ടി.പി.ശ്രീനിവാസനോട് എനിക്ക് എന്താണിത്ര വിരോധം? കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി പലരും ചോദിച്ചു. എനിക്ക് ഒരു വിരോധവുമില്ല. മാത്രമല്ല അദ്ദേഹത്തിന്റെ കഴിവുകളോട് ബഹുമാനവുമുണ്ട്. എന്നാല്‍, ഒരു മനുഷ്യന്റെ കഴിവുകളോടു ബഹുമാനമുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല.

ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റതിന്റെ പിന്നാമ്പുറക്കഥകളിലേക്ക് ഞാന്‍ എത്തിയ വഴി നേരത്തേ തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കി മുഖപുസ്തകത്തില്‍ കുറിപ്പെഴുതിയപ്പോള്‍ ശ്രീനിവാസന്‍ വളരെ മാന്യനും ഞാന്‍ വളരെ മോശക്കാരനും എന്ന രീതിയില്‍ പ്രചാരണവും കമന്റുകളും വന്നു. എന്നാല്‍, ശ്രീനിവാസന്‍ അത്ര മാന്യനല്ലെന്ന് തെളിയിക്കാനാണ് എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ കുറിച്ചത്. അതിന്റെ ഭാഗമായിട്ടാണ് വ്യാജ അവകാശവാദം എടുത്തു പുറത്തിട്ടത്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്നു മനസ്സിലാക്കിത്തന്നെയാണ് അതു ചെയ്തത്. ശ്രീനിവാസന്‍ ഫാന്‍സ് അസോസിയേഷന്‍ തന്നെയാണ് എന്നെക്കൊണ്ട് ഇതു ചെയ്യിച്ചത്.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാവാനുള്ള ശ്രീനിവാസന്റെ യോഗ്യതയില്ലായ്മ വളരെ വലിയൊരു പ്രശ്‌നമാണ്. യോഗ്യതയില്ലാത്തയാളെ മേധാവിയാക്കിയതിന്റെ പേരില്‍ യു.ജി.സിയുടെ 500 കോടിയിലേറെ രൂപയുടെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയല്ല, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ തുടങ്ങിയതാണ് നടപടി. ഇതു സംബന്ധിച്ച വാര്‍ത്ത ഇന്ത്യാവിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന പാര്‍വ്വതി സത്യദേവന്‍ ഒരു വര്‍ഷം മുമ്പ് ഫയല്‍ ചെയ്തിരുന്നു. കൈരളി പീപ്പിളിലും അതേസമയത്തു തന്നെ ഈ വാര്‍ത്ത വന്നു എന്നാണ് ഓര്‍മ്മ. ആ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതു തടയാന്‍ ശ്രീനിവാസന്‍ നടത്തിയ അശ്രാന്തപരിശ്രമമാണ് അദ്ദേഹത്തോട് എനിക്കുണ്ടായിരുന്ന ബഹുമാനം കാര്യമായി ഇടിച്ചത്. ശ്രീനിവാസന്റെ ശ്രമം വിജയിച്ചില്ലെന്ന് എടുത്തുപറയട്ടെ.

1

പക്ഷേ, ഇപ്പോള്‍ ചിലര്‍ ഞാന്‍ ശ്രീനിവാസനെ ആക്രമിക്കാനുള്ള കാരണം ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. സെബിന്‍ എബ്രഹാം ജേക്കബ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇതു സംബന്ധിച്ച് ഇട്ട പോസ്റ്റ് ഒരു സുഹൃത്താണ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സെബിനെ എനിക്കറിയില്ല. അദ്ദേഹത്തിന് എന്നെയും അറിയുമെന്ന് തോന്നുന്നില്ല. എങ്കിലും അദ്ദേഹം ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ശ്രീനിവാസന്റെ രാഷ്ട്രീയത്തെ ആക്രമിക്കാതെ അദ്ദേഹത്തിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നതും വ്യക്തിപരമായി ആക്രമിക്കുന്നതും വിപരീതഫലമേ ചെയ്യൂ. അതു തുടങ്ങിവച്ച വി.എസ്.ശ്യാംലാല്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഏതായാലും സി.പി.എം. ഒന്നുമല്ല. ഭരണമാറ്റം ആസന്നമായിരിക്കെ അദ്ദേഹത്തിനു മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നു നിശ്ചയിക്കാനും തരമില്ല. അതു ചിലപ്പോള്‍ അടുത്ത ഭരണത്തില്‍ ഏതെങ്കിലും സ്ഥാനത്തു കയറിപ്പറ്റാനാവാം. അതല്ലെങ്കില്‍ അടുത്ത ഭരണം ഇടതുപക്ഷത്തിന്റേതാവാതിരിക്കാന്‍ സി.പി.എംകാരുടെ so called ‘അസഹിഷ്ണുത’ ജനത്തെ ബോധ്യപ്പെടുത്താനുള്ള സൈക്കോളജിക്കല്‍ മൂവ് ആയിരിക്കാം. ചിലപ്പോള്‍ ജനുവിന്‍ ആയ പത്രപ്രവര്‍ത്തക താത്പര്യവും ആയിരിക്കാം. ഇതിലേതായാലും നഷ്ടം സി.പി.എമ്മിനു തന്നെയാവും. ടി.പി.എസിന്റെ കെണിയില്‍ വീണതുപോലെ തന്നെ ഒരു വീഴ്ചയായിരിക്കും വി.എസ്.ശ്യാംലാലിന്റെ കെണിയില്‍ വീഴുന്നതും. പറഞ്ഞൂന്നേയുള്ളൂ.

വി.എസ്.ശ്യാംലാല്‍ സി.പി.എം. അല്ല എന്നാണ് സെബിന്‍ പറയുന്നത്. സന്തോഷം. ഞാന്‍ സി.പി.എം. ആണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. അവകാശപ്പെടാന്‍ ഉദ്ദേശിക്കുന്നുമില്ല. കാരണം ഞാന്‍ സി.പി.എം. അല്ല എന്നത് സത്യം തന്നെയാണ്. ശ്രീനിവാസനെതിരായ എന്റെ പോസ്റ്റുകള്‍ അടുത്ത ഭരണത്തില്‍ ഏതെങ്കിലും സ്ഥാനത്തു കയറിപ്പറ്റാനാവും എന്ന് സെബിന്‍ വിലയിരുത്തുന്നുണ്ട്. 1997 ഡിസംബറിലാണ് ഞാന്‍ ഔദ്യോഗികമായി മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. ഈ 18 വര്‍ഷത്തിനിടെ ശ്യാംലാല്‍ അങ്ങനെ ആരുടെയെങ്കിലും എന്തെങ്കിലും ഓശാരത്തിന് ശ്രമിച്ചതായി സെബിനറിയാമോ? തെളിയിക്കാമോ?

പക്ഷം മറുപക്ഷം

ഞാന്‍ ജോലി ചെയ്യുന്ന അഥവാ ചെയ്തിരുന്ന സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് വരുന്ന ഫെബ്രുവരി 9ന് ഒരു വര്‍ഷം തികയും. അതിനു മുമ്പ് ജോലി ചെയ്ത 5 മാസത്തെ ശമ്പളം കിട്ടാനുമുണ്ട്. പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഞാനും എന്റെ കൂട്ടുകാരും. അതു വേറെ കാര്യം. ഇതു പറഞ്ഞത് കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ഒരു രൂപ പോലും ശമ്പളമില്ലാതെയാണ് ഞാന്‍ ജീവിക്കുന്നത് എന്നു പറയാനാണ്. ജീവിതം ഇത്രയും പ്രതിസന്ധിയിലായിട്ടും ഒരുവിധ കച്ചവടത്തിനും ഞാന്‍ പോയിട്ടില്ല. പിന്നെ വായുഭക്ഷണമാണോ എന്നു ചോദിച്ചേക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച്, സംസ്‌കൃതം എന്നീ ഭാഷകളിലുള്ള പരിജ്ഞാനം കൈമുതലാക്കിയാണ് ഇപ്പോള്‍ ജീവിതം. പരിഭാഷയും കുറിപ്പുകളും എഴുതി ജീവിക്കുന്നു. ഭാര്യയ്ക്കും ജോലിയുണ്ട്. എന്റെ സ്ഥാപനം തുറക്കാനായില്ലെങ്കില്‍ മറ്റൊരു ജോലി കണ്ടെത്താം എന്നെനിക്കുറപ്പുണ്ട്. ഒരു സര്‍ക്കാരിന്റെയും ഓശാരം പറ്റാനും ഭരണത്തിന്റെ ഭാഗമാകാനും ഞാനില്ല തന്നെ.

പിന്നെ, അടുത്ത ഭരണം എല്‍.ഡി.എഫിനായിരിക്കും എന്ന് സെബിനുറപ്പുണ്ട്. എനിക്കേതായാലും ഇപ്പോഴും ആ ഉറപ്പില്ല. കേരള രാഷ്ട്രീയത്തിന്റെ അവസ്ഥ അങ്ങനെയാണ്. അരുവിക്കരയില്‍ എല്‍.ഡി.എഫ്. ജയിക്കുമെന്ന് കുറഞ്ഞപക്ഷം മുഖപുസ്തകത്തിലെങ്കിലും എല്ലാവരും ഉറപ്പിച്ചിരുന്നതല്ലേ? എന്തു പറ്റി? ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കുടിലതന്ത്രങ്ങള്‍ വിജയം കാണുന്ന കാലമാണിത്. പില്‍ക്കാലത്ത് സത്യം പുറത്തുവരുമ്പോഴേക്കും വൈകിപ്പോയിരിക്കും. ഇനിയും പല രൂപത്തില്‍ ശ്രീനിവാസന്മാര്‍ വരാം, കുഴപ്പിക്കാന്‍. അടുത്ത ഭരണം എല്‍.ഡി.എഫിനാകണമെന്ന് ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട് എന്ന സത്യം അംഗീകരിക്കുന്നു.

സി.പി.എമ്മിന് നഷ്ടവും നേട്ടവും ഉണ്ടാക്കിക്കൊടുക്കുക എന്റെ ജോലിയല്ല. എന്റെ പോസ്റ്റിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സി.പി.എമ്മുകാര്‍ തന്നെയാണ്. ശ്രീനിവാസനെതിരായ എന്റെ പോസ്റ്റ് ഫലത്തില്‍ സി.പി.എമ്മിന് നേട്ടമായിട്ടുണ്ടാകാം. അതു മാത്രമേ സെബിന്‍ കാണുന്നുള്ളു. ബി.ജെ.പിക്ക് അനുകൂലമായും എന്റെ പോസ്റ്റുകളുണ്ട്. കുമ്മനം രാജശേഖരനെ ബി.ജെ.പി. പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് എത്രയോ ദിവസങ്ങള്‍ക്കു മുമ്പ് ഡിസംബര്‍ 14ന് അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയെപ്പറ്റി ഞാന്‍ പോസ്റ്റിട്ടിരുന്നു. നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ യോഗത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ കെ.സുരേന്ദ്രന്റെ മേല്‍ എല്ലാവരും പൊങ്കാലയിട്ടപ്പോള്‍ മറുപക്ഷത്തു നിന്നുള്ള അഭിപ്രായം അവതരിപ്പിച്ചുകൊണ്ട് ഡിസംബര്‍ 15ന് ഇട്ട പോസ്റ്റും ഈയവസരത്തില്‍ ചൂണ്ടിക്കാട്ടാം. ഇതൊക്കെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പിന്തുണച്ച് നേട്ടമുണ്ടാക്കാനാണെന്നു പറയാമല്ലോ. ഇനി ശ്യാംലാല്‍ ബി.ജെ.പിക്കാരനെങ്ങാനുമാണോ? ഞാന്‍ ബി.ജെ.പിക്കൊപ്പം ചേരാനുള്ള കാരണം ചില മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കളെങ്കിലും അന്നു ചോദിക്കുകയുമുണ്ടായി!

പുതിയ മുഖം

കോണ്‍ഗ്രസ്സിന്റെ പക്ഷത്തു നിന്നും ഞാന്‍ സംസാരിച്ചിട്ടുണ്ട്. സമീപകാലത്തൊന്നും അവരുടെ പക്ഷത്തു നില്‍ക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ അവസരമുണ്ടാക്കാത്തതിനാല്‍ പോസ്‌റ്റൊന്നും തപ്പിയെടുക്കാനായില്ല എന്നു മാത്രം. ഡല്‍ഹി തിരഞ്ഞെടുപ്പ് വേളയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചിരുന്നു എന്നതുകൊണ്ട് ഞാന്‍ ആപുകാരനാവുന്നില്ല. പാര്‍ട്ടികളും വ്യക്തികളും എനിക്ക് പ്രശ്‌നമല്ല. പക്ഷേ, ഞാന്‍ നിഷ്പക്ഷനല്ല. എനിക്ക് പക്ഷമുണ്ട് -ശരിയുടെ പക്ഷം. എന്റെ ശരി എല്ലാവര്‍ക്കും ശരിയായിക്കൊള്ളണമെന്നില്ല എന്നും അറിയാം.

സെബിന്‍ എഴുതിയ ഒരു വരി എനിക്കല്പം ആശ്വാസം പകരുന്നതാണ് -ചിലപ്പോള്‍ ജനുവിന്‍ ആയ പത്രപ്രവര്‍ത്തക താത്പര്യവും ആയിരിക്കാം. വളരെ വളരെ സന്തോഷം. എനിക്കു കിട്ടിയ ഒരു വാര്‍ത്ത -ഒരു കൗതുകത്തിന്റെ പേരില്‍ നടത്തിയ അന്വേഷണത്തിലാണത് ലഭിച്ചത്. ആ വാര്‍ത്ത നല്‍കാന്‍ സ്ഥാപനമില്ലാത്തതിനാല്‍ മുഖപുസ്തകത്തില്‍ കുറിച്ചിട്ടു. അതിന് വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും ചമയ്ക്കുന്നതിനു മുമ്പ് ശ്യാംലാലിനെക്കുറിച്ച് ശരിക്ക് അന്വേഷിച്ചില്ല എന്നു മാത്രമേ എനിക്കു സെബിനോടു പരാതിയുള്ളൂ. ഇതിന്റെ പേരില്‍ സെബിനെ വെല്ലുവിളിക്കാനും അദ്ദേഹത്തോട് പിണങ്ങാനുമൊന്നും ഞാനില്ല. എനിക്കറിയാത്ത ഒരാളോട് എന്ത് പിണങ്ങാന്‍? ഞാനറിയാതെ എന്നെക്കുറിച്ചെഴുതിയ വാക്കുകള്‍ക്ക് മറുപടി എഴുതുന്നു എന്നു മാത്രം. സെബിന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്നു പ്രതീക്ഷ.

 •  
  131
  Shares
 • 88
 • 22
 •  
 • 21
 •  
 •  
 •  
Previous articleപൊങ്കാലക്കാരേ ഇതിലേ… ഇതിലേ…
Next articleഞങ്ങള്‍ക്കെന്താ അയിത്തമാണോ?
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS