• 107
 • 34
 •  
 •  
 • 29
 •  
  170
  Shares

മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ച് കരള്‍ വാട്ടുന്നതിനെതിരെ എല്ലാവര്‍ക്കും എന്തോരം ഉത്കണ്ഠയാണ്.
നാട്ടിലുള്ളവന്മാര്‍ മുഴുവന്‍ കള്ളു കുടിച്ച് ചത്താലും കുഴപ്പമില്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കരുത്.
ഞങ്ങളുടെ ആരോഗ്യം നിങ്ങളുടെ സ്വത്ത് -നന്ദിയുണ്ട് ചേട്ടന്മാരെ നന്ദിയുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് അംഗമായാല്‍ മതി ഉടനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കും.

കള്ളു കുടിച്ച് മരിച്ച എത്ര മാധ്യമപ്രവര്‍ത്തകരാണ് തിരുവനന്തപുരത്തുള്ളത്?
പേരുകളൊന്നു പറഞ്ഞുതരാമോ?
അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ്.
ഏതു കാര്യവും പറയാന്‍ ഒരു ന്യായം വേണമല്ലോ.

‘തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അനധികൃത മദ്യശാല’.
ട്വിറ്ററിലെ കുറിപ്പാണ്, വാര്‍ത്തയുടെ തലക്കെട്ടാണ്.
സംഗതി കൊള്ളാം, കേള്‍ക്കാന്‍ ജോറാണ്.
ഇത് ആരാ പറയുന്നത് എന്നതാണ് പ്രശ്‌നം.
കാലില്ലാത്തവന്‍ വിരലില്ലാത്തവനെ കുറ്റം പറയുന്നു.

liquor

മദ്യപിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിനെതിരെ ചന്ദ്രഹാസമിളക്കുന്നതാര്?
‘ഡ്യൂട്ടി ഇപ്പോള്‍ കഴിയും, ഞാന്‍ വരും, ഒരു പൈന്റ് വാങ്ങി വെച്ചേക്കണേ, പൈസ ഞാന്‍ വന്നിട്ടു തരാം’ എന്ന് ഒരു കാലത്ത് ഫോണിലൂടെ നിലവിളിച്ചയാള്‍ ഇന്ന് പുണ്യാളന്‍.
പ്രസ് ക്ലബ്ബ് അംഗത്വവും ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘സാര്‍’ സ്ഥാനവും ലഭിച്ചാല്‍ അന്നു തീരുന്ന ധാര്‍മ്മികബോധമേ മറ്റൊരാള്‍ക്കുള്ളൂ.
ഇതിനു ശ്രമിച്ച് നടക്കാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകരുടെ ഡി-അഡിക്ഷന്‍ ചുമതല ഇദ്ദേഹം ഏറ്റെടുത്തതെന്ന് വേറെ കാര്യം.
കോഴിക്കോട്ടെ ഫറോഖിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടുന്ന നിലയിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പുതിയതിന് തറക്കല്ലിടാന്‍ കാത്തിരിക്കുന്ന വേറൊരു കൂട്ടരാണ് ക്ലബ്ബ് പൂട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്ന മൂന്നാമത്തെ ടീം. ക്ലബ് പോയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസവും പൂട്ടും, എപ്പടി!!

സങ്കേതം എന്നാല്‍ എന്തോ കൊള്ള സങ്കേതം എന്നാണ് പലരുടേയും ധാരണ.
പ്രസ് ക്ലബ്ബിന്റെ ഭൂനിരപ്പിനു താഴെയുള്ള വിനോദ കേന്ദ്രമാണ് സങ്കേതം.
ഭൂനിരപ്പിനു താഴെ തന്നെയാണ് അംഗങ്ങള്‍ക്കായുള്ള ജിംനേഷ്യം.
ഭൂനിരപ്പിലെ നിലയില്‍ പി.സി.സുകുമാരന്‍ നായര്‍ ഹാള്‍.
ഒന്നാം നിലയില്‍ പ്രസ് കോണ്‍ഫറന്‍സ് ഹാള്‍.
രണ്ടാം നിലയില്‍ ടി.എന്‍.ഗോപകുമാര്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ്.
മൂന്നാം നിലയില്‍ സ്വദേശാഭിമാനി ഹാള്‍.
ഗൂഢസങ്കേതത്തിന്റെ ഓമനപ്പേരോ വിളിപ്പേരോ അല്ല, അംഗങ്ങള്‍ക്കുള്ള ഒരു സൗകര്യമാണ് സങ്കേതം എന്നര്‍ത്ഥം.

സങ്കേതത്തില്‍ ഇടയ്‌ക്കൊക്കെ പോകുന്നയാളാണ് ഞാന്‍.
ടേബിള്‍ ടെന്നീസ്, ക്യാരംസ്, ചെസ്, ചീട്ടുകളി തുടങ്ങിയ വിനോദോപാധികളുണ്ട്.
ടെലിവിഷനില്‍ സിനിമ കാണാം.
ടി.എന്‍.ജി. സ്ഥാപിച്ച, ഏഷ്യാനെറ്റ് ന്യൂസ് മാത്രം കിട്ടുന്ന മറ്റൊരു ടെലിവിഷനുമുണ്ട്.
പകല്‍ സമയത്ത് എന്തെങ്കിലും ആവശ്യത്തിനായി ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ ആശ്രയം സങ്കേതമാണ്.
എ.സിയുണ്ട്, ഇടയ്ക്ക് അവിടെപ്പോയിക്കിടന്ന് ഉറങ്ങാറുണ്ട്.
നഗരത്തിനു പുറത്തുള്ള വീട്ടില്‍ പോയി എളുപ്പത്തില്‍ തിരിച്ചുവരാനാവാത്ത എനിക്ക് സങ്കേതം വലിയ അനുഗ്രഹമാണ്.

ചിലര്‍ മദ്യപിച്ചിട്ട് അവിടെ വന്നിരിക്കുന്നതും കിടന്നുറങ്ങുന്നതും കണ്ടിട്ടുണ്ട്.
വേറെ ചിലര്‍ കൈയില്‍ കുപ്പിയും ഗ്ലാസുമായി വന്ന് രണ്ടു പെഗ് കീച്ചുന്നതും കണ്ടിട്ടുണ്ട്.
ഇതെങ്ങനെ തെറ്റാകും എന്നു മനസ്സിലായില്ല.
മദ്യപിക്കുന്നത് നിയമപ്രകാരം കുറ്റകൃത്യമല്ല.
ചാരായം മാത്രമാണ് നിരോധിച്ചിട്ടുള്ളത്, ചാരായം ആരും കുടിക്കുന്നില്ല.
ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ മദ്യപിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്.
ഒരാള്‍ക്ക് നിയന്ത്രിത അളവ് മദ്യം കൈവശം വെയ്ക്കാനും അവകാശമുണ്ട്.
വില്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന്റെ അനുമതി ആവശ്യം.
പൊതു സ്ഥലങ്ങളില്‍ മദ്യപിക്കാന്‍ പാടില്ല.
മദ്യപിച്ച് മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുന്നതും തെറ്റാണ്.
അതായത് ഞാനും എന്റെ സുഹൃത്തുക്കളും വീട്ടില്‍ കൂടിയിരുന്ന് മദ്യപിക്കുന്നത് തെറ്റല്ല.

പ്രസ് ക്ലബ്ബ് പൊതു ഇടമല്ല എന്നു ഞാന്‍ വാദിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമുള്ള സ്വകാര്യമായ ഇടമാണ്.
ഹാള്‍ പോലെ അവിടെയുള്ള സൗകര്യങ്ങള്‍ വാടക നല്‍കി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കും എന്നു മാത്രം.
പത്രസമ്മേളനം നടത്താനും ഫീസ് നല്‍കണം.
അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള വരുമാനമായി ഇതിനെ കാണുന്നു.
സങ്കേതം, ജിംനേഷ്യം എന്നിവിടങ്ങളില്‍ മാത്രം പ്രവേശനം അംഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പ്രസ് ക്ലബ്ബ് ഭരണഘടന പ്രകാരം ക്ലബ്ബ് പരിസരത്ത് മദ്യപാനം വിലക്കിയിട്ടില്ല.
വിനോദ കേന്ദ്രം എന്നതിനാല്‍ സങ്കേതത്തില്‍ വന്നിരുന്ന് ചിലര്‍ മദ്യപിക്കാറുണ്ട്.
ആര്‍ക്കും ശല്യമില്ലാതെ ഒരു ഒതുക്കത്തില്‍ കാര്യം നടത്തി പോകുന്നു.
പ്രസ് കോണ്‍ഫറന്‍സ് ഹാളിലോ, ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലോ അംഗങ്ങള്‍ക്കിരുന്ന് വേണമെങ്കില്‍ മദ്യപിക്കാം.
ഒരു വീട്ടിലെ ഏതു മുറിയിലിരുന്നും മദ്യപിക്കാവുന്നതു പോലെ.
ആരുമത് ചെയ്യുന്നില്ല എന്നേയുള്ളൂ.

Beverages-Corporation-outle

ഞങ്ങളുടെ സ്വകാര്യ ഇടത്തില്‍ മറ്റുള്ളവര്‍ കേറി മേയാന്‍ വരണ്ട.
ഇവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്കറിയാം.
എന്റെ വീട്ടില്‍ എനിക്ക് സൗകര്യം പോലെ പെരുമാറും.
മറ്റുള്ളവര്‍ക്ക് അത് അസൗകര്യമാകാത്തിടത്തോളം ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല.
സങ്കേതത്തില്‍ ആരും മദ്യം വില്‍ക്കുന്നില്ല.
വില്പന നിയമവിരുദ്ധമാണ്.
ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലയില്‍ പോയി ക്യൂ നില്‍ക്കാനാവാത്തതിനാല്‍ വേറെ ആളെ വിട്ട് വാങ്ങിപ്പിക്കുന്നു.
ക്ലബ്ബില്‍ അംഗങ്ങളുടെ സൗകര്യങ്ങള്‍ നോക്കാന്‍ നിയമിച്ചിട്ടുള്ള ജീവനക്കാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നു.
ഈ രാജ്യത്ത് മദ്യപിക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും ഡോക്ടര്‍മാരുമെല്ലാമുണ്ട്.
അവരെല്ലാം ബിവറേജസില്‍ ക്യൂ നില്‍ക്കുകയാണോ ആളെ വിട്ടു വാങ്ങിപ്പിക്കുകയാണോ?
ഞങ്ങള്‍ മാത്രം നേരിട്ടു പോയി വാങ്ങണമെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും?
അങ്ങനെ വാങ്ങാന്‍ മടിയായിട്ടല്ല, തിരക്കു നിമിത്തം സാധിക്കാത്തതാണ്.

KSBC

സങ്കേതം എന്താണെന്ന് അറിയാത്തവരാണ് അതിനെ വിമര്‍ശിക്കുന്നത്.
ഒരു സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന എഡിറ്ററും ഏറ്റവും ജൂനിയറായ ക്യാമറാമാനും അവിടെ സമന്മാരാണ്.
ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ രോഗം ബാധിച്ച് ആശുപത്രിയിലായ വിവരമറിഞ്ഞാല്‍ ആദ്യമിറങ്ങുന്നത് സങ്കേതക്കാരാണ്.
കഴിഞ്ഞ ദിവസമാണ് ഒരാളെ സഹായിക്കാന്‍ അവിടെ നിന്ന് മണിക്കൂറുകള്‍ക്കകം 35,000 രൂപ പിരിച്ചെടുത്തത്.
സങ്കേതം പൂട്ടി എന്നു വാര്‍ത്ത എഴുതുന്ന സാറന്മാരോട് പറയാം.
സങ്കേതം പൂട്ടിയിട്ടില്ല, പൂട്ടേണ്ട കാര്യവുമില്ല.
അവിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ തെളിവു സഹിതം കണ്ടെത്തി നടപടിയെടുക്കട്ടെ.
തെളിവു വേണം, ഇല്ലെങ്കില്‍ വിവരമറിയും എന്നു മാത്രം.

വാര്‍ത്തകളും ചര്‍ച്ചകളും വന്നതുകൊണ്ട് അവിടെയിരുന്ന മദ്യപിക്കാന്‍ ഇപ്പോള്‍ പലര്‍ക്കും മടിയാണ്.
അതിനാല്‍ പലരും മദ്യപിച്ച ശേഷമാണ് അവിടെ വന്നിരിക്കുന്നത്.
അപ്പോള്‍ എവിടെപ്പോയി മദ്യപിക്കുന്നു?
ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ‘കാറോബാര്‍’ സംസ്‌കാരം ശക്തി പ്രാപിക്കുന്നു എന്നാണ്.
നഗരവീഥികളിലൂടെ ബാര്‍ ഓടിക്കൊണ്ടിരിക്കുന്നു.
നിയമവിധേയമായി നടന്നിരുന്ന കാര്യം എല്ലാവരും കൂടി പറഞ്ഞ് നിയമവിരുദ്ധമാക്കി!!
നിയമവിധേയമായത്തിന് വിമര്‍ശനം, നിയമവിരുദ്ധമായത് ആരും അറിയുന്നുപോലുമില്ല!!!

