‘ഓടരുതമ്മാവാ ആളറിയാം’ എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീനിവാസന്‍ അവതരിപ്പിച്ച ഭക്തവത്സലന്‍. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. നെടുമുടി വേണുവന്റെ മേജര്‍ നായരെ ശുണ്ഠി പിടിപ്പിക്കുകയാണ് ഗോപ-കോര-ഭക്തവത്സലന്മാരുടെ സ്ഥിരം പരിപാടി.

OAA.jpg

ലോകത്തെ ഒന്നിനെയും പേടിയില്ലാത്ത ചെറുപ്പക്കാരുടെ സംഘം ഒരാളെ കണ്ടാല്‍ മാത്രം ഓടിയൊളിക്കും -പാച്ചുപിള്ള. കോളേജിനു മുന്നിലുള്ള മുറുക്കാന്‍ കടയുടെ ഉടമയായ പാച്ചുപിള്ളയെ അവതരിപ്പിച്ചത് കുതിരവട്ടം പപ്പു. പാച്ചുപിള്ളയ്ക്ക് കൊടുത്തുതീര്‍ക്കാനുള്ള പറ്റു തന്നെയാണ് പേടിക്കു കാരണം. സിഗരറ്റും ‘ബോഞ്ചി’യുമെല്ലാം യഥേഷ്ടം വാങ്ങിക്കുടിക്കും. പൈസ പിന്നീട് നല്‍കാമെന്നു പറഞ്ഞു വലിയും. പാച്ചുപിള്ള ഇത് കൃത്യമായി എഴുതിവെയ്ക്കും. ഒടുവില്‍ പറ്റു കൂടിക്കൂടി മൂവര്‍ സംഘത്തിന് പാച്ചുപിള്ളയുടെ മുന്നില്‍ ചെല്ലാന്‍ പറ്റാത്ത അവസ്ഥയായി. ഇതു നന്നായറിയാവുന്നയാളാണ് മേജര്‍ നായര്‍. മേജറെ ചൊറിയാനായി അദ്ദേഹത്തിന്റെ കാറില്‍ ബലമായി കയറുന്ന മൂവര്‍ സംഘത്തെ പാച്ചുപിള്ളയുടെ കടയ്ക്കു മുന്നില്‍ കൊണ്ടിറക്കുന്നു. പറ്റു പിരിക്കാനായി മൂവര്‍ സംഘത്തെ പാച്ചുപിള്ള ലൈവായി ക്ലിപ്പിടുന്ന രംഗം കണ്ട് ധാരാളം ചിരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇതു പറയുന്നതിന്റെ കാര്യമെന്തെന്ന് സ്വാഭാവികമായും സംശയം തോന്നാം. സമാനമായൊരു പറ്റുതീര്‍ക്കല്‍ രംഗത്തിന് സാക്ഷിയായി. പക്ഷേ, സിനിമയിലേതു പോലെ സംഘര്‍ഷഭരിതമായ സാഹചര്യത്തിലല്ല എന്നു മാത്രം.

കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റ് കൈയില്‍ കട്ടന്‍കാപ്പിയുമായി വരാന്തയിലെ ദീവാനില്‍ പത്രക്കാരനെ അടിയന്‍ കാത്തിരിക്കുന്നു. ഛന്നം പിന്നം പെയ്യുന്ന മഴ. പത്രക്കാരന്‍ വരുമ്പോള്‍ നനയാതെ പത്രം കൈപ്പറ്റുക എന്നതാണ് ഇരിപ്പിന്റെ ലക്ഷ്യം. അപ്പോള്‍ പതിവില്ലാത്തൊരു ഫോണ്‍ കോള്‍. വിമലാണ്. ആര്‍.എസ്.വിമല്‍ തന്നെ. കുറച്ചു ദിവസമാകുന്നു അവനുമായി സംസാരിച്ചിട്ട്. ഈ സമയത്ത് പതിവില്ലല്ലോ എന്ന ചിന്തയുമായി ഫോണെടുത്തു.
ഞാന്‍: ഹലോ, എന്താടേയ് രാവിലെ.
വിമല്‍: ഡേയ്… ഇന്നെന്താ പരിപാടി?
ഞാന്‍: എന്തു പരിപാടി! ഒരു പരിപാടിയുമില്ല. മഴയും കണ്ടിരിക്കുന്നു.
വിമല്‍: നമുക്കു രാവിലെ ഒരു സ്ഥലം വരെ പോയാലോ?
ഞാന്‍: ഓ. പോവാലോ.
വിമല്‍: മോഹനെയും വിളിക്കാം.
ഞാന്‍: എന്താടേയ് പരിപാടി?
വിമല്‍: അതൊക്കെ പറയാം. നീ റെഡിയായി നിന്നോ. ഞാനിതാ എത്തി.

