മാഞ്ഞുപോയ നിറപുഞ്ചിരി

Pages ( 1 of 2 ): 1 2Next »
Content Protection by DMCA.com

ചില മുഖങ്ങളുണ്ട്.
സദാ പുഞ്ചിരി തത്തിക്കളിക്കും.
അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക.
ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്.
ആ പുഞ്ചിരി പ്രസരിപ്പ് പകരുന്നതാണ്.

anu_31.jpg

2012 സെപ്റ്റംബര്‍ 5 ഞാന്‍ മറക്കില്ല.
ഇന്ത്യാവിഷനില്‍ ജോലിക്കു കയറിയ ദിവസം.
പുതിയ സ്ഥാപനത്തിലേക്കു കടന്നു ചെല്ലുന്നതിന്റെ അങ്കലാപ്പുണ്ടായിരുന്നു.
പ്രായം ഇത്രയായെങ്കിലും അകാരണമായ ഒരു ഭീതി.
നമ്മള്‍ ഒറ്റയ്ക്കാണ് എന്ന ബോധം മനസ്സിലേക്ക് വീണ്ടും വീണ്ടുമെത്തുന്ന സന്ദര്‍ഭങ്ങളിലൊന്ന്.
കൊച്ചി പാടിവട്ടത്തുള്ള ടുട്ടൂസ് ടവറിലായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസ്.
ഏതു നിലയിലാണ് ഇന്ത്യാവിഷനെന്ന് താഴെ സെക്യൂരിറ്റിയോട് ചോദിച്ചു.
അടുത്ത് കൈയില്‍ സിഗരറ്റുമായി നിന്ന ചെറുപ്പക്കാരനാണ് മറുപടി നല്‍കിയത്.
5, 6 നിലകളിലാണ് ഇന്ത്യാവിഷന്‍. നേരെ ആറിലേക്കു വിട്ടോ, അവിടാ ഓഫീസ്.

ആറാം നിലയിലേക്കുള്ള ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ അവളെ ഞാന്‍ ആദ്യമായി കണ്ടു.
ചെറുപുഞ്ചിരിയുള്ള മുഖം.
അവളെനിക്കൊരു നിറപുഞ്ചിരി സമ്മാനിച്ചു.
എനിക്കിറങ്ങേണ്ട ആറാം നിലയില്‍ത്തന്നെ അവളുമിറങ്ങി.
ഓ, അപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്ന കുട്ടിയാണ്.

AP 3.jpg

അവള്‍ നേരേ റിസപ്ഷനിലേക്കു ചെന്നു.
‘ജോയിന്‍ ചെയ്യാന്‍ വന്നതാണ്’ -അവളുടെ വാക്കുകള്‍ എന്റെ കാതുകളില്‍ കുളിര്‍മഴയായി.
അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല.
ഞാന്‍ ചാടിക്കയറി പറഞ്ഞു -‘ഞാനും.’
അവള്‍ എന്നെ പെട്ടെന്ന് തിരിഞ്ഞു നോക്കി, നിറപുഞ്ചിരിയോടെ തന്നെ.

ആ പെണ്‍കുട്ടിക്കു പിന്നാലെ ഞാനും ഡെസ്‌കിലേക്കു കടന്നു ചെല്ലുമ്പോള്‍ എല്ലാവരും ജോലിയില്‍ വ്യാപൃതര്‍.
ഇന്ത്യാവിഷനില്‍ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.
എന്നെക്കാളേറെ കൂട്ടുകാര്‍ ആ പെണ്‍കുട്ടിക്കവിടെയുണ്ടെന്നു തോന്നി.
അവളുടെ സമപ്രായക്കാര്‍ വന്നു കെട്ടിപ്പിടിക്കുന്നു, കുശലമന്വേഷിക്കുന്നു.
എനിക്ക് ഏതായാലും അത്തരം സ്വീകരണങ്ങളൊന്നുമുണ്ടായില്ല.
എച്ച്.ആര്‍.മാനേജരുടെ മുറിയിലേക്ക് അവളുടെ സുഹൃത്തുക്കള്‍ നയിച്ചു.
അവളെ പിന്തുടര്‍ന്ന് ഞാനും.

എച്ച്.ആര്‍. മാനേജര്‍ സജീവ് ഗോപിനാഥ് ഞങ്ങള്‍ക്കിരുവര്‍ക്കും ചില ഫോമുകള്‍ നല്‍കി.
അടുത്തടുത്ത കസേരകളിലിരുന്ന് ഞങ്ങളത് പൂരിപ്പിച്ചു തുടങ്ങി.
ആ ഫോമില്‍ നിന്ന് ഞാനവളുടെ പേര് മനസ്സിലാക്കി.
അനുശ്രീ പിള്ള.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞാന്‍ നേരേ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി.ബഷീറിനെ കാണാന്‍ കയറി.
വിഷ്വല്‍ മീഡിയയിലേക്ക് എന്റെ പ്രവര്‍ത്തനം സ്വാംശീകരിക്കാനുള്ള പരിശീലനപരിപാടികള്‍ ചര്‍ച്ചയായി.
മാതൃഭൂമി പത്രത്തില്‍ നിന്നെത്തിയ എനിക്ക് ടെലിവിഷനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
മലയാള മനോരമയില്‍ നിന്നെത്തിയ അനുരാജ്, ജനയുഗത്തില്‍ നിന്നെത്തിയ സോമു ജേക്കബ്ബ് എന്നിവര്‍ കൂടിയുണ്ടെന്ന് ബഷീര്‍ പറഞ്ഞു.
അത്രയും ആശ്വാസം.

ഞങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമ്പോള്‍ വാതില്‍ പകുതി തുറന്ന് അനുശ്രീയുടെ തല പ്രത്യക്ഷപ്പെട്ടു.
പിന്നാലെ ഉടലും കടന്നു വന്നു.
റീഡിങ് ട്രയല്‍ നോക്കണം, ലൈബ്രറിയില്‍ പറഞ്ഞാല്‍ ടേപ്പ് തരും -ബഷീറിന്റെ നിര്‍ദ്ദേശം.
പുഞ്ചിരിയോടെ തലകുലുക്കി, അത്ര മാത്രം.
ആ കുട്ടി ജയ്ഹിന്ദില്‍ നിന്നു വന്നതാണ് -ബഷീര്‍ എന്നോടായി പറഞ്ഞു.
ഓ, അപ്പോള്‍ അതാണ് ഇവിടെയുള്ള സൗഹൃദങ്ങളുടെ കാരണം.

AP 2

മുന്‍പരിചയമുണ്ടായിരുന്നതിനാല്‍ അനുശ്രീ പെട്ടെന്ന് ടീം ഇന്ത്യാവിഷന്റെ ഭാഗമായി.
തപ്പിത്തടഞ്ഞു നീങ്ങിയ എനിക്കൊപ്പം അനുരാജും സോമുവുമുണ്ടായിരുന്നത് ആശ്വാസം.
താമസിയാതെ ഞാന്‍ തിരുവനന്തപുരത്തേക്കു നീങ്ങി.
അനു ഡെസ്‌കിന്റെ അവിഭാജ്യഘടകമായി.
ഒരു കാര്യം ഡെസ്‌കിലേക്കു വിളിച്ചു പറയുമ്പോള്‍ മറുഭാഗത്ത് അനുവാണെങ്കില്‍ ഉറപ്പിക്കാം -ഏല്പിച്ചത് നടന്നിരിക്കും.
‘മ്യാവൂ’ എന്ന വിനോദ പരിപാടിയുടെ ചുമതലക്കാരിയായി.
ക്രമേണ ഇന്ത്യാവിഷന്റെ മുഖങ്ങളിലൊന്നായി.

AP 4.jpg

ഒരേ ദിവസം ജോയിന്‍ ചെയ്തവര്‍ എന്ന സ്‌നേഹം അനുവിന് എന്നോടുണ്ടായിരുന്നു.
അവള്‍ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കണ്ടു.
വ്യക്തിപരമായ കാര്യങ്ങള്‍ പോലും പങ്കുവെച്ചു, ആവശ്യങ്ങള്‍ ഉന്നയിച്ചു.
ചെയ്യാനാവുന്ന കാര്യങ്ങള്‍ ഞാനും ചെയ്തുകൊടുത്തു.
വലുതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല.
അനുജത്തിയുടെ എന്‍ജിനീയറിങ് പ്രവേശനം, അമ്മാവന്റെ സ്ഥലംമാറ്റം എന്നിങ്ങനെ.
ഇതൊന്നും നടത്തിക്കൊടുക്കണമെന്നല്ല, തിരുവനന്തപുരത്തെ ഓഫീസുകളില്‍ നിന്ന് വിവരമന്വേഷിച്ചു പറഞ്ഞാല്‍ മതി.

Print Friendly

Pages ( 1 of 2 ): 1 2Next »

9847062789@upi

 

5 Comments Add yours

 1. Anil Raj says:

  Rip nicely expressed the sadness

 2. YAMUNA says:

  ANUSREE…. REST IN PEACE

 3. PRINCE P VARGHESE,CHOTTANIKARA,ERNAKULAM says:

  ആദരാഞ്ജലികൾ അനുശ്രീ…

 4. Nashtathintae Vila athu anubhavichal mathramae ariyoo.syam you nicely express ed your sadness.eekalathu arkum areyum kurichu chinthikkan neramillathappol prethekichum……

 5. santhosh kumar says:

  ജീവിതം തന്നെ ഒരു തരം സർക്കസ്‌ പോലെയാണല്ലോ ശ്യാമേട്ടാ.. ഉയർച്ചകളും താഴ്ചകളും ഉണ്ടാവുമ്പോ പരിചയ സമ്പന്നരായ ട്രപ്പീസ്‌ കളിക്കാരെ പോലെ നമ്മൾ അഭ്യാസം ചെയ്യും ചിലർ അതിനിടക്ക്‌ പിടിവിട്ട്‌ പോകും.. ചിലർക്ക്‌ അത്‌ കളിക്കാനേ യോഗം കാണില്ല അതിനിടയ്ക്ക്‌ ആ രംഗ ബോധമില്ലാത്തകോമാളി വേദിയിൽ നിന്ന് അവരെ വിളിച്ചിറക്കി കൊണ്ട്‌ പോകും.. ആരു വീണാലും ഇല്ലെങ്കിലും ഈ സർക്കസ്‌ തുടർന്ന് കൊണ്ടെയിരിക്കുന്നു..

നിങ്ങളുടെ അഭിപ്രായം...