Reading Time: 3 minutes

വിശ്വാസിയാകുന്നത് തെറ്റാണോ?
വിശ്വാസിയാണെന്നു പറയുന്നത് തെറ്റാണോ?
ഇടതുപക്ഷം പറയുന്ന ശരികളെ പിന്തുണച്ചാല്‍ വിശ്വാസിയല്ലാതാകുമോ?
ഞാന്‍ വിശ്വാസിയല്ലെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്?

എന്റെ വീട്ടിനു മുന്നിലെ ക്ഷേത്രത്തില്‍ ഉത്സവമാണ്. അതു ഞങ്ങള്‍ക്ക് ആഘോഷമാണ്. ആ മഹാദേവനില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞതിനെ ചിലരെങ്കിലും വിമര്‍ശനബുദ്ധിയോടെ സമീപിച്ചിട്ടുണ്ട്. വിശ്വാസിയാണെന്ന് എനിക്ക് തെളിയിക്കേണ്ടി വന്നിരിക്കുന്നു എന്നാണ് വ്യാഖ്യാനം.

ഞാന്‍ എല്ലാക്കാലത്തും വിശ്വാസിയായിരുന്നു. സംഘികളുടേതെന്ന് എല്ലാവരും മുദ്രകുത്തിയിട്ടുള്ള കുങ്കുമക്കുറി മിക്കവാറുമൊക്കെ അണിഞ്ഞിരുന്നയാളാണ് ഞാന്‍, ക്ഷേത്രത്തില്‍ നിന്ന്. കോളേജില്‍ പഠിക്കുന്ന കാലത്തും -പഠിച്ചത് തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമാണെന്നോര്‍ക്കണം -കുറി പതിവായിരുന്നു.

ചുവന്ന കുറി സംഘികള്‍ എന്ന് എല്ലാവരും വിളിക്കുന്ന വിഭാഗത്തിന് തീറെഴുതിക്കൊടുക്കുന്നത് എനിക്ക് അന്നും സ്വീകാര്യമായിരുന്നില്ല. ഇന്നും സ്വീകാര്യമല്ല. ഇന്ത്യാവിഷനില്‍ വന്ന ശേഷമാണ് കുറി ഒഴിവാക്കിയത്. മതപരമായ ചിഹ്നങ്ങള്‍ അണിഞ്ഞ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടരുത് എന്ന തത്ത്വമനുസരിച്ചായിരുന്നു ആ മാറ്റം. പിന്നെ കടുത്ത വര്‍ഗ്ഗീയവാദികള്‍ പറയുന്നതുപോലെ തന്റെ ദൈവം മാത്രം സത്യമെന്നും മറ്റുള്ളതെല്ലാം വ്യാജമെന്നുമുള്ള നിലപാടില്ല. വെട്ടുകാട് പള്ളിയിലും ബീമാപള്ളിയിലുമൊക്കെ പോകുന്നത് അതുകൊണ്ടാണ്.

10012016 (70)

I believe in MIRACLES. In fact, I was made to believe in that. My wife was operated in her seventh month of pregnancy to take out the body of the child who was expected to have breathed his last in the womb itself. The umbilical cord relation between the mother and the child was cut and there was hardly any blood flow to the child’s body. But when he was taken out, he was destined to live. The doctors say that this phenomenon happens once in many millions. Though he had to spend 2 months in the ventilator, undergo complete blood transfusion and two surgeries within the age of one, he is with us running around like any other normal baby. In May he will be two years.

Why was me and my wife selected for this MIRACLE? I can’t explain. ദൈവം അല്ലെങ്കില്‍ ഏതോ ഒരദൃശ്യ ശക്തി നമ്മളെ നിയന്ത്രിക്കുന്നുണ്ട്. വിശ്വാസത്തിന് മൂര്‍ത്തരൂപം നല്‍കാന്‍ ആ അദൃശ്യ ശക്തിക്ക് നമ്മളൊരു രൂപം സങ്കല്പിക്കുന്നു.

സ്വാമി വിവേകാനന്ദന്റേതായി ഒരു കഥ കേട്ടിട്ടുണ്ട്. സ്ഥലവും സന്ദര്‍ഭവും കൃത്യമായി ഓര്‍മ്മയില്ല. ഒരു രാജ്യത്ത് സ്വാമിജി സന്ദര്‍ശനത്തിനെത്തി. അവിടത്തെ രാജാവ് വിഗ്രഹാരാധനയ്ക്ക് എതിരാണ്. സ്വാമിജി വിഗ്രഹാരാധനയെ അനുകൂലിച്ചു സംസാരിച്ചു. കാര്യകാരണങ്ങള്‍ നിരത്തി ചൂടേറിയ സംവാദമായി. ദൈവത്തിനു രൂപമില്ലെന്ന് രാജാവ്. ദൈവത്തിനു രൂപം കല്പിക്കുന്നതില്‍ തെറ്റില്ലെന്ന് സ്വാമിജി.

