‍ നിന്ന് നേരത്തേ നിശ്ചയിച്ചിട്ടുള്ള 6 നമ്പറുകളിലേക്ക് അടിയന്തിര സന്ദേശം പോകും. ഇതിനു പുറമെ അയല്‍പക്കത്തുള്ളവരുടെ പക്കല്‍ റെസ്‌ക്യൂ ബട്ടണ്‍ ഉണ്ടെങ്കില്‍ അവര്‍ക്കും അടിയന്തിരസൂചന ലഭിക്കും. പ്രതിസന്ധി ഘട്ടത്തില്‍ കൃത്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

വയോജനങ്ങള്‍ക്കു വേണ്ടി ഒട്ടേറെ ഉത്പന്നങ്ങള്‍ അലൈവ് വിപണിയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കവടിയാറിലെ പണ്ഡിറ്റ്‌സ് കോളനിയില്‍ ഒരു വിപണനകേന്ദ്രം ഇതിനായി തുറന്നു കഴിഞ്ഞു. ഇതിനു പുറമെ ALIVEKART എന്ന ഓണ്‍ലൈന്‍ ഷോപ്പുമുണ്ട്. ചലനസഹായിയില്‍ തുടങ്ങി കുളിമുറിയിലെ സുരക്ഷയ്ക്കുള്ള ഉത്പന്നങ്ങള്‍, പോഷകാഹാരങ്ങള്‍ എന്നിവയടക്കം വയോജനങ്ങളുടെ ജീവിതത്തിന് ഉപകാരപ്രദമായ ഒട്ടേറെ ഉത്പന്നങ്ങള്‍. പ്രമേഹരോഗികള്‍ക്ക് ധരിക്കാനുള്ള പ്രത്യേക രീതിയില്‍ തയ്യാറാക്കപ്പെട്ട ചെരുപ്പിന് വന്‍ പ്രീതിയാണ്. ഷര്‍ട്ടിന്റെ ബട്ടണ്‍സിടാന്‍ ബുദ്ധിമുട്ടുന്ന വാര്‍ദ്ധക്യത്തില്‍ കാന്തം ഉപയോഗിച്ച് ബട്ടണ്‍സിനെ അപ്രസക്തമാക്കുന്ന അലൈവ് ഈസിവെയര്‍ മറ്റൊരു സവിശേഷത. ഈ കാന്തിക ഷര്‍ട്ടിന് അലൈവ് പേറ്റന്റും നേടിയിട്ടുണ്ട്.

വയോജനങ്ങള്‍ നേരിടുന്ന പരിഹാരമില്ലാത്ത വലിയ പ്രശ്‌നം ഒറ്റപ്പെടലാണ്. എന്നാല്‍, ആ ഒറ്റപ്പെടലിന് പരിഹാരം തേടിയുള്ള അലൈവിന്റെ യാത്ര വിജയം കണ്ടിരിക്കുന്നു. വയോജനങ്ങളുടെ സമൂഹജീവനം എന്ന ആശയം വന്നത് അങ്ങനെയാണ്. തിരുവനന്തപുരം നഗരപ്രാന്തത്തിലെ പുളിയറക്കോണത്തെ പച്ച പുതച്ച 2.2 ഏക്കറില്‍ പ്രായം ചെന്നവര്‍ക്കു വേണ്ടി മാത്രമായി ഒരുങ്ങുന്ന പദ്ധതിക്കു പേര് റെയിന്‍ബോ അഥവാ മഴവില്ല്. വില്ലകളും ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം ഇവിടെയുണ്ട്. വയോജനങ്ങളുടെ സമ്മര്‍ദ്ദരഹിത ജീവിതത്തിന് ആവശ്യമായതെല്ലാം അവിടെയുണ്ടാവും.

-ക്ലബ്ബ് ഹൗസ്
-നീന്തല്‍ക്കുളം
-ഡോക്ടര്‍ ഓണ്‍ കാള്‍
-ഗ്രന്ഥശാല
-അതിഥി മന്ദിരം
-24 മണിക്കൂര്‍ ആംബുലന്‍സ് സേവനം
-ധ്യാനകേന്ദ്രം
-ഡ്രൈവര്‍ ഓണ്‍ കാള്‍
-ഹൗസ് കീപ്പിങ്, ലോണ്‍ഡ്രി
-ഡയറ്റീഷ്യന്‍
-ജീറിയാട്രിക് ജിം
-ആക്ടിവിറ്റി സെന്റര്‍
-വാക്കിങ് ട്രാക്ക്
-അവശ്യസാധനങ്ങളുടെ സ്‌റ്റോര്‍
-മെഡിക്കല്‍ രേഖകളുടെ സംരക്ഷണം
-നേഴ്‌സിങ് സെന്റര്‍
-വൈ ഫൈ സേവനം
-സുഗമ ഗതാഗത സംവിധാനം
-വയോജന ഉത്പന്നങ്ങള്‍
-മിനി തിയേറ്റര്‍, പാര്‍ട്ടി ഹാള്‍
-കോമണ്‍ ഡൈനിങ്
-അത്യാധുനിക സുരക്ഷാ സംവിധാനം
-ആവശ്യത്തിന് സഹായി
-ജൈവ പച്ചക്കറി തോട്ടം
-ഫിസിയോതെറാപ്പി, മസാജ്

