Reading Time: 4 minutes

കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സെര്‍വര്‍ ഉപയോഗിക്കുന്നു എന്നതായിരുന്നു ആരോപണത്തിന്റെ കാതല്‍. വലിയൊരു വിവരശേഖരം അവലോകനം ചെയ്തു നിഗമനത്തിലെത്താനുള്ള ബിഗ് ഡാറ്റാ അനാലിസിസ് ടൂള്‍ വികസിപ്പിക്കാനുള്ള വളര്‍ച്ച കേരളത്തിലെ സ്ഥാപനങ്ങള്‍ കൈവരിച്ചിട്ടില്ലാത്തതിനാലാണ് അതു ചെയ്തുവരുന്ന സ്പ്രിങ്ക്ളറിനെ നമ്മള്‍ ചുമതലയേല്പിച്ചത്. അതിനായി സ്പ്രിങ്ക്ളറിന്റെ സെര്‍വര്‍ തല്‍ക്കാലം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.

സ്പ്രിങ്ക്ളറിന്റെ ഡാറ്റാ അനാലിസിസ് ടൂള്‍ പ്രവര്‍ത്തിക്കുന്നത് Amazon Web Services -AWS ക്ലൗഡ് അടിസ്ഥാനമാക്കിയാണ്. കേരളത്തിന്റെ ഡാറ്റാ സെന്ററില്‍ vmware ക്ലൗഡ് സങ്കേതമാണ് ഉപയോഗിക്കുന്നത്. സ്പ്രിങ്ക്ളറിന്റെ സോഫ്ട്വെയര്‍ vmware ക്ലൗഡുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സാങ്കേതികമായി ഒരുപാട് നൂലാമാലകളുണ്ട്. അതിനാല്‍ കേരളത്തിന്റെ കോവിഡ് 19 വിവരക്രമീകരണം AWS ക്ലോഡില്‍ തന്നെ ആകണമായിരുന്നു. കേരളത്തില്‍ സി-ഡിറ്റിന് AWS ഉണ്ടെങ്കിലും കോവിഡ് 19 വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കാനാവുന്ന വിധത്തിലുള്ള ശേഷിയുണ്ടായിരുന്നില്ല. അത് വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനവും തല്‍ക്ഷണം ലഭ്യമായിരുന്നില്ല. അതിനാല്‍ സ്പ്രിങ്ക്ളറിന്റെ AWS തന്നെ തല്‍ക്കാലം ഉപയോഗിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ സി-ഡിറ്റ് മുഖേന സ്വന്തം AWS ക്രമീകരിക്കാനാവുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ അതിലേക്കു മാറ്റാനും ധാരണയായിരുന്നു. ഇപ്പോള്‍ സി-ഡിറ്റ് AWS ക്ലൗഡ് ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ മുന്നോട്ടുനീക്കുകയാണ്. ഇനിമുതല്‍ വിവരങ്ങള്‍ ആ ക്ലൗഡിലേക്കായിരിക്കും ശേഖരിക്കുക. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് കഴിഞ്ഞ ദിവസമെഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു.

അടിയന്തരസാഹചര്യത്തില്‍ സ്പ്രിങ്ക്ളറില്‍ നിന്നു സ്വീകരിച്ച പിന്തുണ ഘട്ടം ഘട്ടമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക എന്ന തീരുമാനം ആദ്യമേ തന്നെ എടുത്തിരുന്നു. അതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഡൊമെയ്ന്‍ മാറ്റം പ്രാവര്‍ത്തികമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് https://citizencenter.sprinklr.com എന്ന സബ്ഡൊമെയ്ന്‍ https://citizencenter.kerala.gov.in എന്നതിലേക്കു മാറിയത്. പുതിയ സബ് ഡൊമെയ്ന്‍ അനുസരിച്ചുള്ള ചില മാറ്റങ്ങള്‍ സോഫ്ട്വെയറില്‍ വരുത്തേണ്ടതുണ്ടായിരുന്നതിനാല്‍ അതു കൂടി പ്രാവര്‍ത്തികമാക്കിയ ശേഷം ഉപയോഗത്തിനു നല്‍കി. ഇതുപ്രകാരം വിവരശേഖരണത്തിനുള്ള ലിങ്ക് https://kerala-field-covid.sprinklr.com എന്നതില്‍ നിന്ന് https://housevisit.kerala.gov.in എന്നതിലേക്കും മാറി. രൂപത്തിലും ഘടനയിലും ഒരു മാറ്റവുമില്ല. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റമില്ല. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന AWS ക്ലൗഡിലെ ഡാറ്റ അവലോകനം ചെയ്ത് അനലിറ്റിക്സ് തയ്യാറാക്കി വിവരങ്ങളും റിപ്പോര്‍ട്ടും കൈമാറുന്ന ചുമതല സ്പ്രിങ്ക്ളര്‍ തന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും. ഇപ്പോഴത്തെ മാറ്റം നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണത്. ചുരുക്കിപ്പറഞ്ഞാല്‍ തല്ക്കാലം വെബ്സൈറ്റിന്റെ uniform resource locator എന്ന url മാത്രം മാറി.

സ്പ്രിംഗ്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട പര്‍ച്ചേസ് ഓര്‍ഡറില്‍ ഡാറ്റ സംഭരിക്കുന്ന സെര്‍വര്‍ മാറ്റത്തിന്റെ കാര്യം ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ കേരളത്തിന്റെ AWS ക്ലൗഡ് സെര്‍വറിലേക്കു മാറ്റാന്‍ സജ്ജമാകുന്നതു വരെ അത് സ്പ്രിങ്ക്ളറിന്റെ AWS സെര്‍വറില്‍ സൗജന്യമായി സൂക്ഷിക്കണമെന്നതായിരുന്നു വ്യവസ്ഥ. നമ്മുടെ സെര്‍വര്‍ സജ്ജമാകുമ്പോള്‍ തത്സമയം അതിലേക്കു മാറണം. അങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ പൂര്‍ണ്ണമായ ഉടമസ്ഥത കേരള സര്‍ക്കാരിനാണെന്നും വിവരങ്ങൾ വിശകലനം ചെയ്തു അനലിറ്റിക്സ് ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്നതിനുള്ള ചുമതലയാണ് സ്പ്രിങ്ക്ളറിനുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.

നമ്മുടെ വിവരങ്ങൾ വാണിജ്യപരമമായ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ കർശനമായ പ്രോട്ടോക്കോളും കരാറുകളും ഉണ്ടാക്കുക എന്നത് കേരള സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ ഇപ്പോഴത്തെ രീതിയാണ്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി കരാറിലെ തട്ടിപ്പുകള്‍ ഒഴിവാക്കി പൊളിച്ചെഴുതിയതു മുതല്‍ ആ ജാഗ്രത പ്രകടമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പുവെച്ച ആദ്യ സ്മാര്‍ട്ട് സിറ്റി കരാറിലെ തട്ടിപ്പുകള്‍ അത്രമാത്രം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നുവല്ലോ. ഇപ്പോള്‍ പുലര്‍ത്തുന്ന സൂക്ഷ്മത സ്പ്രിങ്ക്ളറുമായുള്ള സഹകരണത്തിലും പാലിച്ചിട്ടുണ്ട് എന്നു തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചു നടത്തി വരുന്ന ടൂളിന്റെ കസ്റ്റമൈസേഷന്‍ നടപടികള്‍ അഥവാ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് നടപടിക്കുള്ള വര്‍ക്ക് ഓര്‍ഡറില്‍ തന്നെ വിവരശേഖരം പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ ആയിരിക്കുമെന്നും ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കപ്പെടില്ല എന്നുമുള്ള നോണ്‍ ഡിസ്ക്ലോഷര്‍ വ്യവസ്ഥ ഇതില്‍ എടുത്തുപറയേണ്ടതാണ്.

