പൊമ്പിളൈ ഒരുമൈ പരാമര്‍ശത്തിന്റെ പേരില്‍ എം.എം.മണിയുടെ പ്രസംഗം കുറച്ചുദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. സെന്‍കുമാര്‍ കേസ് കാരണം തല്‍ക്കാലം വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് വിഷയം മാറിയിട്ടുണ്ടെങ്കിലും മൂന്നാര്‍ സര്‍വ്വകക്ഷി യോഗത്തിന്റെ തുടര്‍നടപടികള്‍ ഉണ്ടാവുന്നതോടെ അതു മുന്നിലേക്ക് തിരിച്ചെത്തുമെന്നുറപ്പ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പൊമ്പിളൈ ഒരുമൈ പരാമര്‍ശത്തിന്റെ പേരിലല്ല മണി പുലിവാല്‍ പിടിക്കുക എന്ന് എത്ര പേര്‍ക്കറിയാം? ആ പ്രസംഗത്തില്‍ അതിലും ഗൗരവത്തോടെ പരിഗണിക്കേണ്ട് മറ്റൊരു ഭാഗമുണ്ട്!!

കുരിശു പൊളിച്ച നിലപാടിനോടൊന്നും നമുക്ക് യോജിപ്പില്ല. ഇവിടെ കുരിശ്, പള്ളി, അമ്പലം, കുരിശുപള്ളികള്, ശൂലം, പിന്നെ മുസ്‌ലിം ദേവാലയം ഇതൊക്കയിരിക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാ പലയിടത്തും. ഈ ജില്ലയില്‍. അതെല്ലാം പൊളിക്കാന്‍ ഒരു സബ് കളക്ടര്‍ എന്നു പറയുന്നൊരു കോന്തന്‍ ഇറങ്ങിത്തിരിച്ചാല്‍ അവനു തലയ്ക്കു സുഖമില്ല, ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. ഊളമ്പാറയ്ക്ക്.. മനസ്സിലായില്ലേ? അല്ലാതെ നേരെ ചൊവ്വിനു പോവൂല. ഹൊ! അവനങ്ങ് എറങ്ങുവല്ലേ. എന്നാ ദൗത്യസേന ആ..
-എം.എം.മണി
വൈദ്യുതി മന്ത്രി, കേരളം

മണിക്കൊപ്പം പുലിവാല് പിടിക്കാന്‍ പോകുന്ന മറ്റൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ മന്ത്രിസഭയിലെ അംഗത്തെ പിന്തുണച്ചു എന്നതിന്റെ പേരിലല്ല അത്. പിണറായിക്കും കുരിശാകുന്നത് പാപ്പാത്തിച്ചോലയെക്കുറിച്ചുള്ള പ്രസംഗം തന്നെ.

കൈയേറ്റക്കാരാണോ അവരോടു കര്‍ക്കശമായിരിക്കും സമീപനം. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. എന്തു പിഴച്ചു കുരിശ്? ഈ പറയുന്ന കുരിശെന്നത് ഈ കേരളത്തിലെ ഒരു നല്ലൊരു വിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരടയാളമാണല്ലോ. അതിന്റെ മേലെ കൈവെക്കാന്‍ പോകുമ്പോ ഈ സംസ്ഥാനത്തൊരു സര്‍ക്കാരുണ്ടാകുമ്പോള്‍ ആ സര്‍ക്കാരുമായി ആലോചിക്കാന്‍ തയ്യാറാവണ്ടേ? ഇന്ന് കാലത്തെ അവിടത്തെ ജില്ലാ ഭരണാധികാരിയെ വിളിച്ച് ഞാന്‍ ചോദിച്ച ചോദ്യാണിത്. നിങ്ങളാരോട് ചോദിച്ചാണ് ചെയ്തത്? ഇവിടെയൊരു സര്‍ക്കാരുണ്ട് എന്ന് നിങ്ങള് മനസ്സിലാക്കണ്ടേ? എന്തുകൊണ്ട് നിങ്ങളതിന് തയ്യാറായില്ല? എന്തിനാണ് എന്തോ മഹാകൈയേറ്റം എന്ന മട്ടിലുള്ള ഒരു ഭീകരമായ ഒഴിപ്പിക്കലിന് തയ്യാറെടുത്തത്? 144 അവിടെ പ്രഖ്യാപിക്കുന്നു. ആ സംസാരിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നില്ല ഇതെല്ലാം പൊളിച്ചുകഴിഞ്ഞൂന്ന്. ഞാനപ്പൊ പറഞ്ഞത് ഇപ്പ നിങ്ങള്‍ അവിടെ പൊളിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട് കാണുന്നത്. അവര് പൂര്‍ണ്ണമായും തിരിച്ചുവരണം. 144 പിന്‍വലിക്കണം. അവിടെയുള്ള കാര്യങ്ങള്‍ എന്താണെന്നുള്ളത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. കാരണം, അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കാനാണുദ്ദേശ്യം. കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്നൊരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിനു പിന്നില്‍? ഇതുവളരെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.
-പിണറായി വിജയന്‍
മുഖ്യമന്ത്രി, കേരളം

