ഒഡിഷക്കാരന്‍ ദനാ മാഝിയെ അറിയാത്തവരായി ഇന്ന് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാവുമെന്നു തോന്നുന്നില്ല. പൊട്ടിക്കരയുന്ന മകളെ സാക്ഷിയാക്കി, ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമലില്‍ താങ്ങി നടക്കേണ്ടി വന്ന ഹതഭാഗ്യന്‍. ഒഡിഷയില്‍ നടക്കുന്നതായി പറയപ്പെടുന്ന എല്ലാ കൊള്ളരുതായ്മകളുടെയും നിരാലംബ പ്രതീകമായി ഈ 42കാരന്‍ മാറിയിരിക്കുന്നു. കാലഹന്ദിയിലെ ഭവാനിപട്‌ന ആസ്പത്രിയില്‍ നിന്ന് ഭാര്യ അമാങ് ദേയിയുടെ മൃതദേഹവുമേന്തി മാഝിക്ക് കാല്‍നടയായി സഞ്ചരിക്കേണ്ടി വന്നത് ഇന്ത്യക്കാരുടെ മാത്രമല്ല വിദേശികളുടെയും മനഃസാക്ഷിയെ ഞെട്ടിച്ചു. ബഹറൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മാഝിക്കും കുടുംബത്തിനും ധനസഹായം പ്രഖ്യാപിച്ചു. തുക എത്രയാണെന്ന് അറിവായിട്ടില്ല. ഒരു ബഹറൈനി ദിനാര്‍ എന്നാല്‍ 178 രൂപയാണെന്നു മാത്രമറിയാം.

DANA MAJHI1.jpg

DANA MAJHI2

അമാങ് ദേയിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാഝിക്ക് ഭവാനിപട്‌ന ആസ്പത്രിയിലെ ജീവനക്കാര്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത് എല്ലാവരും ചര്‍ച്ച ചെയ്തു. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. അനാസ്ഥയ്‌ക്കെതിരെ പലരും ഘോരഘോരം പ്രസംഗിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ, വീണ്ടും ഇവന്‍ എഴുന്നള്ളിക്കുന്നത് എന്തിനാ എന്ന സംശയം നിങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുക സ്വാഭാവികം. ആ സംശയം ന്യായമാണ്. ഭാര്യയുടെ മൃതദേഹം ചുമന്നുപോകുന്ന മാഝിയുടെ ചിത്രം മലയാള പത്രങ്ങളില്‍ പോലും ഒന്നാം പേജിലിടം നേടിയതാണ്. പക്ഷേ, സംഭവത്തിനൊരു മറുവശമുണ്ട്. മാഝിയുടെ ദുര്യോഗം ‘ആഘോഷിച്ചവര്‍’ അതിനു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ എന്തുകൊണ്ടോ ശ്രദ്ധിക്കാതെ പോയി എന്നു ഞാന്‍ പറയുമ്പോള്‍ ഞെട്ടരുത്. നമ്മള്‍ കണ്ടതല്ല സത്യം. മറ്റാരുമല്ല, മാഝി തന്നെയാണ് ഇതു പറയുന്നത്.

TOI

ഇപ്പോള്‍ പ്രത്യേകിച്ച് ഒരു സ്ഥാപനത്തിലും ജോലി ഇല്ലാത്തതിനാല്‍ വായിക്കാന്‍ ധാരാളം സമയം ലഭിക്കുന്നുണ്ട്. രാവിലെ പത്രം കുറച്ചുകൂടി ഗൗരവത്തോടെ വായിച്ചുതുടങ്ങിയിരിക്കുന്നു. വീട്ടില്‍ വരുത്തുന്നവ മാത്രമല്ല, ഓണ്‍ലൈനിലും പത്രപാരായണമുണ്ട്. ഒരു ദിവസം രാവിലെ കൈയില്‍ കിട്ടുന്ന പത്രത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് അതു സംബന്ധിച്ച് ലഭ്യമായ വാര്‍ത്തകള്‍ മുഴുവന്‍ ഗൂഗിളില്‍ പരതിയെടുത്ത് വായിക്കും. അത്തരത്തില്‍, ദനാ മാഝിക്കെന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയുടെ ഫലമായി നടത്തിയ തിരച്ചിലിനിടെ യാദൃശ്ചികമായാണ് ആ വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഭുവനേശ്വര്‍ പ്രാദേശിക പേജില്‍ ബികാഷ് ഖേംക എന്ന ലേഖകന്റെ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ തിരുവന്തപുരം എഡിഷനില്‍ അതു കണ്ടില്ല. ശ്രദ്ധയില്‍പ്പെടാത്തതാണോ എന്നറിയില്ല. ഏതായാലും, ബികാഷിന്റെ റിപ്പോര്‍ട്ട് വായിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മാഝിയോട് സഹതപിക്കുന്ന 99 ശതമാനം പേരും ഈ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടാവില്ല എന്നുറപ്പ്. എന്നുവെച്ച്, മാഝിയോട് സഹതപിച്ചത് തെറ്റായിപ്പോയി എന്നര്‍ത്ഥവുമില്ല.

DANA MAJHI3.jpg

DANA MAJHI4.jpg

മാഝിയുടെ ദുര്യോഗവും അദ്ദേഹത്തിന്റെ പീഡയും കുറച്ചുകാണാനുള്ള ശ്രമമല്ല ഞാന്‍ നടത്തുന്നത് എന്ന് ആദ്യമേ പറയട്ടെ. നമ്മള്‍ പ്രതീക്ഷിക്കുന്നതിനും എത്രയോ അപ്പുറത്താണ് യഥാര്‍ത്ഥ സത്യം എന്ന തിരിച്ചറിവ് നിങ്ങളുമായി പങ്കിടാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ടെലിവിഷന്‍ സ്‌ക്രീനില്‍ രണ്ടു ദിവസം ദനാ മാഝി നിറഞ്ഞു നിന്നു. ഭാര്യയുടെ വിയോഗം മാഝിയുടെ സമനില തെറ്റിച്ചതായി തോന്നി. ഇപ്പോള്‍ അദ്ദേഹം സാധാരണനില കൈവരിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. എന്താണ് യഥാര്‍ത്ഥത്തില്‍ ആസ്പത്രിയില്‍ സംഭവിച്ചതെന്ന് ചോദിച്ചറിയാനാണ് ബികാഷ് അദ്ദേഹത്തെ സമീപിച്ചത്. മാഝി സംസാരിക്കാന്‍ തയ്യാറായി. ബികാഷിനോട് പറഞ്ഞത് പിന്നീട് അദ്ദേഹം മറ്റു മാധ്യമപ്രവര്‍ത്തകരോടും ആവര്‍ത്തിച്ചു.

DANA MAJHI5.jpg

DANA MAJHI6.jpg

ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുമായി ആസ്പത്രിയില്‍ നിന്നിറങ്ങിയത് അവിടെ ആരോടും പറയാതെ ആയിരുന്നുവെന്നാണ് മാഝിയുടെ പുതിയ വെളിപ്പെടുത്തല്‍. മാത്രമല്ല, കാലഹന്ദി ജില്ലയിലെ ഭവാനിപട്‌ന ആസ്പത്രിയില്‍ നിന്ന് മൃതദേഹം 60 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമമായ മെല്‍ഘാരയില്‍ എത്തിക്കാന്‍ ആരുടെയും സഹായം തേടിയില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. ‘അമാങ് ദേയിയെ മൂന്നു പ്രാവശ്യം ഡോക്ടര്‍ വന്നു നോക്കി. അവസാനം വന്നത് രാത്രി 10നാണ്. പുലര്‍ച്ചെ രണ്ടു മണിയോടെ അവള്‍ മരിച്ചു. അവള്‍ ഇനിയില്ല എന്നു മനസ്സിലായപ്പോള്‍ വനിതാ വാര്‍ഡിലെ രോഗികളടക്കം ആരെയുമറിയിക്കാതെ അവളുടെ ശരീരവുമെടുത്തിറങ്ങി’ -മാഝിയുടെ വാക്കുകള്‍. വനിതാ വാര്‍ഡില്‍ അറ്റന്‍ഡര്‍മാര്‍ ആരുമില്ലാതിരുന്നതിനാലാണ് താന്‍ ആരെയും അറിയിക്കാതെ ഇറങ്ങിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

‘മോ മുണ്ട കാമാ കാലാ നഹിന്‍ സെ മാലാ പാരെ’.

‘ഭാര്യയുടെ മരണം എന്റെ തലച്ചോറിനെ ബാധിച്ചു’ -മാഝിയുടെ വാക്കുകള്‍. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അതിനാല്‍ത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വാഹനം കിട്ടുമോ എന്ന് ആരോടും ചോദിച്ചില്ല. ഭവാനിപട്‌നയില്‍ തങ്ങള്‍ക്ക് ബന്ധുക്കളാരുമില്ല. അതിനാലാണ് 10 കിലോമീറ്റര്‍ അകലെയുള്ള സഗഡയില്‍ എത്തിയ ശേഷം സഹായം തേടാന്‍ തീരുമാനിച്ചതെന്നു മാഝി വിശദീകരിച്ചു. ദനാ മാഝിയെപ്പോലെയോ അതിലേറെയോ ദുരോഗമനുഭവിക്കുന്നവര്‍ ഒഡിഷയും ബിഹാറും പോലുള്ള സംസ്ഥാനങ്ങളില്‍ ധാരാളമുണ്ട്. രാജ്യം എത്ര പുരോഗമിച്ചാലും ഇവരുടെയൊന്നും ജീവിതത്തിന് പ്രോത്സാഹജനകമായ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് സത്യം. പണക്കാര്‍ കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമാകുന്ന വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആരു ഭരിച്ചാലും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാവും എന്നു തോന്നുന്നില്ല.

DANA MAJHI7.jpg

മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് ദനാ മാഝിയുടെയും അമാങ് ദേയിയുടെയും കഥ വലിയൊരു പാഠമാണ്, ജീവിതപാഠം. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായവര്‍ക്കും പാഠം തന്നെ. ഏതൊരു വിഷയത്തെക്കുറിച്ചും നിഗമനത്തിലെത്തും മുമ്പ് അതിന്റെ എല്ലാ വശങ്ങളും ആവര്‍ത്തിച്ചു പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

അമാങ് ദേയിയെയും ചുമന്നു പോകുന്ന ദനാ മാഝിയുടെ വീഡിയോ

FOLLOW
 •  
  766
  Shares
 • 716
 • 28
 •  
 • 22
 •  
 •