Reading Time: 10 minutes

I’m Sibi w/ Vinu v john- He doesn’t have a face book account. then how can he write on FB. can you rove that he admitted what you said without naming was he. If not, are you defaming he and his family.

SD_VVJ5.jpg

‘ബര്‍മുഡയും വള്ളിക്കളസവും’ എന്ന പേരില്‍ ഞാനെഴുതിയ കുറിപ്പിനു താഴെ വന്ന പ്രതികരണമാണിത്, അതേപടി പകര്‍ത്തിയത്. വിനു വി.ജോണിന്റെ ഭാര്യ എന്നു പരിചയപ്പെടുത്തിയിട്ടുണ്ട്. വിനുവിന് ഫേസ്ബുക്ക് അക്കൗണ്ടില്ല എന്നും അദ്ദേഹം പറഞ്ഞതായി ഞാന്‍ കുറിച്ച കാര്യങ്ങള്‍ വ്യക്തിയെന്ന നിലയില്‍ വിനുവിനും കുടുംബത്തിനും അപകീര്‍ത്തികരമാണെന്നും സിബി ചൂണ്ടിക്കാട്ടിയിരിക്കുന്നു. അപകീര്‍ത്തി ആര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന കാര്യത്തില്‍ സിബിയോട് പൂര്‍ണ്ണമായി യോജിക്കുന്നു. അതിനാല്‍ത്തന്നെയാണ് ഒരു വിശദീകരണം ആവശ്യമാണെന്നു തോന്നിയത്.

സങ്കേതം വിഷയത്തില്‍ ഞാന്‍ ഇനി ഒന്നും എഴുതില്ല എന്നു തീരുമാനിച്ചിരുന്നതാണ്. വിനുവിനെ ഒരു സഹപ്രവര്‍ത്തകനെന്ന നിലയില്‍ നേരത്തേ എങ്ങനെ കണ്ടിരുന്നുവോ അതേ രീതിയില്‍ തന്നെയാണ് ഞാന്‍ ഇന്നും കാണുന്നത്. അതിനാല്‍ത്തന്നെ സിബിയെയും തത്തുല്യമായ ബഹുമാനത്തോടെ കാണുന്നു. ഈ വിഷയത്തില്‍ മാത്രമാണ് ഞാനും വിനുവും വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്ന് അഭിപ്രായം പറഞ്ഞത് എന്നു തോന്നുന്നു. അതില്‍ത്തന്നെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ വിനു അഭിപ്രായം പറഞ്ഞ രീതിയോടാണ്, ഉപയോഗിച്ച ഭാഷയോടാണ് എനിക്ക് കൂടുതല്‍ എതിര്‍പ്പ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പക്ഷേ, വിനുവിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ 100 ശതമാനം അംഗീകരിക്കുന്നു. ഈവ്‌ലിന്‍ ബിയാട്രിസ് ഹാളിന്റെ ‘I disapprove of what you say, but I will defend to the death your right to say it’ എന്ന പ്രശസ്തമായ വരി ഈ വിഷയമുയര്‍ന്നശേഷം ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തതും അതിനാല്‍ത്തന്നെയാണ്. വോള്‍ട്ടയറുടെ സുഹൃത്തുക്കളെപ്പറ്റി സ്റ്റീഫന്‍ ജി.ടാലന്റയര്‍ എന്ന തൂലികാനാമത്തില്‍ ഈവ്‌ലിന്‍ എഴുതിയ ‘ദ ഫ്രണ്ട്‌സ് ഓഫ് വോള്‍ട്ടയര്‍’ എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി. വോള്‍ട്ടയറുടെ സുഹൃത്തായ ക്ലോഡ് അഡ്രിയന്‍ ഹെല്‍വെറ്റിയസിന്റെ സ്വഭാവത്തെ വിശേഷിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ച ഈ വാക്യത്തെ ജേര്‍ണലിസത്തിന്റെ ഒരു വ്യാഖ്യാനമായി പില്‍ക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്.

ആദ്യം സിബി പറഞ്ഞ കാര്യത്തിനു വിശദീകരണം നല്‍കിയിട്ട് മറ്റു വിഷയങ്ങളിലേക്കു കടക്കാം.. വിനുവിന് ഫേസ്ബുക്ക് അക്കൗണ്ടില്ല, ശരിയാണ്. വിനു വി.ജോണ്‍ എന്ന പേരില്‍ ഒരു പേജുണ്ട്. പക്ഷേ, വിനുവിന്റെ ആരാധകര്‍ നടത്തുന്ന ഫാന്‍ പേജ് മാത്രമാണത്. വിനുവിന് നേരിട്ട് ബന്ധമില്ല. പിന്നെങ്ങനെ വിനു ഫേസ്ബുക്കിലൂടെ എനിക്കു മറുപടി പറയും? ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ വേറൊരാളെക്കൂടി ഇവിടേക്ക് കൊണ്ടുവരേണ്ടതുണ്ട് -സുനിത ദേവദാസ്. വിനുവിനോട് സംസാരിച്ചു എന്നു പറഞ്ഞ് സുനിത ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ് എന്റെ പ്രതികരണത്തിനാധാരം. അത് വള്ളി പുള്ളി തെറ്റാതെ ഇവിടെ ചേര്‍ക്കുന്നു. എന്റെ പേരു പറഞ്ഞിരിക്കുന്നതടക്കം ചില അക്ഷരത്തെറ്റുകളൊക്കെ ഉണ്ട് എങ്കിലും ഒരു തിരുത്തലും വരുത്താന്‍ ഞാന്‍ മുതിരുന്നില്ല.

SD_VVJ1.jpg

വിനു വി ജോണിന്റെ പ്രതികരണം : തിരുവനന്തപുരം പ്രസ്‌ക്‌ളബിലെ അനധികൃത മദ്യശാലയെക്കുറിച്ചു തന്നെ.