സര്‍ക്കാരിന്റെ താല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്തുണ്ടാവില്ല എന്ന് കൂടി മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു മുഖ്യമന്ത്രിക്കും മന്ത്രിക്കും അവകാശമില്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, പറയുന്നത് കോടതിയലക്ഷ്യമാണെങ്കില്‍ പണി പാളും. ഇവിടെയും അതു തന്നെയാണ് പ്രശ്‌നമാകുന്നത്. പിണറായിയുടെയും മണിയുടെയും എതിര്‍ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് സുപ്രീം കോടതിയാണ്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രവര്‍ത്തിച്ചത് കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി വിധിയുടെ പരസ്യനിരാസമാണ് ഇരുവരും നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികള്‍ ഇതുവരെ പ്രശ്‌നം തിരിച്ചറിഞ്ഞിട്ടില്ല എന്നു വ്യക്തം.

cross spirit (3).jpg

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്നത്തെ പ്രചാരണത്തിരക്കില്‍ ഇവിടെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പിണറായിയും മണിയും ഇപ്പോഴത്തെ പരസ്യപ്രസ്താവനയ്ക്കു ധൈര്യപ്പെടുമായിരുന്നില്ല. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ തീരുമാനമായിരുന്നു അത്. ഗുജറാത്ത് സര്‍ക്കാര്‍ ഒരു ഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ മറുഭാഗത്തുമുള്ള ഈ കേസിന്റെ നമ്പര്‍ കൂടി പറയാം -SLP(C) NO. 8519/2006. ഇതേ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്നെണ്ണമടക്കം മറ്റ് 32 കേസുകളും കൂടി ഒപ്പം പരിഗണിച്ചു.

പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മ്മിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അനധികൃത നിര്‍മ്മാണം അനുവദിക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ല. ഇപ്പോള്‍ റോഡ് മുഴുവന്‍ ആരാധനാലയങ്ങളാണ്. വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, നിങ്ങള്‍ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് ദൈവത്തെ അവഹേളിക്കലാണ്.
-ജസ്റ്റീസ് വി.ഗോപാല്‍ ഗൗഡ, ജസ്റ്റീസ് അരുണ്‍ മിശ്ര
സുപ്രീം കോടതി

പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ ശക്തമായ ഭാഷയിലാണ് ജസ്റ്റീസുമാരായ ഗൗഡയും മിശ്രയും പ്രതികരിച്ചത്. മാര്‍ച്ച് 8ന് നേരത്തേ ഈ കേസ് പരിഗണിച്ചപ്പോള്‍ കൈയേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിന് എല്ലാവരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് ശീതീകരണിയില്‍ വെയ്ക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ ജഡ്ജിമാര്‍, ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവും നല്‍കി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. എല്ലാ ചീഫ് സെക്രട്ടറിമാരെയും വിളിച്ചുവരുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ അന്നു തന്നെ ജഡ്ജിമാര്‍ തുനിഞ്ഞതാണെങ്കിലും സത്യവാങ്മൂലം സമര്‍പ്പിക്കാത്ത ചീഫ് സെക്രട്ടറിമാരെ വിളിച്ചാല്‍ മതിയെന്ന അഭിഭാഷകരുടെ അഭ്യര്‍ത്ഥന ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. ഇതിനു ശേഷം മെയ് രണ്ടാം വാരം കേസ് പരിഗണിച്ചപ്പോള്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ കണ്ടെത്താനും നീക്കാനുമുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്!! ഒരു ഏകദേശ കണക്കും കൊടുത്തു. ഇതിനു ശേഷം ഒരിക്കല്‍ കൂടി നടപടി റിപ്പോര്‍ട്ട് കേരളം ഫയല്‍ ചെയ്തിട്ടുമുണ്ട്!!! സുപ്രീം കോടതി കൃത്യമായി നിരീക്ഷിക്കുന്ന കേസില്‍ നിശ്ചിത ഇടവേളകളില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു.

