ദൈവങ്ങളെ കോവിഡ് ബാധിച്ചില്ലെങ്കിലും ഭക്തര്‍ സാമൂഹിക അകലത്തിലാണ്. ക്ഷേത്രങ്ങളില്‍ ആളുകള്‍ നന്നേ കുറവാണ്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ അതിനാല്‍ നടവരവില്ല. എങ്കിലും ശാന്തിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ടില്ല. പൂജകളും കൃത്യമായി നടക്കുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്താനാവുന്നില്ല. കൃത്യമായ ഹാജര്‍ രേഖപ്പെടുത്താനാവുന്നില്ല. പക്ഷേ, ഹാജര്‍ നോക്കാതെ ശമ്പളം കിട്ടുന്നുണ്ട്. പെന്‍ഷനുമുണ്ട്.

കേരളത്തിനു കിട്ടേണ്ട ജി.എസ്.ടി. വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി തരുന്നില്ല. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ സൗജന്യ കിറ്റ് നല്‍കുന്നുണ്ട്, കോവിഡിന്റെ കെട്ട കാലം അതിജീവിക്കാന്‍.

‘സ്വതവേ ദുര്‍ബല കൂടെ ഗര്‍ഭിണിയും’ എന്ന പഴഞ്ചൊല്ലു പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ. അല്പം സ്ത്രീവിരുദ്ധമാണെങ്കിലും ആനവണ്ടി കോര്‍പ്പറേഷനെ വിശേഷിപ്പിക്കാന്‍ ഈ ചൊല്ലാണ് ചേരുക. നല്ല കാലത്തു തന്നെ അവിടെ കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. ദൈനംദിന കളക്ഷനിലാണ് ഓട്ടം. ഇപ്പോഴാണേല്‍ കളക്ഷനുമില്ല. പക്ഷേ, അവിടെയും ശമ്പളവും പെന്‍ഷനുമടക്കം ഒന്നും മുടങ്ങുന്നില്ല.

ക്ഷേമപെന്‍ഷന്‍ വലിയൊരു ജനവിഭാഗത്തിന് വലിയൊരു ആശ്വാസമാണ്. അത് ഇപ്പോള്‍ 1400 രൂപയായിരിക്കുന്നു. മാത്രവുമല്ല 30 ദിവസം കൂടുമ്പോള്‍ ആ 1400 രൂപ കൃത്യമായി വീട്ടിലെത്തുന്നു.

സാധാരണജീവിതം സാദ്ധ്യമല്ലാത്തതിനാല്‍ പലര്‍ക്കും പണിയില്ല പക്ഷേ, കൂരകളില്‍ പട്ടിണിയില്ല. അതിനാല്‍ പട്ടിണി മരണവുമില്ല. ആത്മഹത്യകളും തീരെ കുറഞ്ഞു.

തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗറില്‍ ഒരുമിച്ചിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന കുട്ടികള്‍

സ്കൂളുകളെല്ലാം ഹൈടെക് ആയിരിക്കുന്നു. സ്കൂള്‍ തുറന്നിട്ടില്ലെങ്കിലും പഠനം മുടങ്ങിയിട്ടില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ ടെലിവിഷനും ലാപ്ടോപ്പുമൊക്കെ വരുന്നു. പാഠപുസ്തകങ്ങള്‍ നേരത്തേ തന്നെ കുട്ടികളുടെ കൈകളിലെത്തിയിരിക്കുന്നു. പുതിയ വെല്ലുവിളികള്‍ പുതിയ അവസരങ്ങളായി മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണം വലിയൊരു വിഭാഗം കുട്ടികള്‍ക്ക് ആശ്വാസമാണ്. കോവിഡ് കാലത്ത് സ്കൂള്‍ അടച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ അരിയും പലവ്യജ്ഞനവും അവരുടെ വീട്ടിലെത്തിക്കുന്നു.

പട്ടി പെറ്റുകിടന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാശുപത്രി നിലവാരത്തിലായിരിക്കുന്നു. ആ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നുമെല്ലാമുണ്ട്. കോവിഡ് ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണ്ട -കിടക്ക, ചികിത്സ, മരുന്ന്, ഭക്ഷണം എല്ലാം സൗജന്യം. ‘കോവിഡ് വരുന്നെങ്കില്‍ വരട്ടെ’ എന്ന ചിന്തയിലേക്ക് എത്തിച്ചേരാനും മുന്നറിയിപ്പുകള്‍ അവഗണിച്ച് സമരിക്കാനും ചിലരെയെങ്കിലും പ്രേരിപ്പിച്ചത് ഈ മികവാണ്. കോവിഡ് വന്നാലും സുരക്ഷിതരായി തിരിച്ചെത്താം എന്ന വിശ്വാസം.

ഈ പറഞ്ഞ കാര്യങ്ങളോട് ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. എതിര്‍ക്കാനാവുകയുമില്ല. ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവരോട് പക്ഷേ, ചിലര്‍ക്ക് എതിര്‍പ്പാണ്. എതിര്‍പ്പില്ലെങ്കില്‍ ആ “ചിലര്‍” ഇല്ലല്ലോ!!

ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നതു തന്നെയാണ് യഥാര്‍ത്ഥ വികസനം. പ്രതിസന്ധിക്കാലത്ത് ജീവിതസാഹചര്യം മോശമാകാതെ നോക്കുന്നതും വികസനപ്രവര്‍ത്തനം തന്നെയാണ്.

ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ ശരിയാവുന്നത്.

Previous articleപ്രോട്ടോക്കോള്‍ മാത്രമാണോ വിഷയം?
Next articleഫോട്ടോഫിനിഷില്‍ ട്രംപ് തോല്‍ക്കും
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS