മറുപടിക്കായി…

ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലാണ് ഉദ്യോഗമെങ്കിലും സേവനകാലാവധിയുടെ 90 ശതമാനവും ഡോ.ജേക്കബ് തോമസ് കാക്കിയണിഞ്ഞിട്ടില്ല. കാക്കിയണിയാന്‍ അധികാരസ്ഥാനത്തുള്ളവര്‍ സമ്മതിച്ചില്ല എന്നു പറയുന്നതാണ് സത്യം.

എന്താണ് കാക്കിയുടെ മെച്ചം? എത്ര ചെളി പുരണ്ടാലും പുറത്തുകാണില്ല. അങ്ങനെ വരുമ്പോള്‍ അങ്ങേയ്ക്ക് കാക്കിയുടെ ആവശ്യമുണ്ടായിരുന്നില്ല സര്‍. വസ്ത്രത്തില്‍ ചെളി പുരളാനുള്ള സാഹചര്യം അങ്ങ് ഉണ്ടാക്കിയിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഡോ.ജേക്കബ്ബ് തോമസ് എല്ലാം തുറന്നു പറയണമെന്ന് മലയാള മനോരമയില്‍ മാധ്യമപ്രവര്‍ത്തകനായ എന്റെ പ്രിയ സുഹൃത്ത് ജാവേദ് ആവശ്യപ്പെട്ടിരിക്കുന്നു. അദ്ദേഹമത് ചെയ്യുമോ? അറിയില്ല. ഡോ.ജേക്കബ്ബ് തോമസ് പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ ആരൊക്കെയോ ഭയപ്പെടുന്നതു പോലെ. എല്ലാ കാര്യങ്ങളും പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?

1

Javed Parvesh എഴുതുന്നു>>>>>

പ്രിയപ്പെട്ട ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ തുറന്നുപറയണം.

1.പാറ്റൂര്‍ കേസില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയ നാള്‍ തുടങ്ങിയതല്ലേ ഉമ്മന്‍ചാണ്ടിക്ക് താങ്കളോട് തീര്‍ത്താല്‍ തീരാത്ത കലി ? താങ്കള്‍ നല്‍കിയ രണ്ടാമത്തെ വിശദ റിപ്പോര്‍ട്ട് ഇപ്പോഴും ലോകായുക്ത പൂഴ്ത്തിവച്ചിരിക്കുകയല്ലേ? ഇതേക്കുറിച്ച് താങ്കളോട് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ലോകായുക്ത പറഞ്ഞിട്ടില്ലേ?
ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടാല്‍ പാമോയിലിന് ഒരു പൊന്‍തൂവല്‍ ഉണ്ടാകില്ലേ?

2. താങ്കളെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്ന ഒരു മന്ത്രിയുടെ കള്ളപ്പണം മകന്റെ വിദ്യാഭ്യാസം എന്ന വകുപ്പിലൂടെ പുറത്തുവന്നത് താങ്കള്‍ കണ്ടിട്ടില്ലേ? ടി.ഒ.സൂരജ് കേസ് അന്വേഷണത്തില്‍ യാദൃശ്ചികമായിട്ടാണെങ്കിലും താങ്കള്‍ അത് കണ്ടതാണല്ലോ? ഇത് എന്റെ അന്വേഷണവിഷയത്തില്‍പ്പെട്ടതല്ല എന്ന് പറഞ്ഞ് താങ്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ മാന്യത പാലിക്കുമ്പോള്‍ അതേ മാന്യത മറുവശത്ത് നിന്ന് ഇല്ലാതിരിക്കുമ്പോഴെങ്കിലും ഇതെല്ലാം പുറത്തു പറയേണ്ടതല്ലേ?

3. പാറ്റൂര്‍ കേസിലെ വന്‍ കള്ളക്കളി കണ്ടെത്തിയ സാഹചര്യത്തില്‍ ലളിതകുമാരി കേസില്‍ സുപ്രീം കോടതി വിധി അനുസരിച്ച് വിജിലന്‍സ് കേസെടുക്കണമെന്ന താങ്കളുടെ ശുപാര്‍ശ രാഷ്ട്രീയ യജമനാനു വേണ്ടി തള്ളിക്കളഞ്ഞ വിന്‍സണ്‍ എം.പോളിനെ എങ്ങനെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് താങ്കള്‍ക്ക് വിശേഷിപ്പിക്കാനാകും?

4. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്ന് താങ്കളെ മാറ്റിയത് കേരളത്തിലെ നാല് ബില്‍ഡര്‍മാര്‍ ഓപ്പറേറ്റ് ചെയ്തിട്ടല്ലേ? ഈ നാലുപേരുടെ പേര് താങ്കള്‍ക്ക് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് പുറത്തു പറയുന്നില്ല?

5. ജേക്കബ് തോമസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കേരളത്തിലെ മുഖ്യമന്ത്രി കള്ളം പറഞ്ഞ സാഹചര്യത്തില്‍ ജനങ്ങളെ സത്യം അറിയിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ (അഥവാ, ജനങ്ങളോട് സംസാരിക്കാന്‍) അനുവാദം തേടി താങ്കള്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിരുന്നു. ജനാധിപത്യസംവിധാനത്തില്‍ ഒരു ഉദ്യോഗസ്ഥന് ലഭിക്കേണ്ട ഈ അവകാശം മുന്‍പ് പല ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നെങ്കിലും താങ്കള്‍ക്ക് മാത്രം അത് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും മാന്യത പുലര്‍ത്തുന്നത് രാഷ്ട്രീയപരമായ ശരികേടല്ലേ?

Print Friendly, PDF & Email

STORY TRACKER


COMMENT