• 579
 • 48
 •  
 •  
 • 41
 •  
  668
  Shares

കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലമാണ്. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും പലവിധത്തിലുള്ള പ്രചാരണസാമഗ്രികള്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു മുന്നണിയുടെയും അവകാശവാദങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഒരു തരം നിര്‍മമതയോടെ അവയെ നോക്കിക്കാണുന്നതാണ് എന്റെ രീതി. എന്നാല്‍, ഇവിടെ ആ രീതി ഞാനൊന്നു മാറ്റിപ്പിടിക്കുകയാണ്.

‘വളരണം ഈ നാട്… തുടരണം ഈ ഭരണം!!’ -യു.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യമാണ്. ഇത് ആലേഖനം ചെയ്ത ധാരാളം പോസ്റ്ററുകള്‍ ഇറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഒരു പോസ്റ്ററിനോടാണ് എനിക്ക് എതിര്‍പ്പ്. ആ പോസ്റ്ററില്‍ പറയുന്നത് പച്ചക്കള്ളമാണെന്ന അനുഭവം എന്റേതു തന്നെയാണ്. എതിര്‍പ്പിന് കാരണം അതു തന്നെ.

UDF

‘തൊഴില്‍ സുരക്ഷയ്ക്ക് തൊഴില്‍വകുപ്പിന്റെ കര്‍ശന ഇടപെടല്‍’ എന്ന പോസ്റ്ററാണ് എന്നെ കുപിതനാക്കുന്നത്. ഇതു വായിച്ച് ഞാന്‍ ‘ഹ ഹ ഹ’ എന്ന് പുച്ഛിച്ച് പൊട്ടിച്ചിരിക്കും. ‘മനഃസമാധാനത്തോടെ പണിയെടുക്കാന്‍ കഴീണത് ഇപ്പഴാണ് കെട്ടാ. ഇടനിലക്കാരെന്റ പിടിച്ചുപറിയില്ലാതെ കൃത്യമായി കൂലി കിട്ടണുണ്ട്’ -പരസ്യത്തിലെ തൊഴിലാളിയുടെ വാക്കുകള്‍.

ഞാനാണ് ഈ പരസ്യത്തിലെങ്കില്‍ എന്റെ വാക്കുകള്‍ ഇപ്രകാരമായിരിക്കും -‘ഉണ്ടായിരുന്ന പണി ഇല്ലാതായിട്ട് ഒന്നര വര്‍ഷമാകുന്നു. ജോലി ചെയ്ത മൂന്നര മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. തൊഴില്‍ വകുപ്പിനെ ഇടപെടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ നാടകം കളിച്ച് അവരും പറ്റിച്ചു. നൂറു കണക്കിനു കുടുംബങ്ങള്‍ വഴിയാധാരമായി.’

ഈ വാക്കുകളുടെ വിശദീകരണം യു.ഡി.എഫുകാര്‍ ദയവായി ചോദിക്കരുത്. നാട്ടില്‍ മുഴുവന്‍ വികസനം വരുത്തിയെന്നു പറയുന്ന സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ ചേര്‍ന്ന് ഞങ്ങളെ ക്ലീനായി പറ്റിച്ച കഥയാണ് പറയാനുണ്ടാവുക. അതു കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും.

സാങ്കേതികമായി ഇന്ത്യാവിഷന്‍ എന്ന സ്ഥാപനത്തിലാണ് ഇപ്പോഴും എനിക്കു ജോലി. ഞാന്‍ രാജിവെച്ചിട്ടില്ല. എന്നെ പിരിച്ചുവിട്ടിട്ടില്ല. സ്ഥാപനം പൂട്ടിയതായി മുതലാളി പറഞ്ഞിട്ടുമില്ല. മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കു കയറുകയാണെങ്കില്‍ അന്നു മാത്രമേ എന്റെ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാവുകയുള്ളൂ. ചില്ലറ എഴുത്തുകുത്തുകള്‍ കൊണ്ട് ഇപ്പോള്‍ ജീവിച്ചുപോകുന്നു.

കൊച്ചിയിലെ ഇന്ത്യാവിഷന്‍ പ്രധാന ഓഫീസ് പ്രവര്‍ത്തനമുണ്ട്. അവിടെ ചില ജീവനക്കാര്‍ വരുന്നുണ്ട്. അവര്‍ക്കു ശമ്പളം കിട്ടുന്നുണ്ടാവണം. അല്ലാതെ വരില്ലല്ലോ. എന്നാല്‍, ഇന്ത്യാവിഷനില്‍ വാര്‍ത്തയില്ല. ഇന്ത്യാവിഷന്‍ ഇപ്പോള്‍ ‘പ്രവര്‍ത്തിക്കുന്നില്ല’ എന്നര്‍ത്ഥം. വാര്‍ത്തയില്ലാതെ എന്തു പ്രവര്‍ത്തനം?

ഇതിന്റെ അനന്തരഫലം എന്താണ്? എനിക്ക് ജോലിയില്ല. ശമ്പളമില്ല. എന്നെപ്പോലെ ധാരാളം പേര്‍ ഉണ്ട്. പക്ഷേ, ഇവിടെ ഞാന്‍ എന്റെ കാര്യം മാത്രം പറയുന്നു. ദുരഭിമാനം നിമിത്തം ജോലിയില്ലെന്നും ശമ്പളമില്ലെന്നും പറയാതെ ജീവിക്കുന്നവര്‍ ഇപ്പോഴും എന്റെ കൂട്ടത്തിലുണ്ട്. മുമ്പ് എനിക്കും ഇത്തരം ദുരഭിമാന ചിന്തകളുണ്ടായിരുന്നു. ഇപ്പോഴില്ല. ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു നിലപാട് മുറുക്കെപിടിക്കുന്നുണ്ട്. പട്ടിണി കിടന്നാലും നിലവാരം വിട്ടുള്ള കളിയില്ല. ആത്മാഭിമാനം പണയപ്പെടുത്തില്ല. ഗതികെട്ടാലും പുലി പുല്ല് തിന്നില്ലെന്നു സാരം.

ഒരു വര്‍ഷത്തിലേറെ കാലം ഈ മുങ്ങുന്ന കപ്പലില്‍ എനിക്കൊപ്പം പൊരുതി നിന്നവരുണ്ട്. ഇപ്പോഴും പൂര്‍ണ്ണമായി മുങ്ങാത്ത ഈ കപ്പലിലെ പോരാട്ടത്തിനു ഫലമില്ലെന്നു കണ്ടപ്പോള്‍ അടുത്തിടെ അവര്‍ കടലില്‍ ചാടി നീന്തിത്തുടങ്ങി. മുന്നില്‍ക്കണ്ട കച്ചിത്തുരുമ്പില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നു പറയാം. പക്ഷേ, അപ്പോഴും ഒരു വര്‍ഷത്തിലേറെക്കാലം സഹിച്ച യാതനയുടെ തിരകള്‍ അവരെ പിന്തുടരുന്നുണ്ട്, കടത്തിന്റെ രൂപത്തില്‍. വിജയ് മല്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ കടക്കാര്‍ ഞങ്ങളായിരിക്കും.

ഞങ്ങള്‍, ഇന്ത്യാവിഷന്‍ ജീവനക്കാര്‍ക്ക് ഈ ദുരവസ്ഥ എങ്ങനെ ഉണ്ടായി. അതിനുള്ള മറുപടിയിലാണ് യു.ഡി.എഫിന്റെ പരസ്യം കടന്നുവരുന്നത്. ‘തൊഴില്‍ സുരക്ഷയ്ക്ക് തൊഴില്‍ വകുപ്പിന്റെ കര്‍ശന ഇടപെടല്‍’ എന്നത് പച്ചക്കള്ളമാണെന്നു പറയേണ്ടി വരുന്നത് അപ്പോഴാണ്. മാനേജ്‌മെന്റിനൊപ്പം ചേര്‍ന്ന് തൊഴില്‍ വകുപ്പ് ഞങ്ങള്‍ ഇന്ത്യാവിഷന്‍ ജീവനക്കാരെ പറ്റിച്ചു. ഇപ്പോഴും പറ്റിച്ചുകൊണ്ടിരിക്കുന്നു, അവര്‍ സ്വീകരിക്കേണ്ട നടപടി സ്വീകരിക്കാതെ.

ആരാണ് ഇന്ത്യാവിഷന്‍ മാനേജ്‌മെന്റ് എന്ന് ചോദ്യം പ്രസക്തമാണ്. യു.ഡി.എഫ്. സര്‍ക്കാരിലെ സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീറിന്റെ മാനസസന്തതിയാണ് ഈ മുഴുവന്‍സമയ വാര്‍ത്താചാനല്‍. മുനീര്‍ തന്നെയായിരുന്നു തുടക്കത്തില്‍ ചെയര്‍മാന്‍. എന്നാല്‍, ഇരട്ടപ്പദവി വഹിക്കുന്നു എന്ന പ്രശ്‌നമൊഴിവാക്കാന്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നതായി കുറച്ചുകാലം കഴിഞ്ഞ് പ്രഖ്യാപിച്ചു. പ്രഖ്യാപനം മാത്രമേയുണ്ടായുള്ളൂ, അദ്ദേഹം തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്നത് വേറെ കാര്യം. ഞാനടക്കമുള്ള മുഴുവന്‍ ജീവനക്കാരും അദ്ദേഹത്തെ വിളിച്ചിരുന്നതും വിളിക്കുന്നതും അങ്ങനെ തന്നെയാണ്. നിര്‍ണ്ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് അദ്ദേഹം തന്നെ. പക്ഷേ, എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹം പറയും -‘എനിക്ക് ഇന്ത്യാവിഷനുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഇതിന്റെ ആരുമല്ല. വെറുമൊരു ഓഹരിയുടമ മാത്രം.’ കാര്യം ക്ലീന്‍!

മുനീര്‍ തന്നെയാണ് ഇന്ത്യാവിഷന്‍ ‘ഉടമ’ അഥവാ സ്ഥാപന മേധാവി എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അത് സത്യവുമാണ്. ഇന്ത്യാവിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ താന്‍ കടക്കാരനായി എന്ന് അദ്ദേഹം പറയുന്നു. ഒരു ബന്ധവുമില്ലാത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ അദ്ദേഹം കടം വാങ്ങേണ്ട കാര്യമെന്താണ്?

സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം നിലച്ചുപോകാന്‍ കാരണം. ഞാന്‍ 2012 സെപ്റ്റംബറില്‍ മാത്രം അവിടെച്ചെന്നു കയറിയ ആളാണ്. ഇന്ത്യാവിഷന്‍ തുടങ്ങിയ കാലം മുതല്‍ പ്രതിസന്ധി കൂടപ്പിറപ്പായിരുന്നുവെന്ന് നേരത്തേ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ശമ്പളം മുടങ്ങുന്നത് പതിവാകുന്നത് 2013ന്റെ തുടക്കത്തില്‍ ഒരു കലാപത്തിനു വഴിമരുന്നിടുകയും അതിനു നേതൃത്വം നല്‍കിയവര്‍ സ്ഥാപനത്തില്‍ നിന്നു പുറത്തുപോകുന്ന അവസ്ഥയുണ്ടാവുകയുമൊക്കെ ചെയ്തിരുന്നു. അപ്പോഴും ഇന്ത്യാവിഷനില്‍ തന്നെ ഉറച്ചുനിന്നവര്‍ സ്വീകരിച്ചത് തങ്ങളുടെ നിലനില്‍പ്പിന് ഇന്ത്യാവിഷന്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന നിലപാടായിരുന്നു. അന്നത്തെ പ്രതിസന്ധി മറികടക്കാനായതും ആ ഉറച്ച നിലപാടിന്റെ പിന്‍ബലത്തില്‍ തന്നെ.

പ്രതിസന്ധിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ജീവനക്കാര്‍ അതനുസരിച്ച് പെരുമാറിയെങ്കിലും മാനേജ്‌മെന്റ് എന്തുകൊണ്ടോ ഒന്നും പഠിക്കാന്‍ തയ്യാറായില്ല. ശമ്പളം മുടങ്ങുന്നത് പതിവായതോടെ 2014 ഡിസംബറില്‍ ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം മുടങ്ങുന്ന സാഹചര്യമുണ്ടായി. അന്നു ജീവനക്കാര്‍ പ്രശ്‌നപരിഹാരത്തിന് തൊഴില്‍ വകുപ്പിനെ സമീപിച്ചു. മറ്റേതൊരു തൊഴില്‍ സ്ഥാപനത്തിലും പ്രതിസന്ധിയുണ്ടാവുമ്പോള്‍ ഇടപെടുന്നത് തൊഴില്‍ വകുപ്പാണ് എന്ന ധാരണയിലാണ് ഞങ്ങളും അവരെ സമീപിച്ചത്. എന്നാല്‍, വലിയ പ്രതികരണം തുടക്കത്തിലുണ്ടായില്ല.

പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇന്ത്യാവിഷന്‍ പ്രതിസന്ധി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മുന്‍കൈയെടുത്തു തന്നെ ചര്‍ച്ച വിളിച്ചുചേര്‍ത്തു. ശമ്പള കുടിശ്ശിക തീര്‍ക്കുന്നതിനും കൃത്യമായി ശമ്പളം നല്‍കുന്നതിനുമുള്ള പദ്ധതി അവിടെ തയ്യാറാക്കപ്പെട്ടു. അത് സര്‍ക്കാരും മാനേജ്‌മെന്റും അംഗീകരിച്ചു. അതോടെ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ വീണ്ടും ജോലിക്കു കയറി. വാര്‍ത്ത തിരിച്ചുവന്നു. കഷ്ടകാലം മാറുന്നു എന്ന ചെറിയൊരു പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു, പൂര്‍ണ്ണമായി വിശ്വസിച്ചില്ലെങ്കിലും.

തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ പാലിക്കപ്പെടുന്ന ലക്ഷണം കാണാതായപ്പോള്‍ ഞങ്ങള്‍ ലേബര്‍ കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ സമീപിച്ചു. അദ്ദേഹം കൈമലര്‍ത്തി. അതിനു പറഞ്ഞ കാരണം കേട്ട് ഞങ്ങള്‍ ഞെട്ടി. തൊഴില്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എത്രമാത്രം വലിയ കുറ്റമാണ് ഇന്ത്യാവിഷന്‍ മാനേജ്‌മെന്റ് ചെയ്യുന്നതെന്ന് ചര്‍ച്ചാവേളയില്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ തൊഴില്‍ മന്ത്രി വായുവില്‍ നിര്‍ത്തിയത്രേ. തൊഴില്‍ മന്ത്രി ഷിബുബേബി ജോണും ഇന്ത്യാവിഷന്‍ ‘ഉടമ’ എന്നു പറയപ്പെടുന്ന സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീറും അടുത്ത സ്‌നേഹിതര്‍. സര്‍വ്വോപരി മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍.

ലേബര്‍ കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനു പകരം യഥാര്‍ത്ഥ ലേബര്‍ കമ്മീഷണര്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെയും ഞങ്ങള്‍ കണ്ടു. കോയി ഫല്‍ നഹിം. അദ്ദേഹം തുടക്കമിട്ട നടപടികള്‍ പലതും വഴിയില്‍ നിലച്ചു. ‘മന്ത്രിസുഹൃത്തുക്കള്‍’ വിദഗ്ദ്ധമായി അട്ടിമറിച്ചു എന്നര്‍ത്ഥം. തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. ശമ്പളക്കുടിശ്ശിക 3 മാസം പിന്നിട്ടപ്പോള്‍ 2015 ഫെബ്രുവരി 9ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യാവിഷന്‍ വാര്‍ത്ത നിലച്ചു. പിന്നെ തിരിച്ചുവന്നില്ല. തിരിച്ചുവരും, വന്നുകഴിഞ്ഞു എന്നൊക്കെ പല തവണ കേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

ഇന്ത്യാവിഷന്‍ സാമ്പത്തികപ്രതിസന്ധിയിലായിരുന്നുവെങ്കിലും നല്ല സാമ്പത്തിക അടിത്തറയുള്ള ഡയറക്ടര്‍മാര്‍ കമ്പനിക്കുണ്ടായിരുന്നു. അവര്‍ മുഖേന ശമ്പളക്കുടിശ്ശികയെങ്കിലും വിതരണം ചെയ്യിക്കുന്നതിന് നടപടിയെടുക്കാന്‍ തൊഴില്‍ വകുപ്പിന് സാധിക്കുമായിരുന്നു. ഒന്നും ചെയ്തില്ല, സര്‍ക്കാരിന്റെ കാലാവധി കഴിയും വരെ. എന്നിട്ട് ഇപ്പോള്‍ പറയുന്നു -‘തൊഴില്‍ സുരക്ഷയ്ക്ക് തൊഴില്‍വകുപ്പിന്റെ കര്‍ശന ഇടപെടല്‍’. കഷ്ടം!!!

