ഒരാള്‍ —കുമാര്‍.
രണ്ടാമന്‍ —ന്‍.
പേരിന്റെ തുടക്കത്തിലുളള — പൂരിപ്പിക്കാന്‍ രണ്ടു പേര്‍ക്കും ഒരേ അക്ഷരങ്ങള്‍.
ഇരുവരും പരിചയക്കാരായതിനാല്‍ തല്‍ക്കാലം — ഞാന്‍ തന്നെ പൂരിപ്പിക്കുന്നില്ല. വേണമെങ്കില്‍ പിന്നീടാവാം.
അടുത്തിടെ ഇവര്‍ തമ്മിലൊരു മൂപ്പിളമ തര്‍ക്കമുണ്ടായി.
തര്‍ക്കം എന്നു പറഞ്ഞാല്‍ ചെറുതല്ല, കൈയാങ്കളിയുടെ വക്കോളമൊത്തി.
ഒടുവില്‍ —ന്റെ സംഘടന ഇടപെട്ട് എല്ലാം കോംപ്ലിമെന്റ്‌സാക്കി.
പക്ഷേ, പകയുടെ തീക്കനല്‍ അണഞ്ഞിട്ടില്ല.

SECRETARIAT_1120631g

—കുമാറും —നും തമ്മിലുള്ള കശപിശയില്‍ എനിക്കെന്താണ് കാര്യം?
എനിക്കു മാത്രമല്ല, കേരളത്തിലെ മുഴുവനാളുകള്‍ക്കും കാര്യമുണ്ട്.
കാരണം ഇവര്‍ ഇരുവരും അവതാരങ്ങളാണ്.
കേരളാ മുഖ്യമന്ത്രിയുടെ so called സ്വന്തക്കാര്‍.
കശപിശ നടന്നത് മറ്റെങ്ങുമല്ല, മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ.
സംഭവം നടന്ന കൃത്യമായ തീയതി പറയാം -2016 ജൂണ്‍ 23.
രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണോ പറയുന്നേ?
അതിനു കാരണമുണ്ട്, വിശദമാക്കാം.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കശപിശ നടന്നത്.
സ്വാഭാവികമായും അതൊരു പ്രധാനപ്പെട്ട വാര്‍ത്തയാണ്.
രാജ്യമില്ലാത്ത രാജാവിനെപ്പോലെ മാധ്യമമില്ലാത്ത മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍.
അതിനാല്‍ എനിക്കു വാര്‍ത്ത നല്‍കാന്‍ ഇടമില്ല.
വാര്‍ത്ത നല്‍കാന്‍ കഴിയുന്നവര്‍ക്ക് വിവരം കൈമാറി.
പക്ഷേ, എന്തുകൊണ്ടോ വാര്‍ത്ത ആരും കൊടുത്തില്ല.
പിണറായി ഭക്തസഭയുടെ ഭാഗമായതിനാലാണോ, വിശദാംശങ്ങള്‍ കണ്ടെത്താനാവാതെ പോയതിനാലാണോ എന്നറിയില്ല.

കശപിശയ്ക്ക് കാരണം വളരെ ചെറുതാണ്.
പക്ഷേ, മുപ്പിളമയുടെ അഹങ്കാരം പ്രശ്‌നം വഷളാക്കി.
—കുമാര്‍ മുഖ്യമന്ത്രിയുടെ വെബ് ടീമിന്റെ കോ-ഓര്‍ഡിനേറ്ററാണ്.
—ന്‍ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയും.
വെബ് ടീമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആദ്യമെത്തിയത്.
കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ അവര്‍ വിശാലമായ ഷോറും സംഘടിപ്പിച്ചെടുത്തു.
പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം കിട്ടിയ അഡീഷണല്‍ സെക്രട്ടറി എത്തിയത് പിന്നീട്.
അദ്ദേഹത്തിന് ഇരിപ്പിടം കിട്ടിയില്ല.

Kerala_CM_office

വെബ് ടീമിന്റെ ഷോറൂമിനുള്ളില്‍ കടന്ന് അഡീഷണല്‍ സെക്രട്ടറി ഇരുപ്പുറപ്പിച്ചു.
തന്റെ സാമ്രാജ്യത്തില്‍ വരത്തന്റെ സ്വാധീനം കോ-ഓര്‍ഡിനേറ്ററെ കുപിതനാക്കി.
‘തടിയാ മടയാ ഇടിയാ പൊടിയാ മറുതെ ചെറുതെ വാടാ പോടാ’ പിന്നാലെ അരങ്ങേറി.
ആകെ പുകിലായി, അണികള്‍ ചിതറി ഓടി.
അന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളന ദിനമായിരുന്നതിനാല്‍ ആളു കുറവായിരുന്നു.
പോര് മൂത്തതോടെ വെബ് ടീമിലെ ഡി.ടി.പി. ഓപ്പറേറ്റര്‍മാര്‍ക്ക് അവധി നല്‍കി വീട്ടിലേക്കയച്ചു.
—കുമാറും —നും അന്നു വൈകുന്നേരം വരെ പോര്‍വിളിച്ചു നടന്നു.
ഭംഗിക്കാണെങ്കിലും അവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകള്‍ നീക്കിയതിനാല്‍ ആരെയും പേടിക്കാനുണ്ടായിരുന്നില്ല.

kerala cm office live

പ്രശ്‌നം കോംപ്ലിമെന്റ്‌സാക്കുക എളുപ്പമായിരുന്നില്ല.
സെക്രട്ടേറിയറ്റിനുള്ളില്‍ അതിന്റെ അവകാശികളായ ജീവനക്കാരിലൊരാളെ പുറത്തു നിന്നു വന്നവന്‍ വെല്ലുവിളിക്കുക!
ആ ജീവനക്കാരന്‍ ഭരണപക്ഷ സംഘടനയില്‍പ്പെട്ടയാളും കൂടിയാവുമ്പോള്‍ പിന്നെ പറയുകയും വേണ്ട.
മറുഭാഗത്തെ കോ-ഓര്‍ഡിനേറ്ററും ചില്ലറക്കാരനല്ല.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവ് ചമയുന്ന മുന്‍ ആസൂത്രണ ബോര്‍ഡ് അംഗത്തിന്റെ സ്വന്തക്കാരന്‍.
ചമയം താമസിയാതെ അവസാനിപ്പിച്ച് യഥാര്‍ത്ഥത്തില്‍ ഉപദേശകനാവാനുള്ള ഒരുക്കത്തിലാണദ്ദേഹം.
പക്ഷേ, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് കനിയണം എന്നു മാത്രം. അതു പിന്നീട് പറയാം.
സമ്മേളനം കഴിഞ്ഞെത്തിയ സെക്രട്ടേറിയറ്റിലെ നേതാക്കളുമായി ഉപദേശി ചര്‍ച്ച നടത്തി.
തല്‍ക്കാലം ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കി വിഷയം ഒതുക്കി.
കനലുകള്‍ അണയ്ക്കാന്‍ ആ വ്യവസ്ഥകള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല, താല്‍ക്കാലികാശ്വാസം ആയെങ്കിലും.

—കുമാറിന്റെ രക്ഷാകര്‍ത്താവായ മുന്‍ ആസൂത്രകന്‍ ഇമ്മിണി ബല്യ പുള്ളിയാണ്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഒരു തന്ത്രപ്രധാന യോഗത്തില്‍ പിണറായി സംസാരിച്ചതിനെക്കാള്‍ കൂടുതല്‍ നേരം തൊട്ടടുത്തിരുന്ന സംസാരിച്ചത് ഇദ്ദേഹമാണ്.
ഒരു തരം പ്രതിപുരുഷന്‍ റോളിലാണ് ഈ അമ്പാടിക്കണ്ണന്റെ അഭിനയം.
എന്തു തരികിടയ്ക്കും ശേഷിയുള്ളയാളാണ് ഈ മുന്‍ ആസൂത്രകന്‍.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലും അനര്‍ട്ടിലുമിരുന്ന് നടത്തിയ വെട്ടിപ്പുകളുടെ പേരില്‍ വിജിലന്‍സിന്റെ നോട്ടപ്പുള്ളി.
അനര്‍ട്ടിലെ വെട്ടിപ്പില്‍ അവിടെ ഉദ്യോഗസ്ഥയായ ഭാര്യയും പങ്കാളി.
വിജിലന്‍സ് അന്വേഷണത്തിലേക്കു നയിച്ച തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നത് ഈയുള്ളവന്‍ മാതൃഭൂമിയിലാരുന്നപ്പോള്‍.
അതിനാല്‍ കാര്യങ്ങള്‍ നന്നായറിയാം.
അഴിമതി രേഖകള്‍ ഇപ്പോഴും എന്റെ ഫയലിലുണ്ട്, പകര്‍പ്പ് വിജിലന്‍സുകാര്‍ വാങ്ങിപ്പോയിട്ടുമുണ്ട്.
പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാനങ്ങളില്‍ ഇദ്ദേഹത്തിന് നിയമനം നല്‍കരുതെന്ന് വിജിലന്‍സ് നിര്‍ദ്ദേശമുണ്ട്.
അതിനാല്‍ ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാവുന്നതിനു പകരം ജോയിന്റെ ഡയറക്ടറായി ചേര്‍ന്നിരിക്കുകയാണ് ടിയാന്‍.
ഡയറക്ടറെ വേറെ നിയമിക്കാതിരുന്നാല്‍ മതിയല്ലോ!
ഒപ്പിടേണ്ടത് കൊച്ചിയിലെങ്കിലും 24 മണിക്കൂറും തിരുവനന്തപുരത്തുണ്ട്!!
അതിനു പുറമെയാണ് ഉപദേശകപ്പണി.

മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് വിശ്വാസമാണ്.
അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ചില പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു.
ഒരു മാസത്തെ പ്രവര്‍ത്തനം താരതമ്യേന മികച്ചതായിരുന്നു.
പക്ഷേ, ഈ കരുത്തനെ ഉപദേശകര്‍ കുഴിയില്‍ ചാടിക്കുകയാണോ എന്ന സംശയം ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു.
അതോ ചാടിച്ചു കഴിഞ്ഞോ?
മാധ്യമപ്രവര്‍ത്തകരെ കാണേണ്ട എന്ന ഉപദേശിക്കുന്ന മാധ്യമ ഉപദേശകന്‍!
പെണ്‍വാണിഭ കേസിലെ പ്രതിക്കും തട്ടിപ്പുകേസിലെ പ്രതിയായ ലോട്ടറി രാജാവിനും അനുകൂലമായ നിലപാടെടുപ്പിക്കുന്ന നിയമ ഉപദേശകന്‍!!
അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍കുന്ന നിയുക്ത ഐ.ടി. ഉപദേശകന്‍!!!
അവതാരങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കി കൈയടി നേടിയ മുഖ്യമന്ത്രിയെ അവതാരങ്ങള്‍ വിഴുങ്ങി.

SECRETARIAT_1120631f

ഇതെക്കുറിച്ചൊക്കെ മുഖ്യമന്ത്രിയോടു മാധ്യമപ്രവര്‍ത്തകര്‍ക്കു ചോദിച്ചുകൂടെ?
മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗികമായി മുഖ്യമന്ത്രി കണ്ടിട്ട് ഒന്നര മാസമായി.
ക്യാബിനറ്റ് ബ്രീഫിങ് എന്ന പേരില്‍ ആഴ്ചതോറും നടന്നിരുന്ന കൂടിക്കാഴ്ചയുടെ പതിവ് പുതിയ മുഖ്യമന്ത്രി ഒഴിവാക്കി.
അതിനെ ചോദ്യം ചെയ്തപ്പോള്‍ ചന്ദ്രഹാസമിളക്കിയ പ്രമുഖനാണ് ഇപ്പോഴത്തെ കശപിശയിലെ പ്രധാനി.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടന്നാല്‍ ഇത്തരം കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കും.
അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വരും.
അത് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടാകും.
അപ്പോള്‍പ്പിന്നെ എളുപ്പമാര്‍ഗ്ഗം അതു തന്നെ -മുഖ്യമന്ത്രിയെ മാധ്യമങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുക!!
എന്തെങ്കിലും പറഞ്ഞാലല്ലേ വിവാദമുള്ളൂ! ഒന്നും പറഞ്ഞില്ലെങ്കിലോ?

ഈ ചെറിയ കശപിശ വലിയ വാര്‍ത്തയാണോ?
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതുണ്ടായതെങ്കില്‍ പ്രതിപക്ഷ മുഖപത്രം എന്തു ചെയ്യുമായിരുന്നു എന്ന് സങ്കല്പിച്ചു നോക്കിയാല്‍ മതി.
– മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈയാങ്കളി.
– തര്‍ക്കം അഴിമതിപ്പണം പങ്കിടലിനെച്ചൊല്ലിയെന്നു സൂചന.
– മുഖ്യമന്ത്രിയുടെ ഓഫീസിലെ കെടുകാര്യസ്ഥത ഭരണത്തകര്‍ച്ചയുടെ തെളിവ്.
– ഓഫീസ് ഭരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ സംസ്ഥാനം ഭരിക്കും?
– മുഖ്യമന്ത്രി രാജിവെയ്ക്കണം.

ഇനി — പൂരിപ്പിക്കാം.
ഇതിന്റെ ആദ്യത്തെ അക്ഷരം ഗോവയിലുണ്ട്, മുംബൈയിലില്ല.
രണ്ടാമത്തെ അക്ഷരം ഡര്‍ഹിയിലില്ല, പട്‌നയിലുണ്ട്.

 •  
  499
  Shares
 • 448
 • 29
 •  
 • 22
 •  
 •  
 •  
Previous article‘പത്രം’ എന്ന ചിത്രം
Next article‘മദ്യപാനം’ കുടിക്കുന്നവര്‍
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS