• 43
 • 8
 •  
 • 14
 •  
 •  
 •  
  65
  Shares

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങി ഞാന്‍ അംഗമായ സമൂഹ മാധ്യമങ്ങളില്‍ ധാരാളം ഫ്രണ്ട് റിക്വസ്റ്റ് ഇപ്പോള്‍ കിട്ടുന്നുണ്ട്. അങ്ങനെയുള്ളവരുടെ പ്രൊഫൈല്‍ ഒന്ന് ഓടിച്ചു നോക്കിയ ശേഷം മിക്കവയും ഞാന്‍ സ്വീകരിക്കുകയാണ് പതിവ്. എനിക്ക് നേരിട്ടു പരിചയമുള്ളവരെ മാത്രം സമൂഹ മാധ്യമങ്ങളിലും സുഹൃത്താക്കുന്ന രീതിയായിരുന്നു കുറച്ചുകാലം മുമ്പ് വരെ. സമൂഹമാധ്യമത്തിന്റെ വ്യാപ്തി പുതിയ സൗഹൃദങ്ങള്‍ സ്വന്തമാക്കുന്നതിന് പ്രയോജനപ്പെടുത്താം എന്നു തീരുമാനിച്ചിട്ട് അധികകാലമായിട്ടില്ല.

എനിക്കു കിട്ടുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് ചില സ്വഭാവവിശേഷങ്ങളുണ്ട്. എന്റെ പോസ്റ്റില്‍ സി.പി.എമ്മിനോട് ഒരു മൃദുസമീപനം കണ്ടാല്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ വരും. ബി.ജെ.പിക്കോ നരേന്ദ്ര മോദിക്കോ അനുകൂലമാവുമ്പോള്‍ ബി.ജെ.പിക്കാര്‍ വരും. കോണ്‍ഗ്രസ്സിന് അനുകൂലമാണെങ്കില്‍ ആ പാര്‍ട്ടിക്കാരില്‍ നിന്നായിരിക്കും കൂടുതല്‍ റിക്വസ്റ്റുകള്‍. ഞാന്‍ അവരുടെ പാര്‍ട്ടിക്കാരനാണ് അല്ലെങ്കില്‍ പാര്‍ട്ടി അനുഭാവിയാണ് എന്ന ധാരണയിലാണ് പലപ്പോഴും ഈ റിക്വസ്റ്റുകളെന്ന് മനസ്സിലാക്കുന്നു. ഇത്തരം സൗഹൃദങ്ങളില്‍ വലിയ അപകടമുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഒരു പാര്‍ട്ടിക്ക് അനുകൂലമാണ് പോസ്‌റ്റെങ്കില്‍ മറ്റു പാര്‍ട്ടിക്കാര്‍ കൂട്ടത്തോടെ വന്ന് തെറി പറയും. വിമര്‍ശിക്കുന്നതല്ല, പുളിച്ച തെറി തന്നെ.

Quarrel.jpg

കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ എഴുതിയ കുറിപ്പുകള്‍ക്കു താഴെ വന്ന കമന്റുകള്‍ പരിശോധിച്ചപ്പോള്‍ അമ്പരന്നു പോയി. ഞാന്‍ കൂലിയെഴുത്തുകാരനാണ്. ഞാന്‍ അവസരവാദിയാണ്. ഞാന്‍ അസൂയാലുവാണ്. ജോലി ഇല്ലാത്ത എനിക്ക് ഫ്രസ്‌ട്രേഷനാണ്. ഇതൊക്കെ പറയുന്നതോ, എന്റെ ‘സുഹൃത്തുക്കള്‍’ തന്നെ. വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെച്ചു എന്നു കേട്ടിട്ടില്ലേ, അതാണ് ഞാന്‍ ചെയ്തത്.

എന്തിനാണ് എന്നെ ഒരാള്‍ സുഹൃത്താക്കുന്നത്? അയാളുമായി യോജിച്ചുപോകുന്ന എന്തോ ഒന്ന് എന്നിലുള്ളതു കൊണ്ടാവണം. അല്ലെങ്കില്‍ എന്നോട് സ്‌നേഹമുള്ളതു കൊണ്ടാവണം. ഇതു രണ്ടും ഇല്ലാത്തയാള്‍ എങ്ങനെ സുഹൃത്താവും? എന്റെ പോസ്റ്റുകള്‍ വായിക്കാനും അതിനെപ്പറ്റി പ്രതികരിക്കാനുമാണെങ്കില്‍ സൗഹൃദം വേണമെന്നില്ല, ഫോളോവര്‍ ആയാല്‍ മതിയാകും. എന്റെ പോസ്റ്റുകള്‍ കാണാനും പ്രതികരിക്കാനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ട്. സുഹൃത്തുക്കള്‍ക്കും സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം. അങ്ങനെ ഒരുപാട് പേര്‍ പ്രതികരിക്കേണ്ടി വരുന്ന മഹത്തായ കുറിപ്പുകളൊന്നും ഞാന്‍ എഴുതുന്നുമില്ല.

എന്റെ സുഹൃത്തുക്കള്‍ എല്ലാവരും എന്റെ അഭിപ്രായം അംഗീകരിച്ചുകൊള്ളണമെന്നുള്ള വാശിയൊന്നും ഇല്ല. പക്ഷേ, വിമര്‍ശനം വിഷയാധിഷ്ഠിതമാവണം. എന്റെ ‘സുഹൃത്ത്’ എന്ന ഗണത്തിലുള്‍പ്പെടുകയും എന്നെയും എന്റെ വീട്ടിലുള്ളവരെയും പുലഭ്യം പറയുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കൂലിയെഴുത്തുകാരനും അവസരവാദിയും അസൂയാലുവും ഫ്രസ്‌ട്രേഷനുള്ളവനുമായ ഒരാളോട് കൂട്ടുകൂടാന്‍ എന്തായാലും നിങ്ങള്‍ക്കു താല്പര്യമുണ്ടാവില്ലല്ലോ. അങ്ങനെയുള്ളവരെ എന്റെ സൗഹൃദം എന്ന ബുദ്ധിമുട്ടില്‍ നിന്നു ഞാന്‍ മോചിപ്പിക്കുകയാണ്. എനിക്കു വ്യക്തിപരമായി നേരിട്ടു പരിചയമുള്ളവര്‍ക്കു മാത്രമേ ഞാന്‍ അങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറുള്ളൂ എന്നതുകൊണ്ട് ആരെയൊക്കെ ഒഴിവാക്കണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമേതുമില്ല.

അപ്പോള്‍ പണി തുടങ്ങുന്നു. എന്റെ സുഹൃത്താവാന്‍ ഒരു മിനിമം നിലവാരം നിശ്ചയിക്കുന്നു. സുഹൃത്തായിരുന്ന ഒരാള്‍ ഇപ്പോള്‍ അങ്ങനെ അല്ലാതായിട്ടുണ്ടെങ്കില്‍ എന്റെ മാനദണ്ഡങ്ങള്‍ക്ക് അയാളുടെ വ്യക്തിത്വം യോജിക്കുന്നില്ല എന്നര്‍ത്ഥം. ഞാന്‍ അഹങ്കാരിയാണെന്നു പറയുമായിരിക്കാം. കൂലിയെഴുത്തുകാരനും അവസരവാദിയും അസൂയാലുവും ഫ്രസ്‌ട്രേഷനുള്ളവനുമായ ഒരാള്‍ക്ക് അഹങ്കാരിയുമാകാം. ഇതെഴുതുന്നതിന് ഒരു ലക്ഷ്യമുണ്ട്. ഞാന്‍ ആരെയെങ്കിലും അണ്‍ഫ്രണ്ട് ചെയ്യുകയാണെങ്കില്‍ ചിലരെങ്കിലും കാരണം ചോദിക്കാന്‍ വന്നേക്കാം. ഇത് അവര്‍ക്ക് നല്‍കുന്ന മുന്‍കൂര്‍ മറുപടിയാണ്.

അവസാനമായി ഒരു ക്ലാരിഫിക്കേഷന്‍. ഫ്രസ്‌ട്രേഷനു കാരണമാകുന്ന ജോലിയില്ലായ്മയെക്കുറിച്ച്. ദേശാഭിമാനിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം എനിക്കെഴുതിയ മറുപടിയില്‍പ്പോലും ഇതു കണ്ടു. ജോലിയില്ലാത്തതു കൊണ്ട് ‘ബാഹ്യപ്രേരണയാല്‍’ കുറിപ്പുകളെഴുതുന്നുവത്രേ. എനിക്കു ജോലിയില്ലെന്ന് നിങ്ങളോടാരാ പറഞ്ഞ്? ജീവിക്കാനായി ഞാന്‍ കൊള്ളസംഘം നടത്തുന്നു എന്നാണോ കരുതിയത്? ഞാന്‍ എന്തെങ്കിലും നേട്ടം ലക്ഷ്യമാക്കി ആരുടെയെങ്കിലും പിന്നാലെ പോയിട്ടുള്ളതായി നിങ്ങള്‍ക്കറിയാമോ? തെളിയിക്കാമോ? തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു? ഇങ്ങോട്ടു വന്ന ഓഫര്‍ പോലും നിരസിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ നില്‍ക്കുന്ന ചിലരെപ്പോലെ എന്റെ പേര് ഒരു മന്ത്രിയുടെ പേമെന്റ് രജിസ്റ്ററിലും വന്നിട്ടില്ല. ആരുടെ കൈയില്‍ നിന്നും ‘ഒരു ഗ്ലാസ് ബ്രാണ്ടി’ പോലും വാങ്ങിക്കുടിച്ചിട്ടില്ല എന്ന് നെഞ്ചില്‍ കൈവെച്ചുപറയാന്‍ എനിക്കാവും. എനിക്ക് ആകെ അറിയാവുന്ന ജോലി മാധ്യമപ്രവര്‍ത്തനമാണ്. അതിപ്പോഴും ഞാന്‍ അന്തസ്സായി ചെയ്യുന്നുണ്ട്. മുമ്പ് മലയാളത്തില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോഴത് ഇംഗ്ലീഷിലും ഹിന്ദിയിലും കൂടിയായി. ഇടയ്ക്ക് ഫ്രഞ്ചിലും എഴുതുന്നുണ്ട്. എന്റെ ബ്ലോഗ് പോലും ഒരു തൊഴിലാണ്. അതില്‍ ഗൂഗിള്‍ ആഡ് മുഖേന പരസ്യം ലഭിക്കും. അതില്‍ നിന്നു വരുമാനവും. പുതിയ സങ്കേതകങ്ങളുടെ സാദ്ധ്യത അറിയാനോ പഠിക്കാനോ ശ്രമിക്കാതെ വിഡ്ഡിത്തം വിളമ്പുന്നവരെ ‘കൂപമണ്ഡൂകങ്ങള്‍’ എന്നു ഞാന്‍ വിളിക്കും.

പിന്നെ, എന്നെ നേരിട്ട് നിയന്ത്രിക്കാന്‍ തല്‍ക്കാലം ഒരു മാധ്യമ മുതലയാളിയില്ല എന്നത് സത്യമാണ്. എനിക്ക് യോജിച്ചുപോകാന്‍ കഴിയുന്നയാളെ മാത്രമേ ഇനി എന്റെ മുതലാളിയായി അംഗീകരിക്കുകയുള്ളൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഏതെങ്കിലും മുതലാളിക്കു കീഴില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അതു ജോലി ആകുകയുള്ളൂ എന്നാണെങ്കില്‍ ഇത്തരക്കാരോട് എന്തു പറയാന്‍!

നല്ല നമസ്‌കാരം.

MORE READ

DAD I'm trying to be a DAD... A dad is someone who wants to catch you before you fall but instead picks you up, brushes you off, and lets you t...
CHILDHOOD GLORY Ammu alias Drishya Prasanth is three and a half years old. Kannan alias Pranav Nair is two years old. Vava alias Shreya Prasanth is one and a half y...
മാനനഷ്ടം അഥവാ അപകീര്‍ത്തി... I'm Sibi w/ Vinu v john- He doesn't have a face book account. then how can he write on FB. can you rove that he admitted what you said without naming ...
FOOTSTEPS Government Arts College, Thiruvananthapuram. Once upon a time his father studied here. Then came his maternal grandfather, to teach. Now his moth...
ഇങ്ങനെയും ചില മനിതര്‍!!!... പെരുമഴയിലെ വെള്ളക്കെട്ട് നഗരവാസികളുടെ ശാപമായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തുകാരനായ എനിക്ക് തമ്പാനൂരിലെ വെള്ളക്കെട്ടിന്റെ ചിത്രങ്ങള്‍ പത്രങ്ങളിലും...
DOUBLE STANDARD The discussions about Sanketham of Trivandrum Press Club need one more final clarification from my side. I came up in support of Sanketham because I f...
പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം... 2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ...

 • 43
 • 8
 •  
 • 14
 •  
 •  
 •  
  65
  Shares
 •  
  65
  Shares
 • 43
 • 8
 •  
 • 14
 •  
 •  

COMMENT