Reading Time: 5 minutes

എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ എന്നില്‍ ആഹ്ളാദമുണര്‍ത്തി.. അര്‍ജന്റീനയുടെ വിജയം എന്നെ ഉന്മാദത്തിലാഴ്ത്തി.. പക്ഷേ, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു മത്സരശേഷമുള്ള കാഴ്ച. കളി തീരും വരെ വര്‍ദ്ധിത വീര്യത്തോടെ പരസ്പരം മത്സരിച്ച രണ്ടുപേര്‍ നിറഞ്ഞ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. പരാജിതന്‍ നിറഞ്ഞ മനസ്സോടെ ജേതാവിനെ അഭിനന്ദിക്കുന്നു. ജേതാവ് ആത്മാര്‍ത്ഥമായിത്തന്നെ പരാജിതനെ ആശ്വസിപ്പിക്കുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍റെ മൂര്‍ത്തീഭാവം!!

2021 കോപ അമേരിക്ക ജേതാക്കള്‍ക്കുള്ള ട്രോഫിയുമായി ലയണല്‍ മെസ്സിയും കൂട്ടരും

അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് ലയണല്‍ മെസ്സി. ആ മെസ്സിക്ക് ലോകത്തുള്ള ഏറ്റവും വലിയ സ്വയപ്രഖ്യാപിത ഫാന്‍ ആണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. “ഞങ്ങളുടെ സൗഹൃദം അതിര്‍വരയ്ക്കു പുറത്താണ്” -2021ലെ കോപ അമേരിക്ക ഫൈനലിനിറങ്ങും മുമ്പ് നെയ്മര്‍ പറഞ്ഞിരുന്നു. അതു തന്നെയാണ് സംഭവിച്ചതും. ആധുനിക കാലത്തെ മികച്ച രണ്ടു ഫുട്ബോളര്‍മാര്‍. ക്ലബ്ബ് തലത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്തിനായി അന്താരാഷ്ട്ര തലത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാവാത്തവര്‍. അതിനാല്‍ ഈ സ്വപ്നഫൈനല്‍ ഇരുവര്‍ക്കും വ്യക്തിപരമായ നിലയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. നേട്ടം സ്വന്തമാക്കിയത് മെസ്സി.

മെസ്സി ജയിക്കുമ്പോള്‍ നെയ്മര്‍ തോല്‍ക്കാതെ പറ്റില്ലല്ലോ! എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന മത്സരവും കിരീടവും കീശയിലാക്കി. 29കാരനായ നെയ്മര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഇനിയും അവസരമുണ്ട് എന്നു സമാധാനിക്കാം. പക്ഷേ, 34കാരനായ മെസ്സിക്ക് ഇത് അവസാന അവസരമായിരുന്നു എന്നു തന്നെ പറയണം. കോപയില്‍ ടീമിനെ വിജയത്തിലേക്കു നയിച്ചതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ എന്ന നിലയില്‍ മെസ്സി വാഴ്ത്തപ്പെടുന്നുമുണ്ട്.

മത്സരശേഷം നെയ്മര്‍ അങ്ങേയറ്റം നിരാശനാവുക സ്വാഭാവികം. അവന്‍ തലകുനിച്ചു നടന്നുനീങ്ങുമ്പോള്‍ സമീപത്ത് അര്‍ജന്റീന ടീമംഗങ്ങള്‍ ആഘോഷത്തിന്റെ ആരവം മുഴക്കുകയായിരുന്നു. ദുഃഖിതനായ നെയ്മറെ കണ്ട മെസ്സി അടുത്തേക്കു ചെന്നു നിറഞ്ഞ സ്നേഹത്തോടെ വാരിപ്പുണര്‍ന്നു. ആശ്വസിപ്പിച്ചു. ആഘോഷത്തിമര്‍പ്പില്‍ പിന്നിലേക്കു തള്ളിക്കയറി വന്ന തന്റെ ടീമംഗങ്ങളെ മെസ്സി കൈയുര്‍ത്തി ത‍ടഞ്ഞു മാറ്റിനിര്‍ത്തുന്നതും കണ്ടു, നെയ്മറിനു മേലുള്ള പിടി വിടാതെ തന്നെ.

