Reading Time: 9 minutes

2010 ഒക്ടോബര്‍ 7, വ്യാഴാഴ്ച. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം. കായികമേള റിപ്പോര്‍ട്ട് ചെയ്യാനുള്ള മാതൃഭൂമി സംഘത്തില്‍ ഞാനുണ്ട്. അന്നത്തെ ടീം ക്യാപ്റ്റന്‍ അടുത്തിടെ അന്തരിച്ച വി.രാജഗോപാല്‍. കെ.വിശ്വനാഥ്, ജോസഫ് മാത്യു, ഡി.ശ്രീജിത്ത്, ഷൈന്‍ മോഹന്‍ എന്നിവരായിരുന്നു മറ്റു റിപ്പോര്‍ട്ടര്‍മാര്‍. കെ.കെ.സന്തോഷ്, പി.ജി.ഉണ്ണികൃഷ്ണന്‍, സാബു സ്‌കറിയ എന്നിവര്‍ പടംഗ്രാഫര്‍മാര്‍. ഇതില്‍ ഓര്‍മ്മയായ വി.ആര്‍.ജിക്കു പുറമെ ഞാനും ശ്രീജിത്തും രാജിവെച്ചിറങ്ങി. ബാക്കിയെല്ലാവരും ഇപ്പോഴും മാതൃഭൂമിയിലുണ്ട്.

2010_Commonwealth_Games_Logo.jpg

നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ടയ്ക്കു സമീപത്തുള്ള ഡോ.കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചിലാണ് ഗെയിംസ് റിപ്പോര്‍ട്ടിങ്ങില്‍ എന്റെ പ്രധാന ദൗത്യം. 36 സ്വര്‍ണ്ണമെഡലുകള്‍ തീരുമാനിക്കപ്പെടുന്ന ഷൂട്ടിങ് മത്സരങ്ങള്‍ അവിടെയാണ്. ഇന്ത്യയ്ക്ക് നല്ല മെഡല്‍ സാദ്ധ്യതയുള്ള ഇനങ്ങള്‍. റിപ്പോര്‍ട്ടിങ്ങിനൊപ്പം മറ്റൊരു ജോലി കൂടിയുണ്ട്. ഇന്ത്യന്‍ ഷൂട്ടിങ് ടീം ചീഫ് കോച്ച് പ്രൊഫ.സണ്ണി തോമസ് എഴുതുന്ന പംക്തി അദ്ദേഹത്തില്‍ നിന്ന് കേട്ട് പകര്‍ത്തണം. പതിവുപോലെ അതിരാവിലെ സ്ഥലത്തെത്തി. പക്ഷേ, അന്ന് ഇന്ത്യയുടെ ദിവസമായിരുന്നില്ല. 4 സ്വര്‍ണ്ണം പ്രതീക്ഷിച്ചെത്തിയ ഇന്ത്യയ്ക്കു ലഭിച്ചത് 2 സ്വര്‍ണ്ണവും ഒരു വെള്ളിയും മാത്രം. മത്സരങ്ങള്‍ നേരത്തേ തീരുകയും ചെയ്തു. അതിനാല്‍ത്തന്നെ വാര്‍ത്ത വലുതായി എഴുതാനില്ല. പ്രൊഫ.സണ്ണി തോമസിനോട് സംസാരിച്ച് ആവശ്യത്തിനു കുറിപ്പുകളെടുത്ത ശേഷം മീഡിയാ സെന്ററിലെത്തി. വേഗത്തില്‍ ചെറുവാര്‍ത്തയും പംക്തിയും തയ്യാറാക്കി. മലേഷ്യയ്ക്കു വേണ്ടി ഡബ്ള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ മത്സരിക്കാനിറങ്ങിയ അച്ഛനും മകനുമായ എഡ്വേര്‍ഡ് സെങ് ചൈ ഖോര്‍, ബെഞ്ചമിന്‍ ചെങ് ജി ഖോര്‍ എന്നിവരുടെ കുടുംബകാര്യത്തെക്കുറിച്ച് ഒരു കുറിപ്പുമെഴുതി. എല്ലാം ഓഫീസിലേക്കയച്ച് പുറത്തുചാടി. വന്നിട്ട് ഇത്രയും ദിവസമായെങ്കിലും മറ്റു വേദികളിലൊന്നും കാര്യമായി പോകാന്‍ പറ്റിയിട്ടില്ല. ഒരു ദിവസം ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പോയതു മാത്രമാണ് അപവാദം.  അതിനാല്‍ത്തന്നെ നേരത്തേ ജോലി തീര്‍ന്ന സാഹചര്യത്തില്‍ അന്ന് എവിടെയെങ്കിലുമൊക്കെ കറങ്ങുക എന്നതായിരുന്നു ലക്ഷ്യം.

