Reading Time: 8 minutes

എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ഏതൊരാളുടെയും ബഹുമാനം പിടിച്ചുപറ്റും. മതത്തിന്റെ സങ്കുചിതത്വത്തിന് അതീതമായി മാനവരാശിയുടെ നന്മയ്ക്കായി അദ്ദേഹം ചിന്തിക്കുന്നു എന്നാണ് എന്റെ വിലയിരുത്തല്‍, വിയോജിക്കുന്നവരുണ്ടാവാം.

പല വിധത്തിലുള്ള തമാശകള്‍ വാട്ട്‌സാപ്പിലൂടെ വരാറുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ട് വന്ന അല്പം ക്രൂരമായ ഒരു തമാശ ശരിക്കും ഞെട്ടിച്ചു. ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത്രയ്ക്കങ്ങോട്ട് നിര്‍ദോഷമല്ലാത്ത ഒരു തമാശ. വളരെ ബഹുമാന്യമായ സ്ഥാനം വഹിക്കുന്നവര്‍ ഉള്‍പ്പെടെ ഈ തമാശ ഫോര്‍വേര്‍ഡ് ചെയ്തു തന്നതു കണ്ടപ്പോള്‍ ഞെട്ടി. കാരണം ഇത് വെറും തമാശയല്ല, വസ്തുതകള്‍ നിരത്തി അവതരിപ്പിക്കുന്നതാണ്. ആ വസ്തുതകള്‍ ശരിയാണോ എന്ന് ഫോര്‍വേര്‍ഡ് ചെയ്ത ആരും പരിശോധിച്ചില്ല.

ഇംഗ്ലണ്ടിലെ രാജകുമാരന്റെ വിവാഹവും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ടീമായ ലിവര്‍പൂളിന്റെ സ്ഥാനവും മാര്‍പ്പാപ്പയുടെ മരണവുമായി ബന്ധപ്പെടുത്തിയാണ് തമാശ. 1981ലും 2005ലും ബ്രിട്ടനിലെ രാജകീയ വിവാഹവും ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടവും ഒരുമിച്ചു സംഭവിച്ചിരുന്നു എന്നാണ് സന്ദേശം. ഈ രണ്ടു വര്‍ഷങ്ങളിലും ഒരു മാര്‍പ്പാപ്പയുടെ വിയോഗവും സംഭവിച്ചുവത്രേ. ഈ വര്‍ഷം 2018ല്‍, ഇംഗ്ലണ്ടില്‍ രാജകീയ വിവാഹമുണ്ട്. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നിരിക്കുന്നു. മാര്‍പ്പാപ്പയെ ആരെങ്കിലും വിവരമറിയിക്കൂ എന്നാണ് തമാശ.

1981:
1. Prince from England married
2. Liverpool wins the Champions League
3. The pope dies

2005:
1. Prince from England married
2. Liverpool wins the Champions League
3. The pope dies

2018:
1. Prince from England is going to marry
2. Liverpool is in the Champions League finale
3. Somebody should inform the pope

രാജകീയ വിവാഹത്തിന്റെ ചരിത്രം

1981 ജൂലൈ 29നാണ് വെയില്‍സ് രാജകുമാരനായ ചാള്‍സും ഡയാന സ്‌പെന്‍സര്‍ പ്രഭ്വിയും തമ്മിലുള്ള വിവാഹം നടന്നത്. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ആ വിവാഹത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാജകുടുംബാംഗങ്ങള്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവരെല്ലാം പങ്കെടുത്തു.

ചാള്‍സും ഡയാനയും വിവാഹശേഷം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് രഥത്തില്‍ സഞ്ചരിക്കുന്നു

നാടോടിക്കഥയിലെ വിവാഹം, നൂറ്റാണ്ടിലെ വിവാഹം എന്നെല്ലാം അത് വിശേഷിപ്പിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 കോടി ആളുകള്‍ ഈ വിവാഹം ടെലിവിഷനില്‍ കണ്ടു. 1992ല്‍ വേര്‍പിരിഞ്ഞ ഈ ദമ്പതിമാര്‍ 1996ല്‍ വിവാഹബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്തി. 1997ല്‍ പാരീസിലുണ്ടായ വാഹനാപകടത്തില്‍ ഡയാന കൊല്ലപ്പെടുകയും ചെയ്തു.