ഏഷ്യാനെറ്റിലെ വാര്‍ത്താവതാരകന്‍ വിനു വി ജോണിനെ വിളിച്ചു. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍. കാരണം അത്രയേറെ വാര്‍ത്തകളും വിശകലനങ്ങളും ഊഹാപോഹങ്ങളുമാണല്‌ളോ പ്രചരിക്കുന്നത്. സംഭവിക്കുന്നത് വിനു വി ജോണില്‍ നിന്നു തന്നെ ഇടനിലക്കാരന്‍ ഇല്ലാതെ അറിയണം എന്നു തോന്നി. പ്രസ്‌ക്‌ളബിലെ അനധികൃത ബാറിനെക്കുറിച്ച് വിനു പറഞ്ഞത് നിങ്ങളും കൂടി അറിയാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.

‘ഞാന്‍ മദ്യപാനം എന്ന ശീലത്തെ അല്ല വിമര്‍ശിച്ചത്. നിയമവിരുദ്ധമായി മദ്യപിക്കുന്നതിനെ മാത്രമാണ്. ഞാന്‍ കൂടി ഉള്‍പ്പെടുന്ന തിരുവനന്തപുരം പ്രസ്‌ക്‌ളബില്‍ നടക്കുന്ന നിയമവിരുദ്ധമായ മദ്യപാനത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. പ്രസ്‌ക്‌ളബ് അംഗമായതിനാല്‍ ഞാന്‍ കൂടി പങ്കാളിയാണല്‌ളോ ആ നിയമവിരുദ്ധപ്രവര്‍ത്തനത്തില്‍? അതിനാല്‍ എനിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.
പഴയ സാഹചര്യമല്ല ഇന്ന്.. സര്‍ക്കാര്‍ മാറി. എല്ലായിടത്തും ബാറുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്നു. പഞ്ചനക്ഷത്രബാറുകളും ലൈസന്‍സുള്ള ക്‌ളബുകളും മാത്രമായി ചുരുങ്ങുമ്പോഴും ക്‌ളബുകള്‍ ഓരോന്നായി റെയ്ഡു ചെയ്യുകയും അനധികൃത മദ്യവില്‍പ്പന തടയുകയും ചെയ്യുമ്പോഴും പ്രസ്‌ക്‌ളബിലെ അനധികൃതമദ്യപാനത്തിനു അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കുന്ന സംരക്ഷണത്തെക്കുറിച്ചാണ് ഞാന്‍ പ്രതികരിച്ചത്. ഗാന്ധിജയന്തി ദിനമടക്കമുള്ള എല്ലാ ഡ്രൈ ഡേകളില്‍ പോലും പത്രപ്രവര്‍ത്തകര്‍ ഇവിടെ മദ്യപിക്കുന്നുണ്ട്. ഒരു നിയമവും അവര്‍ക്ക് ബാധകമല്ല. പത്രപ്രവര്‍ത്തകര്‍ ഉച്ച മുതല്‍ ജോലിക്കിടയില്‍ നിന്നും ഇറങ്ങി പോയി മദ്യപിക്കുന്ന അവസ്ഥയുണ്ട്. അവിടത്തെ മദ്യപാനത്തിന് സമയമൊന്നുമില്ല. 24 മണിക്കൂറും അനുവദനീയമാണ്.

ലോകത്തുള്ള എല്ലാത്തിനേയും വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതു ചെയ്യുന്നത് ശരിയല്‌ളെന്നാണ് ഞാന്‍ പറയുന്നത്. ലൈസന്‍സ് എടുക്കട്ടെ. നിയമവിധേയമായി മദ്യപിക്കട്ടെ. അതിനെന്താണ് തടസം?
10 രൂപയുടെ കഞ്ചാവ് കൈവശം വച്ചവനെ പോലും വെറുതെ വിടാതെ വാര്‍ത്തകളില്‍ ഇടം കൊടുക്കുന്നവരാണ് പത്രപ്രവര്‍ത്തകര്‍. അയാളുടെ ഫോട്ടോയും വീട്ടുകാരുടെ ഫോട്ടോയും അടക്കം നാലു കോളം വാര്‍ത്ത നല്‍കും. അറിഞ്ഞു കൊണ്ട് നിയമലംഘനം നടത്തുന്ന പത്രപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരുടെ ന്യായാന്യായങ്ങളെക്കുറിച്ചു പറയാന്‍ എന്തു അവകാശമെന്നാണ് ഞാന്‍ ചോദിക്കുന്നത്.
ഇവര്‍ മദ്യപിച്ച് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വണ്ടിയോടിക്കുന്നു. പിടിക്കപ്പെട്ടാല്‍ അവിടേയും കയ്യൂക്കു തന്നെ കാണിച്ചു രക്ഷപ്പെടുന്നു. കൂട്ടത്തോടെ സ്റ്റേഷനില്‍ പോയി ഇറക്കി കൊണ്ടു വരുന്നു.
വിഷയത്തെ ഡൈവേര്‍ട്ടു ചെയ്യാനുള്ള ബോധപൂര്‍വമായൊരു ശ്രമം നടക്കുന്നതായി കാണുന്നു. അതിനാല്‍ വീണ്ടും പറയുന്നു. എതിര്‍പ്പ് മദ്യപാനത്തോടല്ല. നിയമലംഘനത്തോടാണ്. ഞാന്‍ മദ്യപിക്കുമായിരുന്നു അതിനാല്‍ എനിക്കിതു പറയാന്‍ എന്തു യോഗ്യത എന്ന രീതിയിലുള്ള ചില പ്രചാരണങ്ങളും കണ്ടു. അതെന്തു ന്യായമാണ്? വ്യക്തിഹത്യ കൊണ്ട് വിഷയത്തിന്റെ പ്രാധാന്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്.

വി എസ് ശ്യാലാലും ഞാനും തമ്മില്‍ യാതൊരു വിധത്തിലുള്ള വ്യക്തിബന്ധവും ഇല്ല. ഞാന്‍ ആരോടോ പൈന്റ് വാങ്ങാന്‍ ആവശ്യപ്പെട്ടെന്ന ഒരു അടിസ്ഥാനമില്ലാത്ത ആരോപണം ശ്യാംലാല്‍ ഉന്നയിച്ചു കണ്ടു. എങ്കില്‍ അയാള്‍ വെളിപ്പെടുത്തട്ടെ. ഞാന്‍ ആരോട് എപ്പോള്‍ പറഞ്ഞെന്ന്. എന്നിട്ട് അയാള്‍ പൈന്റ് വാങ്ങിയോ? ആരാണയാള്‍?
ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ വ്യക്തിഹത്യകൊണ്ടാണ് നേരിടുന്നതെങ്കില്‍ ഞാനൊന്നു ചോദിച്ചോട്ടെ..
ഒരാള്‍ ഒരുവിഷയത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ അയാളുടെ പൂര്‍വകാലം ധാര്‍മികതായാല്‍ നിറഞ്ഞതാവണമെങ്കില്‍ എത്ര പത്രപ്രവര്‍ത്തകര്‍ക്ക് ഈ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്?

ഒരു ചെറിയ ഉദാഹരണം മാത്രം ചോദിക്കാം നികുതിവെട്ടിപ്പിനെക്കുറിച്ച് എത്ര പേര്‍ക്ക് വാര്‍ത്ത ചെയ്യാന്‍ കഴിയും? ഇവരൊക്കെ വീടോ വസ്തുവോ വാങ്ങിച്ചപ്പോള്‍ കുറഞ്ഞ വിലയിട്ടാവില്‌ളേ ആധാരം റജിസ്റ്റര്‍ ചെയ്തത്? നേരത്തെ പറഞ്ഞ ലോജിക്ക് വച്ചാണെങ്കില്‍ എത്ര പേര്‍ക്ക് ടാക്‌സ് വെട്ടിപ്പ് വാര്‍ത്തയാക്കാനുള്ള ധാര്‍മികമായ അവകാശമുണ്ട്?
മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ് പത്രപ്രവര്‍ത്തര്‍ത്തകര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ പോലീസ് ക്‌ളബിലും ഡോക്ടര്‍മാരുടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ക്‌ളബിലും അനധികൃതമായി മദ്യം വിളമ്പുന്നുണ്ടല്‌ളോ .. എന്നാല്‍ നമുക്ക് പ്രസ്‌ക്‌ളബിലും വിളമ്പാം എന്നു ചിന്തിക്കുന്നവരാവരുത്. ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവരെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വരിക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ ചുമതല. അല്ലാതെ അവര്‍ നിയമം ലംഘിച്ചു. ഞങ്ങളും ലംഘിക്കും എന്നു പറയുന്നത് അന്തസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല.
ഞാന്‍ ഏഷ്യാനെറ്റില്‍ തന്നെയുണ്ട്. ട്വിറ്റര്‍ അക്കൗണ്ടും അവിടെ തന്നെയുണ്ട്. നിരന്തര ചര്‍ച്ചകള്‍ക്ക് സമയമില്ലാത്തതിനാലും താല്‍പര്യമില്ലാത്തതിനാലും ആക്റ്റീവ് അല്ല എന്നു മാത്രം.’ വിനു വി ജോണ്‍ പറഞ്ഞു.

അനധികൃതകുടിയന്‍മാരേ… നിങ്ങള്‍ റിക്രിയേഷന്‍ ക്‌ളബില്‍ മദ്യപാനം തുടര്‍ന്നോളു.. ഒരു ലൈസന്‍സ് എടുത്തിട്ട്. അതിനെന്താ തടസം?
ബൈ ദ ബൈ സങ്കേതത്തില്‍ നിന്നും റൂഫ് ടോപ്പിലേക്കു മാറ്റിയ അനധികൃത കള്ളുകുടി സുഖമായി നടക്കുന്നില്ലേ? ബുദ്ധിമുട്ടൊന്നുമില്ലല്‌ളോ? റെയ്ഡ് ഭീഷണിയൊന്നും ഇല്ലല്‌ളോ അല്‌ളേ… അപ്പോള്‍ ആള്‍ ദ ബെസ്റ്റ്.

ഒരാളുടെ വാക്കുകള്‍ ഔദ്യോഗികമായി ഉദ്ധരിച്ച് മറ്റൊരാള്‍ കുറിപ്പാക്കുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. സുനിതയുടെ കുറിപ്പ് വിനു നിഷേധിച്ചിട്ടില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് ആരെന്തു പറഞ്ഞാലും അറിയുന്ന വിനു സുനിതയുടെ കുറിപ്പിനെക്കുറിച്ച് അറിഞ്ഞില്ല എന്നു പറയരുത്. സുനിതയോടുള്ള സംഭാഷണത്തില്‍ വിനു നടത്തിയിട്ടുള്ള പരാമര്‍ശങ്ങളില്‍ എന്റെ പേര് എടുത്തു പറഞ്ഞിട്ടുണ്ട്. ഇനി വിനു പറയാത്ത കാര്യങ്ങളാണ് സുനിത എഴുതിയിരിക്കുന്നതെങ്കില്‍ അതു വ്യക്തമാക്കട്ടെ. സുനിതയുടേത് സാങ്കല്പിക കഥയാണെങ്കില്‍ വിനുവിനോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. സുനിതയുടെ വാക്കുകള്‍ വിനു നിഷേധിക്കാത്തിടത്തോളം അതില്‍ അദ്ദേഹത്തിനും ഉത്തരവാദിത്വമുണ്ട്.

SD_VVJ7

സുഹൃത്തായ ഷെബോന്‍ മുഹമ്മദ് ഷെരീഫാണ് സുനിതയുടെ പോസ്റ്റ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്‌ക്രീന്‍ ഷോട്ട് അയച്ചുതന്നിട്ട് ഷെബോന്‍ ചോദിച്ചത് ഇതാണ് –‘????ഇതിന് ഒരു മറുപടി തരാമോ? അവിടേ പോസ്റ്റാനല്ല, അറിയാന്‍ വേണ്ടിയാ..’ അതിനു മറുപടി എഴുതിത്തുടങ്ങിയതാണ് ഒടുവില്‍ ‘ബര്‍മുഡയും വള്ളിക്കളസവും’ എന്ന ലേഖനമായി മാറിയത്. ആ ലേഖനത്തില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്നതും ഷെബോന്‍ അയച്ചുതന്ന സ്‌ക്രീന്‍ഷോട്ട് തന്നെ. വിനു വി.ജോണിനെ ഉദ്ധരിച്ച് സുനിത ദേവദാസ് എഴുതിയ കുറിപ്പിന്റെ പേരില്‍ വി.എസ്.ശ്യാംലാലിന് നേര്‍ക്ക് ചോദ്യങ്ങള്‍ ഉയരുന്നു. മറുപടി പറയാന്‍ വി.എസ്.ശ്യാംലാല്‍ എന്ന എനിക്ക് ബാദ്ധ്യതയുണ്ട്. വിനു തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം എനിക്കു മറുപടി പറയാന്‍ അര്‍ഹതയുണ്ട്. അതെങ്ങനെ വിനുവിനും കുടുംബത്തിനും അപകീര്‍ത്തികരമാവും?

SD_VVJ6.jpg

അപകീര്‍ത്തിയും മാനനഷ്ടവും നന്നായറിയാവുന്ന സിബി അതു വിനുവിനെക്കൂടി ഒന്നു ബോദ്ധ്യപ്പെടുത്തണം. മുമ്പ് ഉപയോഗിച്ച പ്രയോഗം തന്നെ വീണ്ടും പറയട്ടെ -വിനു ഇട്ടാല്‍ ബര്‍മുഡ ഞങ്ങളിട്ടാല്‍ വള്ളിക്കളസം എന്ന നിലപാട് ശരിയല്ല. എന്താണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്? തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍, അല്ലെങ്കില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അംഗങ്ങളായവര്‍ മുഴുവന്‍ 24 മണിക്കൂറും കുടിച്ചു കുന്തംമറിഞ്ഞ് നടക്കുന്നവരാണ് എന്നാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം അംഗത്വഫീസ് അടച്ച് വോട്ടവകാശം നേടിയ 490 സ്ഥിരാംഗങ്ങളാണുള്ളത്. വിനു വി.ജോണും ഞാനും വനിതാ മാധ്യമപ്രവര്‍ത്തകരുമെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. 35 നോഷണല്‍ അംഗങ്ങള്‍ കൂടിയായാല്‍ 525 പേരായി. ഇതില്‍ മദ്യപിക്കുന്നവര്‍ 150ല്‍ താഴെ. അതില്‍ത്തന്നെ സങ്കേതത്തില്‍ വന്നു മദ്യപിക്കുന്നവര്‍ 70ല്‍ താഴെ. സ്ഥിരമായി വരുന്നവര്‍ അതിലും എത്രയോ കുറവ്. അങ്ങനെയുള്ളപ്പോഴാണ് പ്രസ് ക്ലബ്ബിലുള്ളവരെ മുഴുവന്‍ മദ്യപാനികളാക്കി വിനു പുണ്യാളനായത്.

#Rishiraj Singh – Even you can’t stop unauthorised liquor business of journalists at Capital Press Club. Shame on you Singam!

#Rishiraj Singh # Kerala CM – Big Salute to both for bravely stopping the liquor business at Capital Press Club! All are equal before law!

#Rishiraj Singh #Press Club Tvm- True to the spirit of our motto- Truthful, Fearless and relentless! Big Salute to Pinarayi & Rishiraj S-in-gh

#Press Club – I don’t have a FB A/C. Still some gentlemen abuse me for some others remarks. Time for a legal battle.

#PressClub #RishirajSingh #DGPKerala A post against me says:’ Now they drink from outside and come in. Not in FIVE STAR BAR, but CAR-O-B-AR!’

#PressClub -He also says there is no vending but one can order liquor and settle bill when he comes!

#PressClub -Does he say the cars parked outside are bars?

വിനുവിന്റേതായി വന്ന ട്വീറ്റുകളാണ്. ഇതില്‍ അവസാനത്തെ ചില പോസ്റ്റുകള്‍ എന്റെ ‘DOUBLE STANDARD’ എന്ന കുറിപ്പിലെ ഉദ്ധരണികളാണ്. ഇതു വായിച്ചാല്‍ തോന്നും വിനു മാത്രം സത്യസന്ധന്‍, ബാക്കിയുള്ളവരെല്ലാം ദുര്‍ഗുണങ്ങളുടെ മൂര്‍ത്തീഭാവങ്ങള്‍. വിനുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഞാന്‍ ഇതെല്ലാം പകര്‍ത്തിയത്. പക്ഷേ, പ്രധാനപ്പെട്ട രണ്ടു ട്വീറ്റുകള്‍ കാണാനില്ല. സ്‌ക്രീന്‍ ഷോട്ട് എടുത്തു വെച്ചിരുന്നതിനാല്‍ ഇപ്പോള്‍ പ്രയോജനപ്പെട്ടു.