ബാഴ്സലോണയില്‍ ഈ ചങ്ങാതിമാരുടെ കൂട്ട് നമ്മള്‍ കണ്ടതാണ്. ഒടുവില്‍ ക്ലബ്ബ് വിടാന്‍ ശ്രമിച്ച നെയ്മറെ പിടിച്ചുനിര്‍ത്താന്‍ മെസ്സി നടത്തിയ ശ്രമങ്ങള്‍ വലിയ ചര്‍ച്ചയായി. ഇപ്പോള്‍ നെയ്മറുടെ അവസരമാണ്. ബാഴ്സയുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയായ മെസ്സി ഇപ്പോള്‍ സ്വതന്ത്ര പറവയാണ്. മെസ്സിയെ തനിക്കൊപ്പം പാരിസ് സെന്റ് ജെര്‍മെയ്ന്‍ എന്ന പി.എസ്.ജിയിലേക്കു കൂട്ടാന്‍ നെയ്മര്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. അതു നടന്നാല്‍ വീണ്ടും ഈ സ്വപ്നജോഡിയെ ഒരേ ജേഴ്സിയില്‍ കാണാം.

എന്തായാലും 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 1993നു ശേഷമുള്ള ആദ്യത്തെ കോപ അമേരിക്ക വിജയം ലയണല്‍ മെസ്സിക്ക് തന്റെ കരിയറിലെ ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. നാലു തവണ ഫൈനലില്‍ തോറ്റ ശേഷമായിരുന്നു മെസ്സിക്ക് ഈ മെഡലണിയാനുള്ള ഭാഗ്യം ലഭിച്ചത്. 2007ലെ കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനോടു തോറ്റു. 2014 ലോക കപ്പ് ഫൈനലില്‍ ജര്‍മ്മനിയോടു തോറ്റു. 2015ലും 2016ലും കോപ അമേരിക്ക ഫൈനലുകളില്‍ ചിലിയാണ് മെസ്സിയുടെയും അര്‍ജന്റീനയുടെയും വഴി മുടക്കിയത്. പക്ഷേ, 2021 കോപ ഫൈനലില്‍ അവര്‍ക്ക് ബ്രസീലിനെ തോല്പിക്കാനായി. കിരീടവരള്‍ച്ച അവസാനിപ്പിക്കാനായി.

മെസ്സിക്ക് തീര്‍ച്ചയായും അഭിമാനിക്കാം. തന്റേതായ രീതിയില്‍ മികച്ച കളി കെട്ടഴിച്ചു തന്നെയാണ് അദ്ദേഹം 2021ലെ കോപ സ്വന്തമാക്കിയത്. ഫൈനലില്‍ മികവ് പ്രകടമായില്ലെങ്കിലും ചില മിന്നല്‍പ്പിണരുകള്‍ ഇടയ്ക്ക് ദൃശ്യമായി. ചിലിക്കെതിരെ വമ്പനൊരു ഫ്രീകിക്ക് തൊടുത്തായിരുന്നു തുടക്കം. ബൊളീവിയയ്ക്കെതിരെ രണ്ടു ഗോള്‍. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ ഒന്ന്. ഈ നാലെണ്ണം അടിച്ചതിനു പുറമെ അഞ്ചു ഗോളുകള്‍ക്ക് അവസരവുമൊരുക്കി. എല്ലാ അര്‍ത്ഥത്തിലും മെസ്സിയുടെ ടൂര്‍ണ്ണമെന്റ്.

കരിയറിന്റെ സായാഹ്നത്തിലുള്ള ഈ കിരീട നേട്ടത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വഴിയേ ആണ് ലയണല്‍ മെസ്സിയുടെ സഞ്ചാരം. ക്രിക്കറ്റ് ലോക കപ്പിനായി സച്ചിന്‍ ദാഹിച്ച പോലെ തന്നെയായിരുന്നു ഒരു പ്രധാന കിരീടത്തിനായി മെസ്സിയുടെ കാത്തിരിപ്പും. ഒടുവില്‍ 2011ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ലോക കപ്പിനൊപ്പം സച്ചിനെയും ടീം ഇന്ത്യ എടുത്തുയര്‍ത്തി. 2021ല്‍ മാരക്കാനയില്‍ കോപ അമേരിക്കയ്ക്കൊപ്പം മെസ്സിയെയും ആല്‍ബിസെലസ്റ്റെ എടുത്തുയര്‍ത്തി. ആറാം ലോക കപ്പില്‍ സച്ചിന്‍ നേടി. ആറാം കോപയില്‍ മെസ്സിയും നേടി.

