Reading Time: 5 minutes

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത ഇന്നൊരു ഉത്തരവിറക്കി. അതോടെ നാടുനീളെ വാര്‍ത്തയായി, ചര്‍ച്ചയായി -കേരളത്തില്‍ 144 പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 മുതല്‍ 31 വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും കേരളത്തില്‍ നിരോധിച്ചുവെന്നാണ് വിവരം അറിയാത്തവരായി ഇനി മലയാളികള്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ല! കേരളാ പൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതു സംബന്ധിച്ച പോസ്റ്റുമായെത്തി.

പക്ഷേ, ചെറിയൊരു പ്രശ്നം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഈ പറഞ്ഞ പോസ്റ്റ് തയ്യാറാക്കിയ പൊലീസുകാരുള്‍പ്പെടെ ആരെങ്കിലും വ്യക്തമായി വായിച്ചു മനസ്സിലാക്കിയോ എന്നു സംശയം. കാരണം 1973ലെ ക്രമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 144 പ്രകാരം ചീഫ് സെക്രട്ടറി ഒരു നിരോധനവും കേരളത്തില്‍ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അത് ഫലത്തില്‍ ലോക്ക് ഡൗണായി മാറില്ലേ? ഇനിയൊരു ലോക്ക് ഡൗണ്‍ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തിനു ശേഷം പറഞ്ഞതിനു വിരുദ്ധമായി മാറില്ലേ ഈ ഉത്തരവ്? പൊലീസുകാര്‍ അതെങ്കിലും ചിന്തിക്കണ്ടേ?

അപ്പോള്‍പ്പിന്നെ ചീഫ് സെക്രട്ടറി പറഞ്ഞതെന്താണ്? G.O.Rt)No.774/2020/DMD നമ്പരിലുള്ള ഉത്തരവ് വിശദമായി പരിശോധിക്കുമ്പോള്‍ നിരോധനാജ്ഞ എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാവും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച No.40-3/2020-DM-I(A) ഉത്തരവ് പ്രകാരമാണ് കേരള ചീഫ് സെക്രട്ടറി 2020 ഒക്ടോബര്‍ 1ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഇത്തരത്തില്‍ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കാം.

ഉത്തരവ്

1. ആഭ്യന്തര മന്ത്രാലയത്തിന്റെ മുകളില്‍ പറഞ്ഞിട്ടുള്ള ഉത്തരവിന്റെ തുടര്‍ച്ചയായി താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നു.

i. സംസ്ഥാനത്ത് കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും രോഗത്തിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമായേക്കാമെന്ന അപകടം നിലനില്‍ക്കുന്നു. ആയതിനാല്‍, ഒരു സമയത്ത് 5 പേരില്‍ കൂടുതലാളുകളുടെ യോഗമോ കൂടിച്ചേരലുകളോ അനുവദിക്കാനാവില്ല.

ii. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ (സി.ആര്‍.പി.സി.) 144 വകുപ്പിലെ വ്യവസ്ഥകള്‍ മേല്‍പ്പറഞ്ഞ ഉത്തരവനുസരിച്ച് പ്രയോഗിക്കാവുന്നതാണ്.

iii. ജില്ലാ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ ജില്ലകളില്‍ നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തി രോഗവ്യാപനം തടയുന്നതിന് സി.ആര്‍.പി.സി. 144ലെ അനുയോജ്യമായ വ്യവസ്ഥകളും ഉത്തരവുകളും വിനിയോഗിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും രോഗവ്യാപന സാദ്ധ്യത നിലനില്‍ക്കുന്ന മറ്റു മേഖലകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. വിവാഹം, ശവസംസ്കാരം എന്നിവയ്ക്ക് നിലവിലുള്ള ഇളവുകള്‍ തുടരാമെങ്കിലും ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ.) ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം.

2. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ചുനല്‍കും.

3. 2020 ഒക്ടോബര്‍ 3 രാവിലെ 9.00 മുതല്‍ 2020 ഒക്ടോബര്‍ 31 വരെയാണ് ഇത് പ്രാബല്യത്തിലുണ്ടാവുക.

(ഗവര്‍ണ്ണറുടെ ഉത്തരവിന്‍പ്രകാരം)
ഡോ.വിശ്വാസ് മേത്ത
ചീഫ് സെക്രട്ടറി

ഈ ഉത്തരവിലെ assembly or gathering of more than 5 people cannot be permitted അഥവാ 5 പേരില്‍ കൂടുതലാളുകളുടെ യോഗമോ കൂടിച്ചേരലുകളോ അനുവദിക്കാനാവില്ല എന്ന പരാമര്‍ശമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പണ്ഡിതകേസരികള്‍ വ്യാഖ്യാനിച്ചുവശായിരിക്കുന്നത്. ആവശ്യമാണെങ്കില്‍ വകുപ്പ് 144 പ്രകാരമുള്ള അധികാരം പ്രയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരായ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുന്നതിനുള്ള സാഹചര്യം വിവരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് പാവങ്ങള്‍ക്കു മനസ്സിലായില്ല.