IMG-20160613-WA0023.jpg

എന്തായിരിക്കും കഥാനായകന്റെ മനസ്സിലുള്ള പരിപാടി? കുറച്ചുകാലമായി ഞാന്‍ വിമലിനെ വിളിക്കാറില്ല. ‘കര്‍ണന്‍’ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് അവന്‍. പ്രി-പ്രൊഡക്ഷന്‍ ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിഷ്ടന്‍. ഇപ്പോള്‍ ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധരുടെ സംഘം തിരുവന്തപുരത്തും കൊച്ചിയിലുമായി കൊണ്ടുപിടിച്ച പണിയിലാണ്. പണി തീരാറായിട്ടില്ല. ഇടയ്ക്കു പിന്നെ ഇവനിതെന്തു പറ്റി? ഒരെത്തും പിടിയും കിട്ടിയില്ല.

മൂവര്‍ സംഘം ഒത്തുചേര്‍ന്നു. വിമലും മോഹനും ഞാനും. വന്നപ്പോഴേ ശ്രദ്ധിച്ചു, സംവിധായകന്‍ സാറ് നല്ല വൃത്തിയിലാണ്. സാധാരണ ഒരു നിക്കറോ കാവിക്കൈലിയോ ഉടുത്ത് ഞങ്ങളുടെ കൂടെ ഇറങ്ങുന്നവന്‍ പാന്റ്‌സൊക്കെ ഇട്ട് ചുള്ളനായി. എന്താണാവോ ലക്ഷ്യം? കാര്‍ ഓടുന്നത് വിഴിഞ്ഞം ഭാഗത്തേക്കാണ്. ആ ഓട്ടം അവസാനിച്ചത് പൂങ്കുളത്തിനടുത്തുള്ള കുന്നുംപുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍. ഓ, അപ്പോള്‍ ഇതാണ് മാന്യമായ വസ്ത്രധാരണത്തിന്റെ രഹസ്യം. ക്ഷേത്രത്തില്‍ കയറി. നന്നായി തൊഴുതു. വഴിപാടും കഴിച്ചു. തിരികെ കാറില്‍ കയറി.

‘ടേയ്, ഞാനിവിടെ അടുത്തൊരു വീട്ടില്‍ കുറച്ചുകാലം താമസിച്ചിട്ടുണ്ട്’ -വിമലിന്റെ വെളിപ്പെടുത്തല്‍ എനിക്കും മോഹനും പുതിയ അറിവായിരുന്നു.
‘ഇവിടെയും നീ താമസിച്ചിട്ടുണ്ടോ?’ -ഞങ്ങള്‍ ഇരുവരും ചോദിച്ചത് ഒരേ സ്വരത്തില്‍.
‘നമ്മുടെ കൃഷ്‌ണേട്ടന്റെ ഒരു സുഹൃത്തിന്റെ വീടാണ്’ -കൃഷ്‌ണേട്ടന്‍ എന്നു പറഞ്ഞാല്‍ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര.
‘നമുക്കവിടം വരെ ഒന്നു പോയാലോ?’ മോഹന്‍ ചോദിച്ചു.
‘ഹേയ്, അവിടെ ഇപ്പോള്‍ പുതിയ വാടകക്കാരുണ്ട്. അതു വേണ്ട. ഇവിടെ അടുത്ത് ഒരു ഗംഭീരന്‍ ഹോട്ടലുണ്ട്. നല്ല നാടന്‍ ഭക്ഷണം കിട്ടും. കുറെക്കാലം ഞാനവിടെ നിന്നായിരുന്നു അന്നം’ -വിമലിന്റെ മറുപടി.