ഇക്കുറി മാരക്കാനയിലെ ഫൈനല്‍ മത്സരം ഒട്ടും എളുപ്പമായിരുന്നില്ല ഇരു ടീമുകള്‍ക്കും. 41 ഫൗള്‍, 9 മഞ്ഞക്കാര്‍ഡ് എന്ന കണക്കു തന്നെ മതി മത്സരത്തിന്റെ കാഠിന്യം വ്യക്തമാകാന്‍. 22-ാം മിനറ്റിലായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പിന്‍നിരയില്‍ വാരകള്‍ക്കകലെ നിന്ന് റോഡ്രിഗോ പോള്‍ വലതു വിങ്ങ് ലക്ഷ്യമാക്കി മുന്നിലേക്കു പന്തു നീട്ടിയപ്പോള്‍ തന്നെ മരിയ ഓടിത്തുടങ്ങിയിരുന്നു. ഓട്ടം തുടങ്ങുന്ന വേളയില്‍ ബ്രസീല്‍ പ്രതിരോധ നിരയിലെ റെനാന്‍ ലോദി മരിയയ്ക്കൊപ്പമാണ്. സമാന്തരമായി അതേ നിലയില്‍ ഇടതുവിങ്ങില്‍ ഡാനിലോയും ഓടുന്നു. ആ ഓഫ്സൈഡ് കുരുക്ക് പൊട്ടിച്ച് മരിയ കുതിച്ചു.

ഡി പോളിന്റെ പന്ത് തടയാനുള്ള ലോദിയുടെ ശ്രമം പാളിയപ്പോള്‍ അദ്ദേഹത്തിന്റെ ഇടംകാലില്‍ തട്ടിത്തെറിച്ച പന്ത് തളികയിലെന്നവണ്ണം മരിയയ്ക്കു മുന്നിലേക്ക്. മരിയയാകട്ടെ ഇടംകാല്‍ കൊണ്ടു പന്ത് നിയന്ത്രണത്തിലാക്കി മുന്നോട്ടാഞ്ഞ് ഇടംകാല്‍ കൊണ്ടു തന്നെ അതു കോരി ബ്രസീലിയന്‍ ഗോളി എഡേഴ്സണിന്റെ തലയ്ക്കു മുകളിലൂടെ പോസ്റ്റിന്റെ മധ്യത്തിലേക്കു കോരിയിട്ടു.. ഗോള്‍!!! രണ്ടാം പകുതിയിലെ ഭൂരിഭാഗം സമയവും ഈ ഗോളിന്റെ ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു അര്‍ജന്റീന. അതിലവര്‍ വിജയിച്ചതോടെ കിരീടം സ്വന്തം. സമനില നേടാന്‍ ബ്രസീലിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അര്‍ജന്റീന വലയ്ക്കു മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസിനെ മറികടക്കാനായില്ല. മറുഭാഗത്ത് വിജയമുറപ്പിക്കുന്ന രണ്ടാം ഗോളിന്റെ വക്കില്‍ മെസ്സി എത്തിയെങ്കിലും വഴുതി വീണു പോയതോടെ കാല്‍ക്കീഴില്‍ നിന്ന് പന്ത് റാഞ്ചിയ എഡേഴ്സണ്‍ അവസാനനിമിഷം ബ്രസീലിന്റെ രക്ഷകനായി.

ബ്രസീലിന്റെ ഓഫ്സൈഡ് കുരുക്കില്‍ പെടാതെ ഡി മരിയയുടെ കുതിപ്പ്

ചരിത്രത്തില്‍ അര്‍ജന്റീനയുടെ 15-ാം കോപ കിരീട നേട്ടമാണിത്. ഇതോടെ കോപ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ രാജ്യമെന്ന പദവി യുറുഗ്വായ്ക്കൊപ്പം അവര്‍ പങ്കുവെയ്ക്കുന്നു. ബ്രസീലിന്റെ ഷോകേസിലുള്ളത് ഒമ്പത് കോപ കിരീടങ്ങളാണ്. പെറു, പാരഗ്വായ്, ചിലി എന്നിവര്‍ക്ക് രണ്ടു വീതമുണ്ട് സമ്പാദ്യം. കൊളംബിയ, ബൊളീവിയ എന്നിവര്‍ക്ക് ഓരോന്നു വീതവും.

എന്നും മെസ്സിയുടെ നിഴലായി നില്‍ക്കാന്‍ വിധിക്കപ്പെട്ട താരമാണ് എയ്ഞ്ചല്‍ ഡി മരിയ. പക്ഷേ, ഇപ്പോള്‍ അര്‍ജന്റീന പ്രധാന കിരീടം നേടുകയാണെങ്കില്‍ ഗോളടിക്കാനുള്ള നിയോഗം ഈ മാലാഖയ്ക്കാണെന്നു തോന്നുന്നു. 2008 ഒളിമ്പിക്സില്‍ അര്‍ജന്റീന സ്വര്‍ണ്ണം നേടിയപ്പോള്‍ ഗോള്‍ ഡി മരിയയുടെ വകയായിരുന്നു. നൈജീരിയയ്ക്കെതിരായ ഫൈനലിലെ 58-ാം മിനിറ്റിലായിരുന്നു ആ ഗോള്‍. 2021 കോപ അമേരിക്കയിലെ ഫൈനലില്‍ ബ്രസീലിനെതിരെ 22-ാം മിനിറ്റില്‍ തന്റെ നിയോഗം ഡി മരിയ പൂര്‍ത്തിയാക്കി.

എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ബ്രസീലിയന്‍ ഗോളിലേക്ക്

സെമിയിലും ഫൈനലിലും അര്‍ജന്റീനയെ യഥാര്‍ത്ഥത്തില്‍ ജയിപ്പിച്ചത് ഗോള്‍ വലയ്ക്കു മുന്നില്‍ വന്‍മതിലായ എമിലിയാനോ മാര്‍ട്ടിനസ് എന്ന ഗോളിയാണ്. സെമിയില്‍ ഷൂട്ടൗട്ടില്‍ കൊളംബിയയ്ക്കെതിരെ മൂന്നു കിക്കുകള്‍ രക്ഷപ്പെടുത്തിയ മാര്‍ട്ടിനസ് ഫൈനലില്‍ റിച്ചാലിസന്റെയും ഗബ്രിയേല്‍ ബാര്‍ബോസയുടെയും ഗോളെന്നുറച്ച രണ്ടു ഷോട്ടുകളാണ് തട്ടിയകറ്റിയത്. അങ്ങനെ ഈ പകരക്കാരന്‍ ഗോള്‍ കീപ്പര്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരമായി. ഒന്നാം നമ്പര്‍ ഗോളി ഫ്രാങ്കോ അര്‍മാനിക്ക് കോവിഡ് ബാധിച്ചതുകൊണ്ടു മാത്രമാണ് മാര്‍ട്ടിനസിന് അവസരം ലഭിച്ചത്. ചിലിക്കെതിരെയായിരുന്നു അരങ്ങേറ്റം. ഏഴു കളികളില്‍ ആകെ വഴങ്ങിയത് മൂന്നു ഗോള്‍ മാത്രം. ഫൈനല്‍ ഉള്‍പ്പെടെ നാലു കളികളില്‍ ഗോള്‍ വഴങ്ങിയതേയില്ല. നാലു പെനാല്‍റ്റികളും രക്ഷപ്പെടുത്തി. 2018 മുതല്‍ അര്‍ജന്റീന എട്ടു ഗോളിമാരെ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ആ പരീക്ഷണങ്ങള്‍ മാര്‍ട്ടിനസില്‍ അവസാനിക്കുകയാണെന്നു തോന്നുന്നു.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരവുമായി എമിലിയാനോ മാര്‍ട്ടിനസ്

