അടുത്തിടെ ഉണ്ടായ ഒരു സംഭവമാണ്. അല്പം നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടുന്നതിനാല്‍ ഇതുമായി ബന്ധമുള്ളയാളുടെ പേരും സ്ഥലവും വെളിപ്പെടുത്തുന്നില്ല. വെള്ളി നിറമുള്ള സ്‌കോര്‍പിയോ ഒരു പുതുതലമുറ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്നതാണ് ആദ്യ സീന്‍. അകത്തേക്ക് കഥാനായകന്‍ ഓടിക്കയറി. തിരികെ വന്നപ്പോള്‍ 1,000 രൂപയുടെ 10 പിടയ്ക്കുന്ന നോട്ടുകള്‍. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഒരേസമയം 4 ചിട്ടിയുള്ള സമ്പാദ്യകുതുകിയാണ് കഥാനായകന്‍. ചിട്ടി അടയ്ക്കാനുള്ള അവസാന ദിവസമാണ്. മൊത്തം 7,000 രൂപ വേണം. അതിനാണ് വെപ്രാളം.
ചിട്ടി അടയ്ക്കാന്‍ നേരെ കെ.എസ്.എഫ്.ഇ. ശാഖയിലെത്തി. സ്ഥിരം കക്ഷി ആയതിനാല്‍ എല്ലാവരും പരിചയക്കാര്‍. 4 ചിട്ടിബുക്കും 7,000 രൂപയും കൗണ്ടറില്‍ കൈമാറി. കാഷ്യര്‍ 1,000 രൂപ നോട്ടുകള്‍ ഓരോന്നായി പരിശോധിക്കുന്നു. തൃപ്തിയായ 5 എണ്ണം മേശവലിപ്പിലേക്കിട്ടു. 2 എണ്ണം മേശപ്പുറത്തുവെച്ചു. അത് ഉയര്‍ത്തി പ്രകാശത്തിലേക്കു നീട്ടി തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് കഥാനായകനു നേരെ സംശയദൃഷ്ടി പായിച്ചു.
കഥാനായകന്‍: എന്താ?
കാഷ്യര്‍: സാറേ ഇത് കള്ളനോട്ടാ.
കഥാനായകന്‍: ഹേയ്, അങ്ങനെ വരില്ല. ഞാന്‍ ഇപ്പോള്‍ എ.ടി.എമ്മില്‍ നിന്നെടുത്തതേയുള്ളൂ.
കാഷ്യര്‍: അതു തന്നാ പ്രശ്‌നം. കള്ളനോട്ട് ഇപ്പോള്‍ എ.ടി.എമ്മിലൂടാ വരുന്നേ. സാറ് പത്രമൊന്നും വായിക്കാറില്ല അല്ലേ?
കഥാനായകന്‍ 2 നോട്ടുകളും കൈയില്‍ വാങ്ങി. വിശദമായി പരിശോധിച്ചും. ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോള്‍ കാഷ്യര്‍ കസേരയില്‍ നിന്ന് ഒന്ന് പൊങ്ങി, ഇരുന്നു ഇരുന്നില്ല എന്ന ഭാവത്തില്‍. കള്ളനോട്ട് ആണെന്ന് എങ്ങനെ മനസ്സിലാക്കിയെന്ന് വിശദീകരിച്ചു. കഥാനായകന്‍ തളര്‍ന്നു.
കഥാനായകന്‍: ഇത് ആ കെട്ടിലങ്ങ് വെച്ചുകൂടെ. ഒരു അഡ്ജസ്റ്റ്‌മെന്റ്.
കാഷ്യര്‍: അയ്യോ സാറെ, അതു പറ്റില്ല. ഞാന്‍ തൂങ്ങും. നമുക്ക് പൊലീസിനെ വിളിക്കാം. അവര്‍ പരിഹാരമുണ്ടാക്കട്ടെ. എ.ടി.എം. തുറന്നു പരിശോധിക്കാം. വേറെയും കാണും.
പ്രശ്‌നം കൈവിട്ടു പോകുകയാണെന്ന് കഥാനായകനു മനസ്സിലായി. പെട്ടെന്ന് കാഷ്യറുടെ കൈയില്‍ നിന്ന് ആ നോട്ട് തട്ടിയെടുത്തു. പോക്കറ്റില്‍ നിന്ന് വേറെ രണ്ട് 1,000 രൂപ നോട്ടുകള്‍ എടുത്തു നീട്ടി.
കഥാനായകന്‍: പൊലീസിനും പുലിവാലിനുമൊന്നും നമുക്ക് സമയമില്ല. നഷ്ടം സഹിച്ചാല്‍ മതിയല്ലോ.
കാഷ്യര്‍: അതാ നല്ലത്. വെറുതെ കേസാക്കണ്ട. മെനക്കേടാ.
മാറ്റിക്കൊടുത്ത നോട്ടുകള്‍ അസ്സല്‍ തന്നെ എന്നു ബോദ്ധ്യപ്പെട്ടതിനാല്‍ രശീതുമെഴുതി ബുക്കില്‍ പതിപ്പിച്ച് നല്‍കി. കഥാനായകന്‍ അതുമായി ശരം വിട്ടപോലെ പുറത്തേക്ക്.
സ്‌കോര്‍പിയോയില്‍ കയറി മുഴുവന്‍ ശേഷിയില്‍ എ.സി. പ്രവര്‍ത്തിച്ചിട്ടും വിയര്‍പ്പ് മാറുന്നില്ല. 2,000 രൂപ വെറുതെ കളയാന്‍ കഥാനായകന് സാധിക്കുമായിരുന്നില്ല. തനിക്കു പറ്റിയ പറ്റ് മറ്റൊരാള്‍ക്കു കൈമാറാന്‍ അദ്ദേഹം നിശ്ചയിച്ചു. പതിയെ മുന്നോട്ടു നീങ്ങുമ്പോഴാണ് ഇടതു ഭാഗത്ത് പെട്രോള്‍ പമ്പ് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് കഥാനായകന്റെ തലച്ചോറില്‍ ഫ്‌ളാഷടിച്ചു. ജീപ്പ് നേരെ അങ്ങോട്ടു കയറി. ഇന്ധനം നിറയ്ക്കാന്‍ നില്‍ക്കുന്ന ബംഗാളിപ്പയ്യന്‍ അടുത്തെത്തി. ‘2,000 ഡീസല്‍’ -ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. വണ്ടിയില്‍ ഡീസല്‍ നിറഞ്ഞു. ഏതാണ്ട് ഫുള്‍ ടാങ്ക്. ഡീസല്‍ അടിച്ചു കഴിഞ്ഞ് പയ്യന്‍ ബില്ലുമായെത്തിയപ്പോള്‍ നേരത്തേ മാറ്റിവെച്ചിരുന്ന 1,000 രൂപയുടെ 2 കള്ള നോട്ടുകള്‍ എടുത്തു നീട്ടി. ഒരു സംശയവും കൂടാതെ ആ പയ്യന്‍ അതു വാങ്ങി ബാഗില്‍ നിക്ഷേപിച്ചു. ഒരു ദീര്‍ഘനിശ്വാസവും ഉതിര്‍ത്ത് കഥാനായകന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് റോഡിലേക്കറിങ്ങി, 2,000 രൂപ രക്ഷിച്ചെടുത്ത ആശ്വാസവുമായി.
ഈ കഥയിലെ -അല്ല നടന്ന സംഭവത്തിലെ -നായകനെ കുറ്റപ്പെടുത്താനാവുമോ? നമ്മളില്‍ പലരുടെയും കൈകളിലൂടെ കള്ളനോട്ടുകള്‍ കയറിയിറങ്ങി പോകുന്നുണ്ട്, അറിയാതെയാണെങ്കിലും. 1,000 രൂപയുടെയും 500 രൂപയുടെയും അത്രമാത്രം കള്ളനോട്ടുകള്‍ രാജ്യത്ത് പ്രചാരത്തിലുണ്ട്. പണം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കു മാത്രമാണ് ഒരുപക്ഷേ, ഇതു കണ്ടെത്താനാവുക. കള്ളനോട്ടിന്റെ പ്രചാരണം സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ മുഖേനയാണ് കള്ളനോട്ട് വിപണിയിലെത്തുന്നത് അടുത്തിടെ കേട്ടു. എ.ടി.എമ്മില്‍ വെയ്ക്കുന്ന പണവുമായി ബാങ്കുകള്‍ക്ക് നേരിട്ട് ബന്ധമില്ല. അതു ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തയിരിക്കുന്നത്. അവര്‍ ഇടയ്ക്ക് ഒന്നോ രണ്ടോ കെട്ടുകള്‍ മാറ്റി കള്ളനോട്ട് കലര്‍ത്തിയാല്‍ ആരറിയാന്‍! അങ്ങനെയാണ് എ.ടി.എമ്മുകള്‍ കള്ളനോട്ട് വിതരണ സംവിധാനമാവുന്നത്.
ഇത് സാമ്പത്തിക ഭീകരപ്രവര്‍ത്തനമാണ്. ഇന്ത്യന്‍ കള്ളനോട്ട് വ്യവസായത്തിലൂടെ പാകിസ്താന്‍ കുറഞ്ഞത് 500 കോടി രൂപ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇങ്ങനെ ഉണ്ടാക്കുന്ന പണം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ തന്നെ പാകിസ്താന്‍ ചെലവിടുന്നു. 1,000 രൂപയുടെ ഒരു കള്ളനോട്ട് അടിക്കുന്നതിന് പാകിസ്താന് ചെലവ് വെറും 39 രൂപയാണ്. എന്നിട്ടത് 350 മുതല്‍ 400 വരെ രൂപയ്ക്ക് ഇന്ത്യയില്‍ ഇടനിലക്കാര്‍ മുഖേന വിറ്റഴിക്കുന്നു. വില്‍ക്കുന്ന പാകിസ്താനും വാങ്ങുന്ന ഇടപാടുകാരനും ഒരേ പോലെ സന്തോഷം, പിടിയിലാവാത്തിടത്തോളം. ഇതുകൊണ്ട് ദോഷം സംഭവിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു മാത്രം.
പിടികൂടിയ കള്ളനോട്ടുകള്‍ കുറച്ചുനാള്‍ മുമ്പ് വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് മിലിറ്ററി ഇന്റലിജന്‍സും എന്‍.ഐ.എയും സംയുക്തമായി വിധേയമാക്കിയിരുന്നു. ഇതിന്റെ ഫലം പിന്നീട് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്, ഇന്റലിജന്‍സ് ബ്യൂറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍ ശരിവെയ്ക്കുകയും ചെയ്തു. അതില്‍ നിന്നാണ് ഇന്ത്യന്‍ കള്ളനോട്ടിനു പിന്നിലെ പാക് പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. ഭീകരര്‍ കള്ളനോട്ടടിച്ച് ഇന്ത്യയില്‍ വിതരണം ചെയ്യുന്നു എന്നാണല്ലോ നമ്മുടെ വിശ്വാസം. ആ വിശ്വാസം നമ്മളെ രക്ഷിക്കില്ല. പാകിസ്താനിലെ ഔദ്യോഗിക കറന്‍സി അച്ചടിക്കുന്ന അതേ കടലാസില്‍ തന്നെയാണ് ഇന്ത്യന്‍ കള്ളനോട്ടും അച്ചടിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍, പാക് സര്‍ക്കാര്‍ നേരിട്ടാണ് ഇന്ത്യന്‍ കള്ളനോട്ട് അച്ചടിക്കുന്നതെന്നര്‍ത്ഥം. ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കുന്ന നടപടിക്ക് പ്രാധാന്യമേറുന്നത് അവിടെയാണ്.
വളരെ വലിയ നിക്ഷേപം ആവശ്യമുള്ള, അതിനൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ അച്ചടിയന്ത്രങ്ങളുപയോഗിച്ചാണ് കള്ളനോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കരസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ഫലം വ്യക്തമാക്കുന്നു. വാട്ടര്‍മാര്‍ക്കിങ് അടക്കമുള്ള സങ്കേതങ്ങളിലെ കൃത്യത ഇതിനു തെളിവാണ്. ഇത്തരത്തിലുള്ള അച്ചടിയന്ത്രം സ്വന്തമാക്കാന്‍ ഒരു രാജ്യത്തിനോ സര്‍ക്കാരിനോ മാത്രമേ സാധിക്കൂ. ഒരു ചതുരശ്ര മീറ്ററിന് ഇത്ര ഗ്രാം എന്ന തോതില്‍ കണക്കാക്കുന്ന കടലാസിന്റെ സാന്ദ്രത, മെഴുകിന്റെ അളവ് വ്യക്തമാക്കുന്ന വാക്‌സ് പിക്ക് ക്വോഷ്യന്റ്, പോളി വിനൈല്‍ ആല്‍ക്കഹോള്‍, പി.എച്ച്. മൂല്യങ്ങള്‍ എന്നിവയെല്ലാം പാകിസ്താനിലെ കറന്‍സിയുമായി സാമ്യത പുലര്‍ത്തുന്നുണ്ട്. ഈ പരിശോധനകള്‍ പ്രകാരം പാകിസ്താനല്ലാതെ മറ്റേതെങ്കിലും രാജ്യം ഇന്ത്യന്‍ കള്ളനോട്ട് അച്ചടിക്കുന്നതായി തെളിഞ്ഞിട്ടുമില്ല. ഈ പരിശോധനാ ഫലം ഇപ്പോള്‍ പാര്‍ലമെന്റിന്റെ ആഭ്യന്തരകാര്യ സ്ഥിരം സമിതിയുടെ മുന്നിലുണ്ട്.
കള്ളനോട്ട് വരവിന്റെ പരമ്പരാഗത വഴികള്‍ തടയാനായെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്യാത്തത് അന്വേഷണ ഏജന്‍സികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പാകിസ്താനിലെ അധോലോക സംഘങ്ങള്‍ മുഖേനയാണ് ഐ.എസ്.ഐ. കള്ളനോട്ട് വിതരണം സാദ്ധ്യമാക്കുന്നത്. ഇഖ്ബാല്‍ കാന, സുഭ ഭായി, അസ്ലം ചൗധരി. ഷെയ്ഖ് സഫി, സിക്കന്ദര്‍ തുടങ്ങിയവരുടെ സംഘങ്ങളാണ് പ്രധാനികളെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്. യു.എ.ഇ, ബംഗ്ലാദേശ്, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലൂടെയാണ് ഓപ്പറേഷന്‍. ഇതില്‍ ചൈന അടുത്ത കാലത്താണ് ഇന്ത്യന്‍ കള്ളനോട്ട് വിതരണത്തിന്റെ ഇടത്താവളമായി മാറിയത്. കൊളംബോയിലെ പാക് ഹൈക്കമ്മീഷനിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗുകളില്‍ രണ്ടു പ്രമുഖ കുറിയര്‍ ഏജന്‍സികള്‍ മുഖേന കള്ളനോട്ടുകള്‍ എത്തിച്ചതായും എന്‍.ഐ.എ. കണ്ടെത്തി. ഫെഡെക്‌സ്, ഡി.എച്ച്.എല്‍. എന്നീ കമ്പനികളാണ് കള്ളനോട്ടുകളുടെ വിതരണത്തില്‍ പങ്കാളികളായത്. എന്നാല്‍, തങ്ങളുടെ അറിവോടെ കള്ളനോട്ട് എത്തിച്ചിട്ടില്ലെന്നാണ് ഈ കമ്പനികളുടെ വാദം. ഹബീബ് ബാങ്ക് ഓഫ് പാകിസ്താന്‍ ഇന്ത്യന്‍ കള്ളനോട്ട് വിതരണത്തില്‍ നേരിട്ടു പങ്കാളികളായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യ -നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു നേപ്പാളീസ് പ്രാദേശിക ബാങ്ക് മുഖേന കള്ളനോട്ട് ഇന്ത്യയിലേക്കു തള്ളി. നേപ്പാളില്‍ തന്നെയുള്ള ഒരു ഇന്ത്യന്‍ ബാങ്കിന്റെ ശാഖ മുഖേനയും ഹബീബ് ബാങ്കില്‍ നിന്ന് കള്ളനോട്ട് എത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
കള്ളനോട്ട് വിതരണത്തില്‍ ഐ.എസ്.ഐയ്ക്ക് ഇന്ത്യയില്‍ എല്ലാ ഒത്താശകളും ചെയ്യുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി തന്നെ. ആഫ്താബ് ഭട്കി, ഹാജി അബ്ദുള്ള എന്നിവര്‍ക്കാണ് നേതൃത്വം. സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നതിനൊപ്പം ഭീകരപ്രവര്‍ത്തനത്തിനും കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പ്രാദേശികമായി ശേഖരിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ച് ആക്രമണം നടത്തുന്ന രീതിയാണ് ഐ.എസ്.ഐയുടെ മേല്‍നോട്ടത്തില്‍ ഭീകരപ്രവര്‍ത്തകര്‍ പിന്തുടരുന്നത്. ദീര്‍ഘകാലം ഇന്ത്യയില്‍ താമസിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനടക്കം ഉപയോഗിക്കുന്നത് കള്ള നോട്ടുകള്‍ തന്നെ. ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ബദര്‍, ഹുജി എന്നിവയില്‍പ്പെട്ട ഭീകരര്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായപ്പോഴെല്ലാം അവരുടെ പക്കല്‍ നിന്ന് വന്‍ തോതില്‍ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. 2010ല്‍ 28.4 കോടി, 2011ല്‍ 37.42 കോടി, 2012ല്‍ 58.60 കോടി, 2013ല്‍ 40.20 കോടി, 2014ല്‍ 62.76 കോടി, 2015ല്‍ 51.34 കോടി എന്നിങ്ങനെ കള്ളനോട്ട് പിടിച്ചെടുത്തതായാണ് പാര്‍ലമെന്ററി സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
ഭീകരപ്രവര്‍ത്തനത്തിനുള്ള ചികിത്സ തായ്‌വേരില്‍ നിന്നു തുടങ്ങണമെന്ന സൈന്യത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇപ്പോള്‍ 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. പാകിസ്താനിലെ ബലോചിസ്ഥാനിലും പഞ്ചാബിലുമുള്ള രണ്ട് പ്രസ്സുകളില്‍ പാകിസ്താനി രുപയ അടിക്കുന്നതിനെക്കാള്‍ വലിയ അളവില്‍ ഇന്ത്യന്‍ രൂപ അച്ചടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്!! പാകിസ്താനില്‍ കറന്‍സി അച്ചടിക്കാന്‍ ആവശ്യമായതിലും എത്രയോ ഇരട്ടി കടലാസും മഷിയും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, സ്വിറ്റസര്‍ലന്‍ഡിലെ ബെറികൂണ്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയതിന്റെ രേഖകളും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലേക്ക് കടത്താന്‍ തയ്യാറായി 100 കണക്കിന് കോടി രൂപയുടെ കള്ളനോട്ട് പാകിസ്താനിലെ 2 പ്രസ്സുകളിലുണ്ട്. 500, 1,000 രൂപ നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. ഈ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ പാകിസ്താന് സംഭവിച്ചിട്ടുള്ള സാമ്പത്തികനഷ്ടം വളരെ കനത്തതാണ്. 1,000 രൂപ അച്ചടിക്കാന്‍ 39 രൂപയാണ് പാകിസ്താന് ചെലവെന്ന് നേരത്തേ പറഞ്ഞുവല്ലോ. അച്ചടിച്ച നോട്ട് ഉപയോഗശൂന്യമായതോടെ അതിനു വേണ്ടി മുതല്‍മുടക്കിയ തുക മുഴുവന്‍ വെള്ളത്തിലായി. ഇതും ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയാണ്.
മറ്റു പലരും പറയുന്നതു പോലെ ഇത് പൊടുന്നനെ എടുത്ത തീരുമാനമല്ല. ആരെ ലക്ഷ്യമിട്ടാണോ ഈ നടപടി, അവര്‍ക്ക് മറുതന്ത്രം സ്വീകരിക്കാനുള്ള സമയം കൊടുത്തില്ല എന്നതു ശരി തന്നെ. പക്ഷേ, ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ തുടങ്ങിയിരുന്നു എന്നു വ്യക്തം. കരസേന തന്നെയാണ് അതിനു മേല്‍നോട്ടം വഹിച്ചതെന്ന വിവരങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് ഇപ്പോള്‍ പുറത്തോട്ടു വരുന്നത്. പദ്ധതിയിലെ ‘surprise element’ അവസാന നിമിഷം വരെ കാത്തുസൂക്ഷിക്കാനായതും അതിനാല്‍ത്തന്നെയാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പോലും വിവരമറിഞ്ഞത് ഏറ്റവും അവസാന ഘട്ടത്തിലാണ്. രാജ്യത്ത് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു എന്ന് അനുമാനിക്കാം. 2,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ നേരത്തേ തന്നെ അച്ചടിച്ച് റിസര്‍വ് ബാങ്കിന്റെ മേഖലാ ശാഖകളില്‍ എത്തിച്ചിരുന്നു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി ഇത് കൈകാര്യം ചെയ്യുന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പോലും നിയന്ത്രിച്ചിരുന്നു എന്നാണ് അറിവായിട്ടുള്ളത്.
പാക് അധീന കശ്മീരില്‍ കരസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ അടുത്ത ഘട്ടം എന്നു തന്നെ പറയേണ്ടി വരും. ഒരുതരം സൈനിക നടപടി തന്നെ. ഈ നടപടി ഇന്ത്യക്കാരുടെ സാധാരണ ജീവിതത്തിനു മേലുണ്ടാക്കിയ പ്രത്യാഘാതം ചര്‍ച്ച ചെയ്യുന്നതിലാണ് എല്ലാവര്ക്കും താല്പര്യം. ഒരു പക്ഷേ, കള്ളപ്പണവുമായി ബന്ധപ്പെട്ട തന്റെ പഴയ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴത്തെ നടപടിയുമായി ചേര്‍ത്തു വായിക്കാന്‍ ശ്രമിച്ചതാകാം കാരണം. ഭരണപരമായ നടപടികളില്‍ ഭരണാധികാരികള്‍ രാഷ്ട്രീയം കലര്‍ത്താനും അതില്‍ നിന്നു നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നത് സ്വാഭാവികം, പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ് പോലെ നീര്‍ണ്ണായകമായൊരു സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍. പക്ഷേ, വലിയ നോട്ട് പിന്‍വലിക്കല്‍ പാകിസ്താന് നല്‍കിയ തിരിച്ചടി എന്തുകൊണ്ടോ ഇവിടെ ആരും കാണാതെ പോയി.
ഈ നടപടിയിലൂടെ കള്ളപ്പണം കണ്ടെത്താനാവില്ല എന്ന വാദം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശുദ്ധ അസംബന്ധമാണത്. രാജ്യമൊട്ടുക്കുള്ള കാര്യം പരിഗണിക്കണ്ട. കേരളത്തിന്റെ കാര്യം മാത്രമെടുത്താല്‍ മതി. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മാത്രം 2015ല്‍ 1,200 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് അറിയാമോ? തലവരിയായി വാങ്ങുന്ന പണം കോളേജ് മാനേജ്‌മെന്റുകള്‍ ഏത് അക്കൗണ്ടിലാണ് പെടുത്തുക? അക്കൗണ്ടില്‍ പെടാത്ത പണമാണ് കള്ളപ്പണം. ഈ വര്‍ഷം കുറച്ചുകൂടി കടുപ്പമാണ്. തലവരി നിയമവിരുദ്ധമാണ്. എന്നിട്ട് ഈ കോളേജുകള്‍ തലവരി പിരിച്ചില്ല എന്നാണോ? അങ്ങനെ പിരിച്ച കോടികളും കള്ളപ്പണം തന്നെയാണ്. കണക്കില്‍പ്പെടാത്ത ഈ പണം മാനേജ്‌മെന്റുകള്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. കേരളത്തിന്റെ ധനമന്ത്രി അടക്കമുള്ളവര്‍ക്ക് ആഗ്രഹമുണ്ടാകുമോ എന്നറിയില്ല.
സ്വിസ് ബാങ്കുകളില്‍ ഉള്ള കള്ളപ്പണത്തെപ്പറ്റി പറയുന്നവര്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ അട്ടിയിട്ടിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ച് മിണ്ടുന്നുണ്ടോ? കുറഞ്ഞത് 30,000 കോടി രൂപയുടെ കള്ളപ്പണമെങ്കിലും കേരളത്തിലെ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇവിടത്തെ ഇടപാടുകാരെക്കുറിച്ച് ഒരു വിവരവും രാജ്യത്തിന്റെ സാമ്പത്തികശൃംഖലയില് സംയോജിപ്പിക്കപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ ആദായ നികുതി വകുപ്പിന്റെ അവലോകനവും സാദ്ധ്യമല്ല. അങ്ങനെ വരുമ്പോള്‍ ഈ സ്ഥാപനങ്ങളിലെ ധനശേഖരം മുഴുവന്‍ കള്ളപ്പണത്തിന്റെ ഗണത്തില്പ്പെടുത്തേണ്ടി വരും. കേരളത്തില്‍ ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ വലിയ ശൃംഖലയാണ് സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും എന്നു വേണമെങ്കില്‍ പറയാം. ഇവയില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ളവ. നോട്ട് പിന്‍വലിക്കല്‍ പദ്ധതിയോട് ഇവിടെ ചിലര്‍ക്കുള്ള എതിര്‍പ്പിനു കാരണം അതാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാവുമോ?
ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. വാളയാര്‍ മുഖേന കേരളത്തിലേക്ക് ഹവാല പണം വന്നതായും കൊച്ചിയിലേക്ക് കണ്ടെയ്‌നറില്‍ പാകിസ്താനില്‍ നിന്ന് കള്ളനോട്ട് എത്തിച്ചതായുമൊക്കെ ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകളൊക്കെ സത്യമായിരുന്നു താനും. എന്നാല്‍, ഈ കേസുകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് -അത് ഏത് കക്ഷിയായിരുന്നാലും -പ്രതികള്‍ രക്ഷപ്പെട്ടു. അവര്‍ എത്തിച്ച പണം ഇപ്പോഴും ഇവിടെ കിടന്ന് കറങ്ങുന്നു. ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റിടങ്ങളിലെ കാര്യം പറയാനുണ്ടോ?
സര്‍ക്കാരിന്റെ നടപടി ഒരു വ്യക്തിയെന്ന നിലയില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, 1,000, 500 രൂപ നോട്ടുകള്‍ എടുക്കാനില്ലാത്തതിനാല്‍ എനിക്കു പ്രശ്നമില്ല. ഇത്തരമൊരു ബുദ്ധിമുട്ട് വന്നാലും അത് സഹിക്കാന്‍ ഞാന്‍ തയ്യാറാണ്. ഏത് 1,000 രൂപ നോട്ടും കള്ളനോട്ടാണോ എന്ന സംശയത്തിലും സമ്മര്‍ദ്ദത്തിലും ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ മൂന്നോ നാലോ ദിവസത്തെ അസൗകര്യം. ഈ അസൗകര്യത്തെപ്പറ്റി വലിയവായില്‍ ചിലര്‍ നിലവിളിക്കുന്നുണ്ട്. രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി ബന്ദും ഹര്‍ത്താലും നടത്തി ജനജീവിതം സുഖകരമാക്കുന്ന ടീംസാണ് നിലവിളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്.
നമ്മുടെ നാട്ടില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് മുഖേനയും പരിഹരിക്കാനാവാത്ത പ്രശ്നമുണ്ട് -രാഷ്ട്രീയാന്ധത. കേരളം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ പുരോഗമനപരമായ എന്തു നടപടി സ്വീകരിച്ചാലും അതിനെ എതിര്‍ക്കുക എന്നത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ‘ഉത്തരവാദിത്വം’ ആണ്!! അതുപോലെ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ അതിനെ എതിര്‍ക്കേണ്ടത് തങ്ങളുടെ ‘ഉത്തരവാദിത്വം’ ആണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും കരുതുന്നു!!! തങ്ങളുടെ ‘ഉത്തരവാദിത്വം’ ഈ നേതാക്കന്മാര് നന്നായി നിറവേറ്റുമ്പോള്‍ അതു ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തായതിനാല്‍ കോണ്‍ഗ്രസ്സിന്റെ കാര്യം മനഃപൂര്‍വ്വം പരാമര്‍ശിച്ചില്ല എന്നേയുള്ളൂ. അവര്‍ കുറച്ചുകൂടി ഭേദമാണെന്നു തോന്നുന്നു. കുറഞ്ഞപക്ഷം ഇത്തവണയെങ്കിലും കോണ്‍ഗ്രസ് പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നടപടി പാകിസ്താന് നല്‍കിയ ആഘാതത്തെക്കാള്‍ ചര്‍ച്ചാവിഷയമാവുന്നത് മോദിക്കുണ്ടായ നേട്ടമാണ് എന്നതാണ് വിധിവൈപരീത്യം. ഒരു സംശയവും മുന്‍വിധിയും ഏതു വിഷയത്തിലും വെച്ചുപുലര്‍ത്തുന്നതാണ് ഇന്ത്യക്കാരുടെ ശാപം.
കള്ളപ്പണം സംബന്ധിച്ച് നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല എന്ന വാദം അംഗീകരിക്കുന്നു. രാഷ്ട്രീയത്തില്‍ ഒരുപാട് പരിമിതികളുണ്ട്. തങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന വ്യവസായികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരുകള്‍ സ്വീകരിക്കാറുണ്ട്. അത് അഴിമതിയാണ്. അത് വിമര്‍ശിക്കപ്പെടുകയും വേണം. പക്ഷേ, രാജ്യത്തോട് ഉത്തരവാദിത്വം നിറവേറ്റണം എന്ന് ഇടയ്ക്കെപ്പോഴെങ്കിലും ഒരു ജനനേതാവിന് തോന്നിയാല്‍ ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചേക്കും. അത്തരമൊരു നടപടിയായിട്ടാണ് 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ ഞാന്‍ കാണുന്നത്.
ആര് ഭരിച്ചാലും അവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട് -5 വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റിക്കൊണ്ടിരിക്കണം. പുഴ്ത്തിവെയ്പും കൂട്ടിവെയ്പും വലിയൊരു പരിധി വരെ ഒഴിവാകും. ബാങ്ക് അക്കൗണ്ടില്‍ മാത്രമേ സുരക്ഷിതമായി പണം സൂക്ഷിക്കാനാവൂ എന്നത് നല്ല കാര്യമല്ലേ?
കള്ളനോട്ട് കൈകാര്യം ചെയ്തതിന്റെ പേരില്‍ ജയിലിലാവാനോ കിട്ടിയ കള്ളനോട്ട് രഹസ്യമായി കീറിക്കളഞ്ഞ് നഷ്ടം സഹിക്കാനോ ഞാന്‍ ഒരുക്കമല്ല. ഈ പ്രശ്നത്തിന് പരിഹാരം വേണം. ഇതാണ് മാര്‍ഗ്ഗമെങ്കില്‍ അങ്ങനെ തന്നെ. വിമര്‍ശിക്കുന്നവരോട് ഒരു ചോദ്യം മാത്രം -ഇതല്ലാതെ വേറെന്ത് പ്രതിവിധി?
ഈ ലേഖനം അത്യുജ്വലമായിരിക്കുന്നു. ഇതിലെ വസ്തുതകൾ ഓരോ ഇന്ത്യക്കാരനും അറിയേണ്ടതാണ്. .
Good explanation.
Yellavarilum ethrayum vivarangal yethikkan kazhinja syamlalinu yente snehasamsakal.. Orayiram Nanni…..
Atrem pettannu nirodhichath kondalle eplum kalla panavum aayi ororutharum pidiyilakunnath.
True!