Reading Time: 5 minutes

അട്ടിമറി ശ്രമങ്ങളുടെ മലവെള്ളപ്പാച്ചിൽ നീന്തിക്കയറി ഒടുവിൽ ആ കുറ്റപത്രം കോടതിയിലെത്തി. കേരള ഭരണത്തിലെ ഉന്നതങ്ങളിൽ വിഹരിക്കുന്ന ഐ.എ.എസ്. ഹുങ്കിനെ ഇങ്ങു താഴെ സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന മാധ്യമപ്രവർത്തകരുടെ അശ്രാന്തപരിശ്രമം എറിഞ്ഞുവീഴ്ത്തുന്ന കാഴ്ച. നീതിയുടെ പാതയിലെ ആദ്യ ചുവടുവെയ്പ് മാത്രമാണ് ഈ കുറ്റപത്രം. യഥാർത്ഥ നീതി ഇനിയുമേറെ അകലെയാണെന്നും അറിയാം.

ഡോ.ശ്രീറാം വെങ്കിട്ടരാമൻ

കെ.എം.ബഷീർ എന്ന മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഡോ.ശ്രീറാം വെങ്കിട്ടരാമനെന്ന ഐ.എ.എസ്സുകാരനെ രക്ഷിച്ചെടുക്കാൻ എല്ലാ നിയമവ്യസ്ഥകളും കാറ്റിൽപ്പറത്തുന്നത് നമ്മൾ കണ്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഇക്കാര്യത്തിലുള്ള നീതിപൂർവ്വമായ നിലപാടു പോലും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സംഘടിതമായി അട്ടിമറിച്ചു. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാനും ഈ സംഘം നീക്കം നടത്തി. എന്നാൽ മുഖ്യമന്ത്രിയുടെ കർശന നിലപാടിനെ തുടര്‍ന്ന് ആ നീക്കം പരാജയപ്പെട്ടു. കേസിന്റെ തുടക്കം മുതല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റും പുലര്‍ത്തിയ നിതാന്ത ജാഗ്രതയുടെ ഫലമാണ് ആറു മാസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 100 സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തിന്റെ ഭാഗമായി 84 രേഖകളും 72 തൊണ്ടിമുതലുകളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ഒന്നാം പ്രതിയായ ശ്രീറാമിനും രണ്ടാം പ്രതിയായ വഫ ഫിറോസിനുമെതിരെ ചുമത്തിയിരിക്കുന്നത്.

വഫ ഫിറോസ്

മദ്യപിച്ച് അമിത വേഗത്തിൽ അപകടകരമാംവിധം റോഡിലൂടെ വാഹനമോടിച്ചാല്‍ അതിടിച്ച് യാത്രക്കാര്‍ക്കം കാല്‍നടക്കാര്‍ക്കും മരണം വരെ സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്നും അറിവും ബോദ്ധ്യവുമുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി വാഹനമോടിച്ചു വരുത്തിയ മനഃപൂർവ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങൾ ശ്രീറാമിനെതിരെ ചുമത്തി. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളാണിവ.

ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ അദ്ദേഹത്തിനു കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്. വഫ തുടര്‍ച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ 2 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റര്‍ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡില്‍ 100 കിലോമീറ്ററിലേറെ വേഗത്തില്‍ അലക്ഷ്യമായും അപകടകരമായും ഇവർ സഞ്ചരിച്ചുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെ.എം.ബഷീർ

തെളിവുകൾ നശിപ്പിക്കാൻ ശ്രീറാം ബോധപൂർവ്വം നടത്തിയ ശ്രമങ്ങളാണ് കുറ്റപത്രത്തിലെ വലിയൊരു ഭാഗം. ഈ ശ്രമങ്ങളിൽ നിന്നു തന്നെ ശ്രീറാം കുറ്റവാളിയാണെന്ന് അനായാസം മനസ്സിലാക്കാം. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചുവെയ്ക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയത്. അപകടസമയത്ത് സ്ഥലത്തെത്തിയ പൊലീസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്.

അപകടത്തില്‍പ്പെട്ട് മൃതപ്രായനായ ബഷീറിനെ പൊലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോയതിനു ശേഷം ശ്രീറാമിനെ പൊലീസുകാർ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അപകടത്തില്‍ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ ശ്രീറാം ആശുപത്രിയിൽ പോകണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ ശ്രീറാം കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരിശോധനാവേളയിൽ ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ്.കുമാര്‍ രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അപകടമുണ്ടായ സ്ഥലം പൊലീസുദ്യോഗസ്ഥൻ പരിശോധിക്കുന്നു

ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ ജനറൽ ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. നിർബന്ധിച്ച് മെഡിക്കൽ കോളേജിലേക്ക് റഫറൽ വാങ്ങിയ ശ്രീറാം അങ്ങോട്ടു പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഡോ.അനീഷ് രാജിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോയി. കിംസിൽ ചികിത്സ തേടിയ ശ്രീറാം താന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂര്‍വം മറച്ചുവെച്ചു. ഇക്കാര്യം കിംസിലെ ഡോക്ടറുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാര്‍ മതിലിലിടിച്ചാണ് തനിക്ക് പരിക്കേറ്റതെന്നും താന്‍ കാറില്‍ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടര്‍മാരോട് പറഞ്ഞത്.

