Reading Time: 5 minutes

ഇന്ത്യന്‍ ഇന്നിങ്സിലെ 97-ാം ഓവറിന്റെ അവസാന പന്ത്. ഓഫ് സ്റ്റമ്പിന് പുറത്തേക്കു ചലിക്കുന്ന വിധത്തില്‍ ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ പന്തിന് കൈക്കുഴ തിരിച്ചൊരു താഡനം ഋഷഭ് പന്തിന്റെ വക. സ്ട്രെയ്റ്റ് എക്സ്ട്രാ കവറിലുണ്ടായിരുന്ന ഫീല്‍ഡറെ ഇടതുവശത്തു കൂടി മറികടന്ന് ആ പന്ത് വേഗത്തില്‍ മുന്നോട്ടുരുണ്ടു. അതിനപ്പുറം മിഡ് ഓഫില്‍ ഓസ്ട്രേലിയയ്ക്ക് ഫീല്‍ഡറുണ്ടായിരുന്നില്ല. ജയിക്കാന്‍ അപ്പോഴും ഇന്ത്യയ്ക്ക് 3 റണ്‍സ് വേണമായിരുന്നു. അതിനായി ഋഷഭ് പന്ത് ഓടി. എതിര്‍ദിശയില്‍ നവദീപ് സെയ്നിയും ഓടി. പക്ഷേ, പന്തുരുണ്ട് അതിര്‍ത്തിവര കടക്കും വരെ അതിനൊപ്പം ഫീല്‍ഡറില്ല എന്ന കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല എന്നു തോന്നുന്നു. അതിര്‍ത്തി കടന്ന് 4 റണ്‍സ് തികച്ചുനല്‍കിയ ആ പന്ത് ഉരുണ്ടുനീങ്ങിയത് ചരിത്രത്തിലേക്കാണ്. ഏറെക്കാലം ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന ആഘോഷങ്ങളുടെ തുടക്കത്തിലേക്കാണ്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയയില്‍ ഇന്ത്യ വീണ്ടും ജയിച്ചിരിക്കുന്നു. ശരിക്കുമൊരു നാടോടിക്കഥ പോലെ!

പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണ്ണായകമായ നാലാം ടെസ്റ്റ് ഇന്ത്യ ജയിച്ചത് തുടക്കക്കാരായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, ശാര്‍ദുല്‍ ടാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും പരിക്കേറ്റ നവദീപ് സെയ്നിയും ഉള്‍പ്പെടുന്ന ബൗളിങ് നിരയെ വെച്ച്. പരിചയം തീരെ കുറവായിട്ടും അവര്‍ 20 വിക്കറ്റുകള്‍ എറിഞ്ഞിട്ടു. ഇനി ബാറ്റിങ്ങിന്റെ കാര്യം നോക്കിയാലോ? ഈ ടെസ്റ്റ് പരമ്പരയിലാണ് ശുഭ്മാന്‍ ഗില്‍ അരങ്ങേറിയത്. ടീമില്‍ ഋഷഭ് പന്തിന്റെ സ്ഥാനം ഉറപ്പായിരുന്നില്ല. കരുത്തനായ നായകന്‍ വിരാട് കോഹ്ലിയാവട്ടെ ഗോളത്തിന്റെ പകുതിക്കപ്പുറമിരുന്ന് ടെലിവിഷനില്‍ മത്സരം കാണുന്നു. എന്നിട്ടും ഇന്ത്യ ജയിച്ചു. അതും 1988നു ശേഷം ഇന്നുവരെ ഓസ്ട്രേലിയ തോറ്റിട്ടില്ലാത്ത ഗാബയില്‍.

സിഡ്നിയിലെ അഞ്ചാം ദിനം കളി കണ്ട ഏവരും വിശ്വസിച്ചത് സമീപകാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റിങ് ദിനം എന്നാണ്. എന്നാല്‍, ഇന്നിതാ ബ്രിസ്ബേനിലെ അഞ്ചാം ദിനം, പരമ്പരയിലെ അവസാന ദിനം ആ വിശ്വാസം തകിടം മറിച്ചിരിക്കുന്നു. അവിശ്വസനീയമായ പരമ്പര അര്‍ഹിച്ച അന്ത്യം. ബ്രിസ്ബേനില്‍ 3 വിക്കറ്റിന് ജയിച്ച ഇന്ത്യ 2-1 എന്ന മാര്‍ജിനില്‍ ഓസ്ട്രേലിയയെ തോല്പിച്ച് പരമ്പര നേടി ബോര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്തി എന്ന് റെക്കോഡ് പുസ്തകങ്ങളില്‍ എഴുതിവെച്ചേക്കാം. പക്ഷേ, യഥാര്‍ത്ഥ കഥ അതിലുമെത്രയോ മുകളിലാണ്.

ഋഷഭ് പന്ത്

ഇന്ത്യ കാത്തിരുന്ന വിജയം എന്ന് ബ്രിസ്ബേന്‍ വിലയിരുത്തപ്പെടും. ഒരു പക്ഷേ, ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും വാഴ്ത്തപ്പെട്ടേക്കാം. കാരണം, ഇന്ത്യക്ക് അനുകൂലമായി ഗാബയില്‍ ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ 32 വര്‍ഷങ്ങളായി ബ്രിസ്ബേന്‍ സന്ദര്‍ശകര്‍ക്ക് ബാലികേറാമലയാണെന്ന കാര്യം പറഞ്ഞുവല്ലോ. മാത്രവുമല്ല, ആതിഥേയരായ ഓസ്ട്രേലിയ ഉള്‍പ്പെടെ ഒരു ടീമും 329 എന്ന സ്കോര്‍ അവിടെ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. പിന്നല്ലേ പരിക്ക് അങ്ങേയറ്റം ദുര്‍ബലമാക്കിയ ഒരു ഇന്ത്യന്‍ ടീം!

ബോര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഗാബയില്‍ ജയിക്കുക പോലും വേണ്ടിയിരുന്നില്ല. സമനില നേടിയാല്‍ തന്നെ ട്രോഫിയുടെ നിലവിലുള്ള അവകാശികള്‍ എന്ന നിലയില്‍ അവര്‍ക്കതു തുടര്‍ന്നും കൈവശം വെയ്ക്കാമായിരുന്നു. എന്നാല്‍, പരമ്പരയിലെ അവസാന ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വേറെ പദ്ധതികളുണ്ടായിരുന്നു. അതിനാല്‍ത്തന്നെയാണ് മത്സരം അവസാനിക്കാന്‍ വെറും 3 ഓവര്‍ മാത്രം ശേഷിക്കേ അവര്‍ കാര്യങ്ങള്‍ വരുതിയിലാക്കിയതും ഏറെക്കാലം ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന അവിസ്മരണീയ ജയം സ്വന്തമാക്കിയതും.

ഈ പരമ്പരയില്‍ അങ്ങേയറ്റത്തെ മനസ്സാന്നിദ്ധ്യമാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ചത്. വിശേഷിച്ചും അഡലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സിനു ചുരുട്ടിക്കൂട്ടപ്പെട്ട ശേഷം. എല്ലാവരും ആ ടീമിനെ അന്ന് എഴുതിത്തള്ളി. പരമ്പരയില്‍ ഓസ്ട്രേലിയ 4-0ന് ഇന്ത്യയെ തച്ചുതകര്‍ക്കും എന്നു പ്രഖ്യാപിച്ച മഹാന്മാരാണേറെ. പക്ഷേ, ബ്രിസ്ബേനില്‍ അവര്‍ക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം, ഈ പുതിയ ഇന്ത്യയുടെ കലര്‍പ്പില്ലാത്ത പോരാട്ടവീര്യം.

211 പന്തുകള്‍ നേരിട്ട്, 15 തവണയെങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പാറുന്ന പന്തുകള്‍ ഏറ്റുവാങ്ങി, ഏറ്റവും പതുക്കെ 56 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ബാറ്റിങ്ങ് ഇഷ്ടികകളെ ഉറപ്പിച്ചുനിര്‍ത്തിയ സിമന്റ് മിശ്രിതം. പുജാര ഒരറ്റത്ത് പാറ പോലെ ഉറച്ചുനിന്നപ്പോള്‍ ചെറുപ്പക്കാരായ ശുഭ്മാന്‍ ഗില്ലിനും (91) ഋഷഭ് പന്തിനും (89 നോട്ടൗട്ട്) തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിക്കാന്‍ ആത്മവിശ്വാസം ലഭിച്ചു. ദിവസത്തിന്റെ പകുതിയിലേറെ സമയം പുജാര അങ്ങനെ ഉറച്ചുനിന്നില്ലായിരുന്നുവെങ്കില്‍ ഈ വിജയം ഏറെ അകലെയാകുമായിരുന്നു എന്നതുറപ്പ്.

പ്രധാന ബൗളര്‍മാര്‍ക്കേറ്റ പരിക്ക് ഫലത്തില്‍ ഇന്ത്യക്ക് അനുഗ്രഹമായി മാറിയെന്നു പറയുന്നവരുണ്ട്. നിര്‍ണ്ണായകമായ അവസാന ടെസ്റ്റില്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് തീര്‍ത്തും അപരിചിതരായ ഒരു ബൗളിങ് നിരയെ അണിനിരത്തിയത് ഇന്ത്യക്കു നേട്ടമായോ എന്നത് വിലയിരുത്തപ്പെടേണ്ട കാര്യമാണ്. പുതുമയ്ക്കൊപ്പം നന്നായി പന്തെറിയാനും ഈ ചെറുപ്പക്കാര്‍ക്കറിയാമായിരുന്നു എന്നത് എടുത്തു പറയണം. മറുഭാഗത്ത് അവസാനദിനം വിഖ്യാതരായ ഓസീസ് ബൗളര്‍മാര്‍ തീര്‍ത്തും തളര്‍ന്നവശരാകുന്നതും ക്രിക്കറ്റ് ലോകം കണ്ടു.

ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അത് ആദ്യം കൈമാറിയത് ടീമിലെ ഏറ്റവും പുതിയ അംഗമായ നടരാജനാണ്. തീര്‍ത്തും അര്‍ഹിച്ചത്. നടരാജന്‍, ശാര്‍ദുല്‍, സിറാജ്, വാഷിങ്ടണ്‍, സെയ്നി തുടങ്ങിയ ചെറുപ്പക്കാരുടെ വിജയമാണിത്. ജീവിതത്തോടു പടപൊരുതി അവര്‍ നേടിയ വിജയം രാജ്യത്തിന്റെയും വിജയമായി. ഗാബയിലെ ജയം പോലെ അവിശ്വസനീയമാണ് ഇവരുടെയൊക്കെ ജീവിതവും. ഇവരെല്ലാം തന്നെ നെറ്റില്‍ മാത്രം പന്തെറിയാന്‍ ഓസ്ട്രേലിയയില്‍ എത്തിയവരാണ്. പക്ഷേ, അവര്‍ രാജ്യത്തിന്റെ വിജയശില്പികളായതിനെ വിധിയെന്നോ ഭാഗ്യമെന്നോ പറഞ്ഞ് ചെറുതാക്കരുത്. കഠിനാദ്ധ്വാനത്തിന്റെ ഫലമാണത്.

ഒരു സാദാ നെയ്ത്തുതൊഴിലാളിയുടെ മകനാണ് നടരാജന്‍. ക്രിക്കറ്റ് ഉപകരണങ്ങളോ നല്ലൊരു ഷൂസോ വാങ്ങാന്‍ പണമുണ്ടായിരുന്നില്ല. പുതിയൊരു ഷൂസ് വാങ്ങുന്നതിനു മുമ്പ് നടരാജന് 100 തവണ ആലോചിക്കേണ്ടതുണ്ടായിരുന്നു. ആ നടരാജന്‍ ഇന്ത്യക്കായി കളിക്കുന്നതു ടെലിവിഷനില്‍ കണ്ട അമ്മ വാവിട്ടു കരഞ്ഞു, സന്തോഷം കൊണ്ട്. ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയില്‍ നടരാജന്‍ പോയിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന്റെ മുഖം ഇന്നുവരെ നടരാജന്‍ കണ്ടിട്ടില്ല. കാരണം ഐ.പി.എല്‍. കഴിഞ്ഞപാടെ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു.