temple demolish (2).jpeg

2006ല്‍ ഗുജറാത്തില്‍ തുടക്കം കുറിച്ച പോരാട്ടമാണ് സുപ്രീം കോടതിയിലെ നിര്‍ണ്ണായക ഉത്തരവിലെത്തിച്ചത്. പൊതുസ്ഥലങ്ങളിലുള്ള ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും തച്ചുതകര്‍ക്കാന്‍ 2006 മെയില്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ പാതയോരത്തെ ആരാധനാലയങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ മുന്നില്‍ വിഷയമെത്തിച്ചത്. സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. 2006ല്‍ തന്നെ അഹമ്മദാബാദിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമായത്. ചില ക്ഷേത്രങ്ങള്‍ വിജയകരമായി നീക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെങ്കിലും 2006 മെയ് 1ന് വഡോദരയില്‍ ഒരു പുരാതന ദര്‍ഗ തകര്‍ത്തത് സാമുദായിക സംഘര്‍ഷത്തിലേക്കും പിന്നീട് സൈന്യത്തിന്റെ ഫ്‌ളാഗ് മാര്‍ച്ചിലേക്കുമെല്ലാം നയിച്ചു. ഇതേത്തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതില്‍ രസകരമായ ഒരു വൈരുദ്ധ്യമുണ്ട്. കൈയേറ്റ ഭൂമിയിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കണമെന്ന നിലപാട് സ്വീകരിച്ചത് ബി.ജെ.പിയുടെ സര്‍ക്കാര്‍! ‘ദൈവീക കൈയേറ്റങ്ങള്‍’ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍!!

പാപ്പാത്തിച്ചോലയിലെ കുരിശ് റവന്യൂ അധികൃതര്‍ നീക്കിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ പലരും ഉയര്‍ത്തിയ ന്യായങ്ങള്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് സുപ്രീം കോടതിയിലും ഉന്നയിച്ചത്. ഇത് എടുത്തു പറയാന്‍ കാരണമുണ്ട്. വീണ്ടു സമാനമായ വിഷയം സുപ്രീം കോടതിയുടെ മുന്നില്‍ വന്നാല്‍ അപ്പോള്‍ കേരളം ഇതേ നിലപാട് ആവര്‍ത്തിച്ചിട്ട് കാര്യമില്ല എന്നര്‍ത്ഥം. പൊതുസ്ഥലങ്ങളിലെ ‘ദൈവീക കൈയേറ്റങ്ങള്‍’ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ പ്രധാന കാരണം ജനങ്ങളുടെ സുരക്ഷയില്‍ തങ്ങള്‍ ആശങ്കാകുലരാണ് എന്നതാണ്. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തില്ലെങ്കില്‍ അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയാവുമെന്നായിരുന്നു വാദം. എന്നാല്‍, പൊതുസ്ഥലത്ത് ക്ഷേത്രം, ക്രിസ്ത്യന്‍ -മുസ്‌ലിം ദേവാലയങ്ങള്‍, ഗുരുദ്വാര എന്നിങ്ങനെ ഒരു തരത്തിലുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അംഗീകരിക്കരുതെന്ന് ജസ്റ്റീസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും എം.കെ.ശര്‍മ്മയും ഉള്‍പ്പെടുന്ന സുപ്രീം കോടതി ബെഞ്ച് 2009 സെപ്റ്റംബര്‍ 29ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആരാധനാലയങ്ങള്‍ മാത്രമല്ല പാതയോരങ്ങളിലോ നടപ്പാതകളിലോ പൊതു ആവശ്യത്തിനുള്ള മറ്റിടങ്ങളിലോ പ്രതിമകളും സ്ഥാപിക്കാന്‍ അനുവദിക്കരുതെന്ന ഇടക്കാല ഉത്തരവ് ജസ്റ്റീസുമാരായ ആര്‍.എം.ലോധ, എസ്.ജെ.മുഖോപാദ്ധ്യായ എന്നിവര്‍ 2013 ജനുവരി 19ന് സ്ഥിരപ്പെടുത്തി.

