ഭിന്നസ്വരം

 • 634
 • 219
 •  
 • 171
 •  
 • 3
 •  
  1K
  Shares

ഒരു ചെറിയ അനുഭവ കഥയില്‍ നിന്നു തുടങ്ങാം. തിരുവനന്തപുരം നഗരപ്രാന്തത്തില്‍ തൃക്കണ്ണാപുരം എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഗ്രാമാന്തരീക്ഷം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച തോറും ഞങ്ങളുടെ വീട്ടില്‍ ഒരു കച്ചവടക്കാരി വരും. തമിഴത്തിയാണ്. ബാലരാമപുരത്തോ മറ്റോ ആണ് അവരുടെ താമസം. പല തരം മുറുക്കുകള്‍, വറ്റല്‍ ഇനങ്ങള്‍, അച്ചപ്പം, ