ആറന്മുള പാടത്ത് 16 വര്‍ഷത്തിനു ശേഷം വിത്തിട്ട വിവരം കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ലാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു വിത്തെറിയല്‍. എല്ലാ നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്പറത്തി, എല്ലാം നിരത്തി വിമാനത്താവളം സ്ഥാപിക്കാനിറങ്ങിയ തട്ടിപ്പു കമ്പനിക്കു ലഭിച്ച തിരിച്ചടി. എന്റെ ആഹ്ലാദത്തിന് ഒരു വലിയ കാരണമുണ്ട്. വിമാനത്താവള വിരുദ്ധ പോരാട്ടത്തില്‍ ചെറിയ പങ്ക് ഈയുള്ളവനും വഹിച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ പോരാട്ടം വാര്‍ത്തകളുപയോഗിച്ചാണ്. കെ.ജി.എസ്സിന്റെ തട്ടിപ്പുകളും അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ച വഴിവിട്ട നടപടികളും പുറം ലോകത്തെ അറിയിച്ചവരില്‍ ഞാനും ഉള്‍പ്പെടുന്നു. ഒരു മാധ്യമപ്രവര്‍ത്തകനു ലഭിക്കുന്ന സംതൃപ്തി ഇത്തരം തിരിഞ്ഞുനോട്ടങ്ങളാണ്.

aranmula paddy.jpg

ആറന്മുള വിമാനത്താവള തട്ടിപ്പുമായി ബന്ധപ്പെട്ട് അസംഖ്യം വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം കെ.ജി.എസ്. ഗ്രൂപ്പിനെ വിടാതെ പിന്തുടര്‍ന്നു, പദ്ധതിക്ക് തടസ്സം വരുന്നതു വരെ. ചെയ്ത വാര്‍ത്തകളെല്ലാം ഇന്ത്യാവിഷനു വേണ്ടി. ആറന്മുള വിമാനത്താവളത്തിനായി നടന്ന തട്ടിപ്പുകളുടെ വ്യാപ്തി ഒരു പരിധിവരെയൊക്കെ വ്യക്തമാവാന്‍ ആ വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. അതില്‍ ചില വാര്‍ത്തകളുടെ സ്‌ക്രിപ്റ്റ് ഇവിടെ പങ്കിടുകയാണ്. രണ്ടു വാര്‍ത്തകളുടെ വീഡിയോയും ഉണ്ട്. ആറന്മുള സംബന്ധിച്ച് ഞാന്‍ ചെയ്ത വാര്‍ത്തകളെക്കുറിച്ച് അറിയാവുന്ന ചിലരൊക്കെ ചില സംശയങ്ങള്‍ എന്നെ വിളിച്ചു ചോദിച്ചിരുന്നു. ഓര്‍മ്മയില്‍ നിന്ന് പെട്ടെന്നു പറയാനാവാത്തതിനാല്‍ ഫയല്‍ നോക്കിയ ശേഷം പറഞ്ഞുകൊടുക്കാമെന്ന് അപ്പോള്‍ മറുപടി നല്‍കി. അതിന്റെ കൂടി ഭാഗമായാണ് ഈ പഴയ സ്‌ക്രിപ്റ്റുകള്‍ പങ്കിടുന്നത്. ഇതിലുള്ളതേ എനിക്കു പറയാനുള്ളൂ. ആവശ്യമുള്ള വിവരങ്ങള്‍ എടുക്കാം.

31 ഒക്ടോബര്‍, 2012

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ചെയ്തുകൊടുത്ത വഴിവിട്ട നടപടികളെക്കുറിച്ചുള്ള വാര്‍ത്ത. എളമരം കരീം നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കുമെന്നാണ് ആറന്മുളയില്‍ വിത്തിറക്കിയ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഒരു തരത്തില്‍ നോക്കിയാല്‍ തെറ്റുതിരുത്തല്‍ തന്നെ.

ഇന്‍ട്രോ
ആറന്മുളയിലെ നിര്‍ദ്ദിഷ്ട സ്വകാര്യ വിമാനത്താവള കമ്പനിക്കായി 500 ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി ഇടതുസര്‍ക്കാറിന്റെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്നതിന് തെളിവ് ലഭിച്ചു. സര്‍ക്കാര്‍ കാലാവധി തീരാന്‍ മൂന്നു മാസം മാത്രം ശേഷിക്കെ 2010 ഡിസംബര്‍ 14നാണ് വ്യവസായമേഖലയ്ക്കുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള അനുമതി വ്യവസായ മന്ത്രി എളമരംകരീം നല്‍കിയത്.

വോയ്‌സ് ഓവര്‍
സ്വകാര്യ കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് ഇടതുസര്‍ക്കാറിന്റെ കാലത്ത് 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായമേഖലയായി പ്രഖ്യാപിച്ചു നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇത് സര്‍ക്കാരിന്റെ അറിവില്ലാതെ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ചെയ്തതാണ് എന്നായിരുന്നു സി.പി.ഐ -എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിശദീകരണം. എന്നാല്‍ ആറന്മുള വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിനു രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത് സംബന്ധിച്ച ഫയലില്‍ വ്യവസായ മന്ത്രി എളമരം കരീം അനുകൂല തീരുമാനം എഴുതിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് സ്വകാര്യ കമ്പനിക്ക് അനുകൂലമായി നാട്ടുകാരുടെ സ്ഥലങ്ങള്‍ ഒരു മുന്‍പരിശോധനയും കൂടാതെ വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തത്.

ആറന്മുളയില്‍ തങ്ങള്‍ക്കു 350 ഏക്കര്‍ ഭൂമിയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ജി.എസ്. കമ്പനി വ്യവസായ വകുപ്പിനെ സമീപിച്ചത്. ബാക്കി 150 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കണമെന്നും വിമാനത്താവളം ഉണ്ടാക്കാനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ ഫയലില്‍ വ്യവസായ വകുപ്പിലെ ജോയിന്റ് സെക്രട്ടറി കെ.സി.വിജയകുമാര്‍ ആണ് 2010 ഡിസംബര്‍ എട്ടിന് വ്യവസായമേഖലാ പ്രഖ്യാപനമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഏകജാലക സംവിധാനം വഴി അടിയന്തിരമായി അംഗീകാരങ്ങളും അനുമതികളും നല്‍കുന്നതിനായി വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശവും കരട് വിജ്ഞാപനവും ഇദ്ദേഹം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. കരട് വിജ്ഞാപനം അംഗീകരിച്ചാല്‍ സൂക്ഷ്മപരിശോധനയ്ക്കായി നിയമവകുപ്പിലേക്ക് അയയ്ക്കണമെന്നും വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. അന്നേ ദിവസം തന്നെ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഫയലില്‍ ഒപ്പുവെക്കുകയും പിന്നീട് മന്ത്രിയുടെ അനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തു.

ഡിസംബര്‍ 14നു എളമരം കരീം ഫയല്‍ കണ്ടു.അനുകൂലതീരുമാനം എഴുതി. ‘വ്യവസായമേഖലാ പ്രഖ്യാപനത്തിനായുള്ള കരട് വിജ്ഞാപനം മാത്രമേ നിയമവകുപ്പിലേക്ക് അയക്കാവൂ’ എന്ന കുറിപ്പോടെയാണ് വ്യവസായമന്ത്രി എളമരം കരീം ഫയലില്‍ ഒപ്പിട്ടത്.

23 ജനുവരി, 2013

മാതൃഭൂമി ന്യൂസ് സംപ്രേഷണം തുടങ്ങുന്നതിനോടനുബന്ധിച്ച് ഇന്ത്യാവിഷന്‍ നടത്തിയ തയ്യാറെടുപ്പുകളുടെ ഭാഗമായി ചെയ്ത 3 എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളിലൊന്ന് ആറന്മുള സംബന്ധിച്ചായിരുന്നു. ആറന്മുള വിമാനത്താവള കമ്പനിയില്‍ ഓഹരിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ഇതിനെതിരെ ലഭിച്ച നിയമോപദേശം മറികടന്നാണെന്നതിന്റെ തെളിവുകളാണ് അന്നു പുറത്തുവിട്ടത്.

aranmula.jpg

ഇന്‍ട്രോ
ആറന്മുള വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിയായത് നിയമോപദേശം മറികടന്ന്. വിമാനക്കമ്പനി ജലസംരക്ഷണ നിയമം ലംഘിച്ചതിനെതിരെ നടപടി വേണമെന്ന നിയമോപദേശമാണ് സര്‍ക്കാര്‍ പൂഴ്ത്തിയത്. ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ച നിര്‍ണ്ണായക രേഖ ഇന്ത്യാവിഷന്‍ പുറത്തുവിടുന്നു.

വോയ്‌സ് ഓവര്‍
ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. നഗ്നമായ നിയമലംഘനം നടത്തിയ ആറന്മുള വിമാനത്താവള കമ്പനിക്കെതിരെ കടുത്ത നടപടി വേണമെന്ന നിയമോപദേശത്തിന്റെ പകര്‍പ്പാണിത്.

2003ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ കേരള ജലസേചന ജലസംരക്ഷണ നിയമം വിമാനത്താവള കമ്പനി ലംഘിച്ചതായി ജലസേചന വകുപ്പാണ് കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ വസ്തുനിഷ്ഠമാണെന്നാണ് രേഖകള്‍ പരിശോധിച്ച ശേഷം നിയമ വകുപ്പിന്റെ വിലയിരുത്തല്‍. ഗുരുതരമായ നിയമലംഘനം നടന്ന സാഹചര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, തുടര്‍നടപടി സ്വീകരിക്കാതെ നിയമോപദേശം പൂഴ്ത്തിക്കൊണ്ടാണ് വിമാനക്കമ്പനിയില്‍ 10 ശതമാനം ഓഹരിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

മേഖലയിലെ പുറമ്പോക്ക് ഭൂമിയും ആറന്മുള വലിയതോടിന്റെ സഞ്ചാരപഥവും കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയെന്നും നിയമോപദേശത്തിലുണ്ട്. നടപടിക്ക് ഈ വിഷയങ്ങളെല്ലാം പരിഗണിക്കണമെന്ന് നിയമോപദേശം വ്യക്തമാക്കുന്നു.
വിമാനത്താവളത്തിനെതിരെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 2007ല്‍ പുഞ്ച പാടശേഖര കര്‍ഷക സമിതി സെക്രട്ടറി ടി.വി.പുരുഷോത്തമന്‍ നായര്‍ നല്‍കിയ പരാതിയാണ് നിയമോപദേശത്തിന് ആധാരം. പരാതിയെത്തുടര്‍ന്ന് ജലസേചന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവള കമ്പനിയുടെ കടുത്ത നിയമലംഘനങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മേഖലയിലെ പ്രധാന ജലസ്രോതസ്സായ ആറന്മുള വലിയതോട് ഒരു കിലോമീറ്ററോളം നീളത്തില്‍ കമ്പനി മണ്ണിട്ടു നികത്തി. ഇതു നിമിത്തം വലിയതോട്ടിലെ വെള്ളമുപയോഗിച്ചിരുന്ന കൃഷിയിടങ്ങള്‍ തരിശായി. വലിയതോടിന്റെ കൈവഴികളും മണ്ണിട്ടു നികത്തിയതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളിലെ പുഞ്ച, വിരുപ്പ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

കര്‍ഷകര്‍ പിന്‍വാങ്ങുന്നതോടെ ഈ ഭൂമിയും തന്ത്രത്തില്‍ തട്ടിയെടുക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് നിയമവകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടും അതവഗണിച്ച് വിമാനക്കമ്പനിയുടെ പങ്കാളിയാകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ദുരൂഹമാണ്.

സൈന്‍ ഓഫ്
വിമാനത്താവള കമ്പനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിയമോപദേശം പൂര്‍ണ്ണമായി അവഗണിക്കുകയാണ് മന്ത്രിസഭ ചെയ്തത്. വിമാനത്താവളത്തില്‍ 10 ശതമാനം ഓഹരി പങ്കാളിത്തത്തിന് സര്‍ക്കാര്‍ തയ്യാറായതോടെ ഇതുവരെ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളപൂശുകയാണ്.