പൂങ്കുളം ജംഗ്ഷനില്‍ കാര്‍ നിന്നു. അയങ്കാളി പ്രതിമയ്ക്കു നേരെയുള്ള ചെറിയ ഹോട്ടലിലേക്ക് വിമല്‍ കയറി പിന്നാലെ ഞങ്ങളും. ദോശയും ചമ്മന്തിയും പപ്പടവും ചായയും ഓര്‍ഡര്‍ ചെയ്തത് വിമല്‍ തന്നെ. മൃഷ്ടാന്നം തട്ടിവിട്ടു. വിമല്‍ പറഞ്ഞത് ശരിയാ, നല്ല രുചി. കടയുടമ തന്നെ ഞങ്ങള്‍ക്കു വിളമ്പാനെത്തി. മുഖത്ത് നിറപുഞ്ചിരി. വിമലിനെ പരിചയമുള്ളതല്ലേ, അതാവും.

IMG-20160613-WA0018.jpg

ഭക്ഷണം കഴിച്ചു, കൈ കഴുകി. ബില്ല് തുക കൊടുക്കാന്‍ വിമല്‍ പേഴ്‌സ് കൈയിലെടുത്തു.
‘അതേ.. ഞാനേ.. അണ്ണാ… ഞാനിവിടെ കുറച്ചു പൈസ തരാനുണ്ട്.’ -കഥാനായകന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
ഇതു കണ്ട് ഞാനും മോഹനും അമ്പരന്നു നില്‍ക്കുകയാണ്. കടയുടമയെ ഞങ്ങള്‍ നോക്കി. അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ല. പതിയെ മേശ തുറക്കുന്നു. അല്പം പരതുന്നു. ഒരു തുണ്ട് കടലാസെടുത്ത് വിമലിനു നേരെ നീട്ടുന്നു. കുറിപ്പിലേക്ക് വിമല്‍ നോക്കി. ഞങ്ങള്‍ എത്തി നോക്കി. ഏല്ലാം കൂടി 1,175 രൂപ.
കടയുടമയോട് വിമല്‍: അണ്ണാ, നിങ്ങള്‍ക്കെന്നെ ആദ്യം മനസ്സിലായില്ലായിരുന്നോ?
കടയുടമ: പിന്നെ.
വിമല്‍: എന്നിട്ടെന്താ പറ്റിന്റെ കാര്യം പറയാത്തെ?
കടയുടമയുടെ ഭാഗത്തു നിന്ന് മറുപടിയില്ല. പുഞ്ചിരി മാത്രം.
‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനെ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തന്റെ പറ്റുകാരന്‍ സൂപ്പര്‍ സംവിധായകനാണെന്ന് അദ്ദേഹത്തിന് നേരത്തേ അറിയാം. പാവം ആരോടും ഒന്നും പറഞ്ഞില്ല.
വിമല്‍: അണ്ണാ നിങ്ങളുടെ ഒരനിയനുണ്ടായിരുന്നല്ലോ? അങ്ങേരായിരുന്നു നമ്മളുടെ കമ്പനി.
കടയുടമ: അവന്‍ സാധനമെടുക്കാന്‍ കടയില്‍ പോയിരിക്കുകയാണ്.
പഴയ പറ്റായ 1,175 രൂപയും അപ്പോള്‍ കഴിച്ച ബില്ലും വിമല്‍ തീര്‍ത്തുകൊടുത്തു. കിട്ടില്ല എന്നു കരുതിയ പണം കിട്ടിയ കടയുടമയുടെ മുഖത്ത് എന്തെന്നില്ലാത്ത തിളക്കം.
അപ്പോഴാണ് എനിക്കും മോഹനും ശരിക്കും കാര്യങ്ങള്‍ പിടികിട്ടിയത്. കടയുടമെയങ്ങാനും കുത്തിനു പിടിക്കുകയാണെങ്കില്‍ തടയാനുള്ള ഗുണ്ടകളായാണ് വിമലി ഞങ്ങളെ കൂടെ കൂട്ടിയത്!!

