Reading Time: 5 minutes

‘ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം’ -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്‍ക്കിടയിലേക്കിറങ്ങി. ആദ്യം ആര്‍ക്കും ഒന്നും പിടികിട്ടിയില്ല. നാടകം ഇത്ര വേഗം തീര്‍ന്നോ എന്ന സംശയം എല്ലാവരുടെയും മുഖത്തു നിഴലിച്ചു. വേദി പൊലീസുകാര്‍ കൈയടക്കിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന നടീനടന്മാരെ ആരെയും കാണാനുമില്ല.

മടിച്ചു മടിച്ചാണെങ്കിലും പലരും ഇരിപ്പിടം വിട്ടെഴുന്നേറ്റു. അതുവരെ കണ്ട നാടകത്തില്‍ നിന്നുള്‍ക്കൊണ്ട ആവേശത്താലാണോ എന്നറിയില്ല എനിക്ക് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സന്തോഷും ജോയിയും അതേ അഭിപ്രായക്കാരായിരുന്നു. ‘ഞങ്ങള്‍ എഴുന്നേല്‍ക്കുന്നില്ല. നിങ്ങള്‍ അറസ്റ്റു ചെയ്‌തോളൂ’ -അടുത്തു വന്ന പൊലീസ് വേഷധാരിയോട് ഇതു പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ആലോചിച്ചാല്‍ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആവില്ലല്ലോ.

ഞങ്ങളുടെ പ്രതികരണം ആ ‘പൊലീസുകാരനെ’ ഒന്ന് അത്ഭുതപ്പെടുത്തിയതായി തോന്നി. പക്ഷേ, പ്രത്യേകിച്ച് നടപടിയൊന്നും കൂടാതെ അയാള്‍ അടുത്ത സ്ഥലത്തേക്കു നീങ്ങി. അവസാനം സദസ്സില്‍ ഞങ്ങള്‍ മാത്രമായി. ഇനി ഇരുന്നിട്ട് കഥയില്ല എന്നു ബോദ്ധ്യപ്പെട്ടതിനാല്‍ പുറത്തേക്കിറങ്ങാന്‍ നിശ്ചയിച്ചു. ഇറങ്ങിയപ്പോൾ ചുറ്റുപാടുമുള്ള ചുമരുകളില്‍ കണ്ടത് അതുവരെ നാടകം കളിച്ചിരുന്ന കലാകാരന്മാരുടെ ചിത്രമുള്ള ലുക്കൗട്ട് നോട്ടീസുകള്‍. അല്പം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഞെട്ടിത്തരിച്ചു. നാടക സംവിധായകന്‍ നടുനെറ്റിയില്‍ വെടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ചുകിടക്കുന്നു. ഇന്‍സ്‌പെക്ടറും 2 പൊലീസുകാരും മൃതദേഹത്തിനു കാവല്‍ നില്‍ക്കുന്നു.

ഒരു തരം മരവിപ്പ് സിരകളിലേക്ക് ഇരച്ചുകയറി. അത്രമാത്രം യഥാര്‍ത്ഥമായിരുന്നു ആ കാഴ്ച. നാടകം തുടരുകയാണോ? അതോ ഇത് ജീവിതമാണോ? നാടകമാണെങ്കില്‍ ഞാനും സന്തോഷും ജോയിയുമെല്ലാം കഥാപാത്രങ്ങളാണ്. കാണികള്‍ കഥാപാത്രങ്ങളാവുകയോ? ആകെയൊരു സ്ഥലജല വിഭ്രാന്തി.

ഒരു വേദിയില്‍ നിന്ന് മുന്നിലിരിക്കുന്ന പ്രേക്ഷകരോട് സംസാരിക്കുന്നതാണ് തനത് നാടകശൈലി. നാടകവും കഥാപാത്രങ്ങളും കാണികള്‍ക്കിടയിലേക്ക് വരികയും കാണികളെ തന്നെ നാടകത്തിന്റെ ഭാഗമാക്കുന്നതും കണ്ടിട്ടുണ്ട്. അടുത്തിടെ കണ്ട തോമ കറിയ കറിയ തോമ എന്ന നാടകത്തില്‍ ഈ സങ്കേതം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനെല്ലാം അപ്പുറത്തേക്ക് വേദിയും സദസ്സും വിട്ട് സമൂഹത്തിലേക്ക് നാടകം ഇറങ്ങിച്ചെന്നിരിക്കുന്നു. ഒരു കാഴ്ചക്കാരനെയോ ഒരു സംഘം കാഴ്ചക്കാരെയോ മാത്രമല്ല ഇവിടെ നാടകത്തിന്റെ ഭാഗമാക്കിയത്, മറിച്ച് കാണികളെ ഒന്നാകെ ആയിരുന്നു.

കണ്ണന്‍ നായരും അരുണ്‍ നായരും

കാഴ്ചക്കാരന്‍ അവന്‍ കാണുന്ന കലാസൃഷ്ടിയുടെ ഭാഗമാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടു. ഒരു നാടകം അരങ്ങേറുന്നത് വേദിയിലാണോ അതോ കാണികളുടെ മനസ്സിലാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു. നാടകം പറഞ്ഞ വര്‍ത്തമാനകാല രാഷ്ട്രീയം കൃത്യമായി കാഴ്ചക്കാരനിലെത്തി. നാടകം പറഞ്ഞ രാഷ്ട്രീയം നിലവിലുള്ള രീതികളോടുള്ള സമരമായതിനാല്‍ കാണികളെ അതനുഭവിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചു, വിജയിച്ചു. അധികാരത്തിന്റെ ഇടപെടല്‍ ഒരു നാടകത്തെ പകുതിയില്‍ മുറിച്ചപ്പോള്‍ ഞാനടക്കമുള്ള കാഴ്ചക്കാരിലുണ്ടാക്കിയ പ്രതികരണം നിലവിലുള്ള രീതികളോടുള്ള പ്രതികരണമായി. അങ്ങനെ ഞങ്ങളും നാടകം മുന്നോട്ടുവെച്ച സമരത്തിലേക്ക് നയിക്കപ്പെട്ടു.

വീണ്ടും ഭഗവാന്റെ മരണം -നാടകത്തിന്റെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയ ഒരു നല്ല കലാസൃഷ്ടി. അത് മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടു, അതിലെ ആശയം നന്നായി സംവദിക്കപ്പെട്ടു എന്നെല്ലാമുള്ളതിന്റെ തെളിവായി കവാടത്തിലെ ‘ഹൗസ് ഫുള്‍’ ബോര്‍ഡ്. രണ്ടു ദിവസം നിശ്ചയിച്ചിരുന്ന അവതരണം ഒരു ദിവസം കൂടി നീട്ടിയതും ഈ പ്രോത്സാഹജനകമായ പ്രതികരണത്തിന്റെ ഫലമായിരുന്നു.

കണ്ണന്‍ നായര്‍

കെ.ആര്‍.മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന കഥയാണ് കനല്‍ സാംസ്‌കാരികവേദി ‘വീണ്ടും ഭഗവാന്റെ മരണം’ ആയി അരങ്ങിലെത്തിച്ചത്. ഹസീം അമരവിളയാണ് നാടകരചനയും സംവിധാനവും. നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഹൃത്തായ കണ്ണന്‍ നായരുടെ ക്ഷണപ്രകാരമാണ് ഞാന്‍ നാടകത്തിനെത്തിയത്. കഥ വായിച്ചിട്ടുള്ളതിനാല്‍ മറ്റു കാര്യങ്ങളൊന്നും പരിഗണിച്ചില്ല. നാടകശാലയില്‍ കടന്നപ്പോള്‍ സൗഹൃദത്തിന്റെ പൂക്കാലം. പ്രേംജിത്ത് സുരേഷ് ബാബുവും രെജു ആര്‍.നായരുമെല്ലാമുള്‍പ്പെടുന്ന വലിയൊരു സുഹൃദ്‌സംഘത്തെ വേദിയിലും പുറത്തുമായി കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം.

ഹസീം അമരവിള

എം.എം.കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ മതതീവ്രവാദത്തിന്റെ ഇരകളായ കാലത്തെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ് നാടകത്തിന്റെ ചര്‍ച്ചാവിഷയം. സമകാലിക സംഭവങ്ങളോട് പരമാവധി നീതി പുലര്‍ത്തിയ ഒരു കലാസൃഷ്ടി. മതവും ജാതിയും രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തി സാദ്ധ്യമാക്കുന്ന അധികാരത്തിന്റെ അശ്വമേധം കൃത്യമായി വരച്ചിട്ടിരിക്കുന്നു. ഭഗവദ് ഗീത കത്തിക്കാന്‍ ആഹ്വാനം ചെയ്തെന്ന പേരില്‍ പ്രൊഫ.ഭഗവാനെ കൊല്ലാനെത്തുന്ന തീവ്രവാദി അമരയുടെ മാനസിക പരിവര്‍ത്തനം നാടകമാക്കാനൊരുങ്ങുന്ന സംഘമാണ് കഥാപാത്രങ്ങള്‍. കലാപ്രവര്‍ത്തനത്തെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെയും വര്‍ഗ്ഗീയതയുടെ കാലം അപഹരിക്കുന്നതിനെ ഈ നാടകം ചോദ്യം ചെയ്തു. ആ ചോദ്യം ചെയ്യലില്‍ പ്രേക്ഷകരെ പങ്കാളികളുമാക്കി.

നാടകത്തിനുള്ളിലെ നാടകമാണ് ഭഗവാന്റെയും അമരയുടെയും മല്ലപ്പയുടെയും കഥ. ജാതിക്കും മതത്തിനും അതീതമായി യുവാക്കളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നതാണ് പ്രൊഫ.ഭഗവാന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഭഗവദ് ഗീത അതിനൊരു മറ മാത്രമാണ്. ഭഗവാനെ ഇല്ലാതാക്കാന്‍ മതമൗലികവാദികള്‍ മല്ലപ്പയുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നു. വെടിവെയ്ക്കാന്‍ നിയോഗിക്കപ്പെടുന്നയാളാണ് അമര. സവര്‍ണ്ണനായ അമരയും ദളിതയായ കാവേരിയും തമ്മിലുള്ള പ്രണയം ഇതിന്റെ ഉപകഥയായുണ്ട്. കാവേരിയുമായുള്ള പ്രണയസാഫല്യത്തിനു സഹായിക്കാമെന്നുള്ള മല്ലപ്പയുടെ വാഗ്ദാനം വിശ്വസിച്ചാണ് അമര കൊലപാതദൗത്യം ഏറ്റെടുക്കുന്നത്.

അമരയ്ക്ക് ഭഗവാനെ കൊല്ലാന്‍ സാധിക്കുന്നില്ല. ഭഗവാനെ കൊല്ലാനുള്ള ശ്രമത്തിനിടെ പരിക്കേല്‍ക്കുന്ന അമരയെ ഭഗവാന്‍ തന്നെ പരിപാലിക്കുന്നു. ഇതേസമയത്ത് അമരയെ കാത്തുനില്‍ക്കുന്ന കാവേരിയെ മല്ലപ്പയും സംഘവും മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുകയാണ്. അമര ഇതറിയുന്നില്ല. ഭഗവാന്റെയടുത്ത് പരിക്കേറ്റു കിടക്കുമ്പോള്‍ ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും അറിയുന്ന, മനസ്സിലാക്കുന്ന അയാളില്‍ മനഃപരിവര്‍ത്തനം സംഭവിക്കുന്നു. അയാള്‍ ഭഗവാന്റെ ആരാധകനായി മാറുന്നു. അമരയുടെ ദൗത്യം പരാജയപ്പെടുന്നതോടെ ഭഗവാനെ കൊല്ലാന്‍ മല്ലപ്പ മറ്റൊരാളെ അയയ്ക്കുകയാണ്. ആ രണ്ടാമന്‍ ഭഗവാനെ ഇല്ലാതാക്കുന്നു. ഇതിനു പ്രതികാരമായി മല്ലപ്പയുടെ രണ്ടു കാല്‍മുട്ടുകളും അമര വെടിവെച്ച് തകര്‍ക്കുന്നു. എന്നിട്ട്, മല്ലപ്പയെ ഭഗവാന്റെ വീട്ടിലെത്തിച്ച് അയാള്‍ തന്നെ ചികിത്സിക്കുന്നു. മതഗ്രന്ഥങ്ങളുടെ കൃത്യമായ പഠനത്തിലൂടെ ഭഗവാന്‍ തന്നില്‍ പരിവര്‍ത്തനം സാദ്ധ്യമാക്കിയ അതേ മാര്‍ഗ്ഗം മല്ലപ്പയിലും അമര പരീക്ഷിക്കുകയാണ്.

പ്രേംജിത്തും കണ്ണനും

ഭഗവാന്റെ മരണകഥ തന്നെ ഫാസിസത്തിന്റെ പ്രതിരൂപമാണ്. ഇത് അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്ന കലാകാരന്മാരാണ് നാടകത്തിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍. ഇവരുടെ നാടകാവതരണം നേരിടുന്ന തടസ്സങ്ങളിലൂടെയാണ് ഫാസിസത്തിന്റെ ഭീകരമുഖം പ്രകടമാകുന്നത്. പ്രേക്ഷകന് മുന്നില്‍ എത്തുന്നത് ഫാസിസത്തിന്റെ ഡബ്ള്‍ പഞ്ച്. ഫാസിസത്തിന്റെ ഭീകരതയെ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. ഫാസിസത്തെക്കുറിച്ച് നാടകത്തിലൂടെ പറയുന്നതിനപ്പുറം പരീക്ഷണത്തിലൂടെ അത് അനുഭവിപ്പിച്ചു. പ്രതിപാദ്യവിഷയത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ആഖ്യാനശൈലിയാണ് ഈ നാടകത്തിന്റെ വിജയം. ഒരു കലാസൃഷ്ടി വര്‍ത്തമാനകാലത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വിമര്‍ശനത്തെ ഭയക്കുന്ന ഭരണസംവിധാനം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. വിലക്കുകളാണ് അവരുടെ ആയുധം. വിലക്കിന്റെ ഭീകരതയെക്കുറിച്ച് പറയുന്നതിനെക്കാള്‍ ഭംഗിയായി അത് അനുഭവിപ്പിച്ചു എന്നതില്‍ സംവിധായകന്‍ ഹസീം അമരവിളയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

മീര എഴുതിയ കഥയുടെ അന്തസ്സത്ത ഒട്ടും ചോരാതെ ഹസീം തിരനാടകം ഒരുക്കിയിട്ടുണ്ട്. ആഖ്യാനത്തിലെ ലാളിത്യമായിരുന്നു നാടകത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. കാലത്തോട് കലഹിക്കുകയും സംവദിക്കുകയും ചെയ്യുന്നതില്‍ നാടകാവിഷ്‌കാരം പൂര്‍ണ്ണനീതി പുലര്‍ത്തി. ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനമുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. ഒരേ സമയം കഥാപാത്രവും അഭിനേതാവുമായി അവര്‍ മാറി മാറി അരങ്ങില്‍ നിന്നു, ജീവിച്ചു. ഭഗവാനും അമരയും മല്ലപ്പയും കാവേരിയുമെല്ലാം കഥപറച്ചിലിന്റെ പല തലങ്ങള്‍ താണ്ടി പ്രേക്ഷകരിലേക്ക് എത്തി. ഇവര്‍ക്കൊപ്പം തന്നെ അരുണും കണ്ണനും പ്രേംജിത്തും ചിഞ്ചുവും വന്നു. അങ്ങനെ കഥാപാത്രങ്ങളെ കൃത്യമായി കാണികളിലെത്തിച്ചത് സംവിധായകന്റെ വിജയമാണ്. കഥാപാത്രങ്ങളാലും അവതരണമികവിനാലും ഒന്നേമുക്കാല്‍ മണിക്കൂര്‍ കാഴ്ചക്കാരനുമായി നിരന്തരം സംവദിക്കാന്‍ സാധിച്ചുവെന്നതാണ് ഈ നാടകത്തിന്റെ വിജയം.

രെജു ആർ.നായർ

ഒരു മികച്ച അഭിനേതാവിന് സിനിമയെന്നോ നാടകമെന്നോ ഉള്ള വേര്‍തിരിവുണ്ടാവില്ല. സെക്‌സി ദുര്‍ഗയിലൂടെ വരവറിയിച്ച കണ്ണനൊപ്പം ഒഴിവുദിവസത്തെ കളിയിലൂടെ ശ്രദ്ധേയനായ അരുണ്‍ നായരും ഈ നാടകത്തിന്റെ നെടുംതൂണുകളായി കാഴ്ചവെച്ച പ്രകടനം ഇതിനു തെളിവ്. കണ്ണന്‍ നടനായ കണ്ണനായും തീവ്രവാദിയായ അമരയായും എത്തിയപ്പോള്‍ അരുണ്‍ നടനായ അരുണായും പ്രൊഫ.ഭഗവാനായും അരങ്ങില്‍ നിറഞ്ഞു. ഇവര്‍ക്കൊപ്പം നടന്‍ പ്രേംജിത്തും മല്ലപ്പയുമായ പ്രേംജിത്ത്, നാടക സംവിധായകനായി വന്ന സന്തോഷ് വെഞ്ഞാറമൂട്, നടി ചിഞ്ചുവും കാവേരിയുമായ ചിഞ്ചു കെ.ഭവാനി, സ്റ്റേജ് മാനേജരായ രെജു ആര്‍.നായര്‍, നടി രേഷ്മയായും കണ്ണമ്മയായുമെത്തിയ രേഷ്മ, കമ്മീഷണറായ വിജു വര്‍മ്മ തുടങ്ങിയവരൊക്കെ മികച്ചുനിന്നു. ബാക്കിയുള്ളവരുടെ പേര് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് പരാമര്‍ശിക്കാതെ പോകുന്നത്, മോശമായിട്ടല്ല. മോശമെന്നു പറയാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ടീം കനല്‍

നാടകം കണ്ടു തുടങ്ങിയവരില്‍ മല്ലപ്പമാരും അമരമാരുമെല്ലാം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, നാടകം കണ്ടു പുറത്തുവന്നത് ഭഗവാന്മാര്‍ മാത്രമാണെന്നു ഞാന്‍ നിസ്സംശയം പറയും. ഈ നാടകം ഒരു സമരമാണ്. നിലവിലുള്ള മതാന്ധ വ്യവസ്ഥിതിക്കെതിരായ സമരം. ഈ നാടകത്തിന് കൂടുതല്‍ പ്രചാരം ലഭിക്കേണ്ടതുണ്ട്. ഇവര്‍ക്ക് കൂടുതല്‍ വേദികള്‍ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Previous articleമാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്
Next articleഎന്തിനായിരുന്നു ആ കെട്ടിപ്പിടിത്തം?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here