വീഡിയോ  (c) ഇന്ത്യാവിഷന്‍

7 ഏപ്രില്‍, 2013

ആറന്മുള വിമാനത്താവള മേഖല ഒരു ദിവസം ഗൂഗിള്‍ മാപ്പില്‍ നിന്ന് അപ്രത്യക്ഷമായി. വിമാനത്താവളം പരതി നോക്കുന്നവര്‍ കണ്ടത് മേഘപടലം. ദിവസങ്ങളോളം അത് അങ്ങനെ തന്നെയായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നത് ഇന്നും ആര്‍ക്കുമറിയില്ല.

google.jpg

ഇന്‍ട്രോ
ലോകത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും വ്യക്തമാക്കുന്ന ഗൂഗിള്‍ മാപ്പിലെ ഉപഗ്രഹ ചിത്രത്തില്‍ ആറന്മുള വിമാനത്താവള മേഖല അപ്രത്യക്ഷം. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശമായ പുഞ്ചപ്പാടം അടങ്ങുന്ന വ്യവസായ മേഖലയെ പൂര്‍ണ്ണമായി മറച്ചു. ഗൂഗിള്‍ എര്‍ത്തിലും വിക്കിപീഡിയയിലും ഈ ചിത്രം പ്രത്യക്ഷപ്പെട്ടു.

വോയ്‌സ് ഓവര്‍
ഗ്രീന്‍ ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള നിയമസസംവിധാനങ്ങള്‍ക്കു മുന്നില്‍ തെളിവായി ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ഹാജരാക്കിയ ഗൂഗിള്‍ മാപ്പാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. അടുത്തിടെവരെ ഗൂഗിളിന്റെ ഉപഗ്രഹ ചിത്രത്തില്‍ ആറന്മുള മേഖല വ്യക്തമായി കാണാമായിരുന്നു. 500 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും അടങ്ങിയ പ്രദേശവും നിയമം മറികടന്ന് നികത്തിയ 60 ഏക്കര്‍ നെല്‍വയലിന്റെ ഭാഗവും മാപ്പില്‍ തെളിഞ്ഞിരുന്നു. ഈ ഭാഗത്ത് ഇപ്പോള്‍ മേഘത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത നിലയിലാണ് കാണുന്നത്.

ആറന്മുള പൈതൃക ഗ്രാമ സമിതി ഗ്രീന്‍ ട്രൈബ്യൂണലിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും കോടതിക്കുമുന്നിലും സമര്‍പ്പിച്ച ഗൂഗിള്‍ മാപ്പ് ചിത്രമാണിത്. ഇത് ഇപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ കാണുന്ന ആറന്മുള.
ആറന്മുളയില്‍ പമ്പാനദിയുടെ തീരത്തുനിന്നും 200 മീറ്റര്‍ മാറിയാണ് വയല്‍ മേഖല ആരംഭിക്കുന്നത്. ഈ ഭാഗം മുതലാണ് മേഘത്തിന്റെ ചിത്രം ഉപയോഗിച്ച് മറച്ചിട്ടുളളത്. ആറന്മുള അതീവ സുരക്ഷാ മേഖലയല്ല. ഗൂഗിള്‍ മാപ്പില്‍ സുരക്ഷാമേഖല മറയ്ക്കുന്ന പതിവില്ല. കൊച്ചി നാവികത്താവളം അടക്കമുളള മേഖലകള്‍ മാപ്പില്‍ തെളിഞ്ഞുകാണാം. ഡല്‍ഹി, മുംബൈ ഹൈ, ആണവ നിലയങ്ങള്‍ എന്നിവ ഒന്നും തന്നെ മറയ്ക്കാത്ത സ്ഥിതിക്ക് ആറന്മുളയുടെ മുകളില്‍ മേഘങ്ങള്‍ നിറഞ്ഞത് എങ്ങനെയെന്ന് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവള നിര്‍മ്മാതാക്കളായ കെ.ജി.എസ്. ഗ്രൂപ്പ് ചെന്നൈ ആസ്ഥാനമായ ‘എന്‍വിറൊ കെയര്‍ ലിമിറ്റഡ്’ എന്ന കമ്പനിയെ ഉപയോഗിച്ച് തയ്യാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ പദ്ധതി മേഖല നെല്‍വയലും തണ്ണീര്‍ത്തടങ്ങളും അടങ്ങിയതാണെന്ന് ഒരിടത്തുപോലും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് തെറ്റാണെന്നും പദ്ധതി പ്രദേശം വയല്‍ മേഖലയാണെന്നും വ്യക്തമാക്കുന്നതിന് ഗൂഗിള്‍ ചിത്രമാണ് പൈതൃകഗ്രാമ കര്‍മ്മസമിതിയും പളളിയോട- പളളിവിളക്ക് സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളും അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുളളത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശവും മാപ്പില്‍ അപ്രത്യക്ഷമായ നിലയിലാണ്.

വ്യവസായ മേഖല കൂടാതെ ചെന്നീര്‍ക്കര, മുട്ടത്തുകോണം, കണിയാരേത്തുപടി, ഉളനാട് സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍ എന്നീ ഭാഗങ്ങളും മേഘം കയറി മൂടിയിരിക്കുകയാണ്. എന്നാല്‍ ആറന്മുള ക്ഷേത്രവും പമ്പാനദിയും മാപ്പില്‍ വ്യക്തമായി കാണാം. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട നാല് കാവുകള്‍, കാവല്‍മലകള്‍, പളളിമുക്കത്തുകാവ് ദേവീക്ഷേത്രം എന്നിവ മേഘാവൃതമായി കിടക്കുന്നു.

വീഡിയോ  (c) ഇന്ത്യാവിഷന്‍

17 ഏപ്രില്‍, 2013

വിമാനത്താവള കമ്പനിയുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് ആദ്യമെടുത്ത തീരുമാനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ തിരുത്തിയതും കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്നു വെച്ചതിന്റെയും വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്ത.

ഇന്‍ട്രോ
ആറന്മുള വിമാനത്താവള കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ വേണ്ടെന്നു വെച്ചു. കമ്പനിയിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് ആദ്യമെടുത്ത തീരുമാനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ തിരുത്തുകയും ചെയ്തു. വിമാനത്താവള കമ്പനിക്ക് അനുകൂലമായി നടന്ന ഈ തിരിമറിയുടെ രേഖകള്‍ ഇന്ത്യാവിഷന് ലഭിച്ചു.

വോയ്‌സ് ഓവര്‍
2012 ആഗസ്റ്റ് 22ന് മന്ത്രി കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിമാനത്താവള കമ്പനിയിലെ സര്‍ക്കാര്‍ പങ്കാളിത്തം സംബന്ധിച്ച് ധാരണയുണ്ടായത്. കെ.ജി.എസ്. ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയില്‍ കേരള സര്‍ക്കാരിന് 10 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും എന്നതായിരുന്നു ആദ്യ വ്യവസ്ഥ. സര്‍ക്കാര്‍ നോമിനിയായി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗം ഉണ്ടായിരിക്കും. ഈ സര്‍ക്കാര്‍ നോമിനി കമ്പനിയുടെ ചെയര്‍മാനുമായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴൊക്കെ തീരുമാനിക്കുന്നുവോ അപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരിന് ആനുപാതികമായി പങ്കാളിത്തം നല്‍കുമെന്നും കമ്പനി അധികൃതര്‍ യോഗത്തില്‍ സമ്മതിച്ചിരുന്നു.

ജനുവരി 10ന്റെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വെച്ച ക്യാബിനറ്റ് നോട്ടില്‍ ഇതു പ്രകാരമുള്ള നിര്‍ദ്ദേശമാണ് ഉണ്ടായിരുന്നത്. എന്നാല്‍, മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനമുണ്ടായപ്പോള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. കെ.ജി.എസ്. ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയില്‍ കേരള സര്‍ക്കാരിന് പ്രമോട്ടര്‍മാര്‍ സൗജന്യമായി തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള 10 ശതമാനം ഓഹരി സ്വീകരിക്കുവാന്‍ തീരുമാനിച്ചു എന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി വന്നത്. വിമാനത്താവള നടത്തിപ്പിന് ആവശ്യം വേണ്ട സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി വിപണി വില ഈടാക്കി നല്‍കണമെന്നും തീരുമാനിച്ചു. സര്‍ക്കാര്‍ നോമിനിയായി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പ്രതിനിധി ഉണ്ടായിരിക്കുമെന്നും തീരുമാനിച്ചുവെന്ന് മന്ത്രിസഭാ തീരുമാന കുറിപ്പില്‍ പറയുന്നു. ഇതു പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവ് ജനുവരി 16 തന്നെ പുറപ്പെടുവിക്കുകയും ചെയ്തു.

സര്‍ക്കാരിന് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്നുവെയ്ക്കപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡിന്റെ വലിപ്പം കൂടുന്നതനുസരിച്ച് ലഭിക്കുമായിരുന്ന ആനുപാതിക പ്രാതിനിധ്യവും സ്വീകരിച്ചില്ല. മന്ത്രിസഭാ യോഗത്തില്‍ തന്നെയാണ് ഈ അട്ടിമറി നടന്നത്. ക്യാബിനറ്റ് നോട്ടും മന്ത്രിസഭാ യോഗ തീരുമാനക്കുറിപ്പും തമ്മിലുള്ള അന്തരം ഇതു വ്യക്തമാക്കുന്നു.

20 നവംബര്‍, 2013

ആറന്മുളയില്‍ 700 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്ന കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശം അതിന്റെ പകുതി ഭൂമി പോലുമില്ലെന്ന വിവരം ഈ വാര്‍ത്തയിലൂടെ പുറത്തുവന്നു.

ഇന്‍ട്രോ
ആറന്മുളയില്‍ 700 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്ന കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശം ഇപ്പോഴുള്ളത് വെറും 210 ഏക്കര്‍ മാത്രം. ബാക്കി ഭൂമി ഏറ്റെടുക്കുന്നതില്‍ അടക്കം ഉണ്ടാകാവുന്ന തടസ്സങ്ങളും പ്രതിഷേധങ്ങളും മറച്ചുപിടിച്ചാണ് വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നേടിയത്. കെ.ജി.എസ്സില്‍ നിന്ന് റവന്യൂ വകുപ്പ് നേരത്തേ പിടിച്ചെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ച 232 ഏക്കര്‍ ചട്ടവിരുദ്ധമായി തിരികെ നല്‍കുന്നതിനും അണിയറയില്‍ നീക്കം ശക്തമായിട്ടുണ്ട്.

വോയ്‌സ് ഓവര്‍
ആറന്മുളയില്‍ എബ്രഹാം കലമണ്ണിലിന്റെ കൈയില്‍ നിന്ന് 232 ഏക്കര്‍ കെ.ജി.എസ്. ഗ്രൂപ്പ് നേരത്തേ വാങ്ങിയിരുന്നു. എന്നാല്‍, കാരണമില്ലാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഭൂപരിഷ്‌കരണ നിയമപ്രകാരം ചട്ടവിരുദ്ധം ആയതിനാല്‍ എട്ടു മാസം മുമ്പ് അന്നത്തെ പത്തനംതിട്ട കളക്ടര്‍ ജിതേന്ദ്രന്‍ അത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇങ്ങനെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അവിടം വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല. മിച്ചഭൂമിയുടെ 87.5 ശതമാനം ഭൂരഹിതര്‍ക്ക് നല്‍കണം എന്നാണ് വ്യവസ്ഥ. അതില്‍ പകുതി ഭൂമിയില്ലാത്ത പട്ടിക ജാതി-വര്‍ഗ്ഗക്കാര്‍ക്ക് നല്‍കണം. ബാക്കിയുള്ള 12.5 ശതമാനം മിച്ചഭൂമി എല്ലാ വിഭാഗക്കാര്‍ക്കും കൊടുക്കാന്‍ അനുമതിയുണ്ട്. ഈ നിയമവ്യവസ്ഥ മറികടക്കാനുള്ള പഴുതുകള്‍ കണ്ടെത്തി അറിയിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ പഴുത് കണ്ടെത്താനായില്ല.

