• 663
 • 57
 •  
 •  
 • 59
 •  
  779
  Shares

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി:
സംഭാവന 700 കോടി രൂപ കവിഞ്ഞു

* 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 27 വൈകിട്ട് 7 മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ CMDRF പേമെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐകളും വഴിയും 43 കോടി രൂപ PAYTM വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിഷേപമായി 518.24കോടി രൂപ ലഭിച്ചു. ഓഗസ്റ്റ് 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മറ്റു ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.

https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള 8 ബാങ്കുകള്‍ക്ക് പുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്-വേകളും റേസര്‍ പേ ഗേറ്റ്-വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാം.

ഇന്നലെ കൈയില്‍ കിട്ടിയ വാര്‍ത്തയാണ്. വലിയ സന്തോഷം തോന്നി. ദുരിതാശ്വാസ നിധിയിലേക്കുള്ള പിരിവ് അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങള്‍ സുമനസ്സുകള്‍ അവഗണിക്കുന്നതിന്റെ സന്തോഷം. അതിന്റെ തെളിവാണല്ലോ ഈ വാര്‍ത്ത. തല്‍ക്കാലം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വരുന്ന തുക മാത്രമാണ് ആശ്രയം.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി -അതു വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ തുടങ്ങി ഒരു ദിവസത്തെ അന്നത്തിനു വക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നയാള്‍ വരെ പറയുന്നു. അതേ സ്വരത്തില്‍ ഒരു വിഭാഗം -വളരെ ചെറിയ ഒരു വിഭാഗം -മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന കൊടുക്കരുതെന്നു പറയുന്നു.  നിധിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ആക്ഷേപം അതില്‍ അഴിമതി നടക്കുമെന്നും കൈയിട്ടുവാരുമെന്നും അര്‍ഹരിലേക്ക് സഹായം എത്തില്ല എന്നുമൊക്കെയാണ്. പക്ഷേ, ഈ ആക്ഷേപങ്ങളൊക്കെ ശുദ്ധ വിവരക്കേടാണെന്നേ പറയാനുള്ളൂ. അല്ലെങ്കില്‍ ബോധപൂര്‍വ്വം അബദ്ധം പറയുന്നതാണെന്നേ കരുതാനാവൂ.

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ രാജ്യത്തിനു മാതൃകയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും. നമ്മുടെ വലിയ നന്മകളിലൊന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനം തന്നെയാണ് കേരളം. എല്‍.ഡി.എഫ്. ഭരിച്ചാലും യു.ഡി.എഫ്. ഭരിച്ചാലും ഇക്കാര്യത്തില്‍ ഫലം അങ്ങനെ തന്നെയാണ്. ദുരിതാശ്വാസ നിധിയിലെ സഹായത്തിന് പാര്‍ട്ടിവ്യത്യാസമൊന്നും ബാധകമാകാറില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 800 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹരായ പാവങ്ങള്‍ക്ക് സഹായമായി വിതരണം ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി 2 വര്‍ഷത്തിനകം അതിന്റെ പകുതിയിലേറെ തുക -423 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സഹായം കിട്ടിയത് 2,34,899 പേര്‍ക്ക്. വെറുതെയല്ല ഈ വര്‍ദ്ധനയുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം ലഭിക്കുാനുള്ള നടപടി ഈ സര്‍ക്കാര്‍ കൂടുതല്‍ ലളിതമാക്കി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം ലഭിക്കാന്‍ 30,000ഓളം അപേക്ഷകള്‍ കാത്തുകിടന്നിരുന്നു. അതിവേഗം ബഹുദൂരം എന്നവകാശപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടി വരുത്തിയ ഈ കുടിശ്ശിക ശരിക്കും ഞെട്ടിച്ചു. കാരണം അങ്ങേയറ്റം അടിയന്തര ആവശ്യമുള്ളവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി ശ്രമിക്കുക. അതിവേഗമാണ് കുടിശ്ശിക മുഴുവന്‍ തീര്‍പ്പാക്കിയത്. തുടര്‍ന്നുള്ള വിലയിരുത്തലിന്റെ ഫലമായാണ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള നടപടിയുണ്ടായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കാന്‍ ഡി.എം.ആര്‍. സോഫ്‌ട്വെയര്‍ നടപ്പാക്കിയ വേറെ ഏതെങ്കിലും സംസ്ഥാനം ഇന്ത്യയിലുണ്ടോ എന്ന് അറിയില്ല. ഓണ്‍ലൈനായി അപേക്ഷിക്കാം, അപേക്ഷയുടെ അവസ്ഥ ഓണ്‍ലൈനായി തന്നെ അറിയുകയും ചെയ്യാം. അപേക്ഷ നല്‍കാന്‍ മറ്റിടങ്ങളിലെ പോലെ എം.എല്‍.എയെ തേടി അലയണ്ട, തലസ്ഥാനത്തു പോകേണ്ട. ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ട്രഷറിയില്‍ സ്പെഷ്യല്‍ അക്കൗണ്ട് തുടങ്ങാനും ഈ സര്‍ക്കാര്‍ അനുമതി നല്‍കി. അപേക്ഷ പാസായാല്‍ 100 മണിക്കൂറിനകം അനുവദിച്ച പണം അക്കൗണ്ടിലെത്തും.

