എന്താണ് ബ്രേക്കിങ് ന്യൂസ്?
ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്.
എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയിച്ച് വാർത്ത നൽകും.
ഇത് സാധാരണ നടപ്പുവശം.

എന്നാൽ ചിലപ്പോഴൊക്കെ ഡെസ്കിൽ നിന്ന് റിപ്പോർട്ടറിലേക്ക് ബ്രേക്കിങ് ന്യൂസ് സഞ്ചരിക്കാറുണ്ട്.
മറ്റേതെങ്കിലും ചാനൽ കൊടുക്കുന്ന ബ്രേക്കിങ് ന്യൂസ് അത്രമാത്രം പ്രാധാന്യമുള്ളതാണെങ്കിൽ അതു പകർത്തിവെച്ച ശേഷം ബന്ധപ്പെട്ട റിപ്പോർട്ടറെ ലൈവായി വിളിച്ചു കണക്ട് ചെയ്യും.
അതൊരു തെറ്റല്ല, അങ്ങനെയേ പറ്റൂ.
അപ്പോഴും റിപ്പോർട്ടറെ വിവരം നേരത്തേ അറിയിച്ചിരിക്കും.

എന്നാൽ, മനോരമ ഡെസ്കിലെ ആവേശകുമാരന്മാർ ഒരു പടി കൂടി കടന്നു.
ഏതോ ചാനലിൽ വന്ന പൊട്ടത്തരം അതേ പടി പകർത്തി -എം.ശിവശങ്കറിന്റെ വീട്ടിൽ വീണ്ടും കസ്റ്റംസ് സംഘം.
എന്നിട്ട് റിപ്പോർട്ടറെ ലൈവ് വിളിച്ചു, മുൻകൂട്ടി വിവരമറിയിക്കാതെ തന്നെ.
അപ്പോൾ റിപ്പോർട്ടർ ലൈവിൽ -“കസ്റ്റംസുകാർ രാവിലെ തന്നെ വരുമെന്നാണ് പറഞ്ഞിരുന്നത്. ഞങ്ങളെല്ലാം കാത്തുനിൽക്കുകയാണ്. ഇതുവരെ വന്നില്ല.”

വരാത്ത കസ്റ്റംസുകാർ എന്തോ വലിയ പാതകം ചെയ്ത പോലെ.
റിപ്പോർട്ടറുടെ വാക്കു കേട്ട റീഡർ പ്ലിങ്.
ഡെസ്കിലെ മൊയലാളിമാർ പ്ലിങ്ങോ പ്ലിങ്.
വാർത്ത തത്സമയം പൊളിഞ്ഞു പാളീസാകുന്ന മറ്റൊരു ദൃഷ്ടാന്തം അതാ കാണുകയായി സൂർത്തുക്കളേ!!

ഏതു ചാനലിലെ ‘മിടുക്ക’നാണ് ഈ വാർത്ത ആദ്യം കൊടുത്തത് എന്നറിയില്ല.
പക്ഷേ, വാർത്ത പൊളിയുന്നത് ലൈവായി കണ്ടത് മനോരമയിലാണ്.
പൊട്ടവാർത്തകൾ തിരുത്തി മാപ്പു പറയാൻ മനോരമക്കാരുടെ ജീവിതം ബാക്കി.

FOLLOW
 •  
  877
  Shares
 • 816
 • 29
 •  
 • 32
 •  
 •