റോബ് ഹാരിസ്

മേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആദ്യ ദിവസം മെയിന്‍ മീഡിയാ സെന്ററില്‍ നിന്നു കിട്ടിയതാണ് ലണ്ടനിലെ ബ്രിസ്റ്റള്‍ ന്യൂസ് ആന്‍ഡ് മീഡിയയിലെ സ്‌പോര്‍ട്‌സ് ലേഖകന്‍ റോബ് ഹാരിസിനെ. അന്നു മുതല്‍ ഞാന്‍ എവിടെപ്പോയാലും റോബ് ഒപ്പം വരും. ഇന്ത്യന്‍ കായികരംഗത്തെക്കുറിച്ച് എന്നെക്കാള്‍ നല്ല അറിവ് റോബിനുണ്ട്. ഷൂട്ടിങ് റേഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. പുറത്ത് ബസ്സിന് കാത്തു നില്‍ക്കുമ്പോള്‍ റോബ് മത്സരക്രമത്തിലൂടെ കണ്ണോടിച്ചു. എന്തോ തീരുമാനിച്ചുറച്ച ഭാവം.
Hey, why don’t we go to the Indira Gandhi Indoor Stadium? Its in the city, isn’t it? -റോബ്.
What’s interesting there? -എന്റെ മറുചോദ്യം.
Women’s wrestling. India has a very good chance to win the medal, even gold. That girl Geeta is too good. You may stand benefitted -ഇന്ത്യയ്ക്ക് മെഡല്‍ സാദ്ധ്യതയെന്ന് റോബ്.

മറ്റേതെങ്കിലും വേദിയിലേക്കു പോകണമെന്നേ ഉണ്ടായിരുന്നുള്ളൂ. റോബിന്റെ അഭിപ്രായം മാനിച്ച് ഗുസ്തി കാണാന്‍ തീരുമാനിച്ചു. നഗരത്തിലെ ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റിലാണ് ഇന്ദിരാ ഗാന്ധി സ്റ്റേഡിയം. ബസ്സില്‍ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.

മാതൃഭൂമിക്കു വേണ്ടി ജോസഫ് മാത്യുവിനാണ് ഗുസ്തി ഡ്യൂട്ടി. ആതിഥേയര്‍ക്ക് നല്ല മെഡല്‍ സാദ്ധ്യതയുള്ള ഇനം. ജോസഫുള്ളതിനാല്‍ എനിക്ക് സര്‍വ്വതന്ത്ര സ്വതന്ത്രനായി ഗുസ്തി കാണാം, വാര്‍ത്തയെക്കുറിച്ച് ചിന്തിക്കാതെ. റോബും ഞാനും മീഡിയ ബോക്‌സില്‍ തന്നെയാണ് ഇരുന്നത്. മത്സരശേഷം വേണ്ടി വന്നാല്‍ മിക്‌സഡ് സോണില്‍ ഗുസ്തിക്കാര്‍ക്കരികിലേക്കു പോകാന്‍ അതായിരുന്നു സൗകര്യം. കളിക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് മിക്‌സഡ് സോണില്‍ വെച്ചാണ്. വനിതകളുടെ 55 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലിലാണ് ഇന്ത്യന്‍ താരം ഗീത മത്സരിക്കാനിറങ്ങുന്നത്. എതിരാളി ഓസ്‌ട്രേലിയയുടെ എമിലി ബെന്‍സ്റ്റെഡ് നേരത്തേ ഗീതയെ തോല്‍പ്പിച്ചിട്ടുണ്ട്. മത്സരം കടുക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍.

