ജീവിതത്തെ നാടകീയ സംഭവങ്ങളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് സിനിമ. എന്നാല്‍, ജീവിതം ചിലപ്പോഴെല്ലാം സിനിമയെക്കാള്‍ നാടകീയമാവാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അങ്ങ് വിദേശത്തൊന്നുമല്ല, ഇവിടെ നമ്മുടെ കൊല്‍ക്കത്തയില്‍. പ്രിയ സുഹൃത്ത് നിലാഞ്ജന്‍ മജുംദാറാണ് ഈ കഥ എന്നോടു പറഞ്ഞത്.

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഒരു യുവതി പ്രസവിച്ചു. ആ കുഞ്ഞിന്റെ ‘അച്ഛനാ’ണ് നാടകത്തിലെ നായകന്‍. അതിലെന്താണിത്ര വലിയ അത്ഭുതമെന്ന സംശയം ന്യായം. ആ കുഞ്ഞിന്റെ അച്ഛനാണെന്ന അവകാശവാദവുമായി വന്നത് ഒന്നും രണ്ടുമല്ല, മൂന്നു പേര്‍. ഇതില്‍ രണ്ടു പേര്‍ യുവതിയുടെ ഭര്‍ത്താവാണെന്നും കുഞ്ഞിന്റെ അച്ഛനാണെന്നും വാദിച്ചു. മൂന്നാമന്‍ യുവതിയുടെ ഭര്‍ത്താവാണെന്നു പറഞ്ഞില്ല, പക്ഷേ കുഞ്ഞ് തന്റേതാണെന്നു വാദിച്ചു. ഒടുവില്‍ ആശുപത്രി അധികൃതര്‍ക്ക് പൊലീസിനെ വിളിച്ചു വരുത്തേണ്ടി വന്നു.

ശനിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് ആ 21കാരി ദക്ഷിണ കൊല്‍ക്കത്തയിലെ ഐറിസ് ആശുപത്രിയില്‍ എത്തിയത്. അവളുടെ അമ്മയും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവാണ് ആശുപത്രി പ്രവേശനത്തിന് ആവശ്യമായ ഫോറങ്ങളെല്ലാം പൂരിപ്പിച്ചു കൊടുത്തത്. ഞായറാഴ്ച രാവിലെ പ്രസവത്തിനായി അവളെ ചക്രക്കസേരയില്‍ പ്രസവമുറിയിലേക്കു കൊണ്ടുപോയി.

ഈ സമയത്താണ് യുവതിയെ കാണണമെന്ന ആവശ്യവുമായി രണ്ടാമതൊരാള്‍ ആശുപത്രിയിലേക്കു കടന്നു ചെന്നത്. താനാണ് ഭര്‍ത്താവ് എന്നായിരുന്നു ആ ചെറുപ്പക്കാരന്റെയും അവകാശവാദം. ‘താങ്കള്‍ വൈകിപ്പോയി’ എന്നായിരുന്നു അവിടെയുണ്ടായിരുന്ന നേഴ്‌സിന്റെ പ്രതികരണം. അമ്മയാകാന്‍ പോകുന്ന യുവതിയുടെ ഭര്‍ത്താവെന്ന പേരില്‍ മറ്റൊരാള്‍ ഫോറങ്ങളെല്ലാം പൂരിപ്പിച്ചു നല്‍കിയിരുന്നല്ലോ!

ഇതോടെ ഒന്നാമനും രണ്ടാമനും തമ്മില്‍ ചൂടേറിയ വാഗ്വാദമായി. അതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ നിന്നു പുറത്താക്കി. ആശുപത്രി അധികൃതരാവട്ടെ യുവതിക്ക് സന്ദര്‍ശക വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പുറത്ത് അവകാശത്തര്‍ക്കം മുറുകുമ്പോള്‍ അകത്ത് യുവതി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.

ഭര്‍ത്താവ് എന്ന അവകാശവാദവുമായി വന്ന രണ്ടു യുവാക്കളോടും അതു സംബന്ധിച്ച തെളിവ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. മടങ്ങിപ്പോയ യുവാക്കളില്‍ രണ്ടാമന്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി തിരിച്ചെത്തി. അതോടെ ഒന്നാമന്‍ തല്‍ക്ഷണം തന്റെ അവകാശവാദം പിന്‍വലിച്ചു. യുവതിയുടെ ‘സുഹൃത്ത്’ മാത്രമാണ് താനെന്നായിരുന്നു അയാളുടെ പുതിയ നിലപാട്.

പക്ഷേ, യുവതിയുടെ അമ്മ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യുവാവിനെ പരിചയമുള്ളതായി പോലും അവര്‍ ഭാവിച്ചില്ല. അതോടെ പൊലീസുകാര്‍ക്കും ആശയക്കുഴപ്പമായി. യുവതി സാധാരണനില കൈവരിക്കുമ്പോള്‍ അവരുടെ മൊഴിയനുസരിച്ച് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാമെന്നു നിശ്ചയിച്ചു.

അങ്ങനെ തിങ്കളാഴ്ച ആശുപത്രിയിലെത്തണമെന്ന് ‘ഭര്‍ത്താവിനും’ ‘സുഹൃത്തിനും’ പൊലീസ് നിര്‍ദ്ദേശം നല്‍കി. അവരുടെ സാന്നിദ്ധ്യത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താനായിരുന്നു തീരുമാനം. തിങ്കളാഴ്ച വൈകുന്നേരമായപ്പോള്‍ ഇക്കൂട്ടത്തിലേക്ക് മൂന്നാമതൊരു യുവാവു കൂടി വന്നു. യുവതിയെ വിവാഹം കഴിച്ചു എന്നൊന്നും അയാള്‍ പറയാന്‍ നിന്നില്ല. യുവതി പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ താനാണ് -അതായിരുന്നു അയാളുടെ അവകാശവാദം.

പൊലീസ് യുവതിയുടെ മൊഴിയെടുത്തു. അവര്‍ക്ക് തന്റെ ഭര്‍ത്താവിനെയും കുഞ്ഞിന്റെ അച്ഛനയെും തിരിച്ചറിയാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്ന രണ്ടാമനാണ് യുവതിയുടെ ഭര്‍ത്താവ്. കുഞ്ഞും അദ്ദേഹത്തിന്റേതു തന്നെ. ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. യുവാവിന്റെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. യുവാവും വിവാഹത്തിന് ആദ്യം സന്നദ്ധനായിരുന്നില്ല. തന്നെ ബലാത്സംഗം ചെയ്തുവെന്നു കാട്ടി യുവതി പരാതി കൊടുത്തതിനെ തുടര്‍ന്ന് യുവാവ് ജയിലിലായി. അവിടെ നിന്നിറങ്ങിയ ശേഷമാണ് വിവാഹത്തിനു തയ്യാറായത്.

യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തനിക്കു കുറച്ചു സമയം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് അംഗീകരിക്കാത്ത യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. കഥാനായകന്‍ അകത്താവുകയും ചെയ്തു. പിന്നീട് വിവാഹിതരായെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. അതിനാല്‍ വെവ്വേറെ ആയിരുന്നു അവരുടെ താമസവും.

മറ്റൊരു യുവാവിനെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാന്‍ യുവതിയുടെ അമ്മ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളാണ് തെളിവിന്റെ രൂപത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വന്നപ്പോള്‍ അതംഗീകരിച്ച്, വെറും ‘സുഹൃത്ത്’ എന്നു പറഞ്ഞ് ആദ്യമേ പിന്മാറിയത്. അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. വിവാഹം കഴിച്ചില്ലെങ്കിലും കുഞ്ഞ് തന്റേതാണെന്ന അവകാശവാദവുമായി വന്ന മൂന്നാമന്റെ ലക്ഷ്യം എന്തായിരുന്നു എന്നത്. ആര്‍ക്കും പിടികൊടുക്കാതെ കക്ഷി മുങ്ങിക്കളഞ്ഞു.

യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് ഒരു കാര്യം കൂടി പൊലീസിനോടു പറഞ്ഞു -താനൊരു അച്ഛനായ കാര്യം അറിഞ്ഞത് ഭാര്യയുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ നിന്നാണെന്ന്!!! ന്താല്ലേ..!! ഏതായാലും ഇപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അച്ഛനും അമ്മയും ഒരുമിച്ചു തന്നെയുണ്ട്. അങ്ങനെ അന്ത്യം ശുഭകരമായി.

FOLLOW
 •  
  184
  Shares
 • 153
 • 17
 •  
 • 14
 •  
 •