പിന്നീട് 85 ഹെക്ടര്‍ അഥവാ 210 ഏക്കര്‍ സ്ഥലം കൂടി കെ.ജി.എസ്. വാങ്ങി. ഇതും മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുവെങ്കിലും സര്‍ക്കാര്‍ തടയുകയും കളക്ടര്‍ ജിതേന്ദ്രനെ മാറ്റുകയും ചെയ്തു. ഈ 210 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശമുള്ളത്. 2000 കോടി രൂപ മുതല്‍മുടക്കില്‍ 700 ഏക്കറില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതിയാണ് കെ.ജി.എസ്. തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 500 ഏക്കര്‍ വികസിപ്പിക്കും. ഇതില്‍ 293 ഏക്കര്‍ റണ്‍വേയ്ക്കും 50 ഏക്കര്‍ പാര്‍ക്കിങ്ങിനുമായി നീക്കിവെച്ചിരിക്കുന്നു. എന്നാല്‍, ഇതിനൊക്കെയുള്ള ഭൂമി എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയ ശേഷം ഭൂമി സംഘടിപ്പിക്കാം എന്ന നിലയിലാണ് കെ.ജി.എസ്. ഗ്രൂപ്പ് നടപടികള്‍ മുന്നോട്ടു നീക്കിയത്. എന്നാല്‍, സുഗതകുമാരി സമര്‍പ്പിച്ചത് അടക്കം 7 കേസുകള്‍ വിമാനത്താവള പദ്ധതിക്ക് എതിരെ ഇപ്പോള്‍ നിലവിലുണ്ട്. പാരിസ്ഥിതികാനുമതിക്ക് ശ്രമിക്കുന്ന വേളയില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു. പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെ ഹരിത ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കാന്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി തീരുമാനിച്ചിട്ടുണ്ട്. അവിടെ അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമിതി സുപ്രീം കോടതിയെ സമീപിക്കും.ഇത്തരം എതിര്‍പ്പുകളെയെല്ലാം സര്‍ക്കാര്‍ പിന്തുണയോടെ മറികടക്കുകയാണ് കെ.ജി.എസ്സിന്റെ ലക്ഷ്യം.

സൈന്‍ ഓഫ്
സോണിയാ ഗാന്ധി മുന്‍കൈയെടുത്ത് അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ബാധിക്കപ്പെടുന്ന 80 ശതമാനം പേരുടെ അംഗീകാരമുണ്ടെങ്കിലേ പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാവൂ. ഈ 80 ശതമാനം ആറന്മുളയില്‍ ഒത്തുചേര്‍ക്കാന്‍ കെ.ജി.എസ്സിനാവില്ല എന്നതുറപ്പാണ്. ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുന്നത് ഈ കച്ചിത്തുരുമ്പില്‍ പിടിച്ചു തന്നെ.

21 നവംബര്‍, 2013

മതവിശ്വാസം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം അവണിച്ച് വിമാനത്താവള പദ്ധതിക്ക് പിന്തുണ ലഭ്യമാക്കുന്നതു സംബന്ധിച്ച വാര്‍ത്ത.

ഇന്‍ട്രോ
ആറന്മുള വിമാനത്താവള പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും പ്രഖ്യാപിച്ച പൂര്‍ണ്ണ പിന്തുണ വിവാദത്തിലേക്ക്. മതവിശ്വാസം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം അവഗണിച്ചാണ് പദ്ധതിക്ക് ഒത്താശ ചെയ്യുന്നതെന്നാണ് ആക്ഷേപം. വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയങ്ങളും കാവുകളും നശിപ്പിക്കേണ്ടി വരുമെന്ന വസ്തുത സര്‍ക്കാര്‍ അവഗണിച്ചു.

വോയ്‌സ് ഓവര്‍
അപൂര്‍വ്വമായ ജൈവസമ്പത്തുള്ള കാവുകളാല്‍ സമ്പുഷ്ടമാണ് ആറന്മുള മേഖല. ഇവയില്‍ പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാക്രമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ പതിവു നിലപാടിനു വിരുദ്ധമായി കാവുകള്‍ നശിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനം എടുപ്പിക്കുന്നതില്‍ കെ.ജി.എസ്. ഗ്രൂപ്പ് വിജയിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിധത്തില്‍ അഞ്ചു പ്രധാന കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനോട് പരിസ്ഥിതി മന്ത്രാലയത്തിന് എതിര്‍പ്പില്ലാതെ പോയതും ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്.

പദ്ധതി പ്രദേശത്തില്‍ വരുന്ന കാവുകളും കുന്നുകളും വിമാനത്താവള കമ്പനിയുടെ നിയന്ത്രണത്തിലായിട്ടില്ല. അതേസമയം, സര്‍ക്കാര്‍ പിന്തുണയോടെ ഇവ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അവരുടെ ശ്രമം. ഇതിനായി പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. മതവികാരം എന്ന പ്രശ്‌നം ശക്തിയായി ഉയരുന്നത് കമ്പനിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നു. ഹൈന്ദവ മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാരിനും പരിമിതികളുണ്ട്. ന്യൂനപക്ഷങ്ങള്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ എന്ന ആക്ഷേപം എന്‍.എസ്.എസ്. അടക്കമുള്ള സംഘടനകള്‍ നേരത്തേ തന്നെ ഉയര്‍ത്തിയിട്ടുള്ളതാണ്.

കനകക്കുന്ന് മല, കുളമപ്പൂഴി മല, ചിറ്റൂര്‍ പുരയിടം, കോഴിമല, കൊണ്ടൂര്‍മോടി എന്നിവയാണ് ആറന്മുള വിമാനത്താവളം സ്ഥാപിക്കാനായി നിരത്തപ്പെടുന്ന കുന്നുകള്‍. ഇതില്‍ കനകക്കുന്ന് മല ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കാവല്‍മലയാണ്. പദ്ധതിയുടെ ഒത്ത മദ്ധ്യത്തായി സ്ഥിതി ചെയ്യുന്ന തെറ്റിക്കാവും പ്രധാനപ്പെട്ടതാണ്. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠയുള്ള ഇവിടെ നിന്നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള പൂജാപുഷ്പങ്ങള്‍ അനാദികാലം മുതല്‍ ശേഖരിക്കുന്നത്.

ഒരേക്കര്‍ വിസ്തീര്‍ണ്ണമുള്ള അരിങ്ങോട്ടുകാവും അവിടത്തെ ശിവ ക്ഷേത്രവും വിമാനത്താവളത്തിനായി നശിപ്പിക്കേണ്ടി വരും. ഐതീഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പരാമര്‍ശിച്ചിട്ടുള്ള കണ്ണങ്ങാട്ടു മഠവും പദ്ധതി പ്രദേശത്താണ്. ആറന്മുളയിലെ അത്താഴപൂജയ്ക്കു ശേഷം ഭഗവാന്‍ കെടാവിളക്കുള്ള ഈ മഠത്തിലെത്തി അന്തിയുറങ്ങുന്നു എന്നാണ് വിശ്വാസം. മലയരയന്മാരുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിയന്ത്രണത്തിലുള്ള രണ്ടു കാവുകളും മഠത്തിനടുത്തുണ്ട്. പള്ളിമുക്കത്ത് ദേവി ക്ഷേത്രത്തിനടുത്ത് സര്‍പ്പ പ്രതിഷ്ഠയുള്ള പള്ളിമുക്കത്ത് കാവും വിമാനത്താവള പരിധിയില്‍ തന്നെ. എന്നാല്‍, ക്ഷേത്രം പരിധിക്കു പുറത്തായതിനാല്‍ രക്ഷപ്പെട്ടു.

സൈന്‍ ഓഫ്
വികസനത്തിന്റെ പേരില്‍ വരുന്ന കച്ചവടക്കാര്‍ തകര്‍ക്കുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസങ്ങളും ഒരു നാടിന്റെ പൈതൃകവുമാണ്. സംരക്ഷിക്കാന്‍ ചുമതലയുള്ള സര്‍ക്കാരിന്റെ ഒത്താശ സ്ഥാപിത താല്പര്യക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

22 നവംബര്‍, 2013

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി ലഭ്യമാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെലുത്തിയ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന വിവരം ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. ആറന്മുളയ്ക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രണ്ടു തവണയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്.

ഇന്‍ട്രോ
കെ.ജി.എസ്. ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതിക്കു ലഭിച്ച പാരിസ്ഥിതികാനുമതി യു.ഡി.എഫ്. സര്‍ക്കാര്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. ആറന്മുളയ്ക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രണ്ടു തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. ഈ കത്തുകളുടെ പകര്‍പ്പ് ഇന്ത്യാവിഷന്. വിമാനത്താവളത്തിനാവശ്യമായ സര്‍ക്കാര്‍ ഭൂമി വിപണി വിലയ്ക്ക് കൈമാറുമെന്ന് സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചു.

വോയ്‌സ് ഓവര്‍
കെ.ജി.എസ്. ഗ്രൂപ്പിന്റെ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ രണ്ടു തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തയച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു ആദ്യ കത്ത്. ആറന്മുള വിമാനത്താവളത്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കത്തില്‍ അക്കമിട്ട് എതിര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെയ്ക്കാവുന്നതിലധികം ഭൂമി സ്വന്തമാക്കിയെന്നായിരുന്നു കെ.ജി.എസ്സിനെതിരായ പ്രധാന ആക്ഷേപം. അനുമതി നല്‍കിയതിലധികം സ്ഥലം മണ്ണിട്ട് നികത്തിയെന്നും പരാതിയുണ്ടായി. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ പാരിസ്ഥിതികാനുമതിയെ ബാധിക്കുന്ന കാര്യമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ക്രമക്കേടുകള്‍ക്ക് നിയമപരമായിത്തന്നെ പരിഹാരമുണ്ടാക്കാനാവുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

സാലിം അലി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആറന്മുള പൈതൃക ഗ്രാമമാണ്. 1500 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. നിലം നികത്തപ്പെട്ടാല്‍ പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിലപാടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. മേഖല തണ്ണീര്‍ത്തടമാണെന്നും നീരൊഴുക്കിന് തടസ്സമുണ്ടായാല്‍ പരിസ്ഥിതിയെ ബാധിക്കുമെന്നും പറയുന്നതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതിനു സമയമെടുക്കും. വേണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പഠനം നടത്താം.

വിമാനത്താവളങ്ങള്‍ക്കിടയിലെ ദൂരപരിധി സംബന്ധിച്ച ആക്ഷേപം കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് റോളില്ല. പരിസ്ഥിതിക്ക് വലിയ പ്രശ്‌നങ്ങളില്ലാത്ത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമുണ്ട്. അതിനാല്‍ത്തന്നെ വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കത്തില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനെതിരെ പ്രാദേശികമായ പ്രതിഷേധങ്ങളുണ്ടെന്ന് കത്തില്‍ സമ്മതിച്ചു. എന്നാല്‍, പദ്ധതി വരണമെന്നാഗ്രഹിക്കുന്ന വലിയ വിഭാഗമുണ്ടെന്നും അതിനാല്‍ത്തന്നെ അനുമതി നീതീകരിക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

സാലിം അലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ പൂര്‍ണ്ണമായി തള്ളി. വയല്‍ തണ്ണീര്‍ത്തടമല്ല. റിപ്പോര്‍ട്ടില്‍ ഒരുപാട് പിഴവുകളുണ്ട്. അതിനാല്‍ത്തന്നെ റിപ്പോര്‍ട്ടില്‍ വലിയ കാര്യമില്ലെന്നും ആദ്യ കത്തില്‍ പറഞ്ഞു. ഇതിനു ശേഷം ഓഗസ്റ്റ് 21ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും കത്തയച്ചു. വിമാനത്താവളത്തിനാവശ്യമായ സര്‍ക്കാര്‍ ഭൂമി വിപണി വിലയ്ക്ക് കൈമാറുമെന്ന് സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഈ കത്തിലൂടെ അറിയിച്ചു. അതോടെയാണ് കേന്ദ്രത്തിന്റെ പാരിസ്ഥിതികാനുമതിക്ക് കളമൊരുങ്ങിയത്.

സൈന്‍ ഓഫ്
കെ.ജി.എസ്. ഗ്രൂപ്പ് ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി യാഥാര്‍ത്ഥ്യമാക്കിയതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. എന്നാല്‍, സ്വകാര്യ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടന്ന അണിയറ നീക്കങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

27 ഡിസംബര്‍, 2013

ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നു.

ഇന്‍ട്രോ
കെ.ജി.എസ്. ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നടത്തിയ സമ്മര്‍ദ്ദത്തിന്റെ തെളിവുകള്‍ പുറത്ത്. ആറന്മുളയ്ക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടരി പ്രദീപ്കുമാര്‍ രണ്ടു തവണ കേന്ദ്രത്തിനു കത്തുനല്‍കിയ വാര്‍ത്ത ഇന്ത്യാവിഷന്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍, നിയമലംഘനം കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു പ്രദീപ്കുമാറിന്റെ യഥാര്‍ത്ഥ നിലപാട്.

വോയ്‌സ് ഓവര്‍
കെ.ജി.എസ്. ഗ്രൂപ്പിന്റെ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ രണ്ടു തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ജൂണ്‍ 1നും ഓഗസ്റ്റ് 21നും കത്തുകള്‍ അയച്ചത്. ആറന്മുള വിമാനത്താവളത്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കത്തില്‍ അക്കമിട്ട് എതിര്‍ത്തിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കത്തയയ്ക്കാന്‍ തയ്യാറായെങ്കിലും ഈ നടപടിയോട് പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിര്‍പ്പായിരുന്നു. ഈ എതിര്‍പ്പ് അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു. വിമാനത്താവള കമ്പനി മുന്‍കൂര്‍ അനുമതിയില്ലാതെ തണ്ണീര്‍ത്തടം നികത്തിയതും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും നിയമവിരുദ്ധമായതിനാല്‍ കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു കുറിപ്പ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പടങ്ങുന്ന ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ.ജി.എസ്സിന്റെ വാദം അംഗീകരിക്കാനും പരിസ്ഥിതി സെക്രട്ടറിയുടെ എതിര്‍പ്പ് തള്ളാനും തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ധാരണയായി. കേന്ദ്രത്തിനു നല്‍കുന്ന കത്തില്‍ നിലംനികത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശത്തിനു താഴെ മുഖ്യമന്ത്രി ഒപ്പുവെച്ചു.

എന്നാല്‍, കേന്ദ്രത്തിനയച്ച കത്തില്‍ നിയമലംഘനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയാതിരുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെയ്ക്കാവുന്നതിലധികം ഭൂമി സ്വന്തമാക്കിയെന്ന് കെ.ജി.എസ്സിനെതിരെ ആക്ഷേപമുണ്ട്. അനുമതി നല്‍കിയതിലധികം സ്ഥലം മണ്ണിട്ട് നികത്തിയെന്നും പരാതിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ പാരിസ്ഥിതികാനുമതിയെ ബാധിക്കുന്ന കാര്യമല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രദീപ്കുമാര്‍ കേന്ദ്രത്തെ അറിയിച്ചു. ക്രമക്കേടുകള്‍ക്ക് നിയമപരമായിത്തന്നെ പരിഹാരമുണ്ടാക്കാനാവുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു കത്തുകളും കെ.ജി.എസ്സിനു വേണ്ടി ചെലുത്തപ്പെട്ട ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും ഒത്തുചേര്‍ന്നതോടെ വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി യാഥാര്‍ത്ഥ്യമായി.

അതേസമയം, വയല്‍ നികത്തുന്ന ഫയല്‍ നോക്കുന്നത് വ്യവസായ വകുപ്പിന്റെ ചുമതലയല്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വ്യവസായ മേഖല പുനര്‍വിജ്ഞാപനം മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

8 ജൂലൈ, 2014

ആറന്മുള വിമാത്താവള പദ്ധതിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയിരുന്നുവെന്ന് പറഞ്ഞത് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. നിയമസഭയില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത വി.എസ്. -ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ക്കുള്ള കുറ്റപത്രമായി. ഇരു കൂട്ടരും കണക്കുതന്നെ.

ഇന്‍ട്രോ
ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സെക്രട്ടേറിയേറ്റ് മുതല്‍ താഴേതട്ടുവരെ പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ സി.എ.ജിയുടെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്.

വോയ്‌സ് ഓവര്‍
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് 2004 മുതല്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ കാലത്ത് ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് സി.എ.ജി. വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സെക്രട്ടേറിയറ്റ് മുതല്‍ താഴേതട്ട് വരെ പിഴവ് സംഭവിച്ചു. ഇത് സംബന്ധിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് സി.എ.ജി. നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിമാനത്താവള കമ്പനിയില്‍ ഓഹരിയെടുത്തതോടെ നിലം നികത്തല്‍, കൈയേറ്റം, പരിസ്ഥിതി നാശം എന്നിവയിലെല്ലാം സര്‍ക്കാര്‍ കക്ഷിയായി. നിലം നികത്തലും കൈയേറ്റവും തടയാതിരുന്ന സര്‍ക്കാര്‍, പുറമ്പോക്ക് കൈയേറി നികത്തിയതും കണ്ടില്ലെന്നു നടിച്ചു. കോഴഞ്ചേരി എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2004 മുതല്‍ ഒമ്പതു വര്‍ഷം കിട്ടിയിട്ടും നടപടിയെടുക്കാത്തതിനാല്‍ ഈ മിച്ചഭൂമി കെ.ജി.എസ്. ഗ്രൂപ്പിന് കൈമാറാന്‍ സഹായകരമായി. ഈ ഭൂമികൈമാറ്റം തടയാന്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ ശ്രമിച്ചുവെങ്കിലും തദ്ദേശ എം.എല്‍.എയുടെ അപേക്ഷ പ്രകാരം അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇടപെട്ട് നടപടികള്‍ സുഗമമാക്കി. ഇത്തരത്തില്‍ ക്രമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂമി പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പോക്കുവരവ് ചെയ്തുകൊടുത്തതോടെ കൈയ്യേറ്റമടക്കമുള്ള നടപടികള്‍ ക്രമപ്രകാരമായി. അതേസമയം 229.27 ഏക്കര്‍ നിലംനികത്തുന്നത് തടയാന്‍ കളക്ടര്‍ അധികാരമുപയോഗിച്ചില്ലെന്ന് സി.എ.ജി. കുറ്റപ്പെടുത്തുന്നു. 24.35 ഹെക്ടര്‍ പുറമ്പോക്ക് കൈയേറ്റത്തിനെതിരെയും കോഴിത്തോട് കൈയേറ്റത്തിനെതിരെയും ശിക്ഷാനടപടിയെടുത്തില്ല. ഭൂമിയുടെ അതിരും സ്വഭാവവും തെറ്റായി കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തി നിലംനികത്തലും കൈയേറ്റവും ക്രമപ്രകാരമാക്കി. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ കിട്ടി രണ്ടു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്നും സി.എ.ജി. ചൂണ്ടിക്കാട്ടി.

