തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതവുമായി ബന്ധപ്പെട്ട വിവാദവിഷയത്തില്‍ എനിക്കുള്ള അഭിപ്രായം ലേഖനമായി കുറിച്ചിട്ടു. അതിനു പലതരം പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഞാന്‍ കടുത്ത മദ്യപാനിയാണെന്നും കള്ളു കിട്ടാന്‍ തടസ്സം നേരിട്ടതുകൊണ്ടുള്ള കഴപ്പാണ് കുറിച്ചിട്ടതെന്നുമൊക്കെ കുറിപ്പുകള്‍ കണ്ടു. ലേഖനത്തില്‍ എഴുതിയതിനപ്പുറം എനിക്കൊന്നും പറയാനില്ല. അത് എന്റെ അഭിപ്രായമാണ്. യോജിക്കാനും വിയോജിക്കാനും ഉള്ള മറ്റുള്ളവരുടെ അവകാശം ഞാന്‍ അംഗീകരിക്കുന്നു. എനിക്ക് ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. പക്ഷേ, എന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് വിനു വി.ജോണിന്റേതായി വന്നു. അതിനു മറുപടി പറയണമെന്നു തോന്നി.
‘മദ്യപാനം കുടിക്കുന്നവര്‍’ എന്ന ലേഖനത്തില്‍ ഞാന്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല. ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ‘ഡ്യൂട്ടി ഇപ്പോള്‍ കഴിയും, ഞാന്‍ വരും, ഒരു പൈന്റ് വാങ്ങി വെച്ചേക്കണേ, പൈസ ഞാന്‍ വന്നിട്ടു തരാം’ എന്ന് ഒരു കാലത്ത് ഫോണിലൂടെ നിലവിളിച്ചയാള്‍ ഇന്ന് പുണ്യാളന് -ഈ പരാമര്‍ശത്തിന്റെ ഉത്തരവാദിത്വമാണ് വിനു സ്വയം ഏറ്റെടുക്കുകയും മറുപടി നല്‍കുകയും ചെയ്തിരിക്കുന്നത്. കോഴി കട്ടവന്റെ തലയില്‍ പൂടയുണ്ട് എന്നു പറഞ്ഞപ്പോള്‍ തപ്പിനോക്കുന്നതു പോലെ.
വിനു പറഞ്ഞത് ശരിയാണ്. ഞാനുമായി പൈന്റ് കാര്യം ചര്‍ച്ച ചെയ്യാനുതകുന്ന തരത്തിലുള്ള ആ വ്യക്തിബന്ധം വിനുവിന് ഇല്ല. കാരണം ഞാന്‍ മദ്യപിക്കാറില്ല. വിനുവിനെപ്പോലെ ‘ധാര്‍മ്മിക ബോധം’ പെട്ടെന്നുണര്ന്ന് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തിയതൊന്നുമല്ല. ഇതുവരെ തുടങ്ങിയിട്ടില്ല. ഞാന്‍ മദ്യപിക്കുമെന്ന് ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ പറയുന്ന പണി ഞാനെടുക്കാം. മധുചഷകം പങ്കിടാനുള്ള വ്യക്തിബന്ധം ഇല്ലെങ്കിലും ഞാനുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട് എന്ന കാര്യം വിനു നിരാകരിക്കില്ല എന്നു തോന്നുന്നു.
നമ്മള് നേരിട്ടു കാണുന്നതു മാത്രമേ വിശ്വസിക്കൂ എന്നില്ലല്ലോ. വിനു ആരോടാണോ വിളിച്ചു പറഞ്ഞത് അയാളും അങ്ങനെ വിളിച്ചു പറയുന്നത് കേട്ട മറ്റുള്ളവരും കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഞാനും കേട്ടതാണ്. വിനുവിന്റെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും അതിലുള്‍പ്പെടുന്നു. വിനു ഇടുമ്പോള്‍ ബര്‍മുഡ, ബാക്കിയുള്ളവര്‍ ഇട്ടാല്‍ വള്ളിക്കളസം എന്നാണോ?
സ്ഥിരമായി സങ്കേതത്തില്‍ പോകുന്നയാളാണ് ഞാന്‍. ഇന്നു വരെ ഒരു ഗ്ലാസ് ബ്രാണ്ടി സങ്കേതത്തില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ കുടിച്ചിട്ടില്ല. കുടിക്കുന്നവര്‍ക്ക് അവരുടെ അവകാശം. എന്റേത് കുടിക്കാതിരിക്കാനുള്ള അവകാശം. അത്രയേ പറഞ്ഞുള്ളൂ.
മദ്യപാനികള്‍ക്കു വേണ്ടിയും സംസാരിക്കാന്‍ ആളു വേണ്ടേ സര്. ദിവസവും 3 പെഗ് അടിക്കാതെ ഉറക്കം വരാത്തവനും ഇപ്പോള്‍ മദ്യപാനികളായ മാധ്യമപ്രവര്‍ത്തകരെ ചാട്ട കൊണ്ടടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മദ്യപിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിനിഷ്ഠമായ തീരുമാനമാണ് എന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. വിനുവിന് കുടിക്കാനും കുടിക്കാതിരിക്കാനും അവകാശമുണ്ട്. പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും അവകാശമുണ്ട്. ഈ അവകാശം ഞാനടക്കം മറ്റുള്ളവര്‍ക്കുമുണ്ട് എന്നേ പറഞ്ഞുള്ളൂ.