Reading Time: 5 minutes

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തെ ഇടപെടുവിക്കാന്‍ മടിക്കുന്നു എന്നു പറഞ്ഞ് ഒരു പട്ടാള വേഷധാരിയുടെ വീഡിയോ ചിലര്‍ ആസൂത്രിതമായി പങ്കിട്ട് കഴിഞ്ഞ ദിവസം പ്രശസ്തി നേടിക്കൊടുത്തിരുന്നു. രക്ഷാദൗത്യം പൂര്‍ണ്ണമായി കരസേനയെ ഏല്പിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വീഡിയോ.

ശനിയാഴ്ച രാത്രിയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഭാരതീയ മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം എന്ന ഫേസ്ബുക്ക് പേജിലായിരുന്നു ആദ്യ അവതാരം. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ 7,000ലധികം പേര്‍ അവിടെത്തന്നെ ലൈക്ക് ചെയ്യുകയും 28,000ലധികം പേര്‍ മറ്റ് അക്കൗണ്ടുകളിലേക്ക് പങ്കിടുകയും ചെയ്തു. താമസിയാതെ ഇത് വാട്ട്‌സാപ്പിലുമെത്തി.

ഇതേത്തുടര്‍ന്ന് വീഡിയോയിലെ പട്ടാളക്കാരനുവേണ്ടി വ്യാപകമായി അന്വേഷണം നടന്നു. കുപ്രചരണത്തിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. വീഡിയോയിലുള്ളത് പട്ടാളക്കാരനാണെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബെഹ്‌റ നിര്‍ദ്ദേശിച്ചു.

വിമർശിക്കുന്ന വീഡിയോയിലുള്ളത് പട്ടാളക്കാരനല്ലെന്ന് കരസേന

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്ന് പങ്കാളികളായിരിക്കുന്ന കരസേനയ്ക്ക് ഈ വീഡിയോ വലിയ നാണക്കേടായി. അവര്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോള്‍ ഇത്തരമൊരു സൈനികനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീഡിയോയിലെ സൈനിക വേഷധാരി ആള്‍മാറാട്ടക്കാരനാണെന്ന് കരസേനയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഔദ്യോഗികമായിത്തന്നെ അറിയിച്ചു. ഇത്തരത്തില്‍, കരസേനയുമായി ബന്ധപ്പെടുത്തി എന്തെങ്കിലും ‘വ്യാജ’ സന്ദേശം ലഭിച്ചാല്‍ +917290028579 എന്ന നമ്പറിലേക്കു വാട്ട്‌സാപ്പ് ചെയ്ത് അറിയിക്കണമെന്നും കരസേന അഭ്യര്‍ത്ഥിച്ചു.

പട്ടാള വേഷമണിഞ്ഞത് വ്യാജ രാജ്യസ്‌നേഹി ആണെന്നറിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണം രൂക്ഷമായി. പട്ടാള വേഷധാരിയെ വലിച്ചുകീറി ഒട്ടിച്ചു. പക്ഷേ, അപ്പോഴും ആരാണ് ഈ വീഡിയോയിലെ നായകനെന്ന് കണ്ടെത്താനായില്ല. പൊലീസ് കാര്യമായിത്തന്നെ അന്വേഷണം തുടങ്ങി. വെറുമൊരു കൗതുകത്തിന്റെ പേരിലാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ പലരും പരതി നോക്കി. കൂട്ടത്തില്‍ ഞാനും പരതി. പരതല്‍ എന്റെ തൊഴിലിന്റെ ഭാഗമാണല്ലോ.

‘വിമർശകന്റെ’ ഫേസ്ബുക്ക് പ്രൊഫൈൽ

ഒടുവില്‍ ആളെ കണ്ടെത്തുക തന്നെ ചെയ്തു. Unni Snair എന്ന അവതാരമാണ് വീഡിയോയിലെ പട്ടാള വേഷധാരി. ടിയാന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്റെ പരിചയക്കാരനുണ്ട്. അതു വഴി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. ഇത് വെറും പട്ടാള വേഷധാരിയല്ല, ശരിക്കും പട്ടാളക്കാരന്‍ തന്നെ. ഒരു പട്ടാളക്കാരന്‍ ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുമോ? പക്ഷേ, പട്ടാളത്തില്‍ ടിയാന്റെ പേര് Unni K S എന്നാണ്. ഇപ്പോള്‍ ചെന്നൈയിലാണ് സേവനമനുഷ്ഠിക്കുന്നത്. വീട്ടിലെ വിലാസമടക്കം എല്ലാ വിവരങ്ങളുമുണ്ട്.

ഉണ്ണി എസ്.നായർ എന്ന ഉണ്ണി കെ.എസ്.

ഉണ്ണി കെ.എസ്.
ഐക്കാട്ട്
കടമ്മനിട്ട പി.ഒ.
പത്തനംതിട്ട

ഉണ്ണി ഒടുവില്‍ നാട്ടില്‍ അവധിക്കു വന്നത് ഹരിയാണയില്‍ നിന്നാണ് എന്നാണ് കിട്ടുന്ന വിവരം. തിരികെ അവിടേക്കു തന്നെ പോയ ശേഷമാണ് ചെന്നൈയിലേക്കു മാറ്റം കിട്ടി വന്നത്. യഥാര്‍ത്ഥത്തില്‍ കരസേനയില്‍ ഇയാളുടെ സേവനകാലാവധി പൂര്‍ത്തിയായി. എന്നാല്‍ പ്രായം കുറഞ്ഞവര്‍ക്ക് 5 വര്‍ഷം കൂടി തുടരാമെന്ന വ്യവസ്ഥയിന്മേലാണ് ഉണ്ണി ഇപ്പോഴും തുടരുന്നത്.

ഉണ്ണി ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടതിനെക്കുറിച്ച് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അറിയാം. ബന്ധുക്കളില്‍ ചിലര്‍ ഉണ്ണിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റുകളുമിട്ടിട്ടുണ്ട്. എന്നാല്‍, ഇതെന്തുകൊണ്ട് കരസേന അറിഞ്ഞില്ല? പേരിലെ വ്യത്യാസമായിരിക്കാം പ്രതിയെ രക്ഷിച്ചത്. ഒരു പട്ടാളക്കാരന്‍ ഇത്തരത്തില്‍ തോന്ന്യാസം പറയില്ല എന്ന ഉറച്ച വിശ്വാസമായിരിക്കാം കരസേനയെക്കൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഉണ്ണി പട്ടാളക്കാരനാണെന്നു തിരിച്ചറിയുമ്പോള്‍ കരസേനയുടെ പ്രതികരണം എത്തരത്തിലാവുമെന്നു കാണാന്‍ ആഗ്രഹമുണ്ട്.

ഉണ്ണി വീഡിയോയില്‍ പറഞ്ഞ ഭീമാബദ്ധങ്ങളുടെ സത്യാവസ്ഥ കൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. ഇന്ത്യയിലെ സൈന്യം സിവിലിയന്‍ ഭരണകൂടത്തിനു കീഴില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് ജനങ്ങളും അവരുടെ പ്രതിനിധികളുമാണ് പരമാധികാരികള്‍. സൈനികര്‍ ജനത്തിന്റെ ഭാഗമാണ്. പാകിസ്താനിലെപ്പോലെ ഇവിടെ സൈന്യം പരമാധികാരം പിടിച്ചെടുക്കുകയോ പിന്‍സീറ്റ് ഡ്രൈവിങ്ങിനു ശ്രമിക്കുകയോ ചെയ്തിട്ടില്ല. കാരണം ഇന്ത്യയിലെ ജനത പാകിസ്താന്‍കാരെപ്പോലെയല്ല.

സംസ്ഥാന സര്‍ക്കാര്‍ രക്ഷാദൗത്യത്തില്‍ നിന്ന് മാറി നിന്ന് മുഴുവന്‍ ഉത്തരവാദിത്വവും സൈന്യത്തെ ഏല്‍പ്പിക്കണം എന്ന വാദം അതിനാല്‍ത്തന്നെ നിലനില്‍ക്കില്ല. ഉണ്ണിയെപ്പോലുള്ളവര്‍ കരുതുന്നത് സൈന്യം നിയന്ത്രണമേറ്റെടുത്താല്‍ അതു വഴി കേന്ദ്ര സര്‍ക്കാരിനും ആ പേരില്‍ ബി.ജെ.പിക്കും കേരളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവും എന്നാണ്. ഇന്ത്യയിലെ കരസേന എന്താണെന്നും അവരുടെ അച്ചടക്കം എന്താണെന്നും അശേഷം ധാരണയില്ലാത്തതിനാലാണ് ഈ വിടുവായത്തം പറയുന്നത്. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത് ഒന്നിലേറെ സേവാ മെഡലുകള്‍ നേടിയ ഒരു പട്ടാളക്കാരന്റെ മകനായ എനിക്ക് കരസേനയുടെ അച്ചടക്കം എന്താണെന്നു നന്നായറിയാം.

മുമ്പ് ഇന്ത്യയില്‍ ദുരന്ത നിവാരണത്തിനായി പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. അപ്പോള്‍ എന്തിനുമേതിനും സൈന്യം തന്നെയായിരുന്നു ആശ്രയം. എന്നാല്‍, 2004ലെ സുനാമി ദുരന്തത്തിനു ശേഷം ഇന്ത്യ വളരെ ശക്തമായൊരു ദുരന്ത നിവാരണ സംവിധാനം സൃഷ്ടിച്ചെടുത്തു. അതില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം എന്നു നിസ്സംശയം പറയാം. ഇതു ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

2005ല്‍ രാജ്യം ഒരു ദുരന്ത നിവാരണ നിയമം പാസാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനൊരു വ്യക്തമായ ഘടനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക വിഭാഗമായാണ് ദുരന്ത നിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

* പ്രധാനമന്ത്രി അദ്ധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി
* ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി
* ഓരോ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
* ഓരോ ജില്ലയിലെയും കലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
* തദ്ദേശസ്വയംഭരണ സ്ഥാപന തലവന്മാരുടെ അദ്ധ്യക്ഷതയിലുള്ള പ്രാദേശിക അതോറിറ്റികള്‍

While the primary responsibility of disaster management rests with the States, the Central Government supports the efforts of State Governments by providing logistical and financial support എന്നു വ്യക്തമായിത്തന്നെ ദുരന്ത നിവാരണ നിയമത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം അതാത് സംസ്ഥാന സര്‍ക്കാരിനു തന്നെയാണെന്നര്‍ത്ഥം. സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങളെ ആളും അര്‍ത്ഥവും നല്‍കി പിന്തുണയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യാനുസരണം വിഭവങ്ങളും സേനാ സംവിധാനവും ഒരുക്കുകയാണ് കേന്ദ്രത്തിന്റെ ജോലി. അല്ലാതെ സംസ്ഥാന സര്‍ക്കാരിനെ മറികടന്നു പ്രവര്‍ത്തിക്കാനുള്ള ഒരു സംവിധാനവും ഈ രാജ്യത്തില്ല. രാജ്യത്തെ ഭരണഘടനയെ മാനിക്കാത്തവര്‍ക്ക് അങ്ങനെ എന്തും പറയാമല്ലോ!

The Armed Forces are called upon to assist the civil administration only when the situation is beyond their coping capability. ജനാധിപത്യ ഭരണസംവിധാനത്തിന്റെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നില്‍ക്കില്ലെങ്കില്‍ മാത്രം അവരെ സഹായിക്കാന്‍ സൈന്യത്തെ വിളിക്കാം. ASSIST അഥവാ പിന്തുണ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം.  എന്നു പറഞ്ഞാല്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരെ -സംസ്ഥാന സര്‍ക്കാരിനെ -സഹായിക്കുക അല്ലെങ്കില്‍ പിന്തുണയ്ക്കുകയാണ് സൈന്യത്തിന്റെ ചുമതല. രക്ഷാപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ ചുമതലയും സൈന്യം ഏറ്റെടുക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞാലും കാര്യമില്ല എന്നു സാരം. അത് ഏറ്റെടുക്കാന്‍ സൈന്യത്തിന് വകുപ്പില്ല. വകുപ്പില്ലാത്ത കാര്യം പിണറായി വിജയന്‍ ചെയ്യണമെന്നാണ് ‘പട്ടാളക്കാരന്‍’ ഉണ്ണിയും കൂടെയുള്ള ചേട്ടന്മാരും ആവശ്യപ്പെടുന്നത്. രമേശ് ചെന്നിത്തലയും പറയുന്നത് അതു തന്നെ. വിവരദോഷം എന്നല്ലാതെ എന്താണ് പറയുക!

സംസ്ഥാനത്ത് എത്ര വലിയ ദുരന്തം നടന്നാലും ദുരന്ത നിവാരണ തലവന്‍ മുഖ്യമന്ത്രിയാണ്. സൈന്യവും കേന്ദ്ര സംവിധാനങ്ങള്‍ മുഴുവനും ഇറങ്ങേണ്ടി വന്നാലും അവരൊക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വേണം പ്രവര്‍ത്തിക്കാനെന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. സൈന്യത്തിന്റെ സഹായം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതനുസരിച്ചു തന്നെയാണ് അവര്‍ ഇവിടെയെത്തിയത്. ചോദിച്ചതെത്ര, അനുവദിച്ചതെത്ര എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. ഈ അവസരത്തില്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കില്ല എന്ന ബോധപൂര്‍വ്വമായ തീരുമാനം പിണറായി വിജയന്‍ സ്വീകരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അതാണ് വേണ്ടതും. അതിനാല്‍ത്തന്നെയാണ് കേന്ദ്രം പിന്തുണയ്ക്കുന്നു എന്ന് അത്ര ഉറപ്പില്ലാതെയാണെങ്കിലും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇവിടെയെത്തിയ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചു. അവര്‍ ചെയ്യാവുന്നതൊക്കെ ചെയ്തു. പക്ഷേ, സൈനികര്‍ എണ്ണത്തില്‍ കുറവായിരുന്നു. സൈനികര്‍ രക്ഷിച്ചവരുടെയും മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചവരുടെയും കണക്കു പരിശോധിച്ചാല്‍ മാത്രം മതി ഈ പറയുന്നതിലെ അന്തരം ബോദ്ധ്യമാകാന്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഉണ്ണിയെ പോലുള്ളവരെ ജനം മുക്കാലിയില്‍ കെട്ടി തല്ലുന്ന കാലം വിദൂരമല്ല.

 


വാല്‍ക്കഷ്ണം: ‘പട്ടാളക്കാരനെ’ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി സൈബര്‍ഡോം ഐ.ജി. മനോജ് എബ്രഹാമിനു കൈമാറി പൗരബോധം പ്രകടമാക്കിയിട്ടുണ്ട്.

Previous articleസമര്‍പ്പണമാണ് ഏറ്റവും വലുത്
Next articleഇങ്ങനെ സ്‌നേഹിച്ചു കൊല്ലല്ലേ..
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here