ശമ്പളക്കുടിശ്ശിക ഇല്ല. സ്ഥാപനം പൂട്ടിയെന്നു പറയുന്നില്ല. തുടരുന്ന ജീവനക്കാര്‍ക്ക് റീടെയ്‌നര്‍ അലവന്‍സില്ല. ത്രിശങ്കു എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ അവിടെയാണ്. ഞങ്ങളെ ത്രിശങ്കുവിലാക്കിയത് തൊഴില്‍ വകുപ്പാണ്. തൊഴില്‍ വകുപ്പിന്റെ ഈ മികവിന്റെ പേരിലാണ് യു.ഡി.എഫ്. വോട്ട് ചോദിക്കുന്നതെങ്കില്‍ കുറച്ചധികം വോട്ട് അവര്‍ക്കു ലഭിക്കുക തന്നെ ചെയ്യും!!!

MORE READ

ആക്രമണമാണ് മികച്ച പ്രതിരോധം... ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ചൂടുള്ള തര്‍ക്കവിഷയമാണ് കശ്മീര്‍. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുമ്പോള്‍ അതു നമ്മുടെ ആഭ്...
മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം... ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്...
ങ്കിലും ന്റെ റബ്ബേ!!... പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ 'ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍'. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുത...
ഉപദേശം ഫ്രീ!!! സ.ഉ. (ആര്‍.ടി.) നം.3716/2016/പൊഭവ നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി 'മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍' തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥ...
ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍... കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോല...
മാവേലിക്ക് അച്ചടക്കനടപടി!!!... സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം വേണ്ടെന്നു നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനോപകാരപ്രദമായി ഓഫീസുകളുടെ പ്രവര്‍ത്തനം ക...
മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..... ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച...

 • 579
 • 48
 •  
 •  
 • 41
 •  
  668
  Shares
 •  
  668
  Shares
 • 579
 • 48
 •  
 •  
 • 41

2 COMMENTS

 1. പരസ്യങ്ങൾ നല്ല വശം മാത്രം പരസ്യമാക്കും വേറിട്ട ,ഒറ്റപ്പെട്ട രഹസ്യ കാര്യങ്ങൾ കണ്ടില്ല എന്ന് വെക്കും ആർക്കാണ് ഈ സത്യം അറിയാത്തത് ? ഇരകളായ ജീവനക്കാർ മറ്റു നിയമ നടപടികൾ സ്വീകരിച്ചിരിക്കുമെന്ന് കരുതുന്നു അതി ജീവനത്തിൽ സമർത്തർ മറ്റു പലതും ചെയ്തു വിലസുന്നത് കാണാവുന്നതല്ലേ ?
  ഓരോ സ്ഥാപനത്തിന്റെയും ജയ പരാജയങ്ങളിൽ ജീവനക്കാർക്കും ചെറുതല്ലാത്ത പങ്കുണ്ട് നേതാക്കൾക്ക് ,നയിക്കുന്നവർക്ക് ,അവരെ നയിക്കുന്നവർക്കും വലിയ പങ്കുണ്ട് പരസ്പരം പഴി പറയാതെ പരിഹാരം കാണാൻ ശ്രമിക്കുന്നത് ഏതു സ്ഥാപനത്തിന്നും വ്യക്തികൾക്കും നല്ലതല്ലേ ?

  • പരിഹാരം കാണാന്‍ അറിയാവുന്ന മാര്‍ഗ്ഗങ്ങളെല്ലാം നോക്കി. ഇലയ്ക്കും മുള്ളിനും അടുക്കില്ലെന്നു വെച്ചാല്‍ പിന്നെന്തു ചെയ്യാനാ?

COMMENT