സാധാരണ സര്‍ക്കാര്‍ ഉത്തരവുകളില്‍ അതു പുറപ്പെടുവിക്കുന്നതിനുള്ള സാഹചര്യം ആദ്യം വിശദീകരിക്കും. അതിനു ശേഷമാണ് ആ സാഹചര്യത്തിനു മേലുള്ള നടപടി പ്രഖ്യാപിക്കുക. ഈ ഉത്തരവിലും ആ രീതി തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. പക്ഷേ, നിരോധനാജ്ഞ കാംക്ഷിക്കുന്നവര്‍ ആവേശത്തള്ളിച്ചയില്‍ അതു മറന്നുപോയി.

ഉത്തരവിന്റെ ഘടന മാത്രമല്ല മറന്നത്. ചീഫ് സെക്രട്ടറിയുടെ അധികാരം സംബന്ധിച്ചും അവര്‍ മറന്നുപോയി. സി.ആര്‍.പി.സി. 144 വിനിയോഗിക്കാനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഥവാ ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥനാണുള്ളത്. ചീഫ് സെക്രട്ടറിക്കു നേരിട്ട് സി.ആര്‍.പി.സി. 144 വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഇല്ല. അതിന് വേറെ വകുപ്പുണ്ടാവാം.

ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 144 ഇതാണ്.

Section 144 in The Code Of Criminal Procedure, 1973

144. Power to issue order in urgent cases of nuisance of apprehended danger.

(1) In cases where, in the opinion of a District Magistrate, a Sub- divisional Magistrate or any other Executive Magistrate specially empowered by the State Government in this behalf, there is sufficient ground for proceeding under this section and immediate prevention or speedy remedy is desirable, such Magistrate may, by a written order stating the material facts of the case and served in the manner provided by section 134, direct any person to abstain from a certain act or to take certain order with respect to certain property in his possession or under his management, if such Magistrate considers that such direction is likely to prevent, or tends to prevent, obstruction, annoyance or injury to any person lawfully employed, or danger to human life, health or safety, or a disturbance of the public tranquility, or a riot, of an affray.

(2) An order under this section may, in cases of emergency or in cases where the circumstances do not admit of the serving in due time of a notice upon the person against whom the order is directed, be passed ex parte.

(3) An order under this section may be directed to a particular individual, or to persons residing in a particular place or area, or to the public generally when frequenting or visiting a particular place or area.

(4) No order under this section shall remain in force for more than two months from the making thereof: Provided that, if the State Government considers it necessary so to do for preventing danger to human life, health or safety or for preventing a riot or any affray, it may, by notification, direct that an order made by a Magistrate under this section shall remain in force for such further period not exceeding six months from the date on which the order made by the Magistrate would have, but for such order, expired, as it may specify in the said notification.

(5) Any Magistrate may, either on his own motion or on the application of any person aggrieved, rescind or alter any order made under this section, by himself or any Magistrate subordinate to him or by his predecessor- in- office.

(6) The State Government may, either on its own motion or on the application of any person aggrieved, rescind or alter any order made by it under the proviso to sub- section (4).

(7) Where an application under sub- section (5) or sub- section (6) is received, the Magistrate, or the State Government, as the case may be, shall afford to the applicant an early opportunity of appearing before him or it, either in person or by pleader and showing cause against the order; and if the Magistrate or the State Government, as the case may be, rejects the application wholly or in part, he or it shall record in writing the reasons for so doing.

അപ്പോള്‍ ആവേശ കുമാരന്മാര്‍ ശ്രദ്ധിക്കുക. കേരളത്തില്‍ 144 പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ 3നും 31നും ഇടയില്‍ അതു വിനിയോഗിക്കാന്‍ ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്തിയിട്ടേയുള്ളൂ. അതുപ്രകാരം കളക്ടര്‍മാര്‍ തീരുമാനമെടുക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

ഇപ്പോഴത്തെ നിലയില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ വരാന്‍ സാദ്ധ്യതയുണ്ട്. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, ആലപ്പുഴ 774, തിരുവനന്തപുരം 708 എന്നിങ്ങനെയാണ് ഒക്ടോബര്‍ 1ന് കോവിഡ് ബാധിതരുടെ കണക്ക്. 620 രോഗികള്‍ പുതിയതായി വന്ന കൊല്ലം, 603 പേര്‍ വന്ന തൃശ്ശൂര്‍ എന്നിവിടങ്ങളിലും 144 പ്രഖ്യാപിക്കാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു. കാസര്‍കോട് 447, കോട്ടയം 316, പാലക്കാട് 297, കണ്ണൂര്‍ 279, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67 എന്നിവിടങ്ങളില്‍ നിരോധനാജ്ഞയ്ക്കുള്ള സാഹചര്യം തല്‍ക്കാലം ഉണ്ടെന്നു തോന്നുന്നില്ല.

Previous article‘കോവിഡ് വ്യാജ’ന്‍റെ സാമൂഹികപ്രതിബദ്ധത
Next articleപ്രോട്ടോക്കോള്‍ മാത്രമാണോ വിഷയം?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here