ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളാവുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഞാൻ ഉൾപ്പെടുന്ന ദൃശ്യമാധ്യമ പ്രവർത്തക സമൂഹത്തിന് എന്തോ കുഴപ്പമുണ്ട്. ഒന്നര ദശകത്തിലേറെ കാലം പത്രക്കാരനായിരുന്നപ്പോൾ എനിക്കു കുഴപ്പം ഉണ്ടായിരുന്നില്ലെന്ന് പ്രത്യേകം എടുത്തു പറയട്ടെ!!!
ടെലിവിഷനായാലും പത്രമായാലും മറ്റേതെങ്കിലും മാധ്യമമായാലും വാർത്ത കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ തന്നെയാണ്. റേഡിയോ, വാരിക, പോർട്ടൽ, പത്രം, ചാനൽ എന്നിങ്ങനെ നിലവിലുള്ള എല്ലാ മാധ്യമ സംവിധാനങ്ങളിലും ജോലി ചെയ്ത് പരിചയമുള്ളതിന്റെ പേരിലാണ് ഈ പറയുന്നത്. പക്ഷേ, ഏറ്റവും വെല്ലുവിളി ചാനൽ രംഗത്തു തന്നെ. കാരണം അവിടെ പോരാട്ടം സമയവുമായിട്ടാണ്. തെറ്റുകൾ സംഭവിക്കാറുണ്ട്. തെറ്റാണെന്നു കണ്ടാൽ ഉടനെ തിരുത്താറുമുണ്ട്. അടുത്തിടെ രഞ്ജി ട്രോഫി ഫുട്ബോൾ എന്ന് ഒരു ചാനലിൽ സ്ക്രോൾ പോയത് ഉദാഹരണം. കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു ജൂനിയർ ജേർണലിസ്റ്റ് വരുത്തിയ പിഴവ്. തെറ്റ് കണ്ടയുടനെ സീനിയർ തിരുത്തി. എല്ലാവർക്കും എല്ലാ കാര്യത്തിലും വിവരമുണ്ടാവണമെന്ന് നിർബന്ധമില്ലല്ലോ. വിവരമില്ലായ്മ ഒരു കുറ്റമല്ല!
ചാനലുകൾ ചെയ്യുന്ന പോലെ ചില പോർട്ടലുകൾ ലൈവ് അപ്ഡേറ്റ് കൊടുത്ത് മേനി നടിക്കുന്നുണ്ട്. പക്ഷേ, അത് ടെലിവിഷൻ ചാനലിൽ ലൈവ് കണ്ടിട്ടാണ്. അല്ലാതെ ഈ പോർട്ടലുകൾക്ക് എവിടെയാ തത്സമയ റിപ്പോർട്ടർമാർ ഉള്ളത്? എങ്കിലും കാര്യം കഴിയുമ്പോൾ ചാനലുകൾ ലൈവ് കൊടുത്തതിനെ വിമർശിച്ച് പോർട്ടൽ മുതലാളി കോൾ’മയിർ’കൊള്ളും. അതുപോലെ തന്നെയാണ് രണ്ട് പത്രമുത്തശ്ശിമാരുടെ മുഖപ്രസംഗ വ്യായാമം.
മലയാള മനോരമയുടെ ചാനലാണ് മനോരമ ന്യൂസ്. അതുപോലെ മാതൃഭൂമിയുടേത് മാതൃഭൂമി ന്യൂസും. ഈ രണ്ടു ചാനലുകളും സി.ഡി. വിഷയത്തിൽ പൊതുധാരയ്ക്കൊപ്പം തന്നെയാണ് നീങ്ങിയത്. അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂ. പിന്നെ ആരെ തൃപ്തിപ്പെടുത്താനാണ് മുഖപ്രസംഗ നാടകം? ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ..
ഇനി ഒരു പ്രധാനപ്പെട്ട കാര്യം. ചാനൽ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് മുറവിളി ശക്തമായത് എപ്പോഴാണ്? ഉത്തരം ഞാൻ തന്നെ പറയാം -മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ ജോസ് തെറ്റയിലിന്റെ കിടപ്പറ രംഗം മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്തതോടെ. പക്ഷേ, കിടപ്പറരംഗം സംപ്രേക്ഷണം ചെയ്തതിൽ ആ ചാനലിലെ ഏതെങ്കിലും മാധ്യമപ്രവർത്തകനു പങ്കുണ്ടോ? ഇല്ല. മാധ്യമ മുതലാളിയായ എം.പി.വീരേന്ദ്രകുമാർ തന്റെ രാഷ്ട്രീയ എതിരാളിയെ തകർക്കാൻ സ്വന്തം ചാനൽ ഉപയോഗിച്ചു. മുതലാളിയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ നിർബന്ധിതരായ, വെറും ശമ്പളക്കാർ മാത്രമായ മാധ്യമപ്രവർത്തകർ പഴി മുഴുവൻ ചുമക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം എന്നാൽ മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യം. റേറ്റിങ്ങിനും മറ്റു സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി മുതലാളി സമ്മർദ്ദം ചെലുത്തുമ്പോൾ നെട്ടോട്ടമോടാനും ആ ഓട്ടത്തിന്റെ പേരിൽ പിന്നീട് പഴി കേൾക്കാനും പാവം മാധ്യമ പ്രവർത്തകന്റെ ജീവിതം ബാക്കി.
വലിയ ധാർമ്മികത പ്രസംഗിച്ചാൽ വീട്ടിൽ അടുപ്പ് പുകയില്ല. വിശപ്പാണ് പ്രധാനം, ധാർമ്മികതയല്ല..
V S Syamlal
1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.
2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.
2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്സൈറ്റുണ്ട്.
Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
Latest posts by V S Syamlal (see all)
- അന്നദാനപ്രഭു - 9th December 2019
- അഴിമതിയിൽ കേരളം “മുന്നിൽ”!! - 30th November 2019
- വിജി പറയുന്ന സത്യങ്ങള്‍ - 20th October 2019