സ്വന്തമായി സോഫ്ട്വെയര്‍ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും സാധിക്കാത്ത അവസരങ്ങളില്‍ ക്ലൗഡ് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്തുക എന്നത് ലോകത്തെല്ലായിടത്തും പതിവുള്ള കാര്യമാണ്. അതിനാല്‍ത്തന്നെ പലരാജ്യങ്ങളും സൈനികപ്രവര്‍ത്തനങ്ങളടക്കം ക്ലൗഡിലേക്കു മാറ്റിയിട്ടുണ്ട്. സ്പ്രിങ്ക്ളറിന്റേതു പോലുള്ള SaaS -Software as a Service ആപ്ലിക്കേഷനുകള്‍ ക്ലൗഡിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സോഫ്ട്വെയര്‍ നിര്‍മ്മിക്കുന്നതും പുതുക്കുന്നതും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതുമൊന്നും ഇപ്പോള്‍ ഇതു പ്രയോജനപ്പെടുത്തുന്ന കേരള സര്‍ക്കാരിനെപ്പോലുള്ള ഇടപാടുകാര്‍ നോക്കേണ്ട കാര്യമില്ല. അതെല്ലാം സ്പ്രിങ്ക്ളറിന്റെ ഉത്തരവാദിത്വം. മുന്നിലെത്തുന്ന ഡേറ്റ ക്രമപ്പെടുത്തി ഇടപാടുകാര്‍ക്കാവശ്യമായ അനലിറ്റിക്സും ഡാഷ്ബോര്‍ഡും റിപ്പോര്‍ട്ടുമെല്ലാം സ്പ്രിങ്ക്ളര്‍ നല്‍കും. ഇതിനാണ് സാധാരണനിലയില്‍ കമ്പനി ഫീസ് ഈടാക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം കഴിയുംവരെ ഇതു സൗജന്യമാണ്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കപ്പെടുന്നതോടെ അടുത്ത ഘട്ടത്തില്‍ ആവശ്യമാകുന്ന വലിയ വിവരശേഖരണം കൈകാര്യം ചെയ്യുന്നതിലേക്കു കടക്കുമ്പോള്‍ പുതിയ എന്റര്‍പ്രൈസ് എഗ്രിമെന്റില്‍ ഏര്‍പ്പടണമെന്ന് സ്പ്രിങ്ക്ളറുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ഈ കരാറിലും എല്ലാ വിധത്തിലുമുള്ള വിവരസുരക്ഷാ നടപടികള്‍ ഉറപ്പാക്കും. വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് അവര്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക എന്നതു സംബന്ധിച്ച വ്യക്തമായ അറിയിപ്പും നല്കും. ഈ പ്രവര്‍ത്തനങ്ങളും സൗജന്യമാണ്.

പ്രതിപക്ഷ നേതാവ് ആക്ഷേപമുന്നയിച്ച അമേരിക്കന്‍ കമ്പനി സായിപ്പിന്റേതല്ല, 100 ശതമാനം മലയാളിയായ രാജി തോമസിന്റേതാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.. പ്രതിപക്ഷ നേതാവിന്റെ വീടിന് ഏതാനും കിലോമീറ്റര്‍ അകലെ മാവേലിക്കരയിലാണ് രാജിയുടെ വീട് എന്നതും അദ്ദേഹമറിഞ്ഞില്ല. മലയാളി വ്യവസായിയെന്ന നിലയില്‍ രാജി തോമസിനെ കേരള സര്‍ക്കാര്‍ കണ്ടെത്തുകയും അദ്ദേഹത്തിന്റേതായ ഒരു സ്ഥാപനം കേരളത്തില്‍ സ്ഥാപിക്കുന്നതിന് പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് കോവിഡ് 19 വന്നത്. രാജിയുമായുള്ള ചര്‍ച്ചകള്‍ കുറച്ചു നേരത്തേ ഫലപ്രാപ്തിയിലെത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആക്ഷേപം തന്നെ ഉണ്ടാവുമായിരുന്നില്ല. “കേരളത്തിലെ” കമ്പനി അതു ചെയ്യുമായിരുന്നു. ടൈമിങ് അല്പം മാറിപ്പോയി.

