Reading Time: 4 minutes

ആദ്യ മൂലധനം 800 രൂപ ഉണ്ടായിരുന്നോ എന്നു സംശയം. എന്നാല്‍, ഇന്നത്തെ ആസ്തി 800 കോടിയിലേറെ രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്. അതിലുമേറെയുണ്ടാവും എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഏറ്റവും വലിയ വ്യവസായ ഭക്തി തന്നെ!!

പറയുന്നത് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ചാണ്. മഠം വിദേശത്തു നിന്നു സ്വീകരിച്ച സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 333 കോടിയില്‍പരം രൂപയാണ് മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിക്കാതെ ബാക്കിയുള്ളത്.

വള്ളിക്കാവിലെ അമൃതപുരി ആശ്രമം

മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ആത്മകഥ അഴിച്ചുവിട്ട വിവാദത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മഠത്തിന്റെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന. ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിന്റെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി ന്യൂഡല്‍ഹിയിലെ ബെല്‍ജിയന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് നല്‍കി. മഠത്തിലേക്കുള്ള ഫണ്ടിലൊരു പ്രധാന ഭാഗം ബെല്‍ജിയത്തില്‍ നിന്നു വരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്. ഇതിനു മറുപടി നല്‍കുന്നതിനാണ് മഠത്തിന്റെ വിദേശഫണ്ട് വിനിയോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മാതാ അമൃതാനന്ദമയി മഠത്തിന് അനുവദിച്ചിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ 052930183 ആണ്. മാതാ അമൃതാനന്ദമയി മഠം, അമൃതപുരി, കൊല്ലം -690525 എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അംഗീകൃത വിലാസം. ധനലക്ഷ്മി ബാങ്കിന്റെ കൊച്ചി ഷണ്മുഖം റോഡ് ശാഖയിലുള്ള 2.1.50091 എന്ന അക്കൗണ്ട് ഈ രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ അക്കൗണ്ടിലേക്ക് വിദേശ സഹായമായി വന്നത് 70,22,98,293.06 രൂപയാണ്.

2012 വരെ വന്നതില്‍ ബാക്കിയുണ്ടായിരുന്ന 314,99,70,462.06 രൂപ അടക്കം 385,22,68,695.12 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ആ വര്‍ഷം ചെലവിട്ട 51,42,83,818.22 രൂപയ്ക്കു ശേഷം 2013 മാര്‍ച്ച് 31ന് മഠത്തിന്റെ പക്കല്‍ 333,79,84,876.90 രൂപ വിനിയോഗിക്കാതെ ബാക്കിയുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. മഠം തന്നെ സമര്‍പ്പിച്ചതാണ് ഈ കണക്കുകള്‍. ഇതിനുശേഷം 2013-14 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്.

കൊച്ചിയിലെ അമൃത ആസ്പത്രി

സ്‌കൂളുകളും കോളേജുകളും നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും വിനിയോഗിച്ചു എന്നാണ് പലപ്പോഴും തുക ചെലവിട്ടതിനു നല്‍കിയിട്ടുള്ള വിശദീകരണം. ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍ എന്നിവ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും തുക വിനിയോഗിച്ചതായും പറഞ്ഞിട്ടുണ്ട്. എന്നാല്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ ഭൂരിഭാഗവും അദര്‍ എക്‌സ്പന്‍സസ് അഥവാ മറ്റു ചെലവുകള്‍ എന്ന വിഭാഗത്തിലാണ്. ഈ മറ്റു ചെലവുകള്‍ എന്താണ് എന്നാണ് ഇപ്പോഴത്തെ പരിശോധന.

വിദേശ സംഭാവന സംബന്ധിച്ച കണക്കുകള്‍ ഓരോ വര്‍ഷവും മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്ന് ചട്ടപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറേണ്ടതുണ്ട്. ഈ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 37 വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി വിദേശനാണ്യത്തില്‍ മഠത്തിന് സംഭാവന വന്നിട്ടുണ്ടെന്ന് വ്യക്തമായി. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മാതാ അമൃതാനന്ദമയി മഠത്തിന് അനുവദിച്ചിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിലേക്കാണ് ധനസഹായം എത്തുന്നത്.

