Reading Time: 4 minutes

-ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ ഡി.ജി.പി. ഓഫീസിനു മുന്നില്‍ നടത്തിയ സമരം ആസൂത്രണം ചെയ്തത് തോക്ക് സ്വാമി എന്ന പേരില്‍ പ്രശസ്തനായ ഹിമവല്‍ ഭദ്രാനന്ദ
-പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഭദ്രാനന്ദയെ റിമാന്‍ഡ് ചെയ്തു
-ഭദ്രാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചു

വാര്‍ത്തകളുടെ പോക്ക് ഇങ്ങനെയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് തോക്ക് സ്വാമിയെ എങ്ങനെ പരിചയമെന്ന് തലങ്ങും വിലങ്ങും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ഇതു ചോദിച്ചു. പക്ഷേ, ഈ സമരവുമായി തോക്ക് സ്വാമിക്കുള്ള ബന്ധം അന്വേഷിച്ചു കണ്ടുപിടിക്കുക തന്നെ ചെയ്തു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പം ഗൂഢാലോചന നടത്തിയ ആളെയും പിടികിട്ടി. ഈ ‘ഗൂഢാലോചകനെ’ കുറിച്ച് പൊലീസിന് വലിയ വിവരമില്ല കേട്ടോ. കഥ മുഴുവന്‍ അറിയണം കാര്യങ്ങള്‍ ബോദ്ധ്യപ്പെടാന്‍.

dgp office
ഡി.ജി.പി. ഓഫീസിനു മുന്നില്‍ കശപിശ നടക്കുന്ന വേളയില്‍ പാതയോരത്ത് മനുവുമായി സംസാരിച്ചു നില്‍ക്കുന്ന തോക്ക് സ്വാമി

ഭദ്രാനന്ദയ്‌ക്കൊപ്പം ‘ഗൂഢാലോചന’ നടത്തിയത് എന്റെ പഴയ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ വ്യക്തിയാണ് –മനു ഭരത്. ന്യൂസ് 18 കേരളത്തിന്റെ തിരുവനന്തപുരം പ്രതിനിധികളില്‍ ഒരാള്‍. പൊലീസ് പോലും കണ്ടെത്താത്ത ആ ‘ഗൂഢാലോചന’യുടെ വിശദാംശങ്ങള്‍ ഞാന്‍ വെളിപ്പെടുത്താം.

ദീര്‍ഘകാലം കൊച്ചിയില്‍ ജോലി ചെയ്തിട്ടുള്ളയാളാണ് മനു ഭരത്. ഇന്ത്യന്‍ എക്‌സ്പ്രസ്സും ഇന്ത്യാവിഷനുമെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. 2008ല്‍ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പൊലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത് തോക്ക് സ്വാമിയായി രൂപാന്തരം പ്രാപിക്കുമ്പോള്‍ മനു ഇന്ത്യന്‍ എക്‌സ്പ്രസ്സിലായിരുന്നു. അപ്പോള്‍ മുതലുള്ള പരിചയമാണ്.

ബുധനാഴ്ച പുലര്‍ച്ചെ തോക്ക് സ്വാമിയുടെ ഫോണില്‍ നിന്ന് മനുവിന്റെ ഫോണിലേക്ക് വിളി വരുന്നു -‘ഞാന്‍ തിരുവനന്തപുരത്തുണ്ട്. ഡി.ജി.പിയെ ഒന്നു കാണണം.’ മനു കാര്യമായി പ്രോത്സാഹിപ്പിച്ചില്ല -‘ശരി’ എന്ന മറുപടിയിലൊതുക്കി. 11 മണിയാവുമ്പോള്‍ ഡി.ജി.പി. ഓഫീസിലെത്താനാണ് പരിപാടിയെന്നും സ്വാമി ‘അറിയിച്ചു’. മനു ഒന്നും പറഞ്ഞില്ല.

manu bharat
മനു ഭരത്

ഓഫീസിലെത്തിയ മനു മംഗളം കേസ് എന്തായി എന്ന് അറിയാന്‍ സഹപ്രവര്‍ത്തകനായ ടി.ജി.സജിത്തിനൊപ്പം പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി. അപ്പോഴേക്കും മംഗളംകാരെ അവിടെ നിന്നു കൊണ്ടുപോയതായി അറിഞ്ഞു. ഈ സമയത്ത് അവിടെ ചെറിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയും സംഘവുമയിരുന്നു അത്. അന്ന് ന്യൂസ് 18 കേരളത്തിന് ഒരു ഒ.ബി. വാന്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാല്‍, മംഗളം കേസില്‍ ലൈവ് വാര്‍ത്ത കൊടുക്കേണ്ടി വരികയാണെങ്കില്‍ അത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ത്തന്നെ ആവാമല്ലോ എന്നു കരുതി മനു അവിടെത്തന്നെ നിന്നു.

കുറച്ചുനേരം കാത്തുനിന്നു കഴിഞ്ഞപ്പോഴാണ് ഭദ്രാനന്ദയുടെ കാര്യം ഓര്‍ത്തത്. ഒന്നു വിളിച്ചാലോ എന്നു മനുവിനു തോന്നി. പിന്നെ വൈകിയില്ല -‘നിങ്ങള്‍ ഡി.ജി.പി. ഓഫീസിലേക്കു വരുന്നു എന്നു പറഞ്ഞിട്ട് കണ്ടില്ലല്ലോ?’ ‘ഞാന്‍ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്’ എന്ന് ഭദ്രാനന്ദയുടെ മറുപടി. ‘എന്നാല്‍, ഞാനിവിടെ ഉണ്ട്’ എന്ന് മനുവും പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ സ്വാമി എത്തി. അപ്പോഴേക്കും അടിയൊക്കെ തുടങ്ങിയിരുന്നു. ഈ ബഹളത്തിനിടയിലേക്കാണ് സ്വാമി കടന്നുവരുന്നത്. സ്വാമി വന്നയുടനെ മനുവിനോട് തന്റെ ദുരിതങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി -‘ഞാന്‍ ഇപ്പോള്‍ വലിയ പ്രശ്‌നത്തിലാണ്. പഴയ തോക്ക് കേസില്‍ എന്നെ വെറുതെവിട്ടു. അന്നുതന്നെ ഇവന്മാര്‍ വീണ്ടും എന്നെ പിടിച്ചകത്തിട്ടു. മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാണ് പുതിയ കേസ്. മനഃപൂര്‍വ്വം വേട്ടയാടുകയാണ്. പൊലീസുകാരുടെ ഈ സമീപനത്തില്‍ മാറ്റമുണ്ടാകണം എന്ന് കാര്യകാരണസഹിതം ഡി.ജി.പിയോട് അഭ്യര്‍ത്ഥിക്കണം. അതിനാണ് അദ്ദേഹത്തെ കാണുന്നത്. ഒപ്പം വേറെ ചില കാര്യങ്ങളും പറയാനുണ്ട്.’

jishnu-pranoy-mother
ഡി.ജി.പി. ഓഫീസിനു മുന്നിലെ കശപിശയ്ക്കിടെ ജിഷ്ണുവിന്റെ അമ്മ മഹിജ നിലത്തുവീണപ്പോള്‍

മുന്നിലെ കശപിശ തോക്ക് സ്വാമി കാണുന്നുണ്ട്. ‘ഞാനിപ്പം കുറച്ചൊന്നു മാറിനില്‍ക്കുന്നതാണ് ബുദ്ധി’ എന്ന് പറയുകയും ചെയ്തു. ഈ സമയത്താണ് എസ്.യു.സി.ഐ. നേതാവ് ഷാജര്‍ ഖാനെ പൊലീസ് പിടിച്ചുകൊണ്ടു പോയത്. ഇതു കണ്ട് കെ.എം.ഷാജഹാന്‍ മ്യൂസിയം എസ്.ഐയോട് തര്‍ക്കിച്ചു. ഷാജഹാനോട് പോയി പണി നോക്കാന്‍ എസ്.ഐ. മറുപടി നല്‍കി. ‘സൂക്ഷിച്ചു സംസാരിക്കണം’ എന്നൊക്കെ പറഞ്ഞ് എസ്.ഐയോട് ഷാജഹാന്‍ തട്ടിക്കയറുന്നത് മനുവിനൊപ്പം നിന്ന് സ്വാമി കേട്ടുകൊണ്ട് നില്‍ക്കുകയാണ്.

Mahija
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നു

കുറച്ചുകഴിഞ്ഞപ്പോള്‍ സ്വാമിക്കൊരാഗ്രഹം, ഒന്നിടപെട്ടാലോ എന്ന്. ‘ഞാന്‍ ഒരു പ്രസ്താവന കൊടുത്താലോ? ഞാന്‍ ഡി.ജി.പിയെ വിളിച്ച് ഇവിടത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞാലോ? ഇത് കോംപ്രമൈസ് ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞാലോ? ഇവരെ ഇങ്ങനെ റോഡിലിട്ട് തല്ലുന്നത് ശരിയല്ലല്ലോ’ ഭദ്രാനന്ദ കേട്ടുനിന്നവരോട് തള്ളോട് തള്ള്. സ്വാമിക്കുണ്ടാവുന്ന ഈ മാറ്റങ്ങള്‍ മനു കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മനുവിന് ഒരു മറുപടി മാത്രം -‘ഓക്കേ’.

അപ്പോഴാണ് പെട്ടെന്ന് മ്യൂസിയം എസ്.ഐ. വന്നിട്ട് ‘താനെന്താടോ ഇവിടെ’ എന്നു സ്വാമിയോട് ചോദിച്ചത്. സ്വാമി ഡി.ജി.പിയെ കാണാനാണല്ലോ വന്നത്, അതുകൊണ്ട് പുള്ളി ഗമയില്‍ പറഞ്ഞു -‘ഞാന്‍ ഡി.ജി.പിയെ കാണാന്‍ വന്നതാണ്.’ സ്വാമിയുടെ മറുപടിയിലെ ധാര്‍ഷ്ട്യം എസ്.ഐയ്ക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. മഹിജയും സംഘവും വന്നതും ഡി.ജി.പിയെ കാണാനായിരുന്നല്ലോ! എസ്.ഐ. ഒന്നു തിരിഞ്ഞു, എന്നിട്ട് ചോദിച്ചു -‘ഡി.ജി.പിയെ കാണേണ്ടവര്‍ അവിടല്ലേ നില്‍ക്കേണ്ടത്, എന്താ ഇവിടെ കാര്യം?’ അപ്പോള്‍ സ്വാമി പറഞ്ഞു -‘ഞാന്‍ മനുവിനെ കണ്ടപ്പോള്‍ ഇങ്ങോട്ടു വന്നതാണ്.’ ‘ഏതായാലും നീ ഇങ്ങോട്ടു വാ’ എന്നു പറഞ്ഞിട്ട് സ്വാമിയെ എസ്.ഐ. പിടിച്ചങ്ങ് കൊണ്ടുപോയി.

BHADRANANDA 2
മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ അറസ്റ്റിലായ തോക്ക് സ്വാമിയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആലുവ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്നറിയാതെ മനു നില്‍ക്കുമ്പോഴേക്കും സ്വാമി പൊലീസ് ജീപ്പിനുള്ളിലായിക്കഴിഞ്ഞിരുന്നു. വണ്ടി പോകുകയും ചെയ്തു. മനു കരുതിയത് സാധാരണ പിക്കറ്റിങ് വേളയില്‍ പിടിച്ചുകൊണ്ടു പോകുമ്പോഴുള്ളതു പോലെ പൊലീസ് ക്യാമ്പിലോ മറ്റോ കൊണ്ടുപോയി പേരും വിലാസവുമെഴുതി വെയ്പ്പിച്ച് വിട്ടയയ്ക്കുമെന്നാണ്. പിന്നീട് എസ്.ഐ. മനുവിനോട് വന്നു ചോദിക്കുകയും ചെയ്തു ‘ആ തോക്ക് സ്വാമിയൊക്കെ നിങ്ങളുടെ സുഹൃത്താണല്ലേ?’ എന്ന്. അതിനാല്‍ത്തന്നെ മനു കുറച്ചുകഴിഞ്ഞപ്പോള്‍ സ്വാമിയെ വിളിച്ചു -‘എന്തായി നിങ്ങളെ വിട്ടോ?’ ‘എന്റെ ഫോണ്‍ ഇവര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നു’ എന്നു മാത്രമാണ് മറുതലയ്ക്കല്‍ കേട്ടത്. സ്വാഭാവികമായും ആരും വിചാരിക്കുക സ്റ്റേഷനില്‍ നിന്ന് ഫോണ്‍ ചെയ്ത് ബഹളമുണ്ടാക്കാന്‍ സ്വാമി ശ്രമിച്ചിട്ടുണ്ടാവും എന്നു തന്നെ. ഇതേസമയം മനു ഷാജഹാനെയും വിളിച്ചു. ഞങ്ങളെ വണ്ടിയിലിട്ട് ഇടിച്ചു, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ഷാജഹാനും പറയുന്നുണ്ട്. ഒപ്പമുള്ള സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പറഞ്ഞു. ഒന്നും വ്യക്തമായില്ല, ആകെ ബഹളം.

വഴിവക്കില്‍ നിന്ന സ്വാമിയെപ്പറ്റി പിന്നീട് കേട്ടത് ഈ ഗൂഢാലോചന മുഴുവന്‍ നടത്തിയത് അദ്ദേഹമാണെന്നു പറഞ്ഞ് കേസ് വന്നു എന്നാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേരും പറഞ്ഞു. തോക്ക് കേസ് കഴിഞ്ഞ് ഇറങ്ങിയ ഉടനെ അടുത്ത കേസില്‍ പിടിച്ച് അകത്തിട്ടു. അതും കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. ‘ഇനിയൊന്ന് സൂക്ഷിക്കണം. വളരെ സൂക്ഷിച്ചേ നീങ്ങൂ’ എന്നൊക്കെ പറഞ്ഞു വന്നതാണ്, പാവം. മനു ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാലോ എന്നാലോചിച്ചതാണ്. പക്ഷേ, മനു പറഞ്ഞത് ശരിയല്ല, താന്‍ സമരത്തിന് നേതൃത്വം ഏറ്റെടുക്കാന്‍ വന്നതു തന്നെയാണെന്ന് നാളെ ഭദ്രാനന്ദ പറഞ്ഞാല്‍ കുടുങ്ങി. അതുകൊണ്ട് മനു മിണ്ടാതിരുന്നു.

himaval-bhadrananda
സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ 2008ല്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ തോക്കുമായി

ഇപ്പോള്‍ ഗൂഢാലോചനക്കുറ്റം മുഴുവന്‍ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദന്റെ തലയിലാണ്. പൊലീസുകാര്‍ നന്നായി ഇടി കൊടുത്തു എന്നും കേട്ടു. വഴിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചുവെന്ന് കേട്ടിട്ടേ ഉള്ളൂ. ഇതാ അതിനേറ്റവും മികച്ച ഉദാഹരണം!!

Previous articleഓര്‍മ്മയുടെ വിപണിമൂല്യം
Next articleഅനിവാര്യമായ നിര്‍വ്വികാരത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here