വിമാനത്താവള പദ്ധതിക്ക് വ്യവസായവകുപ്പ് കാട്ടിയ അമിതാവേശവും വിമര്‍ശത്തിന് കാരണമായി വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് ഗതാഗത വകുപ്പാണെങ്കിലും അതു ലഭ്യമാക്കിയ വ്യവസായ വകുപ്പ് അധികാരപരിധി ലംഘിച്ചു. ഭൂമിയുടെ ലഭ്യത നോക്കാതെ പദ്ധതിക്ക് അനുമതി നല്‍കിയ വ്യവസായ വകുപ്പ് ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം വ്യവസായ മേഖലയാക്കി വിജ്ഞാപനം നടത്തി. വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭ്യമാക്കാന്‍ തെറ്റായ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറി സഹായിച്ചു. കസ്റ്റംസിന്റെ എതിര്‍പ്പ് അവഗണിച്ച കേന്ദ്ര സര്‍ക്കാരും പദ്ധതിക്ക് അനുമതി നല്‍കി.

സൈന്‍ ഓഫ്
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ആറന്മുളയില്‍ വിമാനത്താവളം ആവശ്യമാണോ എന്ന കാര്യം വിശദമായി പരിശോധിക്കണമെന്ന് സി.എ.ജി. എടുത്തുപറഞ്ഞിട്ടുണ്ട്. കോഴിത്തോട് പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി വിധിയോടെ തന്നെ അനിശ്ചിതത്വത്തിലായ ആറന്മുള പദ്ധതിക്ക് സി.എ.ജി. റിപ്പോര്‍ട്ട് കനത്ത ആഘാതമാണ്.

1,000 ഏക്കര്‍ വരുന്ന ആറന്മുള പുഞ്ചയിലെ ചെറിയൊരു ഭാഗത്തെങ്കിലും വിത്തിറക്കി എന്നത് വലിയൊരു നേട്ടം തന്നെയാണ്. വിമാനത്താവളത്തിനായി എളമരം കരീമിന്റെ കാലത്ത് സര്‍ക്കാര്‍ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം നിലനില്‍ക്കവേയാണ് വിത്തിറക്കല്‍ നടന്നിരിക്കുന്നത്. വിമാനത്താവളം, പാലം നിര്‍മ്മാണം എന്നിവ നിമിത്തം ഒന്നര ദശകത്തിലേറെ മുടങ്ങിയ കൃഷി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നു. വിമാനത്താവളത്തിനായി കെ.ജി.എസ്സിന് സ്വകാര്യവ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കി. ആദ്യ ഘട്ടത്തില്‍ 40 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുമെന്നാണ് അറിവായിട്ടുള്ളത്. വിമാനത്താവള പദ്ധതിയുടെ പേരില്‍ ചട്ടവിരുദ്ധമായി നികത്തപ്പെട്ട കോഴിത്തോടും കരിമാരം തോടും പുനഃസ്ഥാപിക്കുന്ന ജോലികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. അതൂകൂടി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് വിമാനത്താവള പ്രദേശം മുഴുവന്‍ കൃഷിയിറക്കുമെന്നാണ് പ്രഖ്യാപനം. ഏതായാലും വിമാനത്താവളത്തിനെതിരായ പോരാട്ടം നയിച്ചവര്‍ക്ക് ഇതൊരു ധാര്‍മ്മിക വിജയമാണ്.

ആറന്മുളയില്‍ കൃഷി വീണ്ടും വരുമ്പോള്‍ അവിടെ വിമാനത്താവളത്തിനെതിരെ പോരാടിയവര്‍ക്ക് ഒരു അംഗീകാരം ഉണ്ടാവേണ്ടതായിരുന്നു. ഏതാനും ചില കോണ്‍ഗ്രസ്സുകാരൊഴികെ സര്‍വ്വ രാഷ്ട്രീയ കക്ഷികളും വിമാനത്താവളത്തിനെതിരെ അണിനിരന്നവരാണെന്ന് ഓര്‍ക്കണം. കുമ്മനം രാജശേഖരന്‍, സുഗതകുമാരി, എം.എ.ബേബി, ബിനോയ് വിശ്വം, മുല്ലക്കര രത്‌നാകരന്‍ എന്നിവരെയൊക്കെ ഒരു കാരണവശാലും മറക്കരുതായിരുന്നു. ഇവര്‍ പരസ്യപ്രക്ഷോഭവുമായി നടന്നപ്പോള്‍ കോടതികളില്‍ പോരാട്ടം നടത്തിയ ശ്രീരംഗനാഥന്‍, ഷാജി ചാക്കോ, ജോസഫ് എന്നിവരുമുണ്ട്. ആദ്യത്തെ പരിപാടിയായതിനാല്‍ പിഴവുകള്‍ ക്ഷമിക്കാം. പക്ഷേ, ഇനിയുള്ള പരിപാടികളിലെങ്കിലും വിമാനത്താവള വിരുദ്ധ പോരാട്ടം നടത്തിയ എല്ലാവരെയും സങ്കുചിത രാഷ്ട്രീയം മറന്ന് അണിനിരത്തണം. ഈ വിഷയത്തില്‍ സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥതയുടെ ഒരു അളവുകോല്‍ കൂടിയാണത്. ഇല്ലെങ്കില്‍, രാഷ്ട്രീയ നേട്ടത്തിനുള്ള സ്റ്റണ്ടാണെന്ന് ജനം പറയും. അത് പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാകും.

 •  
  585
  Shares
 • 525
 • 29
 •  
 • 31
 •  
 •  
 •  
Previous articleഅമ്മമനസ്സ് തൊട്ടറിഞ്ഞ്
Next articleതോമസ് ഐസക്ക് അറിയാന്‍
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS