Reading Time: 2 minutes

കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പ്രമുഖ സ്ഥാപനത്തിലെ യുവ മാധ്യമ പ്രവര്‍ത്തകനെ കണ്ടു.
ആ സുഹൃത്തിന്റെ സ്ഥാപന മേധാവിക്കെതിരെ ഞാനെഴുതിയ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചു, അല്പം ചൂടായിത്തന്നെ. പക്ഷേ, ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ല.
‘നിങ്ങക്ക് വല്ല കാര്യവുമുണ്ടായിരുന്നോ? നിങ്ങളുടെ ലേഖനം വരുന്നത് ബ്ലോക്കായില്ലേ? ഇനി വരില്ല’ -ഒടുവില്‍ അദ്ദേഹം നയം വ്യക്തമാക്കി.
‘ഇയാള്‍ പറയുന്നതു കേട്ടാല്‍ തോന്നും എനിക്കവിടെ നിന്നെന്തോ വാരിക്കോരി തരികയാണെന്ന്. ലേഖനം എടുക്കുന്നതു നിര്‍ത്തിയാല്‍ അത്രയും സന്തോഷം.’ -ഞാന്‍.
‘കൂടുതല്‍ പേര്‍ വായിക്കുമ്പോള്‍ നിങ്ങക്ക് പ്രശസ്തി കിട്ടുന്നില്ലേ? അതു ചെറിയ കാര്യമാണോ?’ -യുവ സുഹൃത്ത്.
‘എനിക്കത് വേണ്ട. പ്രശസ്തി കൊണ്ട് വയറു നിറയില്ല’. -ഞാന്‍.

ban 2.jpg

നേരത്തേ ബ്ലോഗിലും ഇപ്പോള്‍ വെബ്‌സൈറ്റിലും എഴുതിയിടുന്ന ലേഖനങ്ങള്‍ പകര്‍ത്തുന്ന കാര്യമാണ് ആ യുവ സുഹൃത്ത് പറഞ്ഞത്.
ഞാന്‍ എഴുതുന്ന ലേഖനങ്ങള്‍ പകര്‍ത്തി വെയ്ക്കുന്ന ധാരാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുണ്ട്.
ചിലരൊക്കെ എന്നോട് അനുമതി ചോദിക്കാറുണ്ട്, എന്റെ പേര് ലേഖനത്തോടൊപ്പം ചേര്‍ക്കാറുണ്ട്.
ആകെയുള്ള അംഗീകാരം എന്റെ ചിത്രം വെച്ച ഡിസ്‌പ്ലേ കാര്‍ഡ് വെയ്ക്കാറുണ്ട് എന്നതാണ്.
ചിലര്‍ അനുമതിയും ചോദിക്കില്ല, ക്രഡിറ്റും തരില്ല. സ്വന്തമാക്കി അഭിമാനിക്കും.
പക്ഷേ, ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. പക്ഷേ, ഇനി അതു പറ്റില്ല.

lk.jpg

എന്റെ ലേഖനങ്ങള്‍ നന്നായി വായിക്കപ്പെടുന്നുണ്ടെന്നാണ് അത് പകര്‍ത്തുന്ന സുഹൃത്തുക്കള്‍ പറയുന്നത്.
ലേഖനങ്ങള്‍ വരുന്ന പേജുകളിലെ പരസ്യത്തിലൂടെ അവര്‍ക്ക് വരുമാനവും കിട്ടുന്നുണ്ട്.
പക്ഷേ, ഈ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ ഒരെണ്ണത്തില്‍ നിന്നു പോലും എനിക്ക് 5 പൈസ പ്രതിഫലം കിട്ടിയിട്ടില്ല.
ലേഖനം വായിക്കുന്നവരുടെ എണ്ണമനുസരിച്ച് പ്രതിഫലം തരണമെന്ന് അല്പം അടുപ്പമുള്ള സുഹൃത്തിനോട് ഞാന്‍ ഇടയ്ക്ക് ആവശ്യപ്പെട്ടുവെങ്കിലും കോയി ഫല്‍ നഹി.
1 ഹിറ്റിന് 1 പൈസ നിരക്കായാല്‍പ്പോലും കനത്ത തുക വരുമെന്ന് എനിക്കറിയാം.
ഒന്നുമില്ലാതിരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ എന്തെങ്കിലും കിട്ടുന്നത്.

Narada.jpg

അപ്പോള്‍ ഈ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ എന്റെ ലേഖനം വന്നാലും ഇല്ലെങ്കിലും ഒരു പോലെ.
വരാതിരുന്നാല്‍ അത്രയും സന്തോഷം. ഞാനെഴുതുന്നത് എല്ലാവരും വായിക്കണമെന്ന് എനിക്കില്ല. എന്നെ അറിയുന്നവര്‍ വായിച്ചാല്‍ മതി.
ഞാനിപ്പോള്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്, വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് എന്റെ സൈറ്റിലൂടെ വായിക്കാം.
അതു കണ്ടിട്ട് ആരെങ്കിലും പരസ്യം തന്നാല്‍ എനിക്കു വരുമാനവുമായി.
തൊഴില്‍രഹിതനായ ഒരുവന്റെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ്.
ചെറിയ നിലയിലുള്ള സ്വയം തൊഴില്‍ സംരംഭം. ദയവായി എന്റെ വയറ്റത്തടിക്കരുത്.

IMG-20160521-WA0019.jpg

ഒരു സ്ഥാപനം ശ്യാംലാലിന് വിലക്കേര്‍പ്പെടുത്തിയത് ശരിയാണ്!
ആ സ്ഥാപനത്തിന്റെ മേധാവിക്കെതിരെ ഞാന്‍ ലേഖനമെഴുതിയതാണ് കാരണം.
സഹിഷ്ണുത പ്രകടമാക്കിയതാണ്, വളരെ വളരെ സന്തോഷം. വിലക്കു വരുമെന്നറിഞ്ഞു തന്നെയാണ് എഴുതിയത്.
മറ്റുള്ളവര്‍ കൂടി ഈ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു.
എന്റെ ലേഖനം സൗജന്യമായി പകര്‍ത്തുന്നത് എല്ലാവരും ദയവായി അവസാനിപ്പിക്കുക.
പകര്‍ത്തണമെന്നുള്ളവര്‍ വായനക്കാരുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലം നല്‍കുക.

IMG-20160202-WA0001.jpg

ഇത് അഹങ്കാരമല്ല, അപേക്ഷയാണ്.
ദയവായി സഹകരിക്കുക.

Previous articleമാഞ്ഞുപോയ നിറപുഞ്ചിരി
Next articleഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

3 COMMENTS

  1. നിങ്ങളെ വിലക്കാൻ അവർ നിങ്ങളെ വിലക്കെടുത്തവരൊന്നും അല്ലല്ലൊ?? പോകാൻ പറ ശ്യാമേട്ടാ ഈ വിലക്കന്മാരോട്‌.

Leave a Reply to santhosh kumar Cancel reply

Please enter your comment!
Please enter your name here