Reading Time: 4 minutes

പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ?

പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്ത് ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും അങ്ങനെയാണ്. എന്നാൽ, ഇന്ത്യ എന്ന മഹാരാജ്യത്തിൽ ജനിച്ചു ജീവിക്കുന്ന സാധാരണക്കാരന് അവൻ ഒരു യഥാർത്ഥ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത വന്നിരിക്കുന്നു എന്നതാണ് CAA എന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ബാക്കിപത്രം. അതിനാൽ, CAA എന്നത് ഈ രാജ്യത്തെ മൊത്തം പൗരന്മാർക്കും വിരുദ്ധമാണ്.

CAA അനുസരിച്ച് അഭയാർത്ഥികൾക്ക് പുതിയതായി പൗരത്വം നൽകണമെങ്കിൽ ഇന്ത്യയിൽ ഇപ്പോഴുള്ള പൗരന്മാർ ആരൊക്കെയാണെന്നു നിർണ്ണയിക്കണം. അങ്ങനെ ഇന്ത്യൻ പൗരൻ ആരെന്നു നിർണ്ണയിക്കണമെങ്കിൽ ആദ്യം ദേശീയ പൗരത്വ രജിസ്റ്റർ അഥവാ NRC നടപ്പാക്കണം. CAAയ്ക്ക് മുന്നോടിയായി NRC ആദ്യം നടപ്പാക്കിയ അസമിലെ അനുഭവം നമുക്കു മുന്നിലുണ്ട്. ഇതനുസരിച്ച് വോട്ടർ കാർഡ് പൗരത്വ രേഖയല്ല. ഡ്രൈവിങ് ലൈസൻസ് പൗരത്വ രേഖയല്ല. ആധാർ കാർഡ് പൗരത്വ രേഖയല്ല. റേഷൻ കാർഡ് പൗരത്വ രേഖയല്ല. പാസ്പോർട്ട് പൗരത്വ രേഖയല്ല. അതായത് ഇന്ത്യൻ പൗരത്വത്തിനുള്ള രേഖയായി ലോകം അംഗീകരിച്ച ഇന്ത്യൻ പാസ്പോർട്ട് ഇന്ത്യയിൽ മാത്രം പൗരത്വ രേഖയല്ല!!. ഇതിനെല്ലാമപ്പുറം CAA പാർലമെന്റിൽ കൊണ്ടുവന്ന ഈ സർക്കാരിനെ തിരഞ്ഞെടുത്ത വോട്ടർക്കു പോലും ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വമുറപ്പില്ല. കാരണം വോട്ടർ കാർഡ് പൗരത്വ രേഖയല്ലല്ലോ!

നിലവിൽ നമ്മുടെ കൈവശമുള്ള ഔദ്യോഗിക രേഖകളൊന്നും പൗരത്വം തെളിയിക്കാനുതകില്ല എന്നു വരുമ്പോൾ പിന്നെ എന്താണ് രക്ഷ? 1987നു മുമ്പ് ജനിച്ചവരാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് മാത്രമാണ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖ. അല്ലാത്തവർക്ക് അവരുടെ രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെന്നു തെളിയിക്കണം. അവരുടെ പേരിലുള്ള ഭൂമിയുടെ കരം തീർത്ത രശീത് ഹാജരാക്കണം. സ്വന്തം പേരിൽ ഭൂമിയില്ലാത്തവരും ഒരു രേഖയുമില്ലാതെ തെരുവുകളിൽ ജീവിക്കുന്നവരും ആദിവാസികളുമെല്ലാം അടക്കമുള്ള ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രനാരായണന്മാർക്ക് ഇതെങ്ങനെ സാധിക്കും?

എന്തിനു വേണ്ടിയാണ് NRCയും അതിന്റെ തുടർച്ചയായി CAAയും നടപ്പാക്കുന്നത്? ആദ്യം പൗരന്മാരെ കണ്ടെത്തുക. എന്നിട്ട് പൗരന്മാർ “അല്ലാത്തവരെ” കണ്ടെത്തുക. ഇങ്ങനെ പൗരന്മാർ അല്ലാതാവുന്നവരുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത് അവരെ പുറന്തള്ളുക. ഇങ്ങനെ പൗരന്മാർ അല്ലാതാവുന്നവരെ സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു എന്നതാണ് ഇപ്പോഴത്തെ നടപടികളുടെ പ്രശ്നം. മതരാഷ്ട്ര നിർമ്മിതി ലക്ഷ്യമിടുന്ന ഹിന്ദുത്വവാദികളുടെ അജന്‍ഡ നടപ്പാവുന്നു എന്നതാണ് ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണം.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരുമിച്ചു വരുമ്പോൾ മുസ്ലിങ്ങൾ അപകടത്തിലാവുമെന്നത് അകാരണമായ ആശങ്കയല്ല. ഇതു വസ്തുതയാണെന്ന് അസമിലെ അനുഭവം തെളിയിക്കുന്നു. കേരളത്തിൽ ഇത് പ്രശ്നമല്ല എന്ന് എങ്ങനെ പറയാനാവും? കഴിഞ്ഞ പ്രളയത്തിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ജനന സർട്ടിഫിക്കറ്റ് അടക്കം പൗരത്വം തെളിയിക്കാനുള്ള രേഖകൾ തിരികെ ലഭിക്കാത്ത വിധം നഷ്ടപ്പെട്ടു എന്നു കരുതുക. പുതിയ ഭേദഗതിയനുസരിച്ച് ഈ ഹിന്ദുവിന് മതപീഡനം അനുഭവിക്കുന്ന അഭയാർത്ഥി എന്ന പേരിൽ പൗരത്വത്തിന് അപേക്ഷിക്കാം. ഒരു ശ്രമം നടത്താനെങ്കിലും അവസരമുണ്ട്. എന്നാൽ, രേഖകൾ നഷ്ടപ്പെട്ട മുസ്ലിമിന് വോട്ട് ഉൾപ്പെടെയുള്ള എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെടും. ഇപ്പോഴത്തെ നിലയിൽ ആ വ്യക്തി ഒടുവിൽ എത്തിപ്പെടുക തടങ്കൽ പാളയത്തിലായിരിക്കും. ഇത്തരമൊരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ പറയുന്നുണ്ടെങ്കിലും അവരുടെ വാക്കുകൾ ശരിവെയ്ക്കുന്ന ഒന്നും തന്നെ നിയമപുസ്തകങ്ങളിൽ ഇപ്പോഴില്ല.

ഇനി NRC പ്രകാരം ഒരാൾ പൗരനല്ലാതായാൽ അയാൾ എങ്ങനെയാണ് അതു തിരികെ നേടുക? മുസ്ലിമിന് പൗരത്വം തിരികെ ലഭിക്കാൻ സാദ്ധ്യത തീരെയില്ല തന്നെ. ഹിന്ദുവിന് അതു കിട്ടും എന്നാണോ? ഇപ്പോൾ പാസാക്കിയ നിയമപ്രകാരം അതിനും നന്നേ ക്ലേശിക്കേണ്ടി വരും. സാദ്ധ്യത വളരെ കുറവാണ് എന്നു പറഞ്ഞാലും തെറ്റില്ല. ഹിന്ദു അടക്കമുള്ള മറ്റേതെങ്കിലും മതത്തിൽപ്പെട്ട പൗരനല്ലാത്ത ഒരാൾക്ക് അതു കിട്ടണമെങ്കിൽ അയാൾ അഭയാർത്ഥിയാണെന്ന് തെളിയിക്കണം. യഥാർത്ഥത്തിൽ അർഹതയുള്ള പൗരത്വം തന്നെ തെളിയിക്കാനാവാത്ത ഒരാൾക്ക് താൻ എങ്ങനെയാണ് അഭയാർത്ഥിയാണെന്ന് വ്യാജ തെളിവുണ്ടാക്കാനാവുക?

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ചിലരൊക്കെ പറയുന്നതു പോലെ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നിന്നെല്ലാമെത്തിയ ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നൽകുന്നതിന് എതിരെയല്ല. ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്നവരുടെ അവസ്ഥയും സ്ഥാനവും അപകടത്തിലാക്കുന്നു എന്നതിനാലാണ്. ഒപ്പം പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന അഹമ്മദിയ മുസ്ലിങ്ങളെയും ഷിയ മുസ്ലിങ്ങളെയും എന്തുകൊണ്ട് അഭയാർത്ഥി പട്ടികയിൽ വിട്ടുകളഞ്ഞു എന്നതിനെതിരെയാണ് ഈ പ്രതിഷേധം. അഫ്ഗാനിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഹസാര മുസ്ലിങ്ങളെ എന്തുകൊണ്ട് വിട്ടുകളഞ്ഞു എന്നതിനെതിരെയാണ് പ്രതിഷേധം.

നമ്മളുമായി അതിർത്തി പങ്കിടുന്ന ചൈനയെയും മ്യാന്മാറിനെയും ശ്രീലങ്കയെയും അയൽരാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ വിട്ടുകളഞ്ഞു എന്നതിനെതിരെയാണ് പ്രതിഷേധം. ചൈനയിൽ പീഡനമനുഭവിക്കുന്ന ഉയ്ഗുർ മുസ്ലിങ്ങളെയും മ്യാന്മാറിൽ പീഡനമനുഭവിക്കുന്ന റോഹിംഗ്യൻസിനെയും വിട്ടുകളഞ്ഞു എന്നതിനെതിരെയാണ് പ്രതിഷേധം. ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരായ ലക്ഷക്കണക്കിന് അഭയാർത്ഥികളെ വിട്ടുകളഞ്ഞു എന്നതിനെതിരെയാണ് പ്രതിഷേധം. ഈ ഒഴിവാക്കലിനും വിട്ടുപോകലിനും കാരണം മതം മാത്രമാണ് എന്നതിനെതിരെയാണ് പ്രതിഷേധം.

ഇന്ത്യയിൽ അഭയാർത്ഥികളായി എത്താൻ മതപീഡനം മാത്രം അടിസ്ഥാനമാക്കുന്നതിനെതിരെയാണ് പ്രതിഷേധം. കൊടിയ ദാരിദ്ര്യവും പ്രകൃതിക്ഷോഭവും അഭയാർത്ഥികളാക്കിയവരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം. ലോകത്തെല്ലായിടത്തും അഭയാർത്ഥി പ്രവാഹത്തിനു മുഖ്യകാരണമായ ദാരിദ്ര്യവും പ്രകൃതിക്ഷോഭവും ഉയർന്ന ജനാധിപത്യമൂല്യങ്ങളുള്ള ഇന്ത്യയിൽ അഭയം തേടാൻ ആർക്കും അർഹത നൽകുന്നില്ല. കാരണം, ഇതനുവദിച്ചാൽ ദാരിദ്ര്യവും പ്രകൃതിക്ഷോഭവും താങ്ങാനാവാതെ ബംഗ്ലാദേശിൽ നിന്നെത്തിയ മുസ്ലിങ്ങളെ അഭയാർത്ഥികളായി പരിഗണിക്കേണ്ടി വരും. മതരാഷ്ട്ര സൃഷ്ടിക്കായിമുറവിളികൂട്ടുന്ന ഹിന്ദുത്വവാദികൾക്ക് ഇതിൽ താല്പര്യമുണ്ടാവില്ലല്ലോ.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഉയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമാണ്.
പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം പ്രധാനമായും മുസ്ലിങ്ങളെ മാറ്റിനിർത്തുക എന്നതാണ്.
ഹിന്ദുത്വവാദികൾക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും മാറ്റിനിർത്തുക എന്നതാണ്.
ഇന്ത്യ ഒരു മതേതര രാജ്യമാണ്.
മുസ്ലിങ്ങളെയും മറ്റു പാർശ്വവത്കരിക്കപ്പെടുന്ന ജനതയെയും മാറ്റിനിർത്തുന്ന ഇന്ത്യ എങ്ങനെ മതേതര രാജ്യമാവും?
ആരെയെങ്കിലും മാറ്റിനിർത്തുന്നത് ഇന്ത്യ എന്ന ആശയത്തിനു വിരുദ്ധമാണ്.
അതുകൊണ്ടു തന്നെ ഇത് ഭരണഘടനാ വിരുദ്ധമാണ്.

Previous articleരേഖാപുരാണം
Next articleരക്ഷപ്പെടുന്ന പിണറായി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here