2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 55 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ ഇന്ത്യുടെ ഗീത ഫൊഗാട്ടും ഓസ്‌ട്രേലിയയുടെ എമിലി ബെന്‍സ്‌റ്റെഡും ഏറ്റുമുട്ടുന്നു -ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

എന്നാല്‍, ഗോദയില്‍ ഗീതയും എമിലിയും പോരാട്ടം തുടങ്ങിയപ്പോള്‍  ചിത്രത്തില്‍ ഇന്ത്യന്‍ താരം മാത്രം. ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ ഫൈനല്‍ ഇത്രത്തോളം ഏകപക്ഷീയമാവുന്നത് അപൂര്‍വ്വം. മൂന്നു റൗണ്ടുകളാണ് മത്സരം. ആദ്യ റൗണ്ട് 1-0ന് ജയിച്ച ഗീത രണ്ടാം റൗണ്ട് 7-0നാണ് നേടിയത്. വന്‍ വ്യത്യാസം! തുടക്കത്തിലേ ആക്രമണഴിച്ചുവിട്ട ഗീത എതിരാളിയെ നിലം തൊടീച്ചില്ല. ആദ്യ 2 റൗണ്ടുകളില്‍ തന്നെ ഫലം തീരുമാനിക്കപ്പെട്ടതോടെ മൂന്നാം റൗണ്ട് ആവശ്യമായി വന്നില്ല. മത്സരം തീര്‍ന്നപാടെ ഞങ്ങള്‍ മിക്‌സഡ് സോണിലേക്ക് നീങ്ങി. ആദ്യം അവിടേക്കു വന്ന ഗീത പെട്ടെന്നെന്തോ ഓര്‍ത്തപോലെ തിരിഞ്ഞ് ഗാലറിക്കു നേരെ ഓടി. അവിടെ മധ്യവയസ്‌കനായ ഒരാളെ കെട്ടിപ്പിടിച്ചു. ഒരെത്തും പിടിയും കിട്ടാതെ ഇരുട്ടത്തു നിന്ന എനിക്കും റോബിനും ‘ദ വീക്ക്’ ലേഖിക നിരു ഭാട്യയുടെ വാക്കുകള്‍ പ്രകാശമേകി -That’s her father, Mahavir Singh Phogat. I have met him before. He coaches her too. He is a hot cake. With him is Geeta’s wrestler sister, Babita.
റോബ് എന്നെ നോക്കി. ഞാന്‍ റോബിനെയും.
Come let’s give a try. I badly need this story. I’m sure it will be an instant hit -അന്നത്തെ സ്‌പെഷല്‍ ഫൊഗാട്ട് ആണെന്ന് റോബ് ഉറപ്പിച്ചു കഴിഞ്ഞു. മഹാവീര്‍ സിങ്ങുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് എന്റെ സഹായം വേണം. റോബ് എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. ഞങ്ങള്‍ ഗ്യാലറി ലക്ഷ്യമാക്കി, ഗീതയുടെ അച്ഛനരികിലേക്ക്.

നടനും കഥാപാത്രവും: ആമിര്‍ ഖാനും മഹാവീര്‍ സിങ് ഫൊഗാട്ടും

സ്‌റ്റേഡിയത്തിനു പുറത്തെ ഇടനാഴിയില്‍ വെച്ചാണ് മഹാവീര്‍ സിങ് ഫൊഗാട്ടിനെ പിടികൂടാനായത്. ഗീതയുടെ സഹോദരി ബബിത കുമാരിയും സഹായി എന്നു തോന്നിക്കുന്ന പ്രീതം സിങ്‌ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കിടി മനസ്സിലായത്. പറയുന്നത് മനസ്സിലാക്കാന്‍ നല്ല ബുദ്ധിമുട്ട്. സാമാന്യം നന്നായി ഹിന്ദി കൈകാര്യം ചെയ്യാനറിയാം എന്ന അഹങ്കാരവുമായി ഡല്‍ഹി നിരങ്ങാനിറങ്ങിയ എന്റെ ട്രാന്‍സ്‌ഫോര്‍മര്‍ തല്‍ക്ഷണം അടിച്ചുപോയി. മഹാവീറിന്റെ ഹരിയാണ്‍വി പിടിച്ചെടുക്കാന്‍ നന്നേ ബുദ്ധിമുട്ടി എങ്കിലും കാര്യങ്ങള്‍ വിട്ടുപോകാതെ ഒരു വിധം കുറിച്ചെടുത്തു. ബബിതയാണ് പലപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. മഹാവീര്‍ തലകുലുക്കിയതേയുള്ളൂ. ഞങ്ങളുടെ സംസാരം റോബ് കൗതുകപൂര്‍വ്വം നോക്കിനിന്നു, ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും. ചോദിച്ചു മനസ്സിലാക്കുന്ന വിവരങ്ങള്‍ ഞാന്‍ കൈമാറുമെന്ന് റോബിന് നന്നായറിയാം. ഏതായാലും 2010 ഒക്ടോബര്‍ 8, വെള്ളിയാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജില്‍ ഈ ചെറിയ വാര്‍ത്തയുമുണ്ടായിരുന്നു.

വീട്ടിലെ ഗുസ്തി ഗോദയിലേക്കും

ന്യൂഡല്‍ഹി: വീട്ടില്‍ മക്കള്‍ തമ്മിലുള്ള ഗുസ്തിയാണ് അച്ഛനമ്മമാരുടെ പ്രധാന തലവേദന. എന്നാല്‍, വീട്ടിലെ ഗുസ്തിപിടിത്തം അവരുടെ ജീവിതമാക്കി മാറ്റാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? ഇല്ലെന്നു പറയാന്‍ വരട്ടെ. ഹരിയാണയിലെ ഭിവാനിയിലുള്ള മഹാവീര്‍ സിങ് ഫൊഗാട്ട് എന്ന ഫയല്‍വാന്‍ അതാണ് ചെയ്തത്. അയല്‍ക്കാര്‍ കളിയാക്കിയെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. വീടിനു സമീപത്തെ ചെളിക്കുണ്ടില്‍ മഹാവീറിന്റെ പെണ്‍മക്കള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കുട്ടിക്കാലത്തു തന്നെ ഗുസ്തി പഠിച്ചുതുടങ്ങി. ഇപ്പോഴവര്‍ രാജ്യമറിയുന്ന ഗുസ്തി താരങ്ങളാണ്. മൂത്തവള്‍ 20കാരി ഗീത. ഒരു വയസ്സിന് ഇളയവള്‍ ബബിത.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെഡല്‍ നേടിയ താരമാണ് ഗീത. വെള്ളിയാഴ്ച 51 കിലോ വിഭാഗത്തില്‍ ബബിത മത്സരിക്കാനിറങ്ങും. ഗീതയോടും ബബിതയോടും മുട്ടുന്നത് ആണുങ്ങളോടു മത്സരിക്കുന്നതു പോലെയാണന്ന് അവരുടെ പല എതിരാളികളും പറയുന്നു. ഗുസ്തിക്കാരായ പെണ്ണുങ്ങള്‍ക്ക് ചെറുക്കനെ കിട്ടുമോ എന്നു ചോദിച്ചാല്‍ പൊതുവെ ശാന്തശീലയായ ബബിത പൊട്ടിച്ചിരിക്കും.

രണ്ടുപേരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെ -6 മണിക്ക് ഉണരല്‍. 7.30 മുതല്‍ 10.30 വരെ പരിശീലനം. 11 മണിക്ക് മുട്ടയും പാലും പഴങ്ങളും അടങ്ങുന്ന പ്രാതല്‍. 2 മണിക്ക് ചപ്പാത്തിയും ചിക്കനോ മട്ടനോ മറ്റോ ഉള്‍പ്പെടുത്തിയുള്ള വിശാലമായ ഭക്ഷണം, തുടര്‍ന്ന് ഉറക്കം. വൈകിട്ട് 5.30 മുതല്‍ 7.30 വരെ വീണ്ടും പരിശീലനം. 8 മണിക്ക് പച്ചക്കറി ഭക്ഷണത്തിനു ശേഷം 9.30ന് ഉറക്കം. ചേച്ചിയുടെ ആരാധികയാണ് അനിയത്തി. പരിശീലനത്തിനിടെ ഉഴപ്പിയാല്‍ അച്ഛനില്‍ നിന്ന് നല്ല വഴക്കു കേള്‍ക്കും. ആണുങ്ങള്‍ക്കൊപ്പം പരിശീലിച്ചതു കൊണ്ടാകാം തങ്ങള്‍ അവരെക്കാള്‍ ഒരടി പിന്നിലാണെന്ന തോന്നല്‍ ഈ സഹോദരിമാര്‍ക്കില്ല തന്നെ.

കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍

ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്തെങ്കിലും കത്തിയോ? ‘ദംഗല്‍’ എന്ന ആമിര്‍ ഖാന്‍ സിനിമയുടെ കഥാസാരം പോലുണ്ട്, അല്ലേ. അതു തന്നെ. മഹാവീര്‍ സിങ് ഫൊഗാട്ടിന്റെയും മക്കളായ ഗീതയുടെയും ബബിതയുടെയും കഥയാണ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഈ ചിത്രം. ആമിര്‍ ഖാന്‍ നായകനായി സിനിമ ഇറങ്ങുമെന്നൊക്കെ അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ മഹാവീര്‍ സിങ്ങിനൊപ്പം നിന്ന് ഒരു ഫോട്ടോയെങ്കിലും എടുത്തു വെയ്ക്കുമായിരുന്നു. ഇന്നത്തെ സെല്‍ഫിക്കാലം അന്ന് ഇല്ലായിരുന്നല്ലോ! ഞങ്ങള്‍ മഹാവീര്‍ സിങ്ങുമായി സംസാരിക്കുമ്പോള്‍ മാതൃഭൂമി ഫൊട്ടോഗ്രാഫര്‍ പി.ജി.ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയേട്ടന്‍ സ്റ്റേഡിയത്തിനുള്ളില്‍ അടുത്ത മത്സരം പകര്‍ത്തുകയായിരുന്നു.

സിനിമയിലെ ക്ലൈമാക്‌സ് ആണ് എമിലി ബെന്‍സ്‌റ്റെഡുമായുള്ള ഗീതയുടെ സ്വര്‍ണ്ണ മെഡല്‍ മത്സരം. പക്ഷേ, വളരെ കടുത്ത മത്സരം 3 റൗണ്ട് നീളുന്നു. ആദ്യ റൗണ്ടില്‍ ഗീത 5-1ന് എമിലിയെ പരാജയപ്പെടുത്തുമ്പോള്‍ രണ്ടാം റൗണ്ടില്‍ ഗീത 4-6ന് പരാജിതയാവുകയാണ്. നിര്‍ണ്ണായകമായ മൂന്നാം റൗണ്ടില്‍ ഗീതയ്‌ക്കെതിരെ എമിലി 1-5ന്റെ ലീഡ് നേടുന്നു. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒറ്റയടിക്ക് 5 പോയിന്റ് നേടി ഗീത 6-5ന് റൗണ്ടും മത്സരവും കീശയിലാക്കുന്നു. അത്യന്തം നാടകീയ വിജയം. കാണുന്നവരുടെ രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കും. പക്ഷേ, ഗീതയും എമിലിയും തമ്മിലുള്ള യഥാര്‍ത്ഥ മത്സരം കണ്ട എനിക്ക് ആ വികാരമല്ല ഉണ്ടായത്. സിനിമയിലെ മത്സരസീന്‍ വരുന്നതിനു മുമ്പ് 1-0, 7-0 എന്ന സ്‌കോറിന് ഗീത ജയിക്കുമെന്ന യാഥാര്‍ത്ഥ്യം ഭാര്യ ദേവികയോട് പ്രവചിച്ച ഞാന്‍ ശശിയായി!! സീന്‍ കഴിഞ്ഞപ്പോള്‍ ഭാര്യ എന്നെ രൂക്ഷമായി നോക്കി, യഥാര്‍ത്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന ഭാവത്തില്‍. ആ നോട്ടത്തിന് എനിക്ക് മറുപടിയുണ്ടായില്ല.

‘അഘാഡ’ എന്ന പേരില്‍ സൗരഭ് ദുഗ്ഗല്‍ എഴുതിയ മഹാവീര്‍ സിങ് ഫൊഗാട്ടിന്റെ ജീവചരിത്രം ആസ്പദമാക്കിയാണ് ‘ദംഗല്‍’ എന്ന സിനിമ ഒരുങ്ങിയതെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഈ വ്യതിയാനം എങ്ങനെ സംഭവിച്ചുവെന്നു മനസ്സിലാക്കാന്‍ ആദ്യം ചെയ്തത് ആമസോണില്‍ നിന്ന് 163 രൂപ മുടക്കി ആ പുസ്തകം Akhada – The Authorized Biography of Mahavir Singh Phogat വാങ്ങി വായിക്കുക എന്നതായിരുന്നു. സിനിമ ഇറങ്ങിയതിന്റെ അന്നു തന്നെ കണ്ടതാണെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ വൈകിയത് പുസ്തകം വായിച്ചുതീരാനെടുത്ത കാലതാമസം തന്നെ. പുസ്തകത്തില്‍ കുഴപ്പമൊന്നുമില്ല. നാടകീയതയ്ക്കു വേണ്ടി സിനിമയില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്ന് മനസ്സിലായി. കാര്യമായി തന്നെ നാടകീയത തിരുകിക്കയറ്റിയിട്ടുണ്ട്. സിനിമയുടെ വിജയത്തിന് ഒരു പക്ഷേ, അത് അനിവാര്യമായിരിക്കാം.

സിനിമയിലെ ക്ലൈമാക്‌സ് രംഗമായ സ്വര്‍ണ്ണമെഡല്‍ മത്സരത്തിനു തൊട്ടുമുമ്പ്, വില്ലനായ കോച്ച് പ്രമോദ് കദമിന്റെ സഹായി മഹാവീര്‍ സിങ്ങിനെ ഒരു മുറിയില്‍ ചതിയിലൂടെ പൂട്ടിയിടുന്നുണ്ട്. മകളുടെ മത്സരം കാണാനുള്ള അവസരം അങ്ങനെ നഷ്ടമാവുന്ന അദ്ദേഹം മെഡല്‍ദാന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങുമ്പോഴാണ് ഗീത ജയിച്ചതായി മനസ്സിലാക്കുന്നത്. മെഡല്‍ വാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാനൊരുങ്ങുമ്പോള്‍ മഹാവീര്‍ സിങ് രക്ഷപ്പെട്ട് എത്തുകയും ഗീതയെ ആശ്ലേഷിക്കുകയും ചെയ്യുന്നു. അവിടെയാണ് സിനിമ പൂര്‍ണ്ണമാവുന്നത്.  ഇതു സത്യമാണോ കള്ളമാണോ എന്ന് എനിക്ക് അറിയുമായിരുന്നില്ല. കാരണം, മഹാവീര്‍ സിങ് ഗീതയെ ആശ്ലേഷിക്കുന്നത് കണ്ടിരുന്നുവെങ്കിലും അത് ബന്ധനത്തില്‍ നിന്നു മോചിതനായ ശേഷമായിരുന്നോ എന്നു വ്യക്തമല്ല. മാത്രമല്ല, അങ്ങനൊരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും അതു പറയുമായിരുന്നു. സൗരഭ് ദുഗ്ഗലിന്റെ പുസ്തകം വായിച്ചപ്പോഴാണ് അക്കാര്യത്തില്‍ വ്യക്തത വന്നത്. തിരക്കഥയില്‍ മാത്രമാണ് ആ പൂട്ടിയിടല്‍, ജീവിതത്തിലില്ല.

As Mahavir stood amid the cheering crowd that day, his gaze locked in on his daughter with pride, the cold winter morning of 1988 flashed before his eyes. That was the day when he had held her in his arms and emphatically proclaimed one day she will make her family proud.

പൂട്ടിയിടല്‍ സംഭവം ഇല്ല എന്നതു പോകട്ടെ, ഫൊഗാട്ട് സഹോദരിമാരുടെ ജീവിതത്തില്‍ ഗിരീഷ് കുല്‍ക്കര്‍ണി അവതരിപ്പിച്ച പ്രമോദ് കദമിനെപ്പോലൊരു വില്ലന്‍ കോച്ച് ഇല്ലേയില്ല. സിനിമയിലെ ഗീത തലമുടി പറ്റെ വെട്ടിച്ചാണ് ഫൈനല്‍ മത്സരത്തിനിറങ്ങിയതെങ്കില്‍ ജീവിതത്തില്‍ അങ്ങനെ ആയിരുന്നില്ല. അതുപോലെ തന്നെ 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണത്തിനു മുമ്പ് അന്താരാഷ്ട്ര തലത്തില്‍ ഗീതയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ലെന്നാണ് സിനിമയില്‍. ഇതിന്റെ പേരില്‍ കോച്ച് പ്രമോദ് കദം അവരെ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാല്‍, 2009ലെ കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 55 കിലോ ഫ്രീസ്റ്റൈല്‍ സ്വര്‍ണ്ണം ഗീതയ്ക്കായിരുന്നു.

മഹാവീര്‍ സിങ് ഫൊഗാട്ടും മക്കളും

സിനിമയുടെ തുടക്കത്തില്‍, തനിക്കു നേടാന്‍ കഴിയാത്തതെല്ലാം എത്തിപ്പിടിക്കാന്‍ ഒരു മകനു വേണ്ടി ആമിര്‍ ഖാന്റെ മഹാവീര്‍ സിങ് ഫൊഗാട്ട് അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ദുഗ്ഗലിന്റെ പുസ്തകം അനുസരിച്ച് യഥാര്‍ത്ഥത്തില്‍ മകനു വേണ്ടി ആഗ്രഹിച്ചത് മഹാവീറിന്റെ ഭാര്യ ദയാ ശോഭ കൗര്‍ ആയിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ പെണ്‍കുട്ടികളുടെ അമ്മ എന്ന പദവി അവര്‍ക്കു സ്വീകാര്യമായിരുന്നില്ല. അവര്‍ ഒരു മകനുവേണ്ടി കൊതിച്ചു, നടന്നില്ല.

One can perhaps imagine the state of Mahavir’s mind as the father of a daughter in the late 80s, when girls were considered a liability. But, ironically, it was not Mahavir but his wife, Daya Kaur, who was hoping that their first child would be a boy. When the baby was born, the chill of the winter morning stung a little more fiercely as Daya realised that their firstborn was a girl. Her disappointment showed clearly on her face.

ജീവിതത്തില്‍ നിന്ന് സിനിമയില്‍ വരുത്തിയ മറ്റു വ്യതിയാനങ്ങളെല്ലാം ആമിര്‍ ഖാന്‍ എന്ന നായകന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ളതായിരുന്നു. എന്തുകൊണ്ടോ, പെണ്‍കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ഈ ഭാഗം മാത്രം അതിനു വിരുദ്ധമായി. പക്ഷേ, ഇത്തരം മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ആമിറിന്റെ മികവ് മികച്ചുനില്‍ക്കും. അത്രമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് ‘മിസ്റ്റര്‍ പെര്‍ഫെക്ട്’ ഈ ഗുസ്തിക്കാരന്‍ പിതാവിനെ അനശ്വരനാക്കിയിരിക്കുന്നത്.

AAMIR.jpeg

പെണ്‍ ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഹരിയാണയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍, ആണ്‍പോരിമ നിലനില്‍ക്കുന്ന ഗുസ്തി എന്ന മത്സരയിനത്തിലേക്ക് തന്റെ പെണ്‍മക്കളെ നയിക്കുകയും അവരെ വിജയശ്രീലാളിതരാക്കുകയും ചെയ്ത മഹാവീര്‍ സിങ് ഫൊഗാട്ട്‌ ഒരു ഇതിഹാസം തന്നെയാണ്. ആ ഇതിഹാസത്തിലേക്ക് പരകായ പ്രവേശം ആമിര്‍ സാദ്ധ്യമാക്കിയിരിക്കുന്നത്‌ അഭിനയത്തിലൂടെ മാത്രമല്ല ആകാരമാറ്റത്തിലൂടെയുമാണ്. മധ്യവയസ്‌കനായ മഹാവീറിനെ അവതരിപ്പിക്കാന്‍ ശരീരഭാരം 30 കിലോ വര്‍ദ്ധിപ്പിക്കാനും പിന്നീട് ചെറുപ്പക്കാരനായ മഹാവീറിനായി ശരീരഭാരം തിരികെ 30 കിലോ കുറച്ച് സിക്‌സ് പായ്ക്ക് ആക്കാനും ആമിര്‍ നടത്തുന്ന കഠിന ശ്രമങ്ങളുടെ വീഡിയോ യു ട്യൂബില്‍ വന്‍ ഹിറ്റാണ്.

സംവിധായകന്‍ നിതേഷ് തിവാരിയും ആമിര്‍ ഖാനും താരങ്ങളും ഫൊഗാട്ട് കുടുംബത്തിനൊപ്പം

സംവിധായകന്‍ നിതേഷ് തിവാരി വളരെ കൃത്യതയോടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത് എന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു പാത്രസൃഷ്ടിക്കായി ആമിര്‍ എന്ന നടന്‍ പൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ചിരിക്കേ, സംവിധാനത്തില്‍ കൂടി കൈവെച്ച് ശ്രദ്ധ പാളാനുള്ള അവസരം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ടാവുമെന്ന് ന്യായമായും കരുതുന്നില്ല. എന്നാല്‍, ‘ദംഗല്‍’ എന്ന ചിത്രം തയ്യാറാക്കിയ ടീമിന്റെ കപ്പിത്താന്‍ നിതേഷല്ല, നിര്‍മ്മാതാവ് കൂടിയായ ആമിര്‍ തന്നെയാണെന്നതില്‍ സംശയവുമില്ല. ആമിര്‍ ഖാന്റെ മഹാവീര്‍ സിങ് ഫൊഗാട്ടിനൊപ്പം ചിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നവരാണ് മക്കളായ ഗീതയും ബബിതയും. ഗീതയെയും ബബിതയെയും അവതരിപ്പിച്ച നടിമാര്‍ ഇല്ലാതെ ഈ ചിത്രത്തിന് പൂര്‍ണ്ണതയുണ്ടാവുമായിരുന്നില്ല. ഗീതയുടെയും ബബിതയുടെയും കുട്ടിക്കാലം അഭിനയിച്ച സൈറ വസീം, സുഹാനി ഭട്‌നഗര്‍ എന്നിവരും യുവത്വം അഭിനയിച്ച ഫാത്തിമ സന ഷെയ്ഖ്, സാനിയ മല്‍ഹോത്ര എന്നിവരും തകര്‍ത്തിട്ടുണ്ട്. മാസങ്ങള്‍ നീണ്ട പരിശീലനം അവരെ തികഞ്ഞ ഗുസ്തിക്കാരാക്കി മാറ്റിയിരിക്കുന്നു. ഒട്ടേറെ ഗുസ്തി മത്സരങ്ങള്‍ കണ്ടിട്ടുള്ള ഒരു സ്‌പോര്‍ട്‌സ് ലേഖകനായ എനിക്ക് അവരുടെ നീക്കങ്ങളില്‍ ‘ഫൗള്‍’ കണ്ടെത്താനായില്ല എന്നതാണ് സത്യം. അത്രമാത്രം തികവ് സിനിമയിലെ ഗുസ്തി രംഗങ്ങള്‍ക്കുണ്ട്. തീര്‍ച്ചയായും അതിന്റെ ക്രഡിറ്റ് ഈ 4 പെണ്‍കുട്ടികള്‍ക്ക് അവകാശപ്പെട്ടതാണ്. സിനിമയിലെ പോസ്റ്ററില്‍ ആമിറിനൊപ്പെ ഗീതയെയും ബബിതയെയും രണ്ടു ഘട്ടങ്ങളില്‍ അവതരിപ്പിച്ച 4 പെണ്‍കുട്ടികളും വന്നതിനു കാരണം മറ്റൊന്നല്ല.

മഹാവീറിന്റെ ഭാര്യ ദയാ കൗറിനെ അവതരിപ്പിച്ച സാക്ഷി തന്‍വര്‍, വില്ലന്‍ കോച്ച് പ്രമോദ് കദമിനെ അവതരിപ്പിച്ച ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും മികവ് പുലര്‍ത്തി. 2011ലെ രാജ്യത്തെ മികച്ച നടനെ വില്ലനാക്കി അവതരിപ്പിച്ചത് വെറുതെ ആയില്ല. ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ റോള്‍ ഭംഗിയാക്കി എന്നത് ‘ദംഗലി’ന്റെ പൂര്‍ണ്ണതയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ 7 ഗാനങ്ങളില്‍ ഒന്നു മാത്രമാണ് മെലഡി. ബാക്കിയെല്ലാം ഗുസ്തി നീക്കങ്ങളുടെ ചടുലത കാത്തുസൂക്ഷിക്കുന്ന പാട്ടുകള്‍. ഇതില്‍ ‘ഹാനികാരക് ബാപ്പു’ എന്ന ഗാനം കൊച്ചുകുട്ടികള്‍ക്കു പോലും ഇപ്പോള്‍ സുപരിചിതം. സിനിമയുടെ ഉള്ളടക്കത്തിനു ചേര്‍ന്ന സംഗീതം തന്നെയാണ് പ്രീതം ഒരുക്കിയിരിക്കുന്നത്.

യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ ക്ഷമിക്കാം. സിനിമയെ സിനിമയായി കാണാം. ‘ദംഗല്‍’ കാണണം. കണ്ടില്ലെങ്കില്‍ ആമിര്‍ ഖാന്‍ അഭിനയിച്ച, ജീവിച്ച ഏറ്റവും മികച്ച ചിത്രം നിങ്ങള്‍ കണ്ടിട്ടില്ല.

 


2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 55 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനല്‍ മത്സരം

Previous articleവിമലും റിനിയും പിന്നെ ഞാനും
Next articleകുറ്റമാകുന്ന നിശ്ശബ്ദത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here