SD_VVJ4.jpg

#Rishiraj Singh #Press Club Trivandrum -Journo-goons started retaliation! Beware of stray dogs!

#Rishiraj Singh #Press Club Trivandrum -My colleague Gopikrishnan (Chitram Vichitram) sent an SMS ‘Kattalan’.

മാധ്യമപ്രവര്‍ത്തക ഗുണ്ടകള്‍ തിരിച്ചടി തുടങ്ങി എന്നാണ് വിനുവിന്റെ മുന്നറിയിപ്പ്. കൊടിച്ചിപ്പട്ടികളെ സൂക്ഷിക്കുക -ഒപ്പം ജോലി ചെയ്യുന്ന സമൂഹത്തിലുള്ളവരെ കേരളത്തിലെ ഏറ്റവും റേറ്റിങ്ങുള്ളത് എന്നു പറയപ്പെടുന്ന വാര്‍ത്താചാനലിന്റെ പ്രധാന അവതാരകന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പിന്നെങ്ങനെ വിനുവിനെ ഞങ്ങളിലൊരുവനായി കാണും? ഇനി വിനു നീക്കം ചെയ്ത രണ്ടാമത്തെ ട്വീറ്റ് -സഹപ്രവര്‍ത്തകനായ ചിത്രം വിചിത്രം ഗോപീകൃഷ്ണന്‍ കാട്ടാളന്‍ എന്നു വിളിച്ചു. ഈ ട്വീറ്റിലാണ് വിനുവിന്റെ കുടിലത മുഴുവന്‍ പ്രകടമാവുന്നത്. ഗോപീകൃഷ്ണന്‍ എസ്.എം.എസ്. അയച്ചു എന്നത് ശരി തന്നെയാണ്. അതിന്റെ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാം –‘രാമായണം എഴുതുന്നതിനു മുമ്പ് വാല്‍മീകിയും ഒരു കൊള്ളക്കാരനായിരുന്നില്ലേ, കാട്ടാളനായിരുന്നില്ലേ?’ വാര്‍ത്തകളും ചര്‍ച്ചകളും വളച്ചൊടിക്കുന്നത് ശീലമാക്കിയതിനാലാണോ വിനു ഈ എസ്.എം.എസ്സും തന്റെ സൗകര്യാര്‍ത്ഥം വളച്ചൊടിച്ചത് എന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ തെറ്റുപറയാനാവുമോ? അതോ, ഇനി ഗോപീകൃഷ്ണന്‍ ഉദ്ദേശിച്ചത് മനസ്സിലാവാത്തതിനാലാണോ? ഇപ്പോള്‍ വാല്‍മീകി ആയ വിനു മുമ്പ് കാട്ടാളനായിരുന്നു എന്നു തന്നെയാണ് ഗോപി ഉദ്ദേശിച്ചത്. എന്താണെന്ന് ഞാന്‍ വിശദീകരിക്കാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലാവുമല്ലോ!

vinu-v-john-gopikrishnan
ഗോപീകൃഷ്ണന്‍

കേരളത്തിലെ എല്ലാ ജില്ലകളിലും പ്രസ് ക്ലബ്ബുകളുണ്ട്. തിരുവനന്തപുരം ഒഴികെ ബാക്കി എല്ലായിടത്തും പ്രസ് ക്ലബ്ബുകള്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമിതി ഓഫീസുകളാണ്. തിരുവനന്തപുരത്ത് മാത്രം അങ്ങനെയല്ല. തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമിതി ഓഫീസ് പുളിമൂട് ജംഗ്ഷനിലെ കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റാണ്. അങ്ങനെ ആയതിനൊരു കാരണമുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും പ്രസ് ക്ലബ്ബുകളും മറ്റിടങ്ങളില്‍ നിലവില്‍ വരുന്നതിനു മുമ്പു തന്നെ തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബ് വന്നിരുന്നു. അതാണ് തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിന് പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നു മാറി ഒരു വ്യക്തിത്വമുണ്ടായത്, രൂപമുണ്ടായത്, ഭാവമുണ്ടായത്. കെ.ബാലകൃഷ്ണന്‍, കെ.സി.സെബാസ്റ്റ്യന്‍, കെ.സി.ജോണ്‍, ആര്‍.സമ്പത്ത്, പി.ആര്‍.ജോണ്‍, പി.സി.സുകുമാരന്‍ നായര്‍, ആര്‍.എം.മനയ്ക്കലാത്ത്, സി.ആര്‍.എന്‍.പിഷാരോടി, കെ.ആര്‍.രവി, മിനര്‍വ കൃഷ്ണന്‍കുട്ടി, എം.ശിവറാം, എം.എസ്.മണി തുടങ്ങിയ മഹാന്മാരായ പത്രപ്രവര്‍ത്തകരാണ് ഈ ക്ലബ്ബിന് അടിത്തറയിട്ടത്. ക്ലബ്ബ് രൂപമെടുത്തത് എന്തിനാണെന്നറിയണ്ടേ -പത്രക്കാര്‍ക്ക് കള്ളു കുടിക്കാനും ചീട്ടു കളിക്കാനും വെടിപറഞ്ഞിരിക്കാനും തന്നെ. മറ്റു പ്രവര്‍ത്തനങ്ങളെല്ലാം പില്‍ക്കാലത്ത് ഉപോത്പന്നങ്ങളായി വന്നതാണ്. കള്ളു കുടിക്കാനായി രൂപമെടുത്തു എന്നുള്ളതിനാല്‍ ഇപ്പോഴും അവിടെ കള്ളു കുടിക്കാനുള്ള അവകാശമുണ്ട് എന്നൊന്നും ഞാന്‍ പറയില്ല. നിയമപരമായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. പാരമ്പര്യത്തിന്റെ ഭാഗമായി വരികയും പിന്നീട് നിയമത്തിന് അതീതമായി മാറുകയും ചെയ്ത എന്തെങ്കിലും പ്രസ് ക്ലബ്ബില്‍ നടക്കുന്നുണ്ടെങ്കില്‍ അതു തിരുത്തുക തന്നെ വേണം. പ്രസ് ക്ലബ്ബിലെ ഭൂരിഭാഗം അംഗങ്ങളും എന്നെപ്പോലെ ചിന്തിക്കുന്നവര്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഞങ്ങളെയാണ് വിനു മദ്യപാനികളും ആഭാസന്മാരും ഗുണ്ടകളും കൊടിച്ചിപ്പട്ടികളുമൊക്കെ ആക്കിയത്. ആര്‍ക്കാണ് അപകീര്‍ത്തി ഉണ്ടായത്, പറയൂ?

vinu-v-john-gopikrishnan 1
വിനു വി.ജോണ്‍

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ആയാലും ഏഷ്യാനെറ്റ് ന്യൂസ് ആയാലും അവിടെ അംഗങ്ങളായവര്‍ ചില അച്ചടക്കവും സാമാന്യമര്യാദയും പാലിക്കണമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ. വിനുവിന്റെ ട്വീറ്റുകള്‍ വിവാദമായപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് സ്വീകരിച്ച നിലപാടു തന്നെയാണ് ഈ വാദത്തിന് തെളിവ്. വിനുവിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ സ്ഥാപനത്തെയോ അവിടെ ജോലി ചെയ്യുന്നവരെയോ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്. ഇത് അംഗീകരിക്കാന്‍ തയ്യാറായതിനെത്തുടര്‍ന്നാണ് വിനു വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഗോപീകൃഷ്ണനെതിരായ വിനുവിന്റെ ‘കാട്ടാളന്‍’ ട്വീറ്റ് അപ്രത്യക്ഷമായതും അങ്ങനെ തന്നെ. ഏഷ്യാനെറ്റ് ന്യൂസിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ വിനു വീട്ടില്‍പ്പോയിരിക്കേണ്ടി വരും, അല്ലെങ്കില്‍ മറ്റൊരു സ്ഥാപനം തേടേണ്ടി വരും. പ്രസ് ക്ലബ്ബ് അങ്ങനെയല്ലല്ലോ, വഴിയെ പോകുന്ന ഏതൊരുവനും കൊട്ടിയിട്ടു പോകാവുന്ന വിധത്തില്‍ കെട്ടിത്തൂക്കിയിട്ട ചെണ്ട!!

വിനു പ്രസ് ക്ലബ്ബില്‍ അംഗമാണ്. പ്രതിമാസം 50 രൂപ വീതം നിരക്കില്‍ ഒരു വര്‍ഷത്തെ ഫീസ് അടച്ച് അംഗത്വം പുതുക്കിയിട്ടുണ്ട്. അങ്ങനെ കിട്ടിയ വോട്ടവകാശം കഴിഞ്ഞ ജൂണ്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ വിനു വിനിയോഗിക്കുകയും ചെയ്തു. പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കാനിരിക്കുന്ന വേളയിലാണ് വിനു വെടി പൊട്ടിച്ചത്. ഏതു വിഷയത്തിലും വിനുവിന് സ്വന്തമായ അഭിപ്രായം വെച്ചുപുലര്‍ത്താനുള്ള അവകാശമുണ്ട്. ആ അഭിപ്രായം ഒരു പ്രത്യേക സമൂഹത്തെ ബാധിക്കുന്നതാവുമ്പോള്‍ ആദ്യം അതു രേഖപ്പെടുത്തേണ്ടത് ബന്ധപ്പെട്ട സാമൂഹിക കൂട്ടില്‍ത്തന്നെയാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പരമാധികാര ജനാധിപത്യ വേദി അവിടത്തെ ജനറല്‍ ബോഡിയാണ്. ഏതൊരു സ്ഥിരാംഗത്തിനും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാം, തന്റെ അഭിപ്രായം രേഖപ്പെടുത്താം. മറ്റു പല കാര്യങ്ങള്‍ക്കും ക്ലബ്ബില്‍ വരാറുള്ള വിനു എന്തുകൊണ്ട് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം പറഞ്ഞില്ല? അല്ലെങ്കില്‍ ഭാരവാഹികളെ നേരില്‍ക്കണ്ട് പറയാമല്ലോ നിയമവിരുദ്ധ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്, അതു തിരുത്തണം എന്ന്. ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ പരസ്യമായി പ്രതികരിക്കുന്നതില്‍ തെറ്റില്ല എന്ന് എനിക്കു തോന്നുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിലെ കെ.പി.യോഹന്നാനില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ഞാന്‍ പരസ്യമായി പ്രതികരിച്ചയാളാണ്. ഈ വിഷയത്തില്‍ എനിക്കുള്ള എതിരഭിപ്രായം അന്നത്തെ ഭാരവാഹികളെ കൃത്യമായി അറിയിച്ചിരുന്നു. എന്റെ അഭിപ്രായം അവര്‍ ബോധപൂര്‍വ്വം അവഗണിച്ചപ്പോഴാണ് ലേഖനമെഴുതിയത്. അതിന്റെ പേരില്‍ എന്തു നടപടി വന്നാലും നേരിടാന്‍ തയ്യാറുമായിരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ നീങ്ങി എന്നതിനാലാവാം എനിക്കെതിരെ നടപടി നീക്കമൊന്നും ഭാരവാഹികള്‍ നടത്തിയില്ല. വ്യവസ്ഥാപിതമായതിനെ അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഭാരവാഹികള്‍ പ്രകടിപ്പിച്ചു എന്നതു തന്നെയാണ് ഞാന്‍ ഇപ്പോഴും ക്ലബ്ബ് അംഗമായി തുടരാന്‍ കാരണം. ഈ മാര്‍ഗ്ഗമൊന്നും വിനു സ്വീകരിച്ചില്ല. ട്വിറ്ററിലൂടെ പരസ്യമായി വിഴുപ്പലക്കാന്‍ മുതിരുന്നതിനു പകരം ഒരു പരാതി എഴുതിക്കൊടുത്തോ എസ്.എം.എസ്. അയച്ചോ നേരിട്ടു ഫോണില്‍ വിളിച്ചുപറഞ്ഞോ ഋഷിരാജ് സിങ്ങിന്റെ ശ്രദ്ധയില്‍ വിഷയം എത്തിക്കാമായിരുന്നില്ലേ? അദ്ദേഹം പരിശോധിക്കട്ടെ. അതാണ് വിനുവിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ന്യായമായും സംശയിച്ചുപോകുന്നത്.

വിനുവിന്റെ വിഴുപ്പലക്കല്‍ കൊണ്ട് അപകീര്‍ത്തി സംഭവിച്ച ഒരാളാണ് ഞാന്‍. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. ഞാന്‍ എഴുതിയ ഒരു രാഷ്ട്രീയ അവലോകന കുറിപ്പിനു താഴെ വന്ന കമന്റ് ‘തിരുവനന്തപുരത്തല്ലേ. പ്രസ് ക്ലബ്ബില്‍ നിന്ന് വെള്ളമടിച്ച ശേഷം ബോധമില്ലാതെ എഴുതുന്നതാണ്’ എന്നാണ്. ഇന്നു വരെ ആരും എന്നെക്കുറിച്ച് ഉന്നയിക്കാത്ത ഒരു ആക്ഷേപം ഇപ്പോഴുണ്ടാവാന്‍ ആരാണ് കാരണക്കാരന്‍? മറ്റാര്, വിനു തന്നെ. ഞാന്‍ മദ്യപിക്കാറില്ല എന്ന് എന്നെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം. അക്കാര്യത്തില്‍ അച്ഛനാണ് എനിക്കു മാതൃക. എന്റെ അച്ഛന്‍ ഒരു പഴയ പട്ടാളക്കാരനാണ്. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത, കശ്മീരിലെ ലേയിലും ലെഡാക്കിലുമെല്ലാം ദുഷ്‌കര സാഹചര്യങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു സാദാ ശിപായി. ഇവിടെ മദ്യപാനി എന്നത് പട്ടാളക്കാരന്റെ പര്യായമാണ്. അതുകൊണ്ട് രാജ്യം കാക്കുന്ന പട്ടാളക്കാരോട് നമുക്കുള്ള ബഹുമാനം കുറയുന്നുണ്ടോ? എന്റെ അച്ഛന്‍ പട്ടാളക്കാര്‍ക്കിടയിലെ അപൂര്‍വ്വ ജനുസ്സാണ് -മദ്യപിക്കാത്ത പട്ടാളക്കാരന്‍. അച്ഛന്‍ സിഗരറ്റും വലിക്കില്ല. ലേയിലെയും ലഡാക്കിലെയും കൊടും തണുപ്പില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ തണുപ്പകറ്റാന്‍ മദ്യപിക്കാത്ത പട്ടാളക്കാരില്ല. എന്നാല്‍ അവിടെയും അച്ഛന്‍ വ്യത്യസ്തനായി. അച്ഛന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഇതറിഞ്ഞത്. പട്ടാളക്കാര്‍ക്കു ലഭിക്കുന്ന വെള്ള ടംബ്ലറില്‍ മറ്റുള്ളവര്‍ മദ്യം കുടിക്കാന്‍ എടുക്കുന്നതുപോലെ അച്ഛനും എടുക്കും, പക്ഷേ കുടിക്കില്ല. മദ്യം എടുത്തു വെച്ച ശേഷം കാലിലെ ഷൂസൂരും, സോക്‌സും. എന്നിട്ട് ഒരു പഞ്ഞിക്കഷ്ണം ആ മദ്യത്തില്‍ മുക്കി ഉള്ളം കാലിലും കാല്‍വിരലുകള്‍ക്കിടയിലും തേയ്ച്ചുപിടിപ്പിക്കും. മദ്യപിച്ച് ശരീരത്തില്‍ ചൂടുപിടിപ്പിക്കുന്നതിനെക്കാള്‍ ഇഫക്ടാണത്രേ ഈ പഞ്ഞിപ്രയോഗത്തിന്!! ആ അച്ഛനെ കണ്ടു വളര്‍ന്നതിനാലാവാം മദ്യപിക്കണമെന്ന മോഹം ഇന്നുവരെ തോന്നിയിട്ടില്ല. മദ്യത്തിന്റെ മണം തന്നെ എനിക്കിഷ്ടമല്ല. ഭാവിയില്‍ മാങ്ങാച്ചാറിന്റെ മണവും രുചിയുമെല്ലാമുള്ള മദ്യം കിട്ടിയാല്‍ ഒരു പക്ഷേ ഞാന്‍ ശ്രമിച്ചു നോക്കിയേക്കാം.

മദ്യപിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ട്. അത്തരക്കാര്‍ക്കൊപ്പം ഞാന്‍ കമ്പനി കൂടാറുണ്ട്, സൗഹൃദത്തിന്റെ പേരിലും ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായും. യു.എസ്.ടി. ഗ്ലോബലിന്റെ ആഗോള ചെയര്‍മാന്‍ സതേന്ദ്ര ‘ഡാന്‍’ ഗുപ്ത മുതല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സിനിമാതാരങ്ങളും മാധ്യമപ്രവര്‍ത്തകരും അടക്കം എന്റെ വീട്ടിനു തൊട്ടടുത്തുള്ള കര്‍ഷകത്തൊഴിലാളിയായ ചെല്ലക്കുട്ടി ചേട്ടന്‍ വരെ എന്റെ മദ്യപാന കമ്പനികളായിട്ടുണ്ട്. അവരുടെ കൈയിലെ ഗ്ലാസ്സില്‍ മദ്യമാണെങ്കില്‍ എന്റെ കൈയിലെ ഗ്ലാസ്സില്‍ പഴച്ചാറോ ‘പ്ലാച്ചിമട വെള്ളമോ’ ആയിരിക്കും എന്നു മാത്രം. അവര്‍ ടച്ചിങ്ങ്‌സായി വാങ്ങിവെയ്ക്കുന്ന ചിക്കനും ബീഫും കപ്പലണ്ടിയും ചിപ്‌സും വെജിറ്റബിള്‍ സാലഡുമെല്ലാം എന്റെ ആക്രമണത്തിനു വിധേയമാകുന്നതു സംബന്ധിച്ച പരാതികള്‍ പതിവാണ്. ഞാന്‍ കണ്ടിട്ടുള്ളത്ര വൈവിധ്യമുള്ള മദ്യക്കുപ്പികള്‍ മദ്യാപാനികള്‍ പോലും കണ്ടിട്ടുണ്ടാവില്ല. മദ്യപിച്ചു ബോധം പോകുന്ന സുഹൃത്തുക്കളെ വീടിനു മുന്നില്‍ കൊണ്ടുപോയി ചാരിനിര്‍ത്തിയ ശേഷം കോളിങ് ബെല്‍ മുഴക്കിയിട്ട് ഓടി രക്ഷപ്പെടുന്നത് എത്രയോ തവണ ആവര്‍ത്തിച്ചിരിക്കുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍ എത്രയോ തവണ എന്റെ ലോഡ്ജ് മുറി മദ്യപാനസദസ്സുകള്‍ക്ക് വേദിയായിരിക്കുന്നു. അന്നൊന്നും എന്നെ ആരും മദ്യപാനി എന്നു വിളിച്ചിട്ടില്ല. ഇപ്പോള്‍ അങ്ങനെ വിളിക്കുന്നു. എന്റെ കരള്‍ അടിയന്തിരമായി പരിശോധിക്കണം എന്നു നിര്‍ദ്ദേശിച്ചവര്‍ പോലുമുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതം പല മാന്യന്മാര്‍ക്കും ഒരു മദ്യശാല മാത്രമാണ്. മുമ്പ് അവിടെ സ്ഥിരമായി വന്നിരുന്നപ്പോള്‍ ആ ഇടത്തെ വെറും മദ്യശാലയായി കണ്ടവരും അവിടെ പ്രവേശനം കാംക്ഷിച്ചിട്ട് കിട്ടാത്തവരുമാണ് ഇപ്പോഴത്തെ വിമര്‍ശകരില്‍ മുന്നില്‍. സങ്കേതത്തെ സംരക്ഷിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വല്ലതും അവിടെ നടക്കുന്നുണ്ടെങ്കില്‍ അതു തിരുത്തണമെന്നുമുള്ള അഭിപ്രായമാണ് എനിക്കുള്ളത്. സങ്കേതം ഊഷ്മളസൗഹൃദങ്ങളുടെ അരങ്ങാണെന്നാണ് അനുഭവം. ആരാണ് സുഹൃത്ത്? നമുക്ക് എന്തു സംഭവിച്ചാലും ഒപ്പം നില്‍ക്കുന്നവനാണ് സുഹൃത്ത്. നന്മ വരുമ്പോള്‍ ഒപ്പം നില്‍ക്കുകയും തിന്മ വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്നവന്‍ സുഹൃത്തല്ല. ഞാന്‍ ഒരാളെ സുഹൃത്താക്കുമ്പോള്‍ അയാളുടെ നന്മയും തിന്മയും എല്ലാം ഒരു പോലെ സ്വീകരിക്കും. അതിനെക്കുറിച്ച് എന്നെക്കാള്‍ നന്നായി എന്റെ സുഹൃത്തുക്കള്‍ പറയും. എന്തു സംഭവിച്ചാലും ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കും.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നത തലങ്ങളില്‍ വിഹരിക്കുന്ന വിനുവിന് ഈ വിവാദത്തില്‍ ഒരു തരത്തിലുള്ള അപകീര്‍ത്തിയുമുണ്ടായിട്ടില്ല, മറിച്ച് പ്രസിദ്ധി ലഭിച്ചിട്ടേയുള്ളൂ. ചിലപ്പോള്‍ അതു കുപ്രസിദ്ധിയാവാം. പക്ഷേ, എന്നെപ്പോലെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ വിവാദം നഷ്ടക്കച്ചവടമാണ്. വലിയ ശമ്പളമോ ജീവിതസാഹചര്യങ്ങളോ ഇല്ലാത്ത ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന സമ്പത്ത് മാന്യതയായിരുന്നു. ഇപ്പോള്‍ അതും നഷ്ടമായിരിക്കുന്നു. ഇനി സിബി പറയട്ടെ, ആര്‍ക്കാണ് അപകീര്‍ത്തിയുണ്ടായതെന്ന്…

Previous articleDOUBLE STANDARD
Next articleCHILDHOOD GLORY

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

Donate to support FAIR JOURNALISM

1 COMMENT

  1. ശ്രീ. ശ്യാംലാലിന് ഹ്യദയംഗമമായ ജന്മദിനാശംസകള്‍ …… മനോജ് കൃഷ്ണന്‍.

COMMENTS