ഇതെഴുതിയതിന്റെ പേരില്‍ എന്നെ ചിലര്‍ മുഴുക്കുടിയനാക്കിയേക്കാം.
എന്റെ കരള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുമായിരിക്കാം.
ആരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.
ഞാന്‍ മദ്യപിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും വ്യക്തിനിഷ്ഠമായ തീരുമാനമാണ്.
അക്കാര്യത്തില്‍ തികഞ്ഞ എതിര്‍കക്ഷി ബഹുമാനം പുലര്‍ത്തുന്നുമുണ്ട്.
ഞാന്‍ മദ്യപിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കരുത്, നിങ്ങള്‍ മദ്യപിക്കരുതെന്ന് ഞാന്‍ പറയില്ല.
എനിക്കു വേണമെങ്കില്‍ മദ്യപിക്കും, മദ്യപിക്കാതിരിക്കും.
അത്തരമൊരു നിലപാടാണ് മാന്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങളും ആ മാന്യത പുലര്‍ത്തണമെന്ന് ഞാന്‍ പറയില്ല.
മാന്യത പണം കൊടുത്തു വാങ്ങാവുന്ന സാധനമല്ല സര്‍.

സങ്കേതത്തില്‍ മദ്യപാനം നിര്‍ത്താം.
ഈ രാജ്യത്ത് മദ്യം നിരോധിക്കട്ടെ.
എല്ലാവരും കുടിക്കാതാവുമ്പോള്‍ ഞങ്ങളും കുടി നിര്‍ത്തിയാല്‍ മതിയല്ലോ.
നിങ്ങള്‍ക്കെന്തുമാവാം ഞങ്ങള്‍ക്കു പാടില്ല എന്ന് അങ്ങ് സിറിയയില്‍ പോയി പറഞ്ഞാല്‍ മതി.

MORE READ

മാനനഷ്ടം അഥവാ അപകീര്‍ത്തി... I'm Sibi w/ Vinu v john- He doesn't have a face book account. then how can he write on FB. can you rove that he admitted what you said without naming ...
DOUBLE STANDARD The discussions about Sanketham of Trivandrum Press Club need one more final clarification from my side. I came up in support of Sanketham because I f...
ബര്‍മുഡയും വള്ളിക്കളസവും... തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതവുമായി ബന്ധപ്പെട്ട വിവാദവിഷയത്തില്‍ എനിക്കുള്ള അഭിപ്രായം ലേഖനമായി കുറിച്ചിട്ടു. അതിനു പലതരം പ്രതികരണങ്ങള്‍ വരുന്നു...
നിഷ്പക്ഷത മാധ്യമരംഗത്തെ നിഷ്പക്ഷത സങ്കല്പമാണ്.. അത് ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ശരിയുടെ പക്ഷത്ത് നില്ക്കുകയെന്നതാണ് എന്‍റെ ധര്‍മ്മം. എന്‍റെ ശരി മ...
നന്മയുടെ രക്തസാക്ഷി... നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില...
തൃക്കണ്ണാപുരം തൃക്കണ്ണാപുരം, എന്നു വെച്ചാല്‍ തൃക്കണ്ണന്റെ പുരം. മൂന്നു കണ്ണുള്ള ഭഗവാന്റെ -ശ്രീപരമേശ്വരന്റെ നാട്. തിരുവനന്തപുരം നഗരത്തിലാണ് തൃക്കണ്ണാപുരം എന്ന സ്ഥലം....
തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!!... ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗ മുഖച്ഛായകളേ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ.. ഞാന്‍ ഒരു സജീവ ഓൺലൈൻ എഴുത...

 • 107
 • 34
 •  
 •  
 • 29
 •  
  170
  Shares
 •  
  170
  Shares
 • 107
 • 34
 •  
 •  
 • 29

COMMENT