അമൃത സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസ്‌

2012-13 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ അക്കൗണ്ടിലേക്ക് വിദേശ സഹായമായി 70,22,98,293.06 രൂപ വന്നു. ഇന്ത്യയില്‍ നിന്നു തന്നെയാണ് വിദേശനാണ്യ രൂപത്തില്‍ ഏറ്റവുമധികം സഹായം വന്നത് -21,96,62,137 രൂപ. ബെല്‍ജിയം, അമേരിക്ക, ബ്രിട്ടന്‍, യു.എ.ഇ. എന്നിവയാണ് കൂടുതല്‍ സംഭാവന വന്നിട്ടുള്ള മറ്റു രാജ്യങ്ങള്‍. ബെല്‍ജിയത്തില്‍ നിന്ന് 8,31,33,483.20 രൂപ, അമേരിക്കയില്‍ നിന്ന് 6,29,92,699.76 രൂപ, ബ്രിട്ടനില്‍ നിന്ന് 5,94,88,796.95 രൂപ, യു.എ.ഇയില്‍ നിന്ന് 4,03,95,293 രൂപ എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ള സംഭാവന.

അമൃത സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ചിട്ടുള്ള ഒളിമ്പിക്‌സ് നിലവാരത്തിലെ നീന്തല്‍ക്കുളം

ആഫ്രിക്കയിലെ വെറും 200 കീലോമീറ്റര്‍ നീളമുള്ള ദരിദ്ര രാജ്യമായ സ്വാസിലാന്‍ഡില്‍ നിന്ന് 3,74,91,230.72 രൂപ വന്നപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ നിന്ന് 3,22,20,813.43 രൂപ എത്തി. 3,45,59,910.16 രൂപയാണ് ജര്‍മ്മനിയുടെ സംഭാവന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് കോളനിയായ റീയൂണിയന്‍ ഐലന്‍ഡില്‍ നിന്നു പോലും മാതാ അമൃതാനന്ദമയി മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ട്! 8,37,028.37 രൂപയാണ് അവിടെ നിന്നു വന്നത്!!

അമൃത സര്‍വ്വകലാശാല അമൃതപുരി ക്യാമ്പസ്‌

മഠത്തിന്റെ ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിലേക്ക് ആകെ 838 അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ 73 എണ്ണം മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള സംഘടനകളുടെ അക്കൗണ്ടാണ്. അമേരിക്കയിലെ ആപി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ബെല്‍ജിയത്തിലെ അമ്മ യൂറോപ്പ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ അമൃത വെറെയ്‌നിഗുംഗ് ഷ്വെയ്‌സ്, റിയൂണിയന്‍ ഐലന്‍ഡിലെ അമൃതാനന്ദമയി മാതാ ആശ്രമം, ഇറ്റലിയിലെ അമ്മ ഇറ്റാലിയ, ഓസ്ട്രിയയിലെ ഓസ്ട്രിയ വെറെയ്ന്‍ ഓസ്റ്റല്ലുങ്സ്റ്റര്‍, സ്‌പെയിനിലെ ഫണ്ടാസിയോണ്‍ ഫിലോകാലിയ അമിഗോസ് ദ അമ്മ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

കെനിയ, ശ്രീലങ്ക, മൗറീഷ്യസ്, ഗ്രീസ്, ചൈന, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം അമൃതാനന്ദമയി മഠത്തിലേക്ക് സഹായം ഒഴുകിയിട്ടുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് കേട്ടുകേഴ്‌വി തന്നെ കുറവായ സ്വാസിലാന്‍ഡും റിയൂണിയന്‍ ഐലന്‍ഡും ഇതില്‍ വേറിട്ടുനില്‍ക്കുന്നു.

മാതാ അമൃതാനന്ദമയി മഠം പോലെ അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ഒരു സ്ഥാപനത്തെക്കുറിച്ച് ഒരു രാജ്യത്തിന്റെ എംബസിയില്‍ നിന്നു കുറിപ്പ് ലഭിക്കുമ്പോള്‍ അതിനു മറുപടി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ബാദ്ധ്യതയുണ്ട്. വിദേശത്തു നിന്നു ചോദ്യമുണ്ടായതു കൊണ്ടു മാത്രമാണ് പരിശോധന നടക്കുന്നത് എന്നു പറഞ്ഞാലും അത്ഭുതമില്ല. തിരിമറി കണ്ടെത്തിയാൽ തന്നെ കാര്യമായ നടപടിയൊന്നുമുണ്ടാവില്ലെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോൾ നടക്കുന്ന പരിശോധനയ്ക്ക് പ്രാധാന്യമേറുന്നത് അതിനാല്‍ത്തന്നെയാണ്.

Previous articleറാമേട്ടന്‍
Next articleവി.എസ്. ഗ്രൂപ്പിലെ പിണറായി!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here