തങ്ങളുടെ ഉത്തരവ് സംസ്ഥാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന കാര്യം സുപ്രീം കോടതി കൃത്യമായി വിലയിരുത്തുന്നുണ്ട്. അത്തരമൊരു വിലയിരുത്തലിനൊടുവിലാണ് ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുന്നതിനെക്കുറിച്ചു പോലും 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി ആലോചിച്ചത്. അനധികൃത നിര്‍മ്മാണത്തിനെതിരെ സുപ്രീം കോടതി ഉത്തരവ് സാദ്ധ്യമാക്കുന്നതില്‍ കേരളവും തങ്ങളുടേതായ ‘പങ്ക്’ വഹിച്ചിട്ടുണ്ടെന്നത് പ്രത്യേകം സ്മരണീയമാണ്. കേരളത്തിലെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമൊക്കെ ആയിരുന്ന എന്‍.സുന്ദരന്‍ നാടാരുടെ പ്രതിമ നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനെതിരെ കെ.ആര്‍.പ്രദീപ്കുമാര്‍ എന്നയാള്‍ കോടതി കയറിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിനൊപ്പം പരിഗണിക്കപ്പെട്ട 32 കേസുകളില്‍ ഇതും ഉള്‍പ്പെടുന്നു. കേരളത്തിലെ പാതയോരങ്ങളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 901 കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആകെ മൂന്നെണ്ണം മാത്രമാണ് ഒഴിപ്പിക്കാനായതെന്നും ഈ കേസിന്റെ വേളയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. അതും അന്തിമവിധിയെ സ്വാധീനിച്ചു.

temple demolish (1).jpeg

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി തുടക്കമിട്ട തച്ചുതകര്‍ക്കല്‍ യജ്ഞം അങ്ങനെ രാജ്യമൊട്ടുക്ക് സ്വാധീനം ചെലുത്തുന്ന സുപ്രീം കോടതി വിധിയിലേക്ക് പിന്നീട് നയിച്ചു. ഹിന്ദുത്വ നേതാവ് എന്ന മുദ്രയുള്ള മോദി തന്നെ പൊതുഭൂമി കൈയേറി നിര്‍മ്മിച്ച ഏതാണ്ട് 300ഓളം ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റി. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ പ്രധാന പാതകളില്‍ 107 ആരാധനാലയങ്ങളും മറ്റിടങ്ങളില്‍ 312 ആരാധനാലയങ്ങളും കൈയേറ്റ ഭൂമിയിലാണെന്ന കണക്കുമായാണ് പൊളിക്കലിനിറങ്ങിയത്. ഗാന്ധിനഗറില്‍ മാത്രം 2008 നവംബര്‍ 12നും 15നുമിടയ്ക്ക് വെറും 4 ദിവസം കൊണ്ട് 80 ക്ഷേത്രങ്ങള്‍ കൈയേറ്റ ഭൂമിയില്‍ നിന്നു പൊളിച്ചുമാറ്റി. അഹമ്മദാബാദ്, സൂറത്ത് എന്നിങ്ങനെ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതാവര്‍ത്തിച്ചു.

രാവിലെ റോഡിനു നടുവില്‍ ചിരിച്ചുകൊണ്ട് ഓടക്കുഴലും വായിച്ചു നിന്നിരുന്ന കൃഷ്ണന്‍ ഉച്ച കഴിയുമ്പോഴേക്കും സ്വയം രക്ഷിക്കാനാവാതെ ജെ.സി.ബിയുടെ ബലിഷ്ഠ കരങ്ങള്‍ക്ക് കീഴടങ്ങുന്ന കാഴ്ച ദാരുണമായിരുന്നു എന്ന് ദൃക്‌സാക്ഷി വിവരണം. വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ളവര്‍ എതിര്‍പ്പുമായി എത്തും മുമ്പ് ശരവേഗത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. പ്രതിഷേധവുമായി വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ നേരിട്ട് ഗുജറാത്തിലെത്തിയെങ്കിലും മോദി വഴങ്ങിയില്ല. ഒടുവില്‍ ബി.ജെ.പി. വിമതര്‍ രൂപം നല്‍കിയ മഹാഗുജറാത്ത് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് വി.എച്ച്.പി. ഗാന്ധിനഗറില്‍ പ്രതിഷേധ റാലി നടത്തിയെങ്കിലും ക്ഷേത്രം പൊളിക്കല്‍ നിര്‍ബാധം തുടര്‍ന്നു. നിയമം നടപ്പാക്കിയ ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ ചെയ്ത പോലെ മുഖ്യമന്ത്രി മോദി ശാസിച്ചില്ലെന്നു മാത്രമല്ല ഈ വിഷയത്തില്‍ അദ്ദേഹം അര്‍ത്ഥഗര്‍ഭമായ മൗനത്തിലുമായിരുന്നു. ജില്ലാ കളക്ടറെ പോലെയുള്ള റവന്യൂ അധികാരികള്‍ക്കായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്താനുള്ള ചുമതല. സാമുദായികമായി വളരെയേറെ സങ്കീര്‍ണ്ണതകളുള്ള ഗുജറാത്തിലാവാമെങ്കില്‍ മറ്റിടങ്ങളില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യം സുപ്രീം കോടതി ഉയര്‍ത്തിയത് വെറുതെയല്ല.

cross spirit.jpg

പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കുരിശ് തകര്‍ത്ത റവന്യൂ അധികൃതരുടെ നടപടിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ്. സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്‍, ചൈനയിലെ മാവോ സെ ദോങ്, അല്‍ബേനിയയിലെ എന്‍വര്‍ ഹോക്‌സ എന്നിങ്ങനെയുള്ള കുരിശുവിരുദ്ധരായ കമ്മ്യൂണിസ്റ്റുകളുടെ പട്ടികയില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. പക്ഷേ, പാപ്പാത്തിച്ചോലയിലെ കുരിശ് ഒരു പ്രതീകമാണ് എന്നൊക്കെയുള്ള അദ്ദേഹത്തിന്റ വാദം വളരെയേറെ ബാലിശമാണെന്നു പറയാതിരിക്കാനാവില്ല. ഓരോന്നും അതു സ്ഥാപിക്കേണ്ടിടത്ത് സ്ഥാപിച്ചാല്‍ മാത്രമേ അതിനു വിലയുണ്ടാവൂ, അതിന്റേതായ അസ്തിത്വവും പാവനതയും കൈവരികയുള്ളൂ. ശ്രീകൃഷ്ണന്റെയും ശ്രീപരമേശ്വരന്റെയും വിഗ്രഹം വില്‍ക്കുന്ന കടയില്‍ പോയി ആരെങ്കിലും പുഷ്പാഞ്ജലി കഴിപ്പിക്കുമോ? ശവപ്പെട്ടി വില്‍ക്കുന്ന കടയിലെ കുരിശിനു മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ മെഴുകുതിരി കത്തിക്കുമോ? റോഡില്‍ അപകടമുണ്ടെന്നു കാണിക്കാന്‍ നാട്ടിയിരിക്കുന്ന ചുവന്ന കൊടി കണ്ടാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആവേശമുണ്ടാവുമോ? അതെല്ലാം പോകട്ടെ, എല്ലാ കുരിശും യേശുദേവന്റെ കുരിശാണോ? കാല്‍വരിയില്‍ യേശുവിനെ തറച്ച കുരിശിന് ഇരു ഭാഗത്തുമായി മറ്റു രണ്ടു കുരിശുകളുണ്ടായിരുന്നു. ആ കുരിശുകളില്‍ കള്ളന്മാരായിരുന്നു. അപ്പോള്‍, മൂന്നില്‍ രണ്ടു കുരിശും കള്ളന്മാരുടേതാണ്. ഒന്നു മാത്രമാണ് കര്‍ത്താവിന്റേത്. പാപ്പാത്തിച്ചോലയില്‍ കണ്ടത് കള്ളന്മാരുടെ കുരിശുകളില്‍ ഒന്നാണ്. അനധികൃത കൈയറ്റേ ഭൂമിയിലെ കുരിശ് ഭക്തിയുടേതല്ല, തട്ടിപ്പിന്റേതാണ്. അപ്പോള്‍ നമ്മള്‍ മനസ്സിലാക്കുക -കര്‍ത്താവിന്റെ കുരിശ് മാത്രമാണ് പ്രതീകം, കള്ളന്മാരുടെ കുരിശല്ല.

cross spirit (1).jpg

കുരിശിനെ ജെ.സി.ബി. വലിച്ചിടുന്ന ദൃശ്യത്തിന് പ്രചരിപ്പിക്കാനാവുന്ന ‘മതവിരുദ്ധത’ വളരെ വലുതാണ്. ആ ദൃശ്യത്തെയാണ് മുഖ്യമന്ത്രി ഭയന്നത്. അത്തരമൊരു നിലപാട് പിണറായി സ്വീകരിച്ചില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കേരളത്തില്‍ നടക്കുന്ന ‘രണ്ടാം’ വിമോചന സമരത്തിന് മൂന്നാറില്‍ തുടക്കമാകുമായിരുന്നു. പക്ഷേ, പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്താണ് കയറിയത്. പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് പറയാം. പക്ഷേ, ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്ന സത്യപ്രതിജ്ഞയുടെ ബാദ്ധ്യത ചുമലിലുള്ള പിണറായി വിജയന് അത് സാധിക്കുമോ എന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രത്യേകിച്ചും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍.

cross spirit (2).jpg

പിണറായിയുടെയും മണിയുടെയും പ്രസംഗം മാത്രം വെച്ച് ആര്‍ക്കു വേണമെങ്കിലും സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാവുന്നതേയുള്ളൂ. പൊതുസ്ഥലങ്ങളിലെ ‘ദൈവീക കൈയേറ്റം’ സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാലാണ് ആരും ഇതുവരെ അതിനു തുനിയാത്തതെന്നു തോന്നുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളുടെ മിനിട്ട്‌സും ഇതു സംബന്ധിച്ച് റവന്യൂ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ഒരുമിച്ചു വന്നാല്‍ കോടതിയലക്ഷ്യത്തിന് തെളിവുമായി. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത് വെള്ളക്കുന്നേല്‍ കുടുംബമാണ്. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് 200 ഏക്കറോളം ഭൂമി കൈയേറിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ സ്ഥാപകന്‍ ടോം സഖറിയയുടെ കുടുംബമാണ് വെള്ളക്കുന്നേല്‍. ടോം സഖറിയയുടെ സഹോദരങ്ങളായ ജിമ്മി സഖറിയ 27 ഏക്കറും ബോബി സക്കറിയ 12 ഏക്കറും ജിജി സക്കറിയ 4 ഏക്കറും കൈയേറിയിട്ടുണ്ട്. ചിന്നക്കനാല്‍ വില്ലേജിലാണ് പ്രധാനമായും ഇവരുടെ കൈയേറ്റം. അപ്പോള്‍ പാപ്പാത്തിച്ചോലയിലെ കുരിശ് ഭക്തിയുടെ പ്രതീകമല്ലെന്നു വ്യക്തം. ഈ റിപ്പോര്‍ട്ട് കോടതിയലക്ഷ്യ കേസില്‍ മുഖ്യമന്ത്രിക്കു വിനയാകുമെന്നുറപ്പ്. റവന്യൂ അധികൃതര്‍ നിയമപ്രകാരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി എന്തിനു തടഞ്ഞുവെന്ന ചോദ്യത്തിന് ഉത്തരമില്ല. രാഷ്ട്രീയ കാരണങ്ങള്‍ സുപ്രീം കോടതിയുടെ വിഷയമല്ല.

ഏറ്റവും ഗുരുതരമായ നിയമപ്രശ്‌നം സൃഷ്ടിക്കാന്‍ പോകുന്നത് മന്ത്രി മണിയുടെ നാടന്‍ പ്രയോഗം തന്നെയാണ്. ‘കുരിശ്, പള്ളി, അമ്പലം, കുരിശുപള്ളികള്, ശൂലം, പിന്നെ മുസ്‌ലിം ദേവാലയം ഇതൊക്കയിരിക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാ പലയിടത്തും. ഈ ജില്ലയില്‍’ -ഇത് പരസ്യമായി പറഞ്ഞിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയാണ്. സുപ്രീം കോടതി വിധി പ്രകാരം നീക്കം ചെയ്യേണ്ട നിയമവിരുദ്ധ പ്രവര്‍ത്തനം അദ്ദേഹം പരസ്യമായി എടുത്തു പറഞ്ഞിരിക്കുന്നു. ഇനിയെങ്ങനെ നടപടിയെടുക്കാതിരിക്കും? ഇടുക്കിയില്‍ പട്ടയമില്ലാത്ത ആരാധനാലയങ്ങള്‍ക്കെല്ലാം അതു ലഭ്യമാക്കണം എന്ന് മതമേലദ്ധ്യക്ഷന്മാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യം സര്‍ക്കാര്‍ എങ്ങനെ പരിഗണിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

devikulam
ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ

കൈയേറ്റം സംബന്ധിച്ച മന്ത്രി മണിയുടെ നിലപാടിലെ ആത്മാര്‍ത്ഥതയില്ലായ്മ സര്‍ക്കാരിന് തലവേദന തന്നെയാണ്, ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും. ചേരിതിരിവുകളും സമവാക്യങ്ങളും സി.പി.എം. പോലെ സുശക്തമായൊരു കേഡര്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യമായി മാറുന്നത് ഇടുക്കിയില്‍, വിശിഷ്യാ മൂന്നാറില്‍ കാണാം. മണിയുടെ സഹോദരന്‍ ലംബോധരന്‍ മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരില്‍ ഒരാളാണ്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒന്നാം മൂന്നാര്‍ ദൗത്യ സംഘം ലംബോധരന്റെ പക്കല്‍ നിന്ന് 250 ഏക്കറോളം കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചിരുന്നു. വി.എസ്സിനോടുള്ള മണിയുടെ വിരോധത്തിനുള്ള കാരണവും മറ്റൊന്നല്ല. ലംബോധരനില്‍ നിന്നു പിടിച്ചെടുത്ത 250 ഏക്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കല്‍ ഭദ്രമാണെന്ന പരാമര്‍ശം റവന്യൂ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ടിലുമുണ്ട്! ഇതിനു പുറമെ ലംബോധരന്റെ മകന്‍ ലിജീഷ് ചിന്നക്കനാലില്‍ ഏഴര ഏക്കര്‍ കൈയേറിയെന്നതും പുതിയ റിപ്പോര്‍ട്ടിലെ ഹൈലൈറ്റാണ്!!