കോവിഡ് 19 പ്രതിരോധത്തിന് പ്രതിരോധം ചമയ്ക്കുന്നതിന് ആവശ്യമായ സാങ്കേതികപിന്തുണ ഉറപ്പാക്കാനുള്ള ശേഷി പ്രതിപക്ഷ നേതാവ് പറയുമ്പോലെ ഐ.ടി. മിഷനോ സി-ഡിറ്റിനോ കൈവരിക്കാന്‍ ഇനിയുമെറെ സഞ്ചരിക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിങ്ങനെ പലരില്‍ നിന്ന് പല രൂപത്തില്‍ പല വഴികളിലൂടെയാണ് വിവരങ്ങളെത്തുന്നത്. ഇവ അവലോകനം ചെയ്ത് ആവര്‍ത്തനം ഒഴിവാക്കി അടിയന്തര ഇടപെടല്‍ ആവശ്യമുള്ളതിനെ മുന്നിലേക്കു കൊണ്ടു വന്ന് ഇടപെടല്‍ സാദ്ധ്യമാക്കുക എന്നത് വലിയ ജോലിയാണ്. ഇത്തരത്തില്‍ വലിയൊരു വിവരശേഖരം അവലോകനം ചെയ്തു നിഗമനത്തിലെത്താനുള്ള ബിഗ് ഡാറ്റാ അനാലിസിസ് ടൂള്‍ വികസിപ്പിക്കാനുള്ള വികാസം കേരളത്തിലെ സ്ഥാപനങ്ങള്‍ കൈവരിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ഈ മേഖലയില്‍ മികവു തെളിയിച്ച മറ്റാരുടെയെങ്കിലും സഹായം തേടുകയേ നിവൃത്തിയുള്ളൂ. അവിടെയാണ് ഒരു മലയാളിയുടെ കമ്പനി വരുന്നത്.

നാടിനു പിന്തുണയേകാനുള്ള അവസരം എന്ന നിലയില്‍ സൗജന്യമായി ചെയ്തുകൊടുക്കാന്‍ രാജി തോമസ് തയ്യാറായി. ഡാറ്റ മോഷ്ടിക്കുന്നു എന്നൊക്കെ പറയുന്നത് അരിച്ചാക്ക് കൂട്ടിവെച്ച് അതിനു മുകളില്‍ കിടന്നുറങ്ങുന്ന അരിക്കച്ചവടക്കാരന്‍ അരക്കിലോ അരി മോഷ്ടിച്ചു എന്നു പറയുന്നതുപോലെ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ബാലിശമാണ്. എം.എ.യൂസഫലിയും രവി പിള്ളയുമെല്ലാം ചെയ്യുന്ന സഹായങ്ങള്‍ സ്വീകാര്യമാവുമ്പോള്‍ രാജി തോമസ് ചെയ്യുന്നത് പ്രതിപക്ഷ നേതാവിന് സഹായമല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണത്തിന്റെ ലിങ്ക് മാറ്റിയത് ഇതു സംബന്ധിച്ചുയര്‍ന്ന സംശയങ്ങളും ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ശരിവെയ്ക്കുന്നു എന്നുള്ള വാദവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഈ മാറ്റം പെട്ടെന്നുണ്ടായതല്ല. മാറണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നത് മാറേണ്ട രീതിയില്‍ മാറി. സെര്‍വറിലെ ഡാറ്റയ്ക്ക് നേരത്തേയുണ്ടായിരുന്ന സുരക്ഷ ഇപ്പോഴുമുണ്ട്. അതായതുത്തമാ, നേരത്തേയുണ്ടായിരുന്ന സുരക്ഷയേ ഡാറ്റയ്ക്ക് ഇപ്പോഴുമുള്ളൂ. ബ്രേക്കിങ് ന്യൂസുകളും അന്തിചര്‍ച്ചകളും തുടരട്ടെ. ഈ പറഞ്ഞതൊക്കെ മനസ്സിലാകുമ്പോള്‍ കണ്ണുപൊട്ടന്മാര്‍ ആനയെക്കാണാന്‍ പോയ കഥ ആര്‍ക്കെങ്കിലും ഓര്‍മ്മ വരുന്നുണ്ടെങ്കില്‍ അത് എന്റെ കുഴപ്പമല്ല.


തീര്‍ത്തും സാങ്കേതികമായ ഈ മേഖലയില്‍ ഒരു മാധ്യമപ്രവര്‍ത്തകനായ എന്നെക്കാള്‍ വിവരം സാങ്കേതികപ്രവര്‍ത്തകര്‍ക്കാവുമല്ലോ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സൈബര്‍ സുരക്ഷാ മേഖലയില്‍ സൊല്യൂഷന്‍ ആര്‍ക്കിടെക്ടിങ്, കണ്‍സള്‍ട്ടിങ്, പ്രി-സെയില്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജതിന്‍ ദാസ് ഈ വിഷയത്തെക്കുറിച്ച് തന്റെ 2 പോസ്റ്റുകളില്‍ വിശദമായി എഴുതിയിട്ടുണ്ട്. വായിച്ചുനോക്കാം.

Previous articleനനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!
Next articleകോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here