• 798
 • 23
 •  
 • 27
 •  
 •  
 •  
  848
  Shares

മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ അവിടെ നിന്ന് ഒഴിപ്പിച്ചു. ‘നമുക്കൊരുമിച്ച് കൈയേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട്’ എന്നതു പോലായി കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നിലയുറപ്പിച്ചവരുടെ കൂട്ടത്തില്‍ ഈയുള്ളവനും ഉള്‍പ്പെടുന്നു –ശ്രേഷ്ഠയും ശ്രീറാമും അദീലയും ഇരകളാണ്. എന്നാല്‍, ശ്രീറാമിന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നല്‍കുക മാത്രമാണ് ചെയ്തത് എന്ന വാദമാണ് ന്യായീകരണ തൊഴിലാളികള്‍ ഉന്നയിച്ചത്. ന്യായീകരണം പല വിധത്തിലുണ്ടായി. ഒരുദാഹരണം ഇതാ.

ശ്രീറാം വെങ്കിട്ടരാമന്‍ ഒഴികെ അദ്ദേഹത്തിന്റെ ബാച്ചിലെ 12 പേരേയും പ്രമോഷന്‍ നല്‍കി സ്ഥലം മാറ്റുകയും ശ്രീറാമിനെ ദേവികുളത്ത് നിലനിര്‍ത്തുകയും ചെയ്താല്‍ പ്രചാരണം ഈ വിധമായേനെ: ‘ശ്രീറാമിനെതിരെ പ്രതികാര നടപടി; അര്‍ഹമായ സ്ഥാനക്കയറ്റം തടഞ്ഞു…’

ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ ഈ വാദം പച്ചക്കള്ളമാണെന്നു ബോദ്ധ്യമായിരുന്നു. പുതിയ നിയമന ഉത്തരവ് ഔദ്യോഗികമായി പുറത്തു വന്നിട്ട് വിശദമായ മറുപടി കൊടുക്കാം എന്നു കരുതി. G.O (Rt) No.4210/2017/GAD നമ്പരിലുള്ള ഉത്തരവ് ജൂലൈ 6 തീയതിയില്‍ പുറത്തിറങ്ങി. ഈ ഉത്തരവ് വായിച്ചു നോക്കുമ്പോള്‍ ഒരാളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ട്. മറ്റാരുടേതുമല്ല, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ.

മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും

ശ്രീറാമിനെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തെ ചന്ദ്രശേഖരന്‍ ന്യായീകരിച്ചത് ഇത് ഭരണപരമായ നടപടി മാത്രമാണെന്നു പറഞ്ഞായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടറായുള്ള ശ്രീറാമിന്റെ മാറ്റം സാധാരണ നടപടിയാണ്. 2013 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ ആരും ഇപ്പോള്‍ സബ് കളക്ടര്‍ തസ്തികയിലില്ല. അതുകൊണ്ട് ഉയര്‍ന്ന തസ്തികയിലേക്ക് മാറ്റി എന്നായിരുന്നു വിശദീകരണം. അതുവരെ ചന്ദ്രശേഖരന്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇത്. മൂന്നാറില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും മാറ്റാന്‍ സമ്മതിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.ഐയും ആവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയക്കാരുടെ താലപര്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനാവില്ല എന്നും പ്രഖ്യാപിച്ചു.

ശ്രീറാമിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്

ശ്രീറാമിനെ സ്ഥലം മാറ്റാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ മിനുട്ട്‌സ്

ഇപ്പോഴത്തെ നടപടിയുടെ ക്ഷീണം ചന്ദ്രശേഖരനു തന്നെയാണ്.  ശ്രീറാമിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ആ ക്ഷീണം അടിവരയിടുന്നു. 2013ലെ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വിയെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി മാറ്റി നിയമിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. പ്രമോഷന്‍ അഥവാ സ്ഥാനക്കയറ്റം എന്ന വാക്ക് ഉത്തരവില്‍ ഒരിടത്തുമില്ല. മാത്രമല്ല, സ്ഥാനക്കയറ്റമാണ് നല്‍കിയതെങ്കില്‍ പുതിയ ശമ്പള സ്‌കെയിലിനെക്കുറിച്ച് വ്യക്തമായ സൂചന ഉത്തരവില്‍ ഉണ്ടാവണം. ജൂലൈ 6ന്റെ ഉത്തരവില്‍ അത് ഇല്ലേയില്ല. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ മിനുട്ട്‌സിലും സ്ഥാനക്കയറ്റമില്ല.

ശ്രീറാം വെങ്കിട്ടരാമന്‍

യഥാര്‍ത്ഥത്തില്‍ ശ്രീറാമിന് 7 മാസം മുമ്പു തന്നെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2013 ബാച്ചിലെ മറ്റ് ഐ.എ.എസ്. ഓഫീസര്‍മാര്‍ക്കൊപ്പം 2017 ജനുവരി 1ന് ശ്രീറാമും സീനിയര്‍ ഗ്രേഡ് സബ് കളക്ടറായി. 4 വര്‍ഷം സേവനകാലയളവ് പൂര്‍ത്തിയാവുമ്പോഴാണ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സീനിയര്‍ ഗ്രേഡ് ശമ്പളം ലഭിക്കുന്നത്. സര്‍വ്വീസിന്റെ 4 മുതല്‍ 7 വരെയുള്ള വര്‍ഷങ്ങളില്‍ അവര്‍ ഈ ഗ്രേഡില്‍ ഇതേ ശമ്പളം തന്നെ വാങ്ങും, സ്ഥാനക്കയറ്റമില്ല എന്നര്‍ത്ഥം. ഈ കാലയളവില്‍ സബ് കളക്ടറായിട്ടോ ഏതെങ്കിലും വകുപ്പിന്റെ ഡയറക്ടറായിട്ടോ വേണമെങ്കില്‍ കളക്ടറായിട്ടോ നിയമിക്കപ്പെടാം. കളക്ടര്‍ നിയമനത്തിന് സര്‍വ്വീസിലെ സീനിയോറിറ്റി മാനദണ്ഡമായി വരുമെന്നു മാത്രം.

ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാറില്‍ കൃത്യനിര്‍വ്വഹണത്തിനിടെ

2017 ജനുവരിയില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രീറാമിന് അടുത്ത സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാവുക 2020 ജനുവരിയില്‍ മാത്രമാണ്. അപ്പോള്‍ സ്ഥാനക്കയറ്റം നല്‍കാനും വലിയ അനീതി ഒഴിവാക്കാനുമാണ് ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറാക്കിയത് എന്നു വാദിക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം. മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി കൊണ്ടുവന്ന് ശ്രീറാമിനോടുള്ള സ്‌നേഹം സര്‍ക്കാര്‍ പ്രകടിപ്പിച്ചത് എന്തിനെന്ന് പച്ചവെള്ളം കുടിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.

ഇവിടെ റവന്യൂ മന്ത്രിയാണ് പ്രതിക്കൂട്ടിലെങ്കിലും അദ്ദേഹം ഒരു പ്രതീകം മാത്രമാണ്. സര്‍ക്കാരിനു വേണ്ടി പാപഭാരം ചുമക്കുന്ന പ്രതീകം. ശ്രീറാമിനെ മാറ്റിയതിനെ ന്യായീകരിക്കുന്നതിനു പകരം ‘എല്ലാം മുഖ്യമന്ത്രി പറയും’ എന്നു പറഞ്ഞിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ കൈകളില്‍ പാപക്കറ പുരളില്ലായിരുന്നു. ആ വിവേകം അദ്ദേഹം കാണിച്ചില്ല. റവന്യൂ മന്ത്രിക്ക് തീര്‍ച്ചയായും അങ്ങനെ പറയാം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണല്ലോ!!


 • 798
 • 23
 •  
 • 27
 •  
 •  
 •  
  848
  Shares
 •  
  848
  Shares
 • 798
 • 23
 •  
 • 27
 •  
 •  

25 COMMENTS

  • ഇവിടെ റവന്യൂ മന്ത്രി ഒരു പ്രതീകം മാത്രമാണ്. സര്‍ക്കാരിനു വേണ്ടി പാപഭാരം ചുമക്കുന്ന പ്രതീകം. ശ്രീറാമിനെ മാറ്റിയതിനെ ന്യായീകരിക്കുന്നതിനു പകരം ‘എല്ലാം മുഖ്യമന്ത്രി പറയും’ എന്നു പറഞ്ഞിരുന്നെങ്കില്‍ പാപക്കറ പുരളില്ലായിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണല്ലോ.

  • If he will leave the blame on CM, then better he can resign and go back to hometown…if he doesn’t know what is happening regard to his dprt., then better choice is that…that is what made him to respond on this issue…..

  • Nitheesh N Raju സ്ഥലംമാറ്റ വിഷയത്തില്‍ റവന്യൂ മന്ത്രിക്കല്ല ഉത്തരവാദിത്വം. തന്റെ വകുപ്പിലെ ഒരുദ്യോഗസ്ഥനെ മാറ്റുന്നതിനെതിരെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിലപാടെടുക്കാം എന്നേയുള്ളൂ. മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. ‘എല്ലാം മുഖ്യമന്ത്രി പറയും’ എന്നു പറയുന്നതിനെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും വ്യാഖ്യാനിക്കാമല്ലോ. മുഖ്യമന്ത്രിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമുണ്ട്, എതിര്‍ക്കുന്നുവെന്നും അര്‍ത്ഥമുണ്ട്. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ വ്യാഖ്യാനിക്കാമായിരുന്നു. ഇവിടെ അതിനുണ്ടായിരുന്ന സാദ്ധ്യത പ്രയോജനപ്പെടുത്താതെ വല്യേട്ടന്റെ നിലപാട് തൊണ്ട തൊടാതെ വിഴുങ്ങിയ ശേഷം പിന്നീടത് ഛര്‍ദ്ദിച്ചും വെച്ചു.

 1. നളിനി നെറ്റോ ചീഫ് സെക്രട്ടറി ആയപ്പോളും ഇതേ ഹെയ്ഡറിൽ തന്നാണ് ലെറ്റർ വന്നത് . അത്തരം ഒരു വാദം കൂടി നിലനിൽക്കുന്നു. അതിൽ തങ്ങളുടെ നിലപാട് എന്താണ്. സ്ഥാനക്കയറ്റം എന്ന ഉത്തരവിൽ പേ സ്കെയിൽ ഉണ്ടാവേണ്ടതില്ല. നളിനി നെറ്റോ മായി ബന്ധപ്പെട്ട ഉത്തരവ് അപ്‌ലോഡ് ചെയ്യാൻ ഇവിടെ കഴിയുന്നില്ല

  • കൈരളി പുറത്തുവിട്ട വാര്‍ത്തയാണത്. ഇതാണ് ആ ഉത്തരവിന്റെ പകര്‍പ്പ്.

   സംസ്ഥാനത്ത് ആകെ 6 അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികകളാണുള്ളത്. ഇതില്‍ സീനിയറായ ആളെ -ചിലപ്പോള്‍ സീനിയോറിറ്റി മറികടന്ന് സര്‍ക്കാരിന് താല്പര്യമുള്ളയാളും ആകാം -ചീഫ് സെക്രട്ടറിയായി നിയോഗിക്കും. അതൊരു ഗ്രേഡ് മാത്രമാണ്. സ്ഥാനക്കയറ്റമല്ല. ശമ്പള സ്‌കെയിലില്‍ മാറ്റമില്ല.

   ചീഫ് സെക്രട്ടറിയുടേതിനു സമാനമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയും. സീനിയറായ ജേക്കബ് തോമസ് എന്ന ഡി.ജി.പി. ഉള്ളപ്പോള്‍ ജൂനിയറായ ലോക്‌നാഥ് ബെഹ്‌റ എന്ന ഡി.ജി.പി. സംസ്ഥാന പൊലീസ് മേധാവി ആയതെങ്ങനെ? സ്ഥാനക്കയറ്റമാണോ? സര്‍ക്കാരിന്റെ താല്പര്യം. അത്ര തന്നെ.

   നളിനി നെറ്റോയുടെ ചീഫ് സെക്രട്ടറി നിയമനം പ്രതിപാദിക്കുന്ന അതേ ഉത്തരവില്‍ തന്നെ ഹരിത വി.കുമാറിന്റെ മാറ്റവും സ്ഥാനക്കയറ്റമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശ്രീറാമിന്റെ ബാച്ചുകാരി തന്നെയാണ് ഹരിതയും. ഹരീത കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് പഞ്ചായത്തു ഡയറക്ടര്‍ ആയത്. 2 തസ്തികകളും സീനിയര്‍ സബ് കളക്ടറുടെതിന് തുല്യം. ശമ്പളം മാറില്ല. പിന്നെങ്ങനെ സ്ഥാനക്കയറ്റമാകും?

   അതുപോലെ തന്നെ 2017 ജനുവരി 1 മുതല്‍ ദേവികുളം സീനിയര്‍ സബ് കളക്ടറായ ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറാക്കിയതും സ്ഥാനക്കയറ്റമല്ല, സ്ഥാനമാറ്റം മാത്രമാണ്. കൈയേറ്റക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള സ്ഥാനമാറ്റം!!

 2. കോടിയേരിയും പറഞ്ഞു…… പച്ചക്കള്ളം പറയുന്ന മുന്നണി എന്നതാണ് സത്യം……

 3. IAS കാരുടെ ഉയർന്ന തസ്തികയിലേക്കുള്ള മാറ്റം സംബന്ധിച്ച വസ്തുതകൾ മനസിലാക്കാതെ യുള്ള പോസ്റ്റ്‌. നളിനി നെറ്റോ യെ ചീഫ് സെക്രട്ടറി ആക്കി നിയമിച്ച ഉത്തരവും ഒന്നു കണ്ടു നോക്കി അഭിപ്രായം പറയണേ. അറിയാത്ത കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നതായിരിക്കും നല്ലത്

  • കൈരളി പുറത്തുവിട്ട വാര്‍ത്ത വെച്ചാണ് ഈ ആവേശം കൊള്ളല്‍ എന്നു മനസ്സിലായി. ഇതാണ് ആ ഉത്തരവിന്റെ പകര്‍പ്പ്.

   സംസ്ഥാനത്ത് ആകെ 6 അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികകളാണുള്ളത്. ഇതില്‍ സീനിയറായ ആളെ -ചിലപ്പോള്‍ സീനിയോറിറ്റി മറികടന്ന് സര്‍ക്കാരിന് താല്പര്യമുള്ളയാളും ആകാം -ചീഫ് സെക്രട്ടറിയായി നിയോഗിക്കും. അതൊരു ഗ്രേഡ് മാത്രമാണ്. സ്ഥാനക്കയറ്റമല്ല. ശമ്പള സ്‌കെയിലില്‍ മാറ്റമില്ല.

   ചീഫ് സെക്രട്ടറിയുടേതിനു സമാനമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയും. സീനിയറായ ജേക്കബ് തോമസ് എന്ന ഡി.ജി.പി. ഉള്ളപ്പോള്‍ ജൂനിയറായ ലോക്‌നാഥ് ബെഹ്‌റ എന്ന ഡി.ജി.പി. സംസ്ഥാന പൊലീസ് മേധാവി ആയതെങ്ങനെ? സ്ഥാനക്കയറ്റമാണോ? സര്‍ക്കാരിന്റെ താല്പര്യം. അത്ര തന്നെ.

   നളിനി നെറ്റോയുടെ ചീഫ് സെക്രട്ടറി നിയമനം പ്രതിപാദിക്കുന്ന അതേ ഉത്തരവില്‍ തന്നെ ഹരിത വി.കുമാറിന്റെ മാറ്റവും സ്ഥാനക്കയറ്റമായി ന്യായീകരണക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശ്രീറാമിന്റെ ബാച്ചുകാരി തന്നെയാണ് ഹരിതയും. ഹരീത കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് പഞ്ചായത്തു ഡയറക്ടര്‍ ആയത്. 2 തസ്തികകളും സീനിയര്‍ സബ് കളക്ടറുടെതിന് തുല്യം. ശമ്പളം മാറില്ല. പിന്നെങ്ങനെ സ്ഥാനക്കയറ്റമാകും?

   അതുപോലെ തന്നെ 2017 ജനുവരി 1 മുതല്‍ ദേവികുളം സീനിയര്‍ സബ് കളക്ടറായ ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറാക്കിയതും സ്ഥാനക്കയറ്റമല്ല, സ്ഥാനമാറ്റം മാത്രമാണ്. കൈയേറ്റക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള സ്ഥാനമാറ്റം!!

  • കൈരളി വാര്ത്തയുടെ അടിസ്ഥാനത്തിലല്ല സുഹൃത്തെ.എന്റെ നിലവിലെ ജോലിയിൽ നിന്നു ലഭിച്ച പരിമിതമായ അറിവ് കൊണ്ട് comment ചെയ്തതാണ്. ഒരു സംശയം ജൂനിയർ ആയ തുടക്കക്കാരായ ഐഎസ് ഉദ്യോഗസ്ഥരെ ഡയറക്ടർ തസ്തികയിൽ നിയമിക്കാറുണ്ടോ, എപ്പോയാണ് ഡയറക്ടർ തസ്തിക പോലെയുള്ള തസ്തികയിൽ അവരെ നിയമിക്കാറ്, ശ്രീ റാമിന്റെ ബാച്ചിൽ നിയമിക്കപ്പെട്ട sub collectors ഇപ്പോഴും sub കളക്ടർ മാരായി തുടരുന്നുണ്ടോ. അടുത്ത താങ്കൾ പറയുന്ന ശമ്പള സ്കെയിലിൽ വർദ്ധന ഉണ്ടാവുന്ന കാലം വരെ ടിയാൻ sub കളക്ടർ ആയി തുടരണം എന്നും സർവീസ് സീനിയോറിറ്റി യുടെ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്ന ഡയറക്ടർ തസ്തികയിൽ ശ്രീറാമിന്റെ ജൂനിയറെ നിയമിക്കണം എന്നും ആണോ. Promotion എന്നതിനെ ശമ്പള സ്കെലിലെ വർധനവിന്റെ അടിസ്ഥാനത്തിൽ മാത്രം കാണുമ്പോൾ ഉണ്ടാവുന്ന വിഷയം.

 4. ഇവർ ഉന്നയിക്കുന്ന ഒര് പ്രധാന വാദം ശ്രീറാമിന് 2017 ജനുവരിയിൽ സീനിയർ സ്കയിലിൽ പ്രമോഷൻ കിട്ടി എന്നും അടുത്ത പ്രമോഷൻ ഇനി 2022 ലേ ഉണ്ടാകൂ എന്നാണ്…
  അങ്ങനയാണങ്കിൽ 2015 ഡിസംബറിൽ സബ്കലക്ടറായി നിയമനം ലഭിച്ച ശ്രീറാമിനെ 2022 വരെ സബ്ക്ടറായി തന്നയായിരുന്നോ നിയമിക്കേണ്ടിയിരുന്നത് ?
  തർക്കത്തിനല്ല, ഇത് എന്റെ ഒര് സംശയമാണ് ?

  • Priyesh Edavalath ന്യായീകരിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ എങ്കില്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ പറഞ്ഞു തരാം.

   സ്ഥാനക്കയറ്റത്തിന്റെ പ്രധാന അടിസ്ഥാനം ശമ്പളസ്‌കെയിലിലെ വര്‍ദ്ധനയാണ്. ഓരോ വര്‍ഷവും ഇന്‍ക്രിമെന്റ് കിട്ടി തൊട്ടടുത്ത തസ്തികയുടെ തലത്തിലാവുമ്പോള്‍ ശമ്പള സ്‌കെയില്‍ മാറും, സ്ഥാനക്കയറ്റവുമാകും. ശ്രീറാം 2013 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം 2017 ജനുവരി 1ന് ലഭിച്ചു. അടുത്ത ഘട്ടം സ്ഥാനക്കയറ്റം 2020 ജനുവരി 1നാണ്.

   താങ്കള്‍ പറയുന്നതിലെ പിശകുകള്‍ ചൂണ്ടിക്കാട്ടാം.
   -2015ല്‍ ശ്രീറാം ജോലിക്കു കയറി എന്നത് തെറ്റ്.
   -ശ്രീറാമിന് ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി എന്നത് തെറ്റ്.
   -ശ്രീറാം 2022 വരെ സബ് കളക്ടറായി തുടരണമെന്നു ഞാന്‍ പറഞ്ഞുവെന്നതും തെറ്റ്.

   താങ്കള്‍ പറഞ്ഞ പോലെ 2015ല്‍ കയറിയ ആളിന് ഇങ്ങനെ വേഗത്തില്‍ സ്ഥാനക്കയറ്റം കൊടുത്താല്‍ 15 വര്‍ഷം കൊണ്ട് ശ്രീറാം ചീഫ് സെക്രട്ടറിയാകും!!! എന്താ നടക്കുമോ?

  • V.S.Syamlal
   ന്യായീകരണമാണ് ഉദ്ദേശമെങ്കിൽ ഈ വിവാദം കെട്ടടങ്ങുന്ന സമയത്ത് എനിക്ക് ഇവിടെ വന്ന് കമന്റിടേണ്ട ആവശ്യമില്ലല്ലോ !!
   ഈ വിഷയത്തിൽ ന്യായീകരിച്ചും വിമർശിച്ചും സംസാരിക്കുന്ന ബഹു ഭൂരിപക്ഷത്തിനും കാര്യമായ അറിവില്ല എന്നാണ് എനിക്ക് തോന്നിയത്. ആദ്യഘട്ടത്തിൽ എനിക്കും കാര്യമായ അറിവില്ലായിരുന്നു…
   വിഷയങ്ങൾ മുൻവിധിയില്ലാതെ പഠിച്ച് പറയുന്ന ഒരാളന്ന നിലയ്ക്കാണ് ഞാൻ നിങ്ങളുടെ പോസ്റ്റിൽ കമന്റുമായി വന്നത്….

   ഇതുമായി ബന്ധപ്പെട്ട് ഹരീഷ് വക്കീലിന്റെ ഒര് പോസ്റ്റ് പലരും കോപ്പി പെയിസ്റ്റ് ചെയ്തത് കണ്ടിരുന്നു. അതിലാണ് 2022 ന്റെ കാര്യം പറയുന്നത്. എന്റെ കമന്റ് കണ്ടാൽ അത് ശ്യാംലാലിന്റെ അഭിപ്രായമായി തോന്നിക്കുന്നുണ്ടെങ്കിൽ അത് എന്റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ്.

  • പിന്നെ, 2015 ഡിസംബറിലാണ് അദ്ദേഹത്തിന് ആദ്യ നിയമനം കിട്ടിയത് എന്ന കാര്യത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു.

   2012 ൽ UPSC നടത്തിയ സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആളാണ് വി.ശ്രീറാം. ട്രെയിനിംഗിന്റെ ഭാഗമായി 2014 ജൂലായിൽ പത്തനംതിട്ട അസി.കലക്ടറായി ചുമതലയേൽക്കുന്നു. 2015 സപ്റ്റംബറിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസി.സിക്കട്രി ആയി പരിശീലനം. 2015 ഡിസംബറിൽ തിരുവല്ല സബ്കലക്ടർ ആയി ആദ്യ നിയമനം, തുടർന്ന് ജൂലായ് 2016 ൽ ദേവികുളം സബ്കലക്ടറായി മാറ്റി നിയമിച്ചു.

  • Priyesh Edavalath താങ്കള്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ പറഞ്ഞത് അതിലേറെ ശരിയാണ്.
   2012ല്‍ യു.പി.എസ്.സി. നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം 2013ലാണ്, ജോലിക്കു ചേര്‍ന്നതും അപ്പോള്‍ തന്നെ.
   അതാണ് ഞാന്‍ പറഞ്ഞത് ശ്രീറാം 2013 ബാച്ച് ഐ.എ.എസ്സുകാരനാണ് എന്ന്.
   ഇനി സര്‍വ്വീസില്‍ നിന്ന് വിരമിക്കും വരെ ശ്രീറാം 2013 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്സുകാരന്‍ എന്നു തന്നെ അറിയപ്പെടും.
   എപ്പോള്‍ നിയമനം ലഭിച്ചു എന്നതിന്റെ പേരിലല്ല, ഏതു ബാച്ച് എന്നതിന്റെ പേരിലാണ് ഐ.എ.എസ്സുകാരന്‍ പരിഗണിക്കപ്പെടുന്നത്.
   സ്ഥാനക്കയറ്റവും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ, 2015ല്‍ നിയമനം കിട്ടിയതിന് ഒരു പ്രസക്തിയുമില്ല.
   ശ്രീറാമിന്റെ സ്ഥലംമാറ്റ ഉത്തരവില്‍ പോലും Shri.Sriram V IAS (KL 2013) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ശ്രദ്ധിക്കുമല്ലോ.

   2016 ജൂലൈയിലാണ് ശ്രീറാമിനെ ദേവികുളത്ത് നിയമിച്ചതെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
   സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 2 വര്‍ഷം തികയും മുമ്പ് ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെങ്കില്‍ സിവില്‍ സര്‍വ്വീസ് ബോര്‍ഡ് കൂടണം.
   അതു ചെയ്യാത്തതാണ് സെന്‍കുമാര്‍ വിഷയത്തില്‍ പാരയായത്.
   ശ്രീറാമിന്റെ വിഷയത്തിലും അത് സര്‍ക്കാരിന് പാര തന്നെയാണ്.
   ശ്രീറാം കേസിനു പോകില്ലെന്നു തോന്നുന്നു, അതുകൊണ്ട് പ്രശ്‌നമില്ല എന്നേയുള്ളൂ.
   നിയമപ്രകാരം സര്‍ക്കാര്‍ ചെയ്തത് തെറ്റു തന്നെയാണ്.

  • V.S.Syamlal
   ശ്രീറാമിന്റ നിയമന ഉത്തരവിൽ പറയുന്ന, ശ്രീറാമിന്റെ തന്നെ ബാച്ച്കാരനായ ജാഫർമാലിക്കിന്റെ കാര്യത്തിലും, അതിന് മുമ്പ് ഹരിത.വി.കുമാറിന്റെ കാര്യത്തിലും ഇതേ ചട്ടലംഘനം തന്നയല്ലേ നടന്നിട്ടുണ്ടാവുക !!!

  • V.S.Syamlal
   2 വർഷം തികയും മുമ്പേ ഒര് IAS ഉദ്യോഗസ്ഥനെ, ഒര് സ്ഥാനത്ത് നിന്ന് മാറ്റണമെങ്കിൽ സിവിൽ സർവ്വീസ് ബോർഡ് കൂടണമെന്നല്ലേ ചട്ടം ?
   ശ്രീറാമിനെ തിരുവല്ലയിൽ നിന്ന് ദേവികുളത്തേക്ക് മാറ്റുമ്പോൾ സിവിൽ സർവീസ് ബോർഡ് കൂടിയിരുന്നോ ? അങ്ങനയാണങ്കിൽ ഇത് രണ്ടാം തവണയല്ലേ ശ്രീറാമിന്റെ കാര്യത്തിൽ ചട്ടലംഘനം നടക്കുന്നത് ?

  • Priyesh Edavalath മാറ്റപ്പെടുന്ന ഉദ്യോഗസ്ഥന്‍ പരാതി ഉയര്‍ത്തിയാല്‍ തീര്‍ച്ചയായും പ്രശ്‌നമാണ്. 2014ല്‍ ഇതു സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

  • നിങ്ങൾ നേരത്തേ പറഞ്ഞല്ലോ, ഞാൻ പറഞ്ഞത് പോലയാണങ്കിൽ 15 വർഷം കൊണ്ട് ഒര് lAS ഓഫീസർ ചീഫ് സിക്കട്രി ആകില്ലേ എന്ന് ? അതിന്റെ ലോജിക്ക് എന്താണന്ന് മനസിലായില്ല !!
   ഞാൻ മനസിലാക്കുന്നത് 30 വർഷത്തെ സർവ്വീസ് ആകുമ്പോഴേക്ക്, ഒര് IAS ഓഫീസർക്ക് അഡീഷനൽ ചീഫ് സിക്കട്രി ഗ്രേഡ് ലഭിക്കുമെന്നാണ്. അതിൽ, ഒരേ സമയം ഒരാൾക്കല്ലേ ചീഫ് സിക്കട്രി ആകാൻ സാധിക്കൂ ?

  • സ്ഥലംമാറ്റ വിഷയത്തില്‍ റവന്യൂ മന്ത്രിക്കല്ല ഉത്തരവാദിത്വം. തന്റെ വകുപ്പിലെ ഒരുദ്യോഗസ്ഥനെ മാറ്റുന്നതിനെതിരെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിലപാടെടുക്കാം എന്നേയുള്ളൂ. മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. ‘എല്ലാം മുഖ്യമന്ത്രി പറയും’ എന്നു പറയുന്നതിനെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും വ്യാഖ്യാനിക്കാമല്ലോ. മുഖ്യമന്ത്രിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമുണ്ട്, എതിര്‍ക്കുന്നുവെന്നും അര്‍ത്ഥമുണ്ട്. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ വ്യാഖ്യാനിക്കാമായിരുന്നു. ഇവിടെ അതിനുണ്ടായിരുന്ന സാദ്ധ്യത പ്രയോജനപ്പെടുത്താതെ വല്യേട്ടന്റെ നിലപാട് തൊണ്ട തൊടാതെ വിഴുങ്ങിയ ശേഷം പിന്നീടത് ഛര്‍ദ്ദിച്ചും വെച്ചു.

COMMENT