IMG-20160613-WA0025.jpg
കടയുടമയോട് യാത്ര പറഞ്ഞു കാറില്‍ കയറി. നിറഞ്ഞ സ്‌നേഹത്തോടെ അദ്ദേഹം ഞങ്ങളെ യാത്രയാക്കി. കാര്‍ വേഗത്തില്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ പുറകെ അദ്ദേഹം കൈവീശുന്നു.
ഞാന്‍: എന്തോന്നാടേയ് അങ്ങേരുടെ പേര്?
വിമല്‍: അയ്യോടേയ്, അതു ചോദിക്കാന്‍ മറന്നു. ചേട്ടനും അനിയനും ചേര്‍ന്നാണ് വര്‍ഷങ്ങളായി കട നടത്തുന്നത്. രണ്ടു പേരെയും ഞാന്‍ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. പേര് അറിയില്ല.

പൂങ്കുളത്തെത്തിയ കഥ വിമല്‍ പറഞ്ഞു. ‘എന്നു നിന്റെ മൊയ്തീന്‍’ പ്രശ്‌നങ്ങളില്‍പ്പെട്ട് അനിശ്ചിതത്വത്തിലായ കാലം. ദാരിദ്ര്യം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ മുക്കം വിട്ട് തിരുവനന്തപുരത്തേക്കു പോന്നു. അപ്പോഴാണ് സ്വസ്ഥമായിരുന്നെഴുതാന്‍ കൃഷ്ണ പൂജപ്പുര ഒരു സുഹൃത്തിന്റെ വീട് ഏര്‍പ്പാടാക്കിക്കൊടുത്തത്. അവിടെ താമസം തുടങ്ങിയതോടെ ഈ കടയിലെ ചേട്ടാനിയന്മാര്‍ പരിചയക്കാരായി. പറ്റും തുടങ്ങി. പിന്നെ പ്രശ്‌നങ്ങള്‍ തീര്‍ന്ന് സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കോഴിക്കോട്ടേക്ക് മടങ്ങി. പറ്റു തീര്‍ക്കാന്‍ വിട്ടു പോയി.

2013ലെ കഥയാണിത്. 3 വര്‍ഷം പഴക്കമുള്ള കഥ. പിന്നെങ്ങനെ ഇപ്പോള്‍ ഓര്‍മ്മ വന്നു?
വിമല്‍: അതറിയില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ എവിടെയോ നിന്നൊരു വെളിപാട്. അപ്പോള്‍ത്തന്നെ നിങ്ങളെ രണ്ടു പേരെയും വിളിച്ചു. ഇങ്ങോട്ടു പോന്നു. എന്റെ സിനിമയില്‍ അവിടത്തെ ഭക്ഷണവുമുണ്ട്. അത് കടമിടരുതെന്ന് തോന്നി.

പറ്റിയ കണക്ക് 3 വര്‍ഷമായിട്ടും സൂക്ഷിച്ചുവെച്ച കടയുടമ.
കടക്കാരനെ കൈയില്‍ കിട്ടിയിട്ടും അദ്ദേഹം പാച്ചുപിള്ള സ്റ്റൈലില്‍ കുത്തിനു പിടിച്ചില്ല.
പറ്റിന്റെ കാര്യം വിമല്‍ ഓര്‍ക്കാതെയും പറയാതെയുമിരുന്നാലും അദ്ദേഹം ചോദിക്കുമായിരുന്നില്ല.
ആ ഹോട്ടലുടമ ഒരത്ഭുതമായി മനസ്സിലവശേഷിക്കുന്നു!
ഒപ്പം 3 വര്‍ഷത്തിനു ശേഷം കടം തീര്‍ക്കാനെത്തിയ പറ്റുകാരനും!!
ഒരു ദുഃഖം മാത്രം ബാക്കി -ആ ചേട്ടന്റെയും അനിയന്റെയും പേരു ചോദിക്കാന്‍ മറന്നു..

FOLLOW
 •  
  1.3K
  Shares
 • 1.2K
 • 72
 •  
 • 47
 •  
 •