ചികിത്സയുടെ ആവശ്യത്തിനായി ശ്രീറാമിന്റെ രക്തമെടുത്ത് പരിശോധിക്കാൻ കിംസ് ആശുപത്രിയില്‍ അപ്പോള്‍ കാഷ്വൽറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ.ശ്രീജിത്ത് എന്നിവർ നിർദ്ദേശിച്ചു. ഇതിനായി നേഴ്സ് സമീപിച്ചപ്പോൾ ശ്രീറാം രക്തമെടുക്കാന്‍ സമ്മതിച്ചില്ല. ഇക്കാര്യം നേഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രീറാമിനെ രക്ഷിക്കാൻ ആ ആശുപത്രിയിൽ ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാവും മുമ്പ് സംഭവിച്ചു എന്നതുകൊണ്ടു മാത്രമാണ് ഈ തെളിവ് രേഖയായി അവശേഷിച്ചത്. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

അപകടത്തിനിടയാക്കിയ കാറിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധർ തെളിവ് ശേഖരിക്കുന്നു

തെളിവുകൾ നശിപ്പിക്കാൻ തന്നാലാവുന്നതെല്ലാം ശ്രീറാം ചെയ്തുവെങ്കിലും ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം ചികഞ്ഞെടുത്തതോടെ ആ നുണകൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ്വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലാണ്. അമിത വേഗത്തിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്റർ വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലില്‍ പോയി ഇടിച്ചു നില്‍ക്കുന്നത്. ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിൽ കാറിന്റെ അമിതവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന വിവരവും അന്വേഷണ സംഘം ഉറപ്പിച്ചു.

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത്, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശാസ്ത്രീയ തെളിവുകൾ നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനയ്ക്കു പുറമേ ബഷീറിന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്. അതിവേഗത്തിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.പി.അനില്‍കുമാര്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.

കെ.എം.ബഷീറിന് അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തിയപ്പോൾ

അപകടസമയത്ത് കാര്‍ നൂറിലേറെ കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് തിരുവന്തപുരം റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് നൽകി. ഇതിനു പുറമേ പാപ്പനംകോട് ശ്രീചിത്ര കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഓട്ടോമൊബൈല്‍ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമടങ്ങുന്ന മൂന്നംഗ വിദഗ്ദ്ധ സംഘം സംഭവസ്ഥലവും അപകടത്തില്‍പ്പെട്ട കാറും അപകടസ്ഥല മഹസ്സറും ഫൊട്ടോഗ്രാഫുകളും വിശദമായി പരിശോധിച്ചു. കാര്‍ അമിത വേഗത്തിലാണെന്ന വിവരവും അതു നിമിത്തമുണ്ടാവുന്ന ഇടിയുടെ ആഘാതവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് അവരും സമര്‍പ്പിച്ചു.

വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വളപ്പിൽ വെള്ളയമ്പലം -കോര്‍പ്പറേഷന്‍ റോഡിലേക്ക് ദൃശ്യം ക്രമീകരിച്ചിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ഈ ഓഫീസിലെ സി.സി.ടി.വിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, അപകടം നടന്ന പബ്ലിക് ഓഫീസിനു മുന്നിൽ വെള്ളയമ്പലം -കോര്‍പ്പറേഷന്‍ ഓഫീസ് റോഡിലേക്ക് നോക്കി നിൽക്കുന്ന 3 ക്യാമറകളിൽ നിന്നുളള ദൃശ്യങ്ങള്‍ എന്നിവ വാഹനത്തിന്റെ അമിത വേഗം തിരിച്ചറിയുന്നതിനായി ഉപയോഗിച്ചു.

ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ മുൻഭാഗം

ഇതു കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളുടേയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടേയും മൊഴി അന്വേഷണ സംഘം വിശദമായിത്തന്നെ രേഖപ്പെടുത്തി. അപകട സമയത്ത് കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നും ഇവരെല്ലാം മൊഴി നൽകിയിട്ടുണ്ട്.

ഇത്രയും വേഗത്തിൽ ഇടിച്ചിട്ടും ശ്രീറാമിനും വഫയ്ക്കും കാര്യമായ പരിക്കേറ്റിട്ടില്ലല്ലോ എന്ന ചോദ്യം വരാനുള്ള സാദ്ധ്യത അന്വേഷണ സംഘം പരിശോധിച്ചു. മറ്റു കാറുകളില്‍ ഇല്ലാത്ത വിധത്തില്‍ ഫോക്‌സ്വാഗണ്‍ വെന്റോ കാറില്‍ ബമ്പറിനും റേഡിയേറ്ററിനും ഇടയിൽ ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുണ്ട്. ഇതിനാലാണ് ഇടിയുടെ ആഘാതമേല്‍ക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്ന് ഫോക്‌സ്വാഗണ്‍ ഷോറൂമിലെ അസിസ്റ്റന്റ് മാനേജര്‍ മൊഴി നൽകിയതോടെ ആ സംശയവും തീർന്നു.

ഇനി പന്ത് കോടതിയുടെ കളത്തിലാണ്. ശ്രീറാമിന്റെ ഫൗൾ കളി കോടതി പിടിക്കുമെന്നും ചുവപ്പു കാർഡ് ഉറപ്പായും കാട്ടുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Previous articleഇന്ത്യ തളരുമ്പോഴും കേരളം വളരുന്നു
Next articleഎന്റെ ആദ്യ മുഖ്യപത്രാധിപര്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here