Reading Time: 7 minutes

ഹൈന്ദവവിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ ഭണ്ഡാരത്തില്‍ കാണിക്കയിടുകയോ വഴിപാട് രസീതെടുക്കുകയോ ചെയ്യരുത്.

-കെ.പി.ശശികല
പ്രസിഡന്റ്, ഹിന്ദു ഐക്യവേദി

ക്ഷേത്രങ്ങളിലെ പണം കൊണ്ടാണ് കേരളത്തിലെ ഭരണം നടക്കുന്നതെന്ന് കുറച്ചുകാലമായി ചിലര്‍ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മാത്രം ഇടപെടുന്ന സര്‍ക്കാര്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലേക്കു നോക്കുന്നു പോലുമില്ല എന്നാണ് ആക്ഷേപം. വിദ്യാസമ്പന്നര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളിലെ ഒരു വിഭാഗം ഇതു ശരിയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഈ പ്രചരണത്തിന്റെ തുടര്‍ച്ചയായി തന്നെയാണ് കഴിഞ്ഞ ദിവസം എരുമേലിയില്‍ നടന്ന നാമജപ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ശശികലയും ദേവസ്വം ബോര്‍ഡിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.

ഭരണകൂടം നിയന്ത്രിക്കുന്ന പൊതു ക്ഷേത്രങ്ങള്‍

രാജ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്നത്തെ പൊതു ക്ഷേത്രങ്ങള്‍. തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തത് 1811ല്‍ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തില്‍ (1810-15) ആയിരുന്നു. 1897ല്‍ പുതിയ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907ല്‍ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാന്‍ഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏല്പിക്കുകയും ചെയ്തു. 1906ല്‍ ‘ദേവസ്വം സെറ്റില്‍മെന്റ്’ വിളംബരം പുറപ്പെടുവിച്ചത് ഇതിന്റെ ഭാഗമായാണ്. ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണിക്കുടിയാന്മാരുമായുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. മൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂ വകുപ്പില്‍നിന്നു മാറ്റി പ്രത്യേക വകുപ്പ് ആക്കി 1922 ഏപ്രില്‍ 12ന് ‘ദേവസ്വം വിളംബരം’ നടത്തി. അടുത്ത കൊല്ലവര്‍ഷാരംഭം (1098) മുതല്‍ ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിലാക്കി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് രാജ്യത്തിലെ ആകെ ഭൂനികുതി വരുമാനത്തിന്റെ 40 ശതമാനത്തില്‍ കുറയാത്ത തുക ‘ദേവസ്വം ഫണ്ട്’ എന്ന പേരില്‍ നീക്കിവെയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946 ആയപ്പോഴേക്കും ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‌കേണ്ട പ്രതിവര്‍ഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ഒരു ഓര്‍ഡിനന്‍സ് മുഖേന 1949ല്‍ നിലവില്‍ വന്ന ആദ്യ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ എന്‍.എസ്.എസ്. സ്ഥാപകനായ മന്നത്തു പദ്മനാഭന്‍ ആയിരുന്നു. തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂലൈയില്‍ നടന്നതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം 3 അംഗങ്ങള്‍ വീതം ഉള്‍പ്പെട്ട ഓരോ ബോര്‍ഡിന്റെ അധികാരപരിധിക്കുള്ളിലായി. ഈ 3 അംഗങ്ങളില്‍ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാര്‍, ഹിന്ദു നിയമസഭാംഗങ്ങള്‍, മഹാരാജാവ് എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. 1949ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകള്‍ക്ക് നിയമസാധുതയും നല്കി. തുടര്‍ന്ന് 1950ലെ ഹിന്ദു മതസ്ഥാപന നിയമം (Hindu Religious Institution Act XV of 1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിച്ചു. കേരളത്തിനെ മറ്റു ഭാഗങ്ങളിലെ ക്ഷേത്ര ഭരണവും ഇതേരീതിയില്‍ തന്നെയാണ് സര്‍ക്കാരിന്റെ കൈയിലെത്തിയത്.

1956ല്‍ കേരളം നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ അവശേഷിച്ച പഴയ തിരു-കൊച്ചി പ്രദേശങ്ങളില്‍ ഈ നിയമം ബാധകമാക്കി (Kerala Adaptation of Laws Order, 1956). ഭരണഘടനയുടെ ഏഴാം ഭേദഗതി നിയമ പ്രകാരം ഭരണഘടയില്‍ 290എ അനുച്ഛേദം കൊണ്ടുവന്നു. കേരളത്തിന്റെ ആസ്തിയില്‍ നിന്ന് തിരുവിതാംകൂറിലെ ദേവസ്വങ്ങള്‍ക്ക് വര്‍ഷാവര്‍ഷം നിശ്ചിത തുക കൈമാറ്റം ചെയ്യണമെന്നും തമിഴ്‌നാട്ടിലേക്കു ചേര്‍ക്കപ്പെട്ട പഴയ തിരുവിതാംകൂര്‍ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാവര്‍ഷം നിശ്ചിത തുക അവിടത്തെ സര്‍ക്കാര്‍ കൈമാറ്റം ചെയ്യണമെന്നുമുള്ള വ്യവസ്ഥ ഭരണഘടനയിലും ഉള്‍പ്പെടുത്തി. ഇതുപ്രകാരം ഇന്ന് കേരള സര്‍ക്കാര്‍ വര്‍ഷാവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വത്തിന് 80 ലക്ഷം രൂപയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 20 ലക്ഷം രൂപയും നല്‍കുന്നു.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം

ഏകദേശം 3,080 ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം -1,240
കൊച്ചിന്‍ ദേവസ്വം -403
മലബാര്‍ ദേവസ്വം -1,337
ഗുരുവായൂര്‍ ദേവസ്വം
കൂടല്‍ മാണിക്യം ദേവസ്വം

മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947നു മുമ്പ് രാജഭരണ കാലത്ത് നിലവിലുണ്ടായിരുന്നത്. അതിനാല്‍ രാജ്യത്തിന് മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന് പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്ര ചെലവുകള്‍ നടത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന, ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവരും അവര്‍ക്കു താഴെയുള്ളവരുമായ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത അദ്ധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അങ്ങനെ ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല.

ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പല ക്ഷേത്രങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല. 1936ലെ ക്ഷേത്ര പ്രവേശന വിളംബരം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല. സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തം കാരണം ദളിത് വിഭാഗങ്ങള്‍ ഹിന്ദു മതത്തിന് പുറത്താണെന്ന ചിന്താഗതി ശക്തമായിരുന്നത് ക്ഷേത്രങ്ങളില്‍ ഭക്തര്‍ കുറയാന്‍ കാരണമായി. അതിനാല്‍ത്തന്നെ ക്ഷേത്ര വരുമാനവും കുറവായിരുന്നു. തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതു കൊണ്ടാണ് ഒരു പരിധി വരെ തകരാതെ നിലനിന്നത്.

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം

ക്ഷേത്രങ്ങളിലെ വരുമാനം ദേവസ്വം ബോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് വെറുതെയല്ല. കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന പണം ദേവസ്വം ബോര്‍ഡിന്റെ തന്നെ കീഴിലുള്ള വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയന്ത്രിക്കുന്ന 3,000ല്‍ പരം ക്ഷേത്രങ്ങളില്‍ 100ല്‍ താഴെ മാത്രമാണ് കാര്യമായ വരുമാനമുഉള്ള ക്ഷേത്രങ്ങള്‍. ബാക്കി വരുന്ന 2,900ഓളം ക്ഷേത്രങ്ങളുടെയും നിത്യനിദാന ചെലവുകളും ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവയും വരുമാനമുള്ള 100 ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം തന്നെ. വലിയ ക്ഷേത്രങ്ങളില്‍ നിന്ന് പണം മാത്രമാണ് എടുക്കുന്നതെന്നും എടുത്തു പറയണം. സ്വര്‍ണ്ണവും മറ്റു സ്വത്തുക്കളും അതു പോലെ തന്നെ സൂക്ഷിക്കപ്പെടുന്നു. ഇക്കാര്യങ്ങളൊക്കെ സുതാര്യമായി തന്നെയാണ് നിര്‍വ്വഹിക്കപ്പെടുന്നതും. വിവരാവകാശ നിയമത്തിന്റെ പരിധിയിലുള്ളതാണ് ദേവസ്വം ബജറ്റ്. ആരു ചോദിച്ചാലും കിട്ടും. ദേവസ്വം സ്വത്ത് സര്‍ക്കാര്‍ ‘കൊള്ളയടിക്കുന്നു’ എന്നു പറയുന്ന ടീംസിലാരെങ്കിലും ഇതു വാങ്ങി പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സംശയിക്കേണ്ട കാര്യമില്ല, പരിശോധിച്ചിട്ടില്ല തന്നെ. ദേവസ്വം ബജറ്റ് പരിശോധിച്ചിട്ടുള്ള ആരും തന്നെ ‘കൊള്ള’ എന്ന വിവരക്കേട് പറയില്ല.

ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള ഒരു തുകയും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നുമാത്രമല്ല, ക്ഷേത്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ ഫണ്ട് അങ്ങോട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. കേരള നിയമസഭയിലെ ഹിന്ദു എം.എല്‍.എമാരാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവുമൊടുല്‍ വന്ന 2011 സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തിലെ ഹിന്ദു ജനസംഖ്യ 54.73 ശതമാനമാണ്. വോട്ടവകാശമുള്ളവരുടെ അനുപാതവും ഇതു തന്നെ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവിന്റെ കുത്തകപാട്ടം കൈവശമുണ്ട് എന്നവകാശപ്പെടുന്ന ബി.ജെ.പിക്ക് ലഭിച്ച 15.13 ശതമാനം വോട്ടുകള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണെന്നു വെച്ചാലും ബാക്കിയുള്ള മഹാഭൂരിപക്ഷം വരുന്ന 39.63 ശതമാനം ഹിന്ദുക്കള്‍ തിരഞ്ഞെടുത്ത എം.എല്‍.എമാരാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്. കെ.പി.ശശികല പറയുമ്പോലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ ദേവസ്വം ബോര്‍ഡിന്റെ എതിര്‍പക്ഷത്തല്ല. ദേവസ്വം ബോര്‍ഡിനെ എതിര്‍ക്കുന്നവരാണ് എണ്ണത്തില്‍ കുറവ്.

ആറ്റുകാൽ ഭഗവതി ക്ഷേത്രം

ക്ഷേത്രത്തിലും സ്വകാര്യവത്കരണം!!!

സ്വകാര്യ കമ്പനി എന്നൊക്കെ കേട്ടിട്ടുണ്ട്. അതുപോലയാണോ സ്വകാര്യ ക്ഷേത്രങ്ങള്‍? രണ്ടും ഏതാണ്ട് ഒന്നു പോലൊക്കെ തന്നെയാണ്. ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചുവരുന്ന ക്ഷേത്രങ്ങളാണ് സ്വകാര്യ ക്ഷേത്രങ്ങള്‍. പഴയകാലത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ പൊതുവും സാര്‍വത്രികവുമായ ആരാധനാ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഭക്തരില്‍ നിന്ന് വരുമാനത്തിന് മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. കരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍ നിന്ന് വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു ഇത്തരം ക്ഷേത്രങ്ങളിലെ മുഖ്യവരുമാനം. പിന്നീട് പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്ന് അളവറ്റ വരുമാനം ഈ ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു.

ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ദേവി ക്ഷേത്രം, തിരുമുപ്പം മഹാദേവ ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവ പോലെ എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. യോഗം, കേരള ക്ഷേത്ര സംരക്ഷണ സമിതി, സ്വകാര്യ ട്രസ്റ്റുകള്‍, ഊരാണ്മ, വ്യക്തികള്‍ എന്നിങ്ങനെ പലരുടെയും നിയന്ത്രണത്തിലുള്ള 10,000ഓളം ക്ഷേത്രങ്ങള്‍ ഒരു ദേവസ്വം ബോര്‍ഡിന്റെയും കീഴില്‍ വരാത്തതായുണ്ട്. അതിനാല്‍ ക്ഷേത്രങ്ങള്‍ ‘മുഴുവന്‍’ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണത്തില്‍ കഴമ്പൊട്ടുമില്ല. സര്‍ക്കാര്‍ നിയന്ത്രണ പരിധിക്കു പുറത്തു തന്നെയാണ് മഹാഭൂരിപക്ഷം ക്ഷേത്രങ്ങളും

വൈക്കം ശ്രീ മഹാദേവ ക്ഷേത്രം

ദേവസ്വം ബോര്‍ഡിന്റെ ‘കൊള്ള’ പ്രചരിപ്പിക്കുന്ന സംഘപരിവാരത്തിന്റെ ഭാഗമായ ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവരുടെ നിയന്ത്രണത്തില്‍ കേരളത്തിലെ 10,000ഓളം ക്ഷേത്രങ്ങളില്‍ എന്തെങ്കിലും സുതാര്യതയുണ്ടോ? മഹാദേവനു മുന്നില്‍ ഒരു ഭക്തന്‍ നടയ്ക്കിരുത്തിയ കാളക്കുട്ടനെ മാസങ്ങള്‍ക്കകം ഇറച്ചിവിലയ്ക്കു വില്‍ക്കുകയും ആ ഇറച്ചി തന്നെ വാങ്ങി വേവിച്ചു തിന്നുകയും ചെയ്ത ‘ക്ഷേത്ര ഭരണസമിതി’യെ എനിക്ക് നേരിട്ടറിയാം. ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഞാന്‍ അവരോട് വഴക്കിട്ടതുമറിയാം. ഇത്തരം ക്ഷേത്രങ്ങളിലെ കണക്കുകള്‍ ആരെങ്കിലുമറിയുന്നുണ്ടോ, പരിശോധിക്കുന്നുണ്ടോ? ആറ്റുകാല്‍ ക്ഷേത്രവും കരിക്കകം ക്ഷേത്രവും പോലുള്ള ആരാധനാലയങ്ങളിലെ വരുമാനം പാവപ്പെട്ട ഹിന്ദുവിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുന്നുണ്ടോ? ആറ്റുകാലിലെയും കരിക്കകത്തെയും പൊങ്കാല നടത്തിപ്പിന് സര്‍ക്കാര്‍ ചെലവിടുന്ന കോടികള്‍ പൊതുപണമല്ലേ? ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ പെടാത്ത ക്ഷേത്രങ്ങളിലെ വരവെത്ര, ചെലവെത്ര എന്നു വിശ്വാസികളായ ഹിന്ദുക്കള്‍ക്കെങ്കിലും അറിയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ കണക്കില്ലാത്ത 10,000 ആണോ കണക്കുള്ള 3,000 ആണോ വലുത്? ഹിന്ദു ഉണരേണ്ടത് എന്തിനു വേണ്ടിയാണ്?

പള്ളികള്‍ പരിധിക്കു പുറത്താണ്

ഹിന്ദുക്കളുടെ വിശ്വാസ വരുമാനം സര്‍ക്കാര്‍ കൈയിട്ടുവാരി എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പണം തൊടാതെ അവര്‍ക്കു മാത്രം അവകാശപ്പെട്ടതായി തുടരുന്നു എന്നാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ഇതിനു മറുപടി പറയാന്‍ എളുപ്പമാണ്, സ്വകാര്യ ക്ഷേത്രങ്ങളുടെ അവസ്ഥയുമായി ക്രിസ്ത്യന്‍ പള്ളികളെയും മുസ്ലിം പള്ളികളെയും താരതമ്യം ചെയ്താല്‍ മതി. സ്വകാര്യ ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നില്ല എന്ന അതേ കാരണമാണു പള്ളികളുടെ കാര്യത്തിലും വരുന്നത്. അതാത് മതക്കാര്‍ പിടിയരിയും സംഭാവനയുമൊക്കെ പിരിച്ചു നിര്‍മ്മിച്ചവയാണ് പള്ളികള്‍. പിൽക്കാലത്ത് കൊളോണിയല്‍ ഭരണാധികാരികളായി മാറിയ കച്ചവടക്കാരെ പ്രീതിപ്പെടുത്താന്‍ രാജാക്കന്മാര്‍ പണം വാങ്ങിയോ, അപൂര്‍വ്വം അവസരങ്ങളില്‍ സൗജന്യമായോ ഭൂമി നല്‍കിയിട്ടുണ്ട് എന്നുള്ളതല്ലാതെ പള്ളികളുടെ നിര്‍മ്മാണത്തിനോ പരിപാലനത്തിനോ പൊതുപണം വിനിയോഗിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അവയുടെ ഭരണത്തിലും ഭരണകൂടത്തിനു പങ്കില്ല.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

എന്നാല്‍, നാട്ടുരാജ്യങ്ങളുടെ പൊതുപണം ഉപയോഗിച്ചു നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ ആ രാജ്യങ്ങളുടെ സ്വത്ത് തന്നെയാണ്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ സ്വത്തിന്റെ ഭാഗമെന്ന നിലയില്‍ ആ ക്ഷേത്രങ്ങള്‍ ജനാധിപത്യ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. എന്നാല്‍, സ്വകാര്യ ക്ഷേത്രങ്ങളെപ്പോലെ ക്രിസ്ത്യന്‍ -മുസ്ലിം പള്ളികളും സ്വതന്ത്രമായിത്തന്നെ നിന്നു. കാരണം സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് നാട്ടുരാജാക്കന്മാരുടെ നിയന്ത്രണത്തില്‍ പള്ളികളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പള്ളി ഭരണം ജനാധിപത്യ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നുമില്ല. 1949നു ശേഷം വളരെ അപൂര്‍വ്വമായി മാത്രമാണ് ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായത്. അതു തന്നെ നാട്ടുകാരുടെയും നടത്തിപ്പുകാരുടെയും നിരന്തര ആവശ്യത്തിന്റെ ഫലമായിട്ടായിരുന്നു.

ചേരിതിരിവ് സൃഷ്ടിക്കുന്ന അസംബന്ധ പ്രചാരണം

സംസ്ഥാനത്തെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റു പല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മഞ്ഞള്‍ പ്രസാദം പുരണ്ട നോട്ട് ശമ്പളമായി നല്‍കിയത് ക്ഷേത്രത്തിലെ പണം സര്‍ക്കാരെടുക്കുന്നു എന്നതിന്റെ തെളിവാണെന്നൊക്കെ പറയുന്നവരുടെ കുബുദ്ധി സമ്മതിക്കണം! തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതത് ദേവസ്വം ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിലെയും ഗുരുവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വങ്ങളിലെയും വരുമാനങ്ങള്‍ അതത് ക്ഷേത്രങ്ങളുടെ അക്കൗണ്ടുകളിലേക്കു തന്നെ പോകുന്നു.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് ഹൈക്കോടതി നിയോഗിക്കുന്ന ഓഡിറ്റര്‍മാരാണ്. നിലവില്‍ അത് ലോക്കല്‍ ഫണ്ട് വകുപ്പാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടേയും വരവ് -ചെലവ് കണക്കുകള്‍ നോക്കുന്നത് ലോക്കൽ ഫണ്ട് വകുപ്പ് തന്നെ. ദേവസ്വം ബോര്‍ഡുകളുടേയും ക്ഷേത്രങ്ങളുടേയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പബ്ലിക് ഡോക്യുമെന്റായതിനാല്‍ ഇവ പരിശോധിച്ചാല്‍ ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രങ്ങള്‍ക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാകും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ചെലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. തിരുവിതാംകൂര്‍ ദേവസ്വം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കണമെങ്കില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം.

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടാതെ ഹിന്ദു പ്രതിഷേധിച്ചാല്‍ അതിന്റെ നഷ്ടം ഹിന്ദുവിനു തന്നെയാണ്. അങ്ങനെ പ്രതിഷേധിക്കുമ്പോള്‍ പട്ടിണിയിലാവുന്നത് കേരള സര്‍ക്കാരല്ല, ദാരിദ്ര്യം പിടിച്ച ക്ഷേത്രങ്ങളിലെ ദേവതകളും അവിടത്തെ ജീവനക്കാരുമാണ്. അത് ക്രിസ്ത്യാനിയോ മുസ്ലിമോ അല്ല, ഹിന്ദു തന്നെയാണ്. ശശികലയും സംഘവും കുഴിക്കുന്ന കുഴിയില്‍ അവരുടെ ‘ബന്ധുക്കള്‍’ തന്നെ വീഴും. രാഷ്ട്രീയപരമായവ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹിന്ദുവിനെ വിറ്റു തിന്നുന്ന ഇത്തരം കള്ളന്മാര്‍ക്കെതിരെയാണ് ഹിന്ദു ഉണരേണ്ടത്. വഴിപാട് നിരക്കുകള്‍ അടിക്കടി ഉയര്‍ത്തി വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സ്വകാര്യ ക്ഷേത്രങ്ങളെ ഭക്തരുടെ നിയന്ത്രണത്തിലാക്കാനാണ് ഹിന്ദു ഉണരേണ്ടത്. ഹിന്ദുവിന്റെ അവകാശം കവര്‍ന്നുവെന്ന് കുപ്രചരണം നടത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന വഞ്ചകന്മാര്‍ക്കെതിരെയാണ് ഹിന്ദു ഉണരേണ്ടത്.

Previous articleഉത്തരക്കടലാസില്‍ ദൈവങ്ങള്‍ വേണ്ട!
Next articleആചാരത്തിന്റെ പേരില്‍ തള്ളരുത്!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here