കോവിഡ് കാലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും വെള്ളത്തിലൊഴുക്കി നടത്തുന്ന സമരകോലാഹലം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശത്തിനു വിധേയമായത് വൈകുന്നേരം 6 മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ്. സമരക്കാരില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാത്രി 10 മണിയോടെ അടുത്ത വിവരം വന്നത് -സമരം നയിച്ചിരുന്നവരില്‍ ഒരാളായ കെ.എസ്.യു. പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. പക്ഷേ, വാര്‍ത്ത അതല്ല. കോവിഡ് ബാധ സ്ഥിരീകരിച്ച പരിശോധനയ്ക്ക് പ്രസിഡന്റ് വിധേയനായത് വ്യാജ പേരില്‍!! യുവതലമുറ നേതാവിന്റെ പ്രതിബദ്ധത അടിപൊളിയല്ലേ?

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയ അഭിജിത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. തിരുവനന്തപുരത്തെ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായരാണ് പരാതിക്കാരന്‍.

ഇന്ന് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ തച്ചപ്പള്ളി ഗവ. എല്‍.പി. സ്കൂളിലാണ് കോവിഡ് പരിശോധന നടന്നത്. ഇവിടെ പരിശോധിച്ച 48 പേരില്‍ 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥീരീകരിച്ച മൂന്നു പേരിൽ അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയയാളെ പരിശോധനയ്ക്കു ശേഷം കാണാതായി. അബി എന്ന പേരുകാരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടിലെന്നും ക്വാറന്റൈനിലാണോയെന്ന് അറിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ പറയുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ കെ.എസ്‍.യു. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയാണ് അബിയെന്ന വ്യാജപേരിൽ എത്തിച്ച് പരിശോധന നടത്തിയതെന്നും കണ്ടെത്തി. അഭിജിത്തിന്റെ യഥാര്‍ത്ഥ ഫോണ്‍ നമ്പരും പരിശോധനാവേളയില്‍ കൊടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണിതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഈയടുത്ത ദിവസങ്ങളില്‍ നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം.അഭിജിത്ത്. അതിനാല്‍ രോഗം സ്ഥിരീകരിച്ചത് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെ മുഴുവന്‍ ഭീഷണിയിലാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ പൊലീസുദ്യോഗസ്ഥരുടെ സ്ഥിതിയും അതു തന്നെ. അതെ സമയം അഭിജിത്തിനൊപ്പം പരിശോധനയ്ക്കു വിധേയനായ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

എന്തിനുമേതിനും ഫേസ്ബുക്കിലെത്തുന്ന കെ.എസ്.യു. പ്രസിഡന്റ് തനിക്ക് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷവും അതിനെക്കുറിച്ച് ഒരക്ഷരം കുറിച്ചിട്ടില്ല, ആരെയും അറിയിച്ചിട്ടില്ല. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള പ്രതിബദ്ധത പോലും ഈ യുവനേതാവിനില്ലേ?

പേര് എന്തിന് തെറ്റായി നല്‍കിയെന്നതിന് വിശദീകരിക്കാന്‍ അഭിജിത്ത് നന്നായി വിയര്‍ക്കേണ്ടി വരും. സമൂഹത്തോടുള്ള ഉത്തരവാദിത്വവും നിയമപരമായ ബാദ്ധ്യതയും ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന് അറിയില്ല എന്നു പറയുന്നത് എല്ലാ ന്യായീകരണങ്ങള്‍ക്കും അതീതമാണ്.

Previous articleജലീല്‍ സാക്ഷി പോലുമല്ല!
Next article144 കാത്തിരിക്കുന്ന മലയാളി
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS