പരീക്ഷ എഴുതി തുടങ്ങുന്നതിനു ദൈവത്തിന്റെ പേര് ഉത്തരക്കടലാസിനു മുകളില്‍ എഴുതി വെയ്ക്കുന്ന പതിവ് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. എന്നാല്‍, ഇനി അത് വേണ്ട. കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ദൈവത്തിന്റെ പേര് എഴുതിവെച്ചാല്‍ ഇനി വിവരമറിയും.

പല വിദ്യാര്‍ത്ഥികളും ഉത്തരക്കടലാസില്‍ ‘ഓം’ എന്നെഴുതുകയോ കുരിശോ ചന്ദ്രക്കലയോ വരച്ചുവെയ്ക്കുകയോ ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതിനു പുറമെ ദൈവങ്ങളുടെ പേരുകളും മന്ത്രങ്ങളുമെല്ലാം എഴുതിവെയ്ക്കുന്നു. ഇത്തരം ‘ദൈവീക ഇടപെടല്‍’ വേണ്ട എന്ന് സര്‍വ്വകലാശാല തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. ഉത്തരക്കടലാസിലേക്ക് ദൈവത്തെ ‘ആവാഹിക്കുന്നത്’ പരീക്ഷാ ക്രമക്കേടായി പരിഗണിക്കും.

ഉത്തരക്കടലാസില്‍ നിന്ന് ദൈവത്തെ പുറത്താക്കുന്നതടക്കം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് 8 പ്രധാന നിര്‍ദ്ദേശങ്ങള്‍ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാല സര്‍ക്കുലറായി പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പേര്, PTO, അനാവശ്യ സന്ദേശങ്ങള്‍, വാക്കുകള്‍, വരികള്‍, ചിഹ്നങ്ങള്‍ എന്നിവയെഴുതുക, ഉത്തരക്കടലാസിന്റെ ഘടനയില്‍ മാറ്റം വരുത്തുക എന്നതൊക്കെ പരീക്ഷാ ക്രമക്കേടായി പരിഗണിക്കപ്പെടും. മൂല്യനിര്‍ണ്ണയം നടത്തുന്ന അദ്ധ്യാപകന് വിദ്യാര്‍ത്ഥിയെ തിരിച്ചറിയാനുതകുന്ന വിധത്തിലുള്ള സൂചനകളായി ഇവയെല്ലാം പരിഗണിക്കപ്പെടും എന്നതിനാലാണ് ഇതെല്ലാം ക്രമക്കേടിന്റെ പരിധിയില്‍പ്പെടുന്നത്.

വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ടെങ്കിലും ഇതൊരു പുതിയ കാര്യമല്ല എന്ന നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചിരികുന്നത്. ഇപ്പോഴത്തെ സര്‍ക്കുലറിലുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പ്രാബല്യത്തിലുള്ളതെന്നാണ് വാദം. ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നതിനാല്‍ സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശദീകരണം.

FOLLOW
 •  
  56
  Shares
 • 36
 • 12
 •  
 • 8
 •  
 •