ചാള്‍സും ഡയാനയും വിവാഹശേഷം ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ ചുംബിക്കുന്നു

ഡയാനയുമായി പിരിയുന്നതിനു മുമ്പു തന്നെ കാമില പാര്‍ക്കര്‍ ബൗള്‍സ് എന്ന വനിതയുമായി ചാള്‍സ് അടുപ്പത്തിലായിരുന്നു. 2005 ഏപ്രില്‍ 9ന് വിന്‍ഡ്‌സര്‍ ഗ്വില്‍ഡ് ഹാളില്‍ സാധാരണ സിവില്‍ വിവാഹത്തിലൂടെ ആ ബന്ധം ഔദ്യോഗികമായി. ഇതില്‍ ചാള്‍സിന്റെ മാതാപിതാക്കളായ എലിസബത്ത് രാജ്ഞിയും എഡിന്‍ബര്‍ഗ് പ്രഭുവും പങ്കെടുത്തില്ല.

ചാള്‍സും കാമിലയും വിവാഹവേളയില്‍

എന്നാല്‍, വിവാഹത്തിനു ശേഷം സെന്റ് ജോര്‍ജ്ജ് ചാപലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയിലും അതിനു ശേഷം വിന്‍ഡ്‌സര്‍ കോട്ടയില്‍ നടന്ന വിരുന്നുസല്‍ക്കാരത്തിലും അവര്‍ സംബന്ധിച്ചു. രാജകുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സെന്റ് ജോര്‍ജ്ജ് ചാപലില്‍ നടന്ന വിവാഹപ്രാര്‍ത്ഥന ബി.ബി.സി. സംപ്രേഷണം ചെയ്തു. മുതിര്‍ന്നവര്‍ക്കായി ഒരു നാടോടിക്കഥ എന്നായിരുന്നു ഈ വിവാഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ഹാരിയും മേഘനും വിവാഹനിശ്ചയ വാര്‍ത്ത പ്രഖ്യാപിച്ച ശേഷം

ചാള്‍സ് -ഡയാനമാരുടെ ഇളയ മകന്‍ ഹാരി രാജകുമാരന്റെ വിവാഹം ഈ വരുന്ന മെയ് 19ന് നിശ്ചയിച്ചിരിക്കുകയാണ്. അമേരിക്കന്‍ നടി മേഘന്‍ മാര്‍ക്കിളാണ് വധു. ലണ്ടനിലെ വിന്‍ഡ്‌സര്‍ കോട്ടയിലുള്ള സെന്റ് ജോര്‍ജ്ജ് ചാപല്‍ വളപ്പിലാണ് വിവാഹച്ചടങ്ങുകള്‍. ഇവിടെ തന്നെയാണ് ഹാരിയുടെ മാമോദീസ ചടങ്ങുകള്‍ നടന്നത്. മാത്രമല്ല, തങ്ങളുടെ ബന്ധത്തില്‍ വളരെ സവിശേഷമായ സ്ഥാനമാണ് സെന്റ് ജോര്‍ജ്ജ് ചാപലിനുള്ളതെന്ന് ഹാരിയും മേഘനും അടുത്തിടെ പറഞ്ഞിരുന്നു. രാജകുടുംബാംഗങ്ങള്‍ അടക്കം വധൂവരന്മാരുടെ ബന്ധുക്കള്‍ വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കും.

ചാമ്പ്യന്‍സ് ലീഗിലെ ലിവര്‍പൂള്‍

1981ലെ യൂറോപ്യന്‍ കപ്പ് ഫൈനല്‍ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡും തമ്മില്‍ മെയ് 27നാണ് പാരീസിലെ പാര്‍ക് ദേ പ്രിന്‍സസില്‍ നടന്നത്. 48,360 പേര്‍ സാക്ഷ്യം വഹിച്ച ആ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ അലന്‍ കെന്നഡിയുടെ ഗോളിലൂടെ ലിവര്‍പൂള്‍ ലീഡ് പിടിച്ചു. ആ ലീഡ് അവസാനം വരെ നിലനിര്‍ത്തുന്നതില്‍ വിജയിച്ച ലിവര്‍പൂള്‍ 1-0ന് കിരീടം ചൂടി.

1981ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂള്‍ താരങ്ങളായ കെന്നി ഡാല്‍ഗ്ലിഷ്, ഗ്രെയം സൗനസ്, അലന്‍ ഹാന്‍സന്‍ എന്നിവരുടെ കൈകളില്‍

2005ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മെയ് 25ന് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലെ അറ്റാടര്‍ക്ക് സ്റ്റേഡിയത്തിലായിരുന്നു. അന്ന് ലിവര്‍പൂളിന്റെ എതിരാളികളായത് ഇറ്റാലിയന്‍ വമ്പന്മാരായ എ.സി.മിലാന്‍. ഫൈനല്‍ തുടങ്ങും മുമ്പ് മിലാന്‍ ടീമിനാണ് കൂടുതല്‍ സാദ്ധ്യത കല്പിക്കപ്പെട്ടിരുന്നത്. അതു ശരിവെയ്ക്കും വിധം ആദ്യ നിമിഷത്തില്‍ തന്നെ ക്യാപ്റ്റന്‍ പോളോ മാള്‍ഡീനിയിലൂടെ മിലാന്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഹെര്‍നന്‍ ക്രെസ്‌പോ നേടിയ 2 ഗോളുകള്‍ കൂടിയായപ്പോള്‍ പകുതി സമയത്ത് സ്‌കോര്‍ 3-0 എന്നായി.

2005ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജറാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍

എന്നാല്‍, രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. വെറും 6 മിനിറ്റിനിടെ അവര്‍ 3 തവണ മിലാന്‍ വല കുലുക്കി. ക്യാപ്റ്റന്‍ സ്റ്റീവന്‍ ജറാര്‍ഡ്, വ്‌ളാഡിമില്‍ സ്‌മൈസര്‍, സാബി അലോണ്‍സോ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. അധിക സമയത്തും 3-3 എന്ന സ്‌കോര്‍നില മാറ്റമില്ലാതെ തുടര്‍ന്നു. ഒടുവില്‍ ജേതാക്കളെ നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. മിലാന്‍ സൂപ്പര്‍ താരമായ യുക്രൈന്‍ സ്‌ട്രൈക്കര്‍ ആന്ദ്രെ ഷെവ്‌ചെങ്കോയുടെ കിക്ക് ലിവര്‍പൂള്‍ ഗോളി ജെര്‍സി ഡ്യുഡെക് തടുത്തിട്ടു. ലിവര്‍പൂളിന് കിരീടം.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ‘ഇസ്താംബുളിലെ അത്ഭുതം’ എന്നാണ് അറിയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നായി ആ മത്സരം വിലയിരുത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ യുക്രൈനിലെ കീവിലുള്ള എന്‍.എസ്.സി. ഒളിമ്പിയ്‌സ്‌കി സ്റ്റേഡിയത്തില്‍ മെയ് 26നാണ്. അവിടെ ലിവര്‍പൂളിന്റെ എതിരാളികള്‍ നിലവിലുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്.

16-ാം തവണ ഫൈനല്‍ കളിക്കുന്ന റയലിന്റെ നേട്ടം റെക്കോര്‍ഡാണ്. 13-ാം കിരീടം നേടുകയാണെങ്കില്‍ അതും റെക്കോര്‍ഡ് തന്നെ. 1956, 1957, 1958, 1959, 1960, 1966, 1998, 2000, 2002, 2014, 2016, 2017 വര്‍ഷങ്ങളിലായിരുന്നു റയല്‍ മാഡ്രിഡിന്റെ കിരീടനേട്ടം. 1962, 1964, 1981 വര്‍ഷങ്ങളില്‍ ഫൈനലില്‍ തോറ്റു. 1981ലെ തോല്‍വി ലിവര്‍പൂളിനോടു തന്നെ.

ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ഒന്നാം പാദത്തില്‍ എ.എസ്.റോമയ്‌ക്കെതിരായ തന്റെ രണ്ടാം ഗോള്‍ നേടിയ മുഹമ്മദ് സലാഹിനെ ലിവര്‍പൂള്‍ ടീമംഗങ്ങള്‍ അഭിനന്ദിക്കുന്നു

ലിവര്‍പൂളിന് ഇത് 8-ാം ഫൈനലാണ്. 2007നു ശേഷമുള്ള ആദ്യ ഫൈനല്‍. 1977, 1978, 1981, 1984, 2005 വര്‍ഷങ്ങളിലായി 5 തവണ ലിവര്‍പൂള്‍ കിരീടം ചൂടി. 1985ലും 2007ലും ഫൈനലില്‍ തോറ്റു. സെമിയില്‍ ജര്‍മ്മന്‍ ടീമായ ബയറണ്‍ മ്യൂണിക്കിനെ 4-3ന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ടീമായ എ.എസ്.റോമയെ 7-6ന് മറികടന്നാണ് ലിവര്‍പൂള്‍ ഫൈനലില്‍ എത്തിയത്.

മാര്‍പ്പാപ്പയുടെ വിയോഗം

ഇപ്പോള്‍ പ്രചരിക്കുന്ന തമാശയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മാര്‍പ്പാപ്പയുടെ നിര്യാണമാണ്. ഇതു സംബന്ധിച്ച പരാമര്‍ശം വസ്തുതാപരമായി ശരിയാണെങ്കില്‍ പോലും അക്ഷന്തവ്യമാണ്. എന്നാല്‍, വസ്തുതാപരമായി തെറ്റാണെന്നു കൂടി വരുമ്പോള്‍ തെറ്റിന്റെ ആഴം വര്‍ദ്ധിക്കുന്നു. ഇതില്‍ പറയുന്നതു പോലെ 1981ല്‍ മാര്‍പ്പാപ്പയുടെ വിയോഗം സംഭവിച്ചിട്ടില്ല.

1981 മെയ് 31ന് വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കു വെടിയേറ്റപ്പോള്‍

1981 മെയ് 31ന് വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കു നേരെ വധശ്രമമുണ്ടായി. ആ വധശ്രമത്തെയാണ് ഏതോ വിരുതന്‍ പാപ്പയുടെ നിര്യാണമാക്കി ചിത്രീകരിച്ചത്. ചത്വരത്തിലേക്ക് പാപ്പ കടന്നു വരുമ്പോള്‍ തുര്‍ക്കി രാഷ്ട്രീയ തീവ്രവാദിയായ മെഹ്മത് അലി ആഘ അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു. 4 തവണ വെടിയേറ്റ മാര്‍പ്പാപ്പയുടെ ശരീരത്തില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ അപകടാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു. ആഘയുടെ തോക്കിലെ വെടിയുണ്ടകളുടെ ചില ഭാഗങ്ങളും ശരീരത്തില്‍ പേറിയാണ് പിന്നീടുള്ള കാലമത്രയും ജോണ്‍ പോള്‍ രണ്ടാമന്‍ ജീവിച്ചത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും അദ്ദേഹത്തെ വെടിവെച്ച മെഹ്മത് അലി ആഘയും

ആഘയെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടുകയും ഒരു ഇറ്റാലിയന്‍ കോടതി അയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍, ആസ്പത്രി വിട്ട ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യം ചെയ്തത് മെഹ്മത് അലി ആഘയെ ജയിലില്‍ സന്ദര്‍ശിക്കുക എന്നതാണ്. ആഘയുടെ കുറ്റങ്ങള്‍ പാപ്പ ക്ഷമിച്ചു.  പാപ്പയുടെ അഭ്യര്‍ത്ഥന അനുസരിച്ച് ആഘയ്ക്ക് ഇറ്റാലിയന്‍ പ്രസിഡന്റ് കാര്‍ലോ അസെഗ്രിയോ ക്യാമ്പി മാപ്പു നല്‍കി. 2000 ജൂണില്‍ ആഘയെ മോചിപ്പിച്ച് തുര്‍ക്കിയിലേക്ക് നാടുകടത്തി.

ആസ്പത്രി വിട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ജയിലില്‍ മെഹ്മത് അലി ആഘയെ കാണാനെത്തിയപ്പോള്‍

2005 ഏപ്രില്‍ 2നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗം സംഭവിച്ചത്. 16-ാം നൂറ്റാണ്ടിനു ശേഷം ഇറ്റലിക്കാരനല്ലാത്ത ആദ്യ പാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. ചരിത്രത്തില്‍ ഏറ്റവുമധികം ദൂരം സഞ്ചരിച്ച പാപ്പയും അദ്ദേഹം തന്നെ. 2005 ഏപ്രില്‍ 8ന് വത്തിക്കാന്‍ സിറ്റിയില്‍ നടന്ന ശവസംസ്‌കാര ശുശ്രൂഷയില്‍ 20 ലക്ഷം പേരാണ് പങ്കെടുത്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശവസംസ്‌കാരം.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭൗതികശരീരം വത്തിക്കാനില്‍ പൊതുദര്‍ശനത്തിന് കിടത്തിയിരിക്കുന്നു

ഒരു യാഥാസ്ഥിതികനായി അറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ കാലഘട്ടം കമ്മ്യൂണിസത്തോടും യുദ്ധത്തോടുമുള്ള എതിര്‍പ്പിന്റെ പേരില്‍ പ്രശസ്തമാണ്. ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, വധശിക്ഷ, സ്വവര്‍ഗ്ഗരതി, ദയാവധം, ക്ലോണിങ്, വിത്തുകോശ ഗവേഷണം എന്നിവയെല്ലാം അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ യാത്രകളിലെല്ലാം ഇക്കാര്യങ്ങള്‍ പറഞ്ഞു. പോളിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പൊര്‍ച്ചുഗീസ്, ലാറ്റിന്‍ എന്നീ ഭാഷകള്‍ മാര്‍പ്പാപ്പയ്ക്ക് നന്നായി അറിയാമായിരുന്നു. കത്തോലിക്കാ സമൂഹത്തിനു പുറത്തും തന്റെ വ്യക്തിപ്രഭാവം കൊണ്ട് സ്വാധീനം ചെലുത്താനായ വ്യക്തിയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ.

ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം നിമിത്തം സ്ഥാനമൊഴിഞ്ഞപ്പോഴാണ് കത്തോലിക്കാ സഭയുടെ 266-ാമത്തെ അമരക്കാരനായി 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തുന്നത്. ജസ്യൂട്ട് സംന്യാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ പാപ്പ, അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പ, ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള ആദ്യ പാപ്പ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ അദ്ദേഹത്തിനു സ്വന്തം. 8-ാം നൂറ്റാണ്ടില്‍ സഭാ നേതൃത്വത്തിലുണ്ടായിരുന്ന സിറിയന്‍ ഗ്രിഗറി മൂന്നാമന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം യൂറോപ്പിനു പുറത്തുനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ലാളിത്യമാര്‍ന്ന ജീവിതം, ദൈവത്തിന്റെ ക്ഷമയ്ക്ക് നല്‍കുന്ന ഊന്നല്‍, പാവപ്പെട്ടവരോടുള്ള കരുതല്‍, അന്യമതസ്ഥരുമായുള്ള ആശയവിനിമയം എന്നിവയെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മതത്തിനതീതമായി എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്ന വസ്തുതകളാണ്. മാര്‍പ്പാപ്പ എന്ന ചട്ടക്കൂടിനു പുറത്തേക്കു വന്ന് കൂറച്ചുകൂടി സ്വീകാര്യനായി എന്നതും അദ്ദേഹത്തിന്റെ സവിശേഷത തന്നെ. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ പാര്‍ത്തിരുന്ന അപ്പോസ്തലിക കൊട്ടാരത്തിലെ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഡോമുസ് സാംങ്‌തേ മാര്‍ത്തേ അതിഥി മന്ദിരത്തിലാണ് ഫ്രാന്‍സിസ് പാപ്പ താമസിക്കുന്നത്. സന്ദര്‍ശകരെ സ്വീകരിക്കാനും കൂടിയാലോചനകള്‍ നടത്താനും കൂടുതല്‍ സൗകര്യപ്രദം അതാണ് എന്നാണ് പാപ്പയുടെ വാദം. പയസ് പത്താമനു ശേഷം ആദ്യമായാണ് ഒരു മാര്‍പ്പാപ്പ അപ്പോസ്തലിക കൊട്ടാരത്തിനു പുറത്ത് താമസിക്കുന്നത്. അതേസമയം അപ്പോസ്തലിക കൊട്ടാരത്തിന്റെ ജനാലയ്ക്കല്‍ ഞായറാഴ്ചകളില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് അദ്ദേഹം മുടക്കിയിട്ടുമില്ല.

ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയും മോശക്കാരനല്ല. മാതൃഭാഷയായ സ്പാനിഷിനു പുറമെ ലാറ്റിന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് എന്നിവ അദ്ദേഹം നന്നായി കൈകാര്യം ചെയ്യും. ഇതിനു പുറമെ പൈഡ്‌മൊണ്ടീസ്, ജനോയ്‌സ് എന്നീ ഭാഷകളും മനസ്സിലാവും. ഉപഭോക്തൃ സംസ്‌കാരം, അമിതവികസനം എന്നിവയെ എതിര്‍ക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികളെയും അദ്ദേഹം പിന്തുണയ്ക്കുന്നു. സഭയ്ക്കു പുറത്ത് വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്തവരെ സഭ സ്വീകരിക്കുന്നതു പോലുള്ള വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിമര്‍ശനവും നേരിടുന്നുണ്ട്. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സാധാരണനിലയിലാക്കുന്നതിന് സുപ്രധാന ചുവടുവെയ്പുകള്‍ ഉണ്ടായത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇടപെടലിന്റെ ഫലമായാണ്.

76-ാം വയസ്സില്‍ മാര്‍പ്പാപ്പയായ ഫ്രാന്‍സിസിന് ഇപ്പോള്‍ 81 വയസ്സുണ്ട്. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല എന്നു തന്നെ പറയാം. എന്നാല്‍, അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ ഒരു പ്രധാന കോശം ഇല്ല. ചെറുപ്പകാലത്ത് നീക്കം ചെയ്ത ആ കോശത്തിന്റെ അസാന്നിദ്ധ്യം പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. അതേസമയം, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ വല്ലതും പിടിപെടുകയാണെങ്കില്‍ ഒരു കരുതല്‍ സംവിധാനം ഇല്ല എന്ന അവസ്ഥയുണ്ടാവും. കര്‍ദ്ദിനാള്‍ ആയിരുന്ന വേളയില്‍ 2007ല്‍ ഇത്തരമൊരു രോഗബാധ അല്പകാലം അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും പിന്നീട് ഭേദമായി. വളരെ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുന്ന ഈ ആത്മീയ നേതാവിന് ആയുരാരോഗ്യങ്ങള്‍ നേരുന്നവരാണ് ലോകജനതയില്‍ ഞാനടക്കമുള്ള മഹാഭൂരിപക്ഷവും.

യാന്‍ ഏജ് ഫ്യോര്‍ടോഫ്റ്റും അദ്ദേഹത്തിന്റെ ട്വീറ്റും

അപ്പോള്‍ തമാശയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് തോന്ന്യാസമാണെന്ന് പകല്‍ പോലെ വ്യക്തം. ആധികാരികത വിലയിരുത്തിയിട്ടായിരുന്നാലും അല്ലെങ്കിലും ഇത്തരം ദുഷിപ്പുകള്‍ പ്രചരിപ്പിക്കുന്നത് സാമാന്യയുക്തിക്കു നിരക്കുന്നതല്ല. 1981ല്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വെടിയേല്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും മനസ്സിലാക്കിയ ചിലരൊക്കെ തങ്ങളുടെ ആദ്യ പോസ്റ്റുകള്‍ തിരുത്താന്‍ തയ്യാറായിട്ടുണ്ട്. ഈ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ച മുന്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യാന്‍ ഏജ് ഫ്യോര്‍ടോഫ്റ്റ് അടക്കമുള്ളവര്‍ തങ്ങളുടെ പോസ്റ്റ് തിരുത്തി.

പക്ഷേ, ഇത്തരം തമാശകള്‍ തിരുത്തലിനും അപ്പുറമാണ്. തമാശയായിട്ടുപോലും ഒരു മനുഷ്യന്റെ -ഒരു നല്ല മനുഷ്യന്റെ -മരണം ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടു തന്നെയാണ് ഞാന്‍ ഇത്രയും എഴുതിയിട്ടത്.

 


വാല്‍ക്കഷ്ണം: മാര്‍പ്പാപ്പ ആയതുകൊണ്ട് തമാശ ഇറക്കാനെങ്കിലും പറ്റി. വേറെ വല്ല മതക്കാരും ആവണമായിരുന്നു. വിവരമറിഞ്ഞേനേ…

Previous articleപ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!
Next articleമാതൃക എന്ന മാതൃക
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here