വിജയനിമിഷം

അങ്ങേയറ്റം ദരിദ്രസാഹചര്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ ന്യൂബോള്‍ ബൗളര്‍ എന്ന നിലയിലേക്ക് സിറാജ് ഓടിക്കയറിയത്. പാവപ്പെട്ട ഒരു റിക്ഷാത്തൊഴിലാളിയുടെ ഈ മകന്‍ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി അത്യദ്ധ്വാനം ചെയ്തു. പക്ഷേ, മകന്റെ വിജയങ്ങള്‍ കാണാന്‍ ആ പിതാവിനു ഭാഗ്യമുണ്ടായില്ല. സിറാജ് ഓസ്ട്രേലിയയിലായിരുന്നപ്പോള്‍ അച്ഛന്‍ അന്ത്യശ്വാസം വലിച്ചു. രാജ്യത്തിനോടുള്ള കടമ നിറവേറ്റാന്‍ ഓസ്ട്രേലിയയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സിറാജിന് അച്ഛനെ അവസാനമായി കാണാനോ അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേരാനോ സാധിച്ചില്ല. അച്ഛന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന വിശ്വാസം സിറാജിനെ നയിച്ചു. ഗാബയിലെ 5 വിക്കറ്റ് പ്രകടനം അതു ശരിവെച്ചിരിക്കുന്നു.

നെറ്റില്‍ പന്തെറിയാനെത്തിയ വാഷിങ്ടണിന് ഇന്ത്യന്‍ കുപ്പായമണിയാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അച്ഛന്‍ സുന്ദറായിരുന്നിരിക്കണം. സുന്ദര്‍ ഒരു നല്ല ക്രിക്കറ്ററായിരുന്നു. പ്രാദേശിക മത്സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാനാവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും സാമ്പത്തിക പിന്തുണയും നല്‍കിയത് സമ്പന്നനായ ഒരു അയല്‍വാസിയാണ്. സുന്ദറിന് രണ്ടാമത്തെ മകന്‍ പിറക്കുന്നതിനു തൊട്ടുമുമ്പ് ആ മനുഷ്യന്‍ അന്തരിച്ചു. സ്നേഹസൂചകമായി മകന് സുന്ദര്‍ അദ്ദേഹത്തിന്റെ പേരിട്ടു -വാഷിങ്ടണ്‍. ആ പേരിന്റെ ഗുരുത്വം വാഷിങ്ടണ്‍ സുന്ദര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഒരു സര്‍ക്കാര്‍ ഡ്രൈവറുടെ മകനാണ് നവദീപ് സെയ്നി. ക്രിക്കറ്റ് പരീശിലനത്തിന്റെ ചെലവു വഹിക്കാനൊന്നും നവദീപിന്റെ പിതാവിന് ശേഷിയുണ്ടായിരുന്നില്ല. അതിനാല്‍ ടെന്നിസ് പന്തുകളുപയോഗിച്ച് നടക്കുന്ന മത്സരങ്ങളില്‍ കളിച്ച് പണമുണ്ടാക്കിയാണ് അദ്ദേഹം മുന്നോട്ടുനീങ്ങിയത്. ഒരു കളിക്ക് 300 രൂപ പ്രതിഫലം. ഇത്തരം പോരാട്ടങ്ങളുടെ അനുഭവപരിചയമായിരിക്കണം ബ്രിസ്ബേനിലെ ഒന്നാമിന്നിങ്സില്‍ പരിക്കേറ്റു പുറത്തുപോകേണ്ടി വന്നിട്ടും പതറാതെ തിരിച്ചുവന്ന് രണ്ടാമിന്നിങ്ങ്സില്‍ പന്തെറിയാന്‍ സെയ്നിക്കു കരുത്തായത്. ഇന്ത്യ ജയിക്കുമ്പോള്‍ ക്രീസിലുണ്ടാവാനുള്ള ഭാഗ്യവും ഈ ചെറുപ്പക്കാരന് കിട്ടി.

പൊണ്ണത്തടിയോടു പടപൊരുതി ജയിച്ചാണ് ശാര്‍ദുല്‍ ടാക്കൂര്‍ ക്രിക്കറ്റ് കളിക്കാരനായത്. ആദ്യം മുംബൈയ്ക്കു വേണ്ടിയും പിന്നീട് ഐ.പി.എല്ലിലും കളിച്ചു. തടികുറച്ചാല്‍ മികച്ച കളിക്കാരനാവാമെന്ന് ശാര്‍ദുലിനെ ഉപദേശിച്ചതും അതിനായി അദ്ധ്വാനിക്കാന്‍ പ്രേരിപ്പിച്ചതും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍!

ജീവിതത്തില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളും പരാജയങ്ങളും വേദനകളും ദുരിതങ്ങളുമെല്ലാം ഈ ചെറുപ്പക്കാരുടെ സംഘം ഒറ്റയടിക്ക് മറികടന്നിരിക്കുന്നു. ഗാബ എന്ന ശക്തിദുര്‍ഗ്ഗം കീഴടക്കിയതിന് അത്രമാത്രം പ്രാധാന്യമുണ്ട്. കിട്ടിയ അവസരം ഇരുകൈയും നീട്ടി അവര്‍ സ്വീകരിച്ചു.

തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ഓസ്ട്രേലിയ വല്ലാതെ ബുദ്ധിമുട്ടും. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വിഖ്യാതമായ ഓസീസ് ബൗളിങ് നിരയ്ക്ക് ‘ദുര്‍ബലര്‍’ എന്നു പറയപ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്താനായില്ല. പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം മാറിനില്‍ക്കേണ്ടി വന്നതു നിമിത്തം ദുര്‍ബലരായ ഇന്ത്യക്കു മുന്നില്‍ തോറ്റത് ഏതാണ്ട് പൂര്‍ണ്ണശേഷിയുള്ള ഓസ്ട്രേലിയന്‍ ടീമാണ്. അഡലെയ്ഡിനു ശേഷം ഗര്‍ജ്ജിക്കാനൊരുങ്ങി വന്ന ഓസീസിന്റെ പല്ലുകള്‍ മെല്‍ബണില്‍ തന്നെ ഇന്ത്യക്കാര്‍ അടിച്ചുകൊഴിച്ചു. പ്രധാന താരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പരിക്കേറ്റു പിന്മാറുമ്പോഴും ടീമെന്ന നിലയില്‍ ഇന്ത്യയുടെ പോരാട്ടവീര്യം വര്‍ദ്ധിക്കുന്നതാണ് കണ്ടത്. സിഡ്നിയിലെ നിര്‍ബന്ധിത സമനിലയിലൂടെ ഓസീസ് പ്രതിരോധത്തിലായിരുന്നു. പക്ഷേ, ബ്രിസ്ബേനില്‍ തോല്‍വി അനിവാര്യമായി. മികച്ച പോരാട്ടം നടന്ന പരമ്പരയില്‍ ഓസീസ് നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പക്ഷേ, കൂടുതല്‍ മികവ് ഇന്ത്യക്കായിരുന്നു.

ഈ പരമ്പര ജയത്തോടെ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു കയറി. ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഏറെ പ്രധാനം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കടന്നിരുന്നു എന്നതാണ്. അവിടെ ന്യൂസിലന്‍ഡിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിമാറ്റി.

വിജയത്തിലെ ആഹ്ളാദം പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ ടീം ഗാബയിലെ സ്റ്റേഡിയം വലം വെയ്ക്കുകയാണ്. ശാര്‍ദുല്‍ ടാക്കൂറും മുഹമ്മദ് സിറാജുമാണ് ഇപ്പോള്‍ മുന്നില്‍. ആ സംഘത്തിലെ ആരെ വേണമെങ്കിലും നമുക്ക് പിടിച്ച് മുന്നോട്ടുകയറ്റി നിര്‍ത്താം. അത് അധികപ്പറ്റാവില്ല. കാരണം ആ ടീമിലെ ഓരോരുത്തരും മുന്‍നിര അര്‍ഹിക്കുന്നു. ഒരു ടീമെന്ന നിലയിലുള്ള ഒത്തൊരുമയാണ് ഇന്ത്യയുടെ വിജയം സാദ്ധ്യമാക്കിയത്. ഈ വിജയത്തിന് മധുരമേറുന്നതും അതിനാല്‍ത്തന്നെ.

Previous articleഅയോഗ്യത വരുന്ന വഴി
Next articleസ്കൂള്‍ ഏറ്റെടുക്കല്‍ വീണ്ടും…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here