ഒരു മാധ്യമപ്രവർത്തകനോ പ്രവർത്തകയോ എല്ലായ്പ്പോഴും ഓർമ്മിക്കേണ്ട വാക്യമാണിത്. ഏതെങ്കിലുമൊരു മാധ്യമത്തിൽ പ്രവർത്തിക്കുന്നു എന്നത് ആരുടെയും മെക്കിട്ടു കയറാനുള്ള ലൈസൻസ് അല്ല. ‘പ്രേമം’ എന്ന സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രനെ എന്റെ ചില സൂഹൃത്തുക്കൾ “കൈകാര്യം” ചെയ്ത രീതി കണ്ട് കുറിച്ചുപോയതാണ്.

RESPECT

ഒരാളെ, അല്ലെങ്കിൽ ഒരു വിഭാഗത്തെ മറ്റുള്ളവരെക്കൊണ്ട് നല്ലതെന്നു പറയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മോശമെന്നു പായിപ്പിക്കാൻ ഒരു നിമിഷാർദ്ധം മതി. മാധ്യമപ്രവർത്തകരിലെ 80 ശതമാനവും മാന്യമായി വിനയപൂർവ്വം പെരുമാറുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു; അല്ലെങ്കിൽ അവകാശപ്പെടുന്നു. ശേഷിക്കുന്ന 20 ശതമാനമാണ് പ്രശ്നം. അതെ, അതൊരു വലിയ പ്രശ്നം തന്നെയാണ്.

മാധ്യമരംഗത്തെ മത്സരം അഥവാ കിടമത്സരം വളരെ കടുത്തതാണ്. അതിന്റെ സമ്മർദം വളരെ ശക്തവുമാണ്. എന്നാൽ, ഏതൊരു വ്യക്തിയും സമചിത്തത കൈവെടിയുന്നതിന് ഈ സമ്മർദ്ദം ന്യായീകരണമാവുന്നില്ല. ചില പത്രസമ്മേളനങ്ങളിൽ, അല്ലെങ്കിൽ ചില “ബൈറ്റെടുക്കൽ” വേളകളിൽ ചില സുഹൃത്തുക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങളും അതുന്നയിക്കുന്ന രീതിയും കാണുമ്പോൾ നിന്ന നില്പിൽ വായുവിൽ വിലയം പ്രാപിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. ചിലർ ആരോടും എന്തും ചോദിച്ചുകളയും. എന്താണ് ചോദിച്ചതെന്ന് ചോദ്യകർത്താവിനു തന്നെ വലിയ ധാരണയുണ്ടാവില്ലെന്നത് വേറെ കാര്യം.

rules-of-social-media

വലിയ കഴിവൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ ബഹുമാനിച്ച് മാന്യമായി പെരുമാറിയാൽ വാർത്തകളും ആളുകളും നമ്മെത്തേടി വരുമെന്നാണ് ഈയുള്ളവന്റെ അനുഭവം. നുമ്മ ഇമ്മിണി ബല്യ ആളാണെന്ന ഭാവത്തിൽ തലക്കനവുമായി ഇരുന്നാൽ ഇരുപ്പതു തന്നെ… ഇത്രയും എഴുതിയതുകൊണ്ട് ഞാൻ വലിയ മാന്യനും മറ്റുള്ളവരെല്ലാം മോശക്കാരും ആണെന്ന് അർത്ഥമാക്കേണ്ടതില്ല. ചിലരോടൊക്കെ ചിലപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അത് അത്തരം പെരുമാറ്റം അർഹിക്കുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടാകാം.

RESPECT 1

മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നത് ഒരു നല്ല പത്രപ്രവർത്തകന്റെ പ്രാരംഭ ലക്ഷണമാണെന്ന് എന്റെ തുടക്കകാലത്ത് സീനിയായിരുന്നവർ പറഞ്ഞുപഠിപ്പിക്കുകയും, പിഴവുവരുത്തിയപ്പോൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. അന്ന് അവരോട് ഈർഷ്യ തോന്നിയിരുന്നുവെങ്കിലും എത്ര വലിയ പാoമാണ് പഠിച്ചതെന്ന് കാലക്രമേണ തിരിച്ചറിഞ്ഞു. പറഞ്ഞുകൊടുക്കാനും തിരുത്താനും ഇപ്പോഴത്തെ “സീനിയർമാർക്ക്” സമയമില്ല, അല്ലെങ്കിൽ അവർ മെനക്കെടുന്നില്ല എന്നതാണ് പുതിയ തലമുറയുടെ പ്രശ്നം. എതിർകക്ഷി ബഹുമാനം വലിയ പാതകമാണെന്ന് പുത്തൻകൂറ്റുകാർ ധരിച്ചു പോയിട്ടുണ്ടെങ്കിൽ അതവരുടെ മാത്രം തെറ്റല്ലെന്നു സാരം.

ഈ തെറ്റ് തിരുത്തേണ്ടതല്ലേ? എങ്ങനെയാണ് തിരുത്തുക? മാധ്യമപ്രവർത്തകരെ തെരുവിലിറക്കി വിടുന്ന മാധ്യമസ്ഥാപനങ്ങൾ തന്നെ മുൻകൈയെടുക്കണം. പെരുമാറ്റച്ചട്ടം കർശനമാക്കണം. പത്രപ്രവർത്തകന്റെ പ്രധാന യോഗ്യത വിനയമാണെന് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ “ഇംപൊസിഷൻ” എഴുതട്ടെ!! പിന്നെ മുതിർന്നവർക്ക് മാതൃകയും സൃഷ്‌ടിക്കാം.

RESPECT 2

കഴുത്തറ്റം വെള്ളം കയറിക്കഴിഞ്ഞു. ഇനിയും നീന്താൻ ശ്രമിക്കാതിരുന്നാൽ മുങ്ങിപ്പോകുമെന്നുറപ്പ്. സമൂഹത്തിൽ മാധ്യമപ്രവർത്തകർക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയുമാണ് നമ്മുടെ ചോറ്. അവ നഷ്ടപ്പെട്ടാൽ പട്ടിണിയാകും….. ജാഗ്രതൈ!!!

FOLLOW
 •  
  94
  Shares
 • 64
 • 12
 •  
 • 18
 •  
 •