munnar welcome.jpg

മൂന്നാറിലെ കൈയേറ്റക്കാരും റവന്യൂ അധികൃതരും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഒരു കാലത്ത് വലിയ അത്ഭുതമായിരുന്നില്ല. ‘രവീന്ദ്രന്‍ പട്ടയം’ പൊലുള്ള അത്ഭുത പ്രതിഭാസങ്ങളുടെ ആവിര്‍ഭാവം അങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ദൗത്യസംഘം എന്ന ആശയം വന്നത്. വി.എസ്സിന്റെ നേതൃത്വത്തില്‍ നേരിന്റെ പാതയിലുള്ള പ്രവര്‍ത്തനം എന്ന നിലയില്‍ ആവേശമുണര്‍ത്തിയ ഒന്നാം ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം മാഫിയാ സംഘങ്ങളെയും അവരുടെ കൂട്ടാളികളായ രാഷ്ട്രീയ നേതൃത്വത്തെ ഭയപ്പെടുത്തി. ഒരു ഭാഗത്ത് വി.എസ്സിനെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ യുദ്ധങ്ങള്‍ പാര്‍ട്ടിയുടെ സ്വന്തമാണെന്ന് സി.പി.എം. നേതൃത്വത്തിന് പറയേണ്ടി വന്നു. പക്ഷേ, ‘പാവങ്ങളുടെ’ പേരില്‍ പ്രാദേശിക നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പിന് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനും വഴങ്ങേണ്ടി വന്നു. ആദ്യം വി.എസ്. മെരുങ്ങിയില്ലെങ്കിലും സംഘടിതാക്രമണത്തിനു മുന്നില്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. ‘പൂച്ച’ ദൗത്യസംഘം മലയിറങ്ങാന്‍ നിര്‍ബന്ധിതരായി. അപ്പോഴേക്കും തങ്ങള്‍ക്കെതിരെ ഏറ്റവും വലിയ എതിര്‍പ്പുയര്‍ത്തിയ മണിയുടെ കുടുംബക്കാരുടെ പക്കല്‍ നിന്ന് 250 ഏക്കര്‍ അവര്‍ തിരിച്ചുപിടിച്ചിരുന്നു, ഒരു സൂചകം പോലെ.

devikulam-sub-collector
ശ്രീറാം വെങ്കിട്ടരാമന്‍

വി.എസ്സിനു ശേഷം 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയുടെ യു.ഡി.എഫ്. സര്‍ക്കാര്‍ ഒരു സെന്റ് കൈയേറ്റം പോലും മൂന്നാറില്‍ ഒഴിപ്പിച്ചിട്ടില്ല എന്നോര്‍ക്കണം. ഇപ്പോള്‍ എല്‍.ഡി.എഫ്. വന്നപ്പോള്‍ മൂന്നാര്‍ വീണ്ടും ചര്‍ച്ചാവിഷയമായി. കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും ഇടുക്കി മന്ത്രിയും ഭീഷണിപ്പെടുത്തുന്നു. ‘സബ് കളക്ടര്‍ എന്ന കോന്തന്‍’ എന്നു മണി വിശേഷിപ്പിച്ച ദേവികുള സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെപ്പോലുള്ള ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന രണ്ടാം ദൗത്യസംഘവും തോല്‍വിയുടെ വക്കിലാണ്. കൈയേറ്റക്കാര്‍ ചിരിക്കുന്നു. ഈ ഘട്ടത്തിലാണ് സുപ്രീം കോടതിയും പൊതുസ്ഥല വിനിയോഗം സംബന്ധിച്ച അവരുടെ വിധിയും നിര്‍ണ്ണായകമാവുന്നത്. പാപ്പാത്തിച്ചോലയിലെ കുരിശ് സുപ്രീം കോടതിക്കു മുന്നിലെത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ആരാധനാലയങ്ങളുടെ പേരിലുള്ള കൈയേറ്റം കണ്ടില്ലെന്നു നടിക്കണമെന്ന നിലപാട് സ്വീകരിച്ച യു.പി.എ. സര്‍ക്കാരും അതിന്റെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങുമല്ല ഇപ്പോള്‍ അധികാരത്തില്‍. ‘ദൈവീക കൈയേറ്റങ്ങള്‍’ ഒഴിപ്പിക്കണമെന്ന നിലപാടിലേക്ക് ആദ്യം ഗുജറാത്ത് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും എത്തിക്കുന്നതിനു കാരണക്കാരനായ പഴയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംസ്ഥാനത്തിനെതിരാവും എന്നത് 101 തരം. പിണറായിയെ മണി കുഴിയില്‍ ചാടിക്കുമോ? കാലം മറുപടി നല്‍കും.

 •  
  735
  Shares
 • 689
 • 22
 •  
 • 24
 •  
 •  
 •  
Previous articleസെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍
Next articleഇതാ ജനമിത്രം!!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS