• 411
 • 36
 •  
 •  
 • 42
 •  
  489
  Shares

ജോലി ചെയ്താല്‍ വിയര്‍പ്പാറും മുമ്പ് കൂലി കൊടുക്കണം എന്ന് പ്രവാചക വചനം. നമ്മുടെ ‘സെക്കുലര്‍’ മുസ്ലിം പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് എന്തു പ്രവാചകന്‍! എന്തു വചനം!! ദൈവത്തെപ്പോയിട്ട് ചെകുത്താനെപ്പോലും പേടിയില്ലാത്ത കൂട്ടരാണെന്നു തോന്നുന്നു. പ്രവാചകനെയും ദൈവത്തെയുമൊക്കെ മാനിക്കുന്നവരാണെങ്കില്‍ ഇപ്പണി ചെയ്യുമോ? ഇന്ത്യാവിഷന്റെ കാര്യമാണ് ഞാന്‍ പറയുന്നതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. അതില്‍ ആ പാര്‍ട്ടിയുടെ ഒരു നേതാവ് മാത്രമല്ലേയുള്ളൂ -എം.കെ.മുനീര്‍. പാര്‍ട്ടിയിലെ ബാക്കിയുള്ളവരെല്ലാം ഇന്ത്യാവിഷന്‍ കുഴപ്പിക്കാന്‍ നടക്കുന്നവരല്ലേ! മാത്രമല്ല, അതു തുടര്‍ച്ചയായി പറഞ്ഞു പറഞ്ഞ് എനിക്കു തന്നെ നാണമായി. മുനീറിനു മാത്രം നാണവുമില്ല, കൂസലുമില്ല. ഇപ്പോള്‍ ഞാന്‍ പറയുന്നത് ചന്ദ്രികയെക്കുറിച്ചാണ് -ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മുഖപത്രം!! ചന്ദ്രിക പത്രത്തിലെ തിരുവനന്തപുരം യൂണിറ്റിലെ എന്റെ സുഹൃത്തുക്കള്‍ക്ക് ശമ്പളം കിട്ടിയിട്ട് മാസം മൂന്നാകുന്നു. കഴിഞ്ഞ മെയ് മാസം മുതലുള്ള ശമ്പളം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റിലെയും യൂണിറ്റിനു കീഴിലുള്ള പ്രാദേശിക ബ്യൂറോകളിലെയും ജീവനക്കാര്‍ക്ക് കുടിശ്ശികയാണ്. ഈ തിരുവനന്തപുരത്തു മാത്രം ശമ്പളം കൊടുക്കാത്തതിന്റെ ഗുട്ടന്‍സാണ് പിടികിട്ടാത്തത്.

Chandrika.jpg

വിഷയം ഞാനറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപത്തെ ചായക്കടയില്‍ ഞങ്ങള്‍ ചില മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കള്‍ വെടിവട്ടവുമായി നില്‍ക്കുകയായിരുന്നു. ചര്‍ച്ചാവിഷയം മുഖ്യമന്ത്രി പിണറായി വിജയനോട് ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലര്‍ ഇപ്പോള്‍ കാട്ടുന്ന അമിതവിധേയത്വം. ഈയടുത്ത ദിവസം പ്രസ് ക്ലബ്ബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള അനുഭവമാണ് ചര്‍ച്ചയ്ക്കു കാരണം. പുറത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണം തേടുന്നതിന് ഇത്തരം പൊതുപരിപാടികള്‍ ഞങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. ‘ബൈറ്റെടുക്കല്‍’ എന്ന് ചാനല്‍ ഭാഷ. എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞതിന്റെ അടുത്ത ദിവസമാണ്. അദ്ദേഹം വി.എസ്സിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരിക്കുന്നു. പിണറായിയുടെ പ്രതികരണം ചോദിക്കുക സ്വാഭാവികം.

മുഖ്യമന്ത്രിയെക്കാത്ത് എല്ലാവരും തയ്യാറായി നിന്നു. ഒടുവില്‍ അദ്ദേഹം ഇറങ്ങിവരുന്നു. ആര് ചോദിക്കും? ആരും മിണ്ടുന്നില്ല. ഒടുവില്‍ ഒരു യുവതുര്‍ക്കി ധൈര്യം സംഭരിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചു, എം.കെ.ദാമോദരനെക്കുറിച്ചല്ല -‘സാര്‍… ഒരു ചോദ്യം ചോദിച്ചോട്ടെ’. ചോദ്യകര്‍ത്താവിനെ ഒന്നു നോക്കി അവന്‍ അര്‍ഹിക്കുന്ന അവഗണ സമ്മാനിച്ച് പിണറായി കാറില്‍ക്കയറി പോയി. നാലു മാസം മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണിയോട് വായില്‍ക്കൊള്ളാത്ത ചോദ്യങ്ങള്‍ അണ പൊട്ടിയ നദിയെന്ന പോലെ ഒഴുക്കിയിരുന്നവനാണ് ഈ യുവതുര്‍ക്കി എന്നോര്‍ക്കണം. കാലം പോയ പോക്കേ!!! മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം? ഒന്നുമില്ല. രണ്ടു പേരും ജനനേതാക്കള്‍. ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചവര്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവര്‍. അതുപോലെ, ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ബാദ്ധ്യതയുള്ളവര്‍. ജനങ്ങള്‍ക്കുള്ള സംശയമാണല്ലോ ജനങ്ങളുടെ തന്നെ ഭാഗമായ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നതിനാണ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം ലഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം. അപ്പോള്‍പ്പിന്നെ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചിരുന്ന പോലെ തന്നെ പിണറായി വിജയനോടും ചോദ്യങ്ങള്‍ ചോദിക്കാം. ആരോടു ചോദിച്ചാലും ചോദിക്കുന്ന രീതിക്ക് ഔചിത്യമുണ്ടാവണം എന്നു മാത്രം. ഔചിത്യം എന്നാല്‍ വിധേയത്വമല്ല എന്നുകൂടി പറയട്ടെ.

chandrikadaily.jpgചര്‍ച്ചയില്‍ പങ്കാളികളായിരുന്നവരില്‍ ചന്ദ്രിക പത്രത്തില്‍ ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. അതിലൊരാള്‍ പറഞ്ഞു -‘പിണറായിക്കെതിരായ ഒരു വാര്‍ത്തയും കൊടുക്കണ്ട എന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. ഞങ്ങളുടെ പ്രശ്‌നത്തില്‍ ആരും ഇടപെടാത്തതും അതിനാലാണല്ലോ’. ചര്‍ച്ച അതോടെ വഴിതിരിഞ്ഞു. ആ പ്രതികരണത്തെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ച. ചന്ദ്രികയിലെ സുഹൃത്തിന്റെ പ്രതികരണത്തിന് രണ്ടു തലങ്ങളുണ്ട്. രണ്ടും വെവ്വേറെ പരിശോധിക്കണം. ആദ്യത്തേത് ‘മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.’ ചന്ദ്രിക എന്നത് മുസ്ലിം ലീഗിന്റെ മുഖപത്രമാണ്. മുസ്ലിം ലീഗ് എന്നു പറഞ്ഞാല്‍ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷി. യു.ഡി.എഫ്. ഇപ്പോള്‍ പ്രതിപക്ഷത്താണ്. ഭരണപക്ഷമായ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിയെ വിമര്‍ശിക്കരുതെന്ന് പ്രതിപക്ഷമായ യു.ഡി.എഫിലെ പ്രധാന കക്ഷിയുടെ മുഖപത്രത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നു. വല്ലതും പിടികിട്ടിയാ? ഐസ്‌ക്രീം പാര്‍ലര്‍, കേസ്, പീഡനം, ഗൂഢാലോചന, അട്ടിമറി, സുപ്രീം കോടതി, കേസ്, നിയമോപദേശം, സര്‍ക്കാര്‍ നിലപാട്, വി.എസ്.അച്യുതാനന്ദന്‍… ഒടുവില്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ഈ വാക്കുകള്‍ ചേരും പടി ചേര്‍ത്ത് വാക്യത്തില്‍ പ്രയോഗിച്ചാല്‍ കഥയുടെ പൂര്‍ണ്ണരൂപം കിട്ടും. നിര്‍ദ്ദേശം നല്‍കിയ മുകളിലുള്ളയാള്‍ ആരെന്നു പറയേണ്ടതില്ലല്ലോ!

ഇനി രണ്ടാമത്തെ തലം. അവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ വിയര്‍പ്പാറും മുമ്പ് കൂലി പ്രശ്‌നം വരുന്നത്. ‘ആരും ഇടപെടാത്ത ഞങ്ങളുടെ പ്രശ്‌നം’ എന്താണെന്നു ചോദിച്ചപ്പോള്‍ വളരെ മടിച്ചുമടിച്ചാണ് സുഹൃത്ത് കാരണം പറഞ്ഞത്. അതും പരസ്യമായല്ല, എന്നോടു മാത്രം രഹസ്യമായി. സമാനമായ സാഹചര്യം ഇന്ത്യാവിഷനില്‍ നേരിട്ട അനുഭവമുണ്ട് എന്നതിനാലാവാം എന്നോട് തന്റെ ദുഃഖവും പ്രതിസന്ധിയും പങ്കുവെയ്ക്കാന്‍ ആ സുഹൃത്ത് തയ്യാറായത്. അവന്‍ നല്‍കിയ വിവരമനുസരിച്ച് ചന്ദ്രിക തിരുവനന്തപുരം യൂണിറ്റിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ 12 പേരാണുള്ളത്. മാര്‍ക്കറ്റിങ്, സര്‍ക്കുലേഷന്‍, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ഏഴു പേര്‍ വേറെയുമുണ്ട്. ഇവര്‍ക്ക് അവസാനമായി കിട്ടിയത് ഏപ്രിലിലെ ശമ്പളം. അതു തന്നെ കൃത്യ സമയത്തല്ല -ജൂണ്‍ 10ന്. ഇതിനിടയ്ക്ക് ചെറിയ പെരുന്നാള്‍ വന്നു. എല്ലാവര്‍ക്കും ബോണസ് കിട്ടുന്ന വേള. എന്നാല്‍, ഇക്കുറി ബോണസ് ലഭിച്ചത് മുസ്ലീങ്ങളായ ജീവനക്കാര്‍ക്കു മാത്രം, അതു തന്നെ നാമമാത്രമായ തുക. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വരുന്ന പെരുന്നാള്‍ ആഘോഷിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കിയില്ലെങ്കില്‍ വിവാദമാവുമല്ലോ എന്ന പേടികൊണ്ടു മാത്രം നല്‍കിയത്. മുതലാളിമാര്‍ മൂക്കുമുട്ടെ പെരുന്നാള്‍ ബിരിയാണി തട്ടുമ്പോള്‍ തൊഴിലാളികള്‍ വയറില്‍ ആഞ്ഞു തട്ടുകയായിരുന്നു, പശിയകറ്റാന്‍.chandrikadaily1

ചന്ദ്രികയില്‍ സാമ്പത്തികപ്രതിസന്ധിയുണ്ട് എന്നാണ് പറയുന്നത്. പ്രതിസന്ധി ചന്ദ്രികയ്ക്കു പുത്തരിയല്ല. 1934ല്‍ തുടങ്ങിയ പത്രം 1935ല്‍ തന്നെ പൂട്ടിയതാണ്, സാമ്പത്തിക പ്രതിസന്ധി കാരണം. പിന്നീട് വീണ്ടും തുറന്നതു വളര്‍ന്ന് ഇന്നത്തെ രൂപത്തിലായി. പക്ഷേ, ഇത്തവണ തിരുവനന്തപുരത്ത് മാത്രമേ പ്രതിസന്ധിയുള്ളൂ എന്ന ആര്‍ക്കും പിടികിട്ടാത്ത സവിശേഷതയുണ്ട്. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദിന്റെ വലംകൈയും വിശ്വസ്തനുമൊക്കെയായ വേലായുധന്‍ പിള്ളയാണ് ചന്ദ്രിക തിരുവനന്തപുരം റസിഡന്റ് മാനേജര്‍. അപ്പോള്‍പ്പിന്നെ കാര്യങ്ങള്‍ അറിയേണ്ടവര്‍ വേണ്ട സമയത്ത് അറിയുന്നുണ്ട്. അതോ ഇനി എല്ലാവരും അറിഞ്ഞുള്ള കളിയാണോ?

ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍മാര്‍ ചില്ലറക്കാരല്ല. കേരളത്തിലെ ഏറ്റവും വലിയ മുതലാളിമാരിലൊരാളും ലീഗിന്റെ രാജ്യസഭാംഗവുമായ പി.വി.അബ്ദുള്‍ വഹാബ് മുതല്‍ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കം എല്ലാവരും പ്രതാപികള്‍. 19 പേര്‍ക്ക് മൂന്നു മാസത്തെ ശമ്പളം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ വേണ്ടി വരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം നാമമാത്രമായ തുകയാണ്. പക്ഷേ, അതൊന്നും ആരും നോക്കുന്നില്ല. തങ്ങളുടേതായ ലോകത്ത് തങ്ങളുടേതായ സുഖസൗകര്യങ്ങളില്‍ അവര്‍ അഭിരമിക്കുന്നു. പണിയെടുത്തു വിയര്‍ത്ത തൊഴിലാളി അതിന്റെ കൂലിക്കായി നെട്ടോട്ടമോടി വീണ്ടും വിയര്‍ക്കുന്നു.

IUML.jpg

തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാരെ പുകച്ചു പുറത്തുചാടിക്കുക എന്ന വല്ല ലക്ഷ്യവുമാണോ ചന്ദ്രിക മാനേജ്‌മെന്റിനുള്ളത്? അങ്ങനെ വല്ല പരിപാടിയുമുണ്ടെങ്കില്‍ മാന്യമായി അവരെ വിവരമറിയിച്ച് നിശ്ചിത സമയത്തിനകം വേറെ ജോലി നോക്കിക്കൊള്ളാന്‍ ആവശ്യപ്പെടുന്നതല്ലേ അഭികാമ്യം? അതിനു മുമ്പ് ജോലി ചെയ്ത കൂലി തീര്‍ത്തുകൊടുക്കുകയും വേണം. അല്ലാതെ ഇതൊരുമാതിരി ഐക്യരാഷ്ട്ര സഭയുടെ മുഖംമൂടിയണിഞ്ഞ് അമേരിക്ക കളിക്കുന്ന ഉപരോധ നാടകം പോലെ!!

ഈ വിഷയത്തില്‍ ഇടപെടുകയും നിയമപ്രകാരം ജീവനക്കാര്‍ക്ക് വേതനം വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പാണ്. തൊഴില്‍ വകുപ്പിനെ ഇടപെടുത്താത്തതാണോ, അതോ അവര്‍ ഇടപെടാത്തതാണോ എന്നറിയില്ല. ‘പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി’ നല്‍കുന്ന ടീമുകള്‍ക്ക് ചന്ദ്രിക വിഷയമറിയാമെങ്കിലും അവരും അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്. മൗനത്തിലായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ…

MORE READ

JOURNALISM Journalism can never be silent: that is its greatest virtue and its greatest fault. It must speak, and speak immediately, while the echoes of wonder, ...
ജോയിച്ചായന് അശോക ചക്രം വേണ്ട!!!... രാവിലെ മാതൃഭൂമി പത്രം കൈയിലെടുത്തപ്പോള്‍ അച്ഛന്റെ ആദ്യ കമന്റ് 'ഇവന്മാരും ഈ പരിപാടി തുടങ്ങിയോ?' എന്നായിരുന്നു. ഒന്നാം പേജിലെ മുഴുനീള പരസ്യം കണ്ടിട്ടായി...
പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക... പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ത...
വിവരദോഷി വമിക്കുന്ന വിഷം... മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്...
ഇതോ മാധ്യമ സ്വാതന്ത്ര്യം?... ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്...
മാധ്യമഭീകരത ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്...
ഒരു ഓണ്‍ലൈന്‍ ഊളക്കഥ... കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ് പി.എ.അബ്ദുള്‍ ഗഫൂര്‍. ഇപ്പോള്‍ ചിലരൊക്കെ അവരുടെ സൗകര്യാര്‍ത്ഥം എന്നെ 'മുന്‍' പത്രപ്രവര്‍ത്തകനാക്കു...

 • 411
 • 36
 •  
 •  
 • 42
 •  
  489
  Shares
 •  
  489
  Shares
 • 411
 • 36
 •  
 •  
 • 42

1 COMMENT

 1. സെക്കുലർ അല്ലാതെ പിന്നെ.. ?.. ഞമ്മള് എറക്ക്ണ പത്രത്തിന്റെ പേരെത്താ.. ? ചന്ദ്രിക… നല്ല മൊഞ്ചുള്ള ഹിന്ദു പെണ്ണിന്റെ പേര്.. അല്ലാണ്ടെ ഞമ്മള് കദീസാന്നും പാത്തുമ്മാന്നും ഇട്ടീലല്ലോ.. അതാണ് ഞമ്മള്.. അല്ല പിന്നെ.. ഏത്..

COMMENT