1990 ലോക കപ്പില്‍ പകരക്കാരനായി അരങ്ങേറിയ സെര്‍ജിയോ ഗോയ്ക്കോച്ചിയയെ ഓര്‍മ്മിപ്പിച്ചു മാര്‍ട്ടിനസ്. ആ ലോക കപ്പിലെ രണ്ടാം റൗണ്ടില്‍ സോവിയറ്റ് യൂണിയനെ നേരിടുമ്പോള്‍ ഒന്നാം ഗോളി നെറി പുംപിഡോ പരിക്കേറ്റു പുറത്തായതാണ് ഗോയ്ക്കോച്ചിയയെ കളത്തിലെത്തിച്ചത്. പിന്നീട് മാറഡോണ നയിച്ച അര്‍ജന്റീന ടീമിനെ ഗോയ്ക്കോച്ചിയ ഏതാണ്ട് ഒറ്റയ്ക്കു തന്നെ മുന്നോട്ടു നയിക്കുന്നത് ഫുട്ബോള്‍ ലോകം കണ്ടു. പ്രി ക്വാര്‍ട്ടറില്‍ ബ്രസീലിനെ 1-0ന് തോല്പിക്കാന്‍ അര്‍ജന്റീനയെ സഹായിച്ചത് ‘എല്‍ ഗോയ്കോ’ നടത്തിയ സേവുകളാണ്. ക്വാര്‍ട്ടറില്‍ യൂഗോസ്ലാവ്യക്കെതിരെയും സെമിയില്‍ ഇറ്റലിക്കെതിരെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിപ്പിച്ചു. ഫൈനലില്‍ ജര്‍മ്മനിയുടെ ആന്ദ്രിയാസ് ബ്രെഹ്മെ എടുത്ത പെനാല്‍റ്റി രക്ഷിക്കുന്നതില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് പാളിപ്പോയത്. ഗോയ്കോച്ചിയയ്ക്ക് ഒരേയൊരു പിഴവ് സംഭവിച്ച അന്ന് അര്‍ജന്റീനയും മാറഡോണയും 0-1ന് തോറ്റു. 1991ലും 1993ലും കോപ അമേരിക്ക, 1992ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, 1993ല്‍ ആര്‍ട്ടെമിയോ ഫ്രാഞ്ചി ട്രോഫി എന്നിവയെല്ലാം അര്‍ജന്റീന നേടിയപ്പോള്‍ ഗോള്‍വലയ്ക്കു മുന്നില്‍ മറ്റാരുമായിരുന്നില്ല. 1993നു ശേഷം 2021ല്‍ കോപയില്‍ അര്‍ജന്റീന മുത്തമിടുമ്പോഴും പകരക്കാരന്‍ ഗോളി വീരനായകനാവുന്നു.

മാറഡോണയും സെര്‍ജിയോ ഗോയ്ക്കോച്ചിയയും

ഇക്കുറി അര്‍ജന്റീനയുടേത് സമ്പൂര്‍ണ്ണ വിജയമാണ്. കോപ മാത്രമല്ല വ്യക്തിഗത മികവിനുള്ള അവാര്‍ഡുകളും അവര്‍ തൂത്തുവാരി. മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സി. ടോപ് സ്കോറര്‍ നാലടിച്ച ലയണല്‍ മെസ്സി. രണ്ടാം സ്ഥാനത്തും അര്‍ജന്റീനക്കാരന്‍ തന്നെ -മൂന്നടിച്ച ലൗതാരോ മാര്‍ട്ടിനസ്. മികച്ച ഗോളി എമിലിയാനോ മാര്‍ട്ടിനസ്. ഫൈനലിലെ താരം -എയ്ഞ്ചല്‍ ഡി മരിയ.. എല്ലാവരും അര്‍ജന്റീനക്കാര്‍. ഒന്നും എവിടെയും പോയിട്ടില്ല.

കോപ അമേരിക്ക കിരീടം വീണ്ടും അര്‍ജന്റീന നേടണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ഒരു പക്ഷേ ഡീഗോ മാറഡോണ ആയിരിക്കും. ആ മോഹം യാഥാര്‍ത്ഥ്യമാവുന്നതു കാണാന്‍ അദ്ദേഹം ഉണ്ടായില്ല എന്നു മാത്രം. എങ്കിലും മെസ്സിയും സംഘവും മാറഡോണയുടെ മോഹം സാക്ഷാത്കരിച്ചിരിക്കുന്നു. മാറഡോണയ്ക്ക് ഇതിലും ഉചിതമായ ആദരാഞ്ജലി മറ്റെന്താണുള്ളത്?

Previous articleവീടു വെയ്ക്കാന്‍ ഇനി കുരുക്കില്ല
Next articleസമരകലുഷിതമായ നിയമസഭ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here