പലരും ഇപ്പോള്‍ സംശയം പ്രകടിപ്പിച്ച് കുപ്രചരണം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതിക്കിടയാക്കിയിട്ടില്ല. ഗുരുതരമായ രോഗം ബാധിച്ചവര്‍, അപകടത്തിന് ഇരയായവര്‍, ഇപ്പോഴത്തേതു പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും സഹായധനം നല്‍കുന്നത്. 10,000 രൂപ വരെ ജില്ലാ കളക്ടര്‍ക്ക് അനുവദിക്കാം. 15,000 രൂപ വരെ അനുവദിക്കാന്‍ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് അധികാരമുണ്ട്. 25,000 രൂപ വരെയാണ് റവന്യൂ മന്ത്രിയുടെ അധികാര പരിധി. 3,00,000 രൂപ വരെയുള്ള അപേക്ഷകളിന്മേല്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. 3,00,000 രൂപയ്ക്കു മേല്‍ അനുവദിക്കണമെങ്കില്‍ മന്ത്രിസഭയുടെ അനുമതി വേണം.

ദുരിതാശ്വാസനിധിയില്‍ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അര്‍ഹര്‍ക്ക് എത്തിക്കാന്‍ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്ന് ഇതൊക്കെ കൊണ്ടുതന്നെ അഭിമാനത്തോടെ പറയാം. അങ്ങനെ പറയുന്നതിന് കാരണമായി മറ്റു ചില സംസ്ഥാനങ്ങളിലെ അനുഭവവും മുന്നിലുണ്ട്. മഹാരാഷ്ട്രയില്‍ ഇടനിലക്കാര്‍ വ്യാജരേഖയുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വാര്‍ത്ത നമ്മള്‍ വായിച്ചിട്ട് അധികനാളുകളായിട്ടില്ല. പഞ്ചാബിലും സമാനമായ സംഭവങ്ങളുണ്ടായി. ഗോവയില്‍ ദുരിതാശ്വാസ നിധി തന്നെ ധൂര്‍ത്തടിച്ചു. കര്‍ണ്ണാടകയില്‍ 2010ല്‍ ദുരിതാശ്വാസ നിധി മരവിപ്പിച്ച് ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കുന്ന അവസ്ഥയുണ്ടായി. അര്‍ഹരെ കണ്ടെത്തി സഹായം വിതരണം ചെയ്യാനുള്ള മടി തന്നെ കാരണം.

കേരളം നിലവില്‍ വന്ന 1956 മുതല്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ 62 വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നു പോയിരിക്കുന്നു. ഇതെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വര്‍ഷത്തെ സംസ്ഥാന ബജറ്റ് അടങ്കലിനെക്കാള്‍ വലുതായിരിക്കും. ഇതു താങ്ങാനുള്ള ശേഷി നമുക്കില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രാധാന്യം.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിനായി മാറ്റി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. അതിനു പിന്നാലെ ‘പക്ഷേ’കളുടെ പ്രളയമാണ്. പലവിധത്തിലുണ്ട് ചോദ്യങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തുന്ന പണം മുഴുവന്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുമോ, അതോ മറ്റാവശ്യങ്ങള്‍ക്കായി വക മാറ്റുമോ? ദുരിതാശ്വസ നിധിയുടെ ഓഡിറ്റ് ആഗ്രഹിക്കുന്ന പോലെ സുതാര്യമല്ലെങ്കില്‍ എന്തു വിശ്വസിച്ച് പണം കൊടുക്കും? സര്‍ക്കാര്‍ ധൂര്‍ത്ത് കുറച്ചിട്ടാണോ നമ്മോട് പണം ആവശ്യപ്പെടുന്നത്? അനാവശ്യ തസ്തികകളും കമ്മീഷനുകളും ഒഴിവാക്കുമോ? പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കയ്യേറ്റം, അനധികൃത പാറമടകള്‍, മണല്‍ വാരല്‍, ഭൂമാഫിയ, പരിസ്ഥിതി നശീകരണം തുടങ്ങിയ നൂറു കൂട്ടം പ്രശ്‌നങ്ങള്‍ക്ക് നേരത്തേ പരിഹാരം കാണേണ്ടതായിരുന്നില്ലേ? ഒരിക്കലും നന്നാവാനിടയില്ലാത്ത ഒരു നാടിനു വേണ്ടി ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം എന്തിനു പാഴാക്കണം? ഇതിനെല്ലാമപ്പുറം ഒരു ചോദ്യമുണ്ട് -ഒരു മാസത്തെ ശമ്പളം വെറുതേയങ്ങ് എറിഞ്ഞുകൊടുക്കാന്‍ ഈ കേരളം എനിക്കു വേണ്ടി എന്തു ചെയ്തു? സംഭാവന കൊടുക്കാതിരിക്കാനുള്ള ന്യായീകരണം എന്നു മാത്രമേ ഇതിനെ ഞാന്‍ വിലയിരുത്തുന്നുള്ളൂ.

മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്റെ കാര്യം പറയാം. എന്നെ ഞാനാക്കിയത് കേരളമാണ്. ജീവിതവും ജോലിയും മറ്റു സൗകര്യങ്ങളുമെല്ലാം ഉണ്ടാക്കാന്‍ എനിക്കു പ്രാപ്തി നല്‍കിയത് ഇവിടെ ലഭിച്ച വിദ്യാഭ്യാസമാണ്. സ്‌കൂളില്‍ 5.50 രൂപയും ബിരുദത്തിന് 11 രൂപയും ബിരുദാനന്തര ബിരുദത്തിന് 18 രൂപയും മാത്രം ഒരു വര്‍ഷം നല്‍കി പഠിക്കാന്‍ സാധിച്ചതാണ്. ഇത്രയും കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സാധിച്ചത് മറ്റ് ഒട്ടേറെ സാധാരണക്കാരുടെ നികുതിപ്പണം വിനിയോഗിച്ചാണ്. ആ സൗജന്യം ഞാനോ എന്നെപ്പോലുള്ളവരോ സ്വീകരിക്കുമ്പോള്‍ ഇത്തരം ‘പക്ഷേ’കള്‍ ഉണ്ടായിരുന്നില്ല. ആ സൗജന്യത്തെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാല്‍, കേരളം ഒരു മാസത്തെ ശമ്പളം തിരികെ ചോദിക്കുമ്പോള്‍ ഒരു ‘പക്ഷേ’യും ഞാൻ പരിഗണിക്കുന്നുമില്ല.

എനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പൂര്‍ണ്ണവിശ്വാസമാണ്. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. അതിനു കാരണങ്ങളുമുണ്ട്.

-സര്‍ക്കാരിന് നിയമസഭയില്‍ കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്
-കേന്ദ്ര മന്ത്രിമാരെപ്പോലും ഇരുമ്പഴിക്കുള്ളിലെത്തിച്ച കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്ന സി.എ.ജിയുടെ നേരിട്ടള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ നിധി
-വിവരാവകാശ നിയമത്തിന്റെ പരിധിയിലുണ്ട്, എപ്പോള്‍ വേണമെങ്കിലും രേഖകള്‍ സഹിതം ചോദിച്ചു വാങ്ങാം
-ആരു ഭരിച്ചാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണ്ണമായി ചെലവഴിക്കാറുള്ള സംസ്ഥാനമാണ് കേരളം

ഈ പിരിവിന്റെ സാദ്ധ്യതകള്‍ മുതലെടുക്കാന്‍ തട്ടിപ്പുകാരും ഇറങ്ങുന്നുണ്ട്. തത്സമയം പിടി വീഴുന്നതിനാല്‍ വലിയ നഷ്ടം സംഭവിക്കുന്നില്ല എന്നു മാത്രം.

ദുരിതാശ്വാസ നിധി പിരിവിന്റെ പേരിൽ വന്ന തട്ടിപ്പ് പോസ്റ്റുകളിലൊന്ന്

മാധ്യമങ്ങളടക്കം പലരും സംഭാവന പിരിക്കുന്നുണ്ട്. ജീവകാരുണ്യമായിരിക്കാം ലക്ഷ്യമെങ്കിലും അതില്‍ പരസ്യത്തിന്റെ കച്ചവടക്കണ്ണുണ്ട്. സംഭാവന കൊടുക്കുന്നവര്‍ അതു നേരിട്ട് സര്‍ക്കാരിനു മാത്രം കൈമാറണമെന്നു ഞാന്‍ പറയും. ട്രഷറിയില്‍ വരുന്ന ഓരോ പൈസയ്ക്കും കണക്കുണ്ട്. ചെലവിനുമുണ്ട് കണക്ക്. നമ്മള്‍ സര്‍ക്കാരിനു കൊടുക്കുന്ന തുക നമ്മുടെ പേരില്‍ തന്നെ വരവു വെയ്ക്കുന്നതുകൊണ്ട് അതെല്ലാക്കാലവും രേഖയിലുണ്ടാവും. അടയ്ക്കുന്ന തുകയ്ക്ക് നികുതിയൊഴിവുമുണ്ട്. ഓണ്‍ലൈനില്‍ പണമടയ്ക്കാം. ഇനി വിവേകപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കുക.

Please contribute generously to Chief Ministers Disaster Relief Fund (CMDRF)
https://donation.cmdrf.kerala.gov.in/

A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Bank: State Bank of India
Branch: City Branch, Thiruvananthapuram
IFSC : SBIN0070028
SWIFT CODE : SBININBBT08
Account Type: Savings
PAN: AAAGD0584M

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുക എന്നതാണ് നമ്മുടെ ദൗത്യം. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന വിധം നമുക്ക് മുന്നേറണം. അതിന് നമ്മുടെ ഐക്യവും യോജിപ്പുമാണ് പ്രധാനം. അതാണ് അതിജീവനത്തിന്റെ അടിസ്ഥാനപാഠം. ആ നിലപാടിനൊപ്പം കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും സഹകരിക്കുന്നുവെന്നത് വമ്പിച്ച ആത്മവിശ്വാസമാണ് നല്‍കുന്നത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാവണം കാഴ്ചപ്പാട്. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. കേരളം എങ്ങനെ അതിജീവിക്കുന്നുവെന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്, നമ്മളെ മാതൃകയാക്കാന്‍. അതിനാല്‍ത്തന്നെ കേരളം അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. ആ വിശ്വാസം നമുക്ക് കാക്കേണ്ടതുണ്ട്.

MORE READ

ഒരു വിയോജനക്കുറിപ്പ്... കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലമാണ്. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും പലവിധത്തിലുള്ള പ്രചാരണസാമഗ്രികള്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു മുന്നണിയുടെയും അവ...
സെക്രട്ടേറിയറ്റ് ആരുടെ വക?... സെക്രട്ടേറിയറ്റ് ഇപ്പോള്‍ ആരുടെ വകയാണ്? സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സ്ഥലം ആര്‍ക്കെങ്കിലും പതിച്ചുനല്‍കിയിട്ടുണ്ടോ എന്ന് അടുത്ത സര്‍ക്കാര്‍ വരുമ്പോള്...
‘പക്ഷേ’ എന്ന കുടുക്ക്!... കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരി...
ശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍... പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്ര...
ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവു... ആത്മവിശ്വാസമില്ലാത്ത വ്യക്തിയുടെ മുഖംമൂടിയാണ് ധാര്‍ഷ്ട്യം. കായ്ഫലമുള്ള മരം താഴ്ന്നു നില്‍ക്കും എന്നു പറയുന്നത് വെറുംവാക്കല്ല. ഉന്നതങ്ങളില്‍ വിഹരിക്കുന...
ഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?... മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും...
ദേ, രാജാവ് നഗ്നനാണ്... കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതിന്റെ ആഘോഷങ്ങള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയും അവസാനി...

 • 663
 • 57
 •  
 •  
 • 59
 •  
  779
  Shares
 •  
  779
  Shares
 • 663
 • 57
 •  
 •  
 • 59

COMMENT