ഒരു വന്‍കിട ഫ്‌ളാറ്റ് സമുച്ചയത്തില്‍ പോലും ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ജീവിതകാലം മുഴുവന്‍ ഓടിപ്പിടഞ്ഞു നടന്ന ശേഷം വിശ്രമജീവിതം നയിക്കാന്‍ തികച്ചും അനുയോജ്യമായ ഇടം. ജീവിത സായന്തനത്തിന് മഴവില്ലഴക്.

കവടിയാര്‍ പണ്ഡിറ്റ്‌സ് കോളനിയിലെ അലൈവ് ഓഫീസ് ശരിക്കും സജീവമായ ഒരിടമാണ്. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ചകളില്‍ വൈകുന്നേരം ഇവിടെയെത്തിയാല്‍ കരോക്കെ ഗാനമേള ആസ്വദിക്കാം. പാടുന്നത് മുതിര്‍ന്ന പൗരന്മാര്‍. പുത്രന്റെയും ഷിറാസിന്റെയുമൊക്കെ സുഹൃത്തുക്കളായ ചെറുപ്പക്കാരുമുണ്ട്. ഗാനമേളയിലെ പാട്ടുകള്‍ക്ക് നിശ്ചിത നിലവാരമുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയുള്ളതിനാല്‍ ഓരോ ആഴ്ചയും ആസ്വാദകരുടെ തിരക്ക് വര്‍ദ്ധിച്ചുവരികയാണ്. ഗായകരുടെ ഉന്നത നിലവാരം തന്നെ തിരക്കിനു കാരണം.

മുതിര്‍ന്ന പൗരന്മാര്‍ക്കായി അലൈവ് നടപ്പാക്കിയിട്ടുള്ള വെല്‍നെസ് പ്രോഗ്രാമില്‍ യോഗ, തായ്-ചി, ചിരി ചികിത്സ, ഫിസിയോതെറാപ്പി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഒറ്റപ്പെടലിന്റെയും മറ്റും ഫലമായി പ്രായം ചെന്നവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മനശ്ശാസ്ത്രപരമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് ‘ലെറ്റ്‌സ് ടോക്ക്’ എന്ന കൗണ്‍സലിങ് പരിപാടിയുമുണ്ട്. മുതിര്‍ന്നവര്‍ക്ക് സംഗീതം, ചിത്രരചന, കരകൗശലം തുങ്ങിയ വിഷയങ്ങളില്‍ പഠനത്തിന് സൗകര്യമൊരുക്കാനും നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എ.ടി.എം., ഇന്റര്‍നെറ്റ് ബാങ്കിങ്, ഇ-മെയില്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, സ്‌കൈപ്പ് തുടങ്ങി ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉപയോഗം പഠിപ്പിക്കാനും സംവിധാനമുണ്ട്. ഇത്തരം സാമൂഹികസേവനപരമായ പ്രവര്‍ത്തനങ്ങളെല്ലാം അലൈവ് ഫൗണ്ടേഷനു കീഴിലാണ് വരിക.

സമൂഹത്തിന് പ്രചോദനമാകും വിധം സജീവമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന 3 മുതിര്‍ന്ന പൗരന്മാര്‍ക്ക് വീതം ഓരോ വര്‍ഷവും അലൈവ് ഗോള്‍ഡന്‍ ഇയേഴ്‌സ് അവാര്‍ഡിനും ഈ വര്‍ഷം തുടക്കമിട്ടു കഴിഞ്ഞു. ആര്‍ട്ടിസ്റ്റ് ബി.ഡി.ദത്തന്‍, ചെഷയര്‍ ഹോം സെക്രട്ടറി വിമലാ മേനോന്‍, അല്‍ഷൈമേഴ്‌സ് ഫൗണ്ടഷനിലെ ടി.കെ.രാധാമണി എന്നിവരാണ് അലൈവ് ഫൗണ്ടേഷന്റെ ആദ്യ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

alive (3)
2017ലെ അലൈവ് ഗോള്‍ഡന്‍ ഇയേഴ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം.പി. സംസാരിക്കുന്നു

മുതിര്‍ന്ന പൗരന്മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ വിനയാവുന്നത് വിശ്രമജീവിതമാണ് എന്നു പറയേണ്ടി വരും. വിരമിക്കുന്നതിനു മുമ്പ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന ശരീരവും മനസ്സും തലച്ചോറുമെല്ലാം ഒരു ദിവസം പെട്ടെന്ന് നിര്‍ബന്ധിതമായി തളര്‍ത്തിയിടപ്പെടുന്നു. ഈ തളര്‍ച്ചയാണ് പിന്നീടുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ആണിക്കല്ല്. ഇതൊഴിവാക്കാന്‍ ജീവിതം കര്‍മ്മനിരതമാകണം. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാവണം. അത് പ്രാവര്‍ത്തികമാക്കാനാണ് അലൈവിന്റെ ശ്രമം. വെറുതെ ജീവിക്കുന്നതിനു പകരം അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുക. സമപ്രായക്കാരുമായി കൂട്ടുചേരുന്നതു തന്നെ മുതിര്‍ന്നവരുടെ മാനസികനിലയില്‍ വലിയ മാറ്റം വരുത്തും. പ്രായത്തിന് പുതുജീവനേകും.

പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല പുത്രനും ഷിറാസും ഈ സംരംഭത്തിനു തുടക്കമിട്ടത്. തങ്ങളുടെ ലാഭത്തിന്റെ വലിയൊരു ഭാഗം സാമൂഹികസേവനത്തിനായി അവര്‍ നീക്കിവെയ്ക്കുന്നത് അതിനാല്‍ത്തന്നെയാണ്. 21 വര്‍ഷത്തെ ചെന്നൈ വാസത്തിനു ശേഷമാണ് പുത്രന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. നാട്ടിലുള്ള അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ഇത് അവസരമൊരുക്കുന്നു എന്ന സന്തോഷമുണ്ട്. അലൈവിന്റെ യഥാര്‍ത്ഥ പ്രചോദനം പുത്രന്റെ അമ്മയും ഷിറാസിന്റെ ബാപ്പയുമൊക്കെയാണ്.

alive (2).jpeg

പുത്രന്റെയും ഷിറാസിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയുമൊക്കെ ഈ സംരംഭത്തില്‍ പങ്കാളികളാണ്. അവര്‍ ഇതിനെ ഒരു സേവനമാര്‍ഗ്ഗമായി കാണുന്നു. സൗഹൃദത്തണലില്‍ അലൈവ് വളരുകയാണ്. പ്രായമാകുന്നതിനെ കുറിച്ച് ഇന്ന് ഞങ്ങള്‍ക്കാര്‍ക്കും ഭയമില്ല. കാരണം ആ ഘട്ടത്തില്‍ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഇന്ന് അലൈവ് ഉണ്ട്. വയസ്സായി എന്ന പേരില്‍ മാറിനില്‍ക്കേണ്ട കാര്യമില്ല, അടിച്ചുപൊളിച്ചു ജീവിക്കാം!!

logo_alive

ALIVE

ALIVEKART

ALIVE LIFESPACES

+91 70252 66605
+91 471 2720001
care@aliveworld.co

MORE READ

കിച്ചനു സംഭവിച്ച മാറ്റം... കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ...
രവിയേട്ടന്‍ വിരമിക്കുന്നില്ല…... ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലി...
മഹാഭാരത വഴിയിലൂടെ…... ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോ...
ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍... ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ...
കൂട്ടുകാര്‍ Friendship is my weakest point. So I am the strongest person in the world. Friendship is not about people who are true to my face. Its about people...
മാഞ്ഞുപോയ നിറപുഞ്ചിരി... ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക. ...
പ്രിയ സുഹൃത്തേ.. വിട... സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വഴി...

 • 1.5K
 • 42
 •  
 •  
 • 41
 •  
  1.6K
  Shares
 •  
  1.6K
  Shares
 • 1.5K
 • 42
 •  
 •  
 • 41

10 COMMENTS

  • എനിക്കു തന്നെ 43 ആയി. അപ്പോള്‍ പുത്രനും ഷിറാസിനും എത്രയെന്ന് കൂട്ടി നോക്ക്… ഹ ഹ ഹ…

COMMENT