ഒടുവില്‍ സ്വാമി വിവേകാനന്ദന്‍ ചുമരില്‍ തൂക്കിയിരുന്ന ചിത്രത്തിലേക്കു ചൂണ്ടി -‘ആ ചിത്രം ആരുടേതാണ്?’
‘അത് എന്റെ പിതാവിന്റേതാണ്?’ -രാജാവിന്റെ മറുപടി.
‘ആ ചിത്രമെടുത്ത് താഴെയിട്ട് ചവിട്ടിത്തേച്ച് കാര്‍ക്കിച്ചു തുപ്പുക’ -അടുത്തു നിന്ന പരിചാരകന് സ്വാമിജി നിര്‍ദ്ദേശം നല്‍കി.
പരിചാരകന്‍ ഭയന്നു വിറച്ചു. ഇതു കേട്ട് രാജാവ് കുപിതനായി.
‘എന്റെ പിതാവിനെ അപമാനിക്കുന്നോ? അങ്ങ് ഒരു സംന്യാസി അല്ലായിരുന്നുവെങ്കില്‍ ഇതിനകം ഉടലും തലയും വെവ്വേറെ ആയേനേ’ -അദ്ദേഹം ആക്രോശിച്ചു.

സ്വാമി വിവേകാനന്ദന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അദ്ദേഹം ചോദിച്ചു -‘അത് വെറുമൊരു ചിത്രമല്ലേ? അങ്ങയുടെ പിതാവല്ലല്ലോ?’
‘ആ ചിത്രത്തില്‍ ഞാനെന്റെ പിതാവിനെ കാണുന്നു’ -രാജാവിന്റെ മറുപടി.
സ്വാമിജിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
‘വിശ്വാസികള്‍ ദൈവത്തിന് ഒരു രൂപം കല്പിക്കുന്നതിനെ അങ്ങ് എങ്ങനെ എതിര്‍ക്കും? അതും വെറുമൊരു ചിത്രത്തില്‍ പിതാവിനെ കാണുന്നയാള്‍.’

സ്വാമിജിയുടെ വാക്കുകള്‍ കേട്ട് രാജാവ് തരിച്ചിരുന്നു. തന്റെ നിലപാടിലെ പിശക് രാജാവിന് ബോദ്ധ്യമായി. ആ രാജ്യത്ത് വിഗ്രഹാരാധനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

കുട്ടിക്കാലം മുതല്‍ അമ്മയില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നുതാണ് ‘ആരെയും പേടിച്ചില്ലെങ്കിലും ദൈവത്തെയെങ്കിലും പേടിക്കണം’ എന്ന ഉപദേശം.
കുട്ടിക്കാലത്ത് ദൈവത്തെ പേടിച്ചു.
വളര്‍ന്നപ്പോള്‍ ദൈവത്തെ ബഹുമാനിച്ചു.
പാകത വന്നപ്പോള്‍ ദൈവത്തെ സ്‌നേഹിച്ചു.
ഇപ്പോള്‍ ദൈവവുമായി സൗഹൃദത്തിലാണ്.
അതൊരു തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല.

പിന്നെ, രാഷ്ട്രീയമായി അഭിപ്രായങ്ങള്‍ പറയുന്നത് സംബന്ധിച്ച്. ‘ഞാനുമൊരു വിശ്വാസിയാണ് എന്നു സമര്‍ഥിക്കേണ്ട സാഹചര്യം വന്നു എന്നു ചുരുക്കം’ എന്നൊരു സുഹൃത്ത് ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജെ.എന്‍.യു. വിഷയത്തില്‍ കനയ്യ കുമാറിനെ പിന്തുണച്ചത് ആ യുവാവ് ശരിയുടെ പക്ഷത്താണെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാലാണ്. ഇപ്പോള്‍ ഇടതുപക്ഷമാണ് ശരി. ഇടതുപക്ഷം തെറ്റു ചെയ്യുകയാണെങ്കില്‍ അതു തെറ്റാണെന്നു ചൂണ്ടിക്കാട്ടാനും ഒരു മടിയുമില്ല.

കൊടിയുടെ നിറത്തിനനുസരിച്ചല്ല എന്റെ ശരി, നയങ്ങള്‍ക്കും നിലപാടുകള്‍ക്കമനുസരിച്ചാണ്.

Previous articleതൃക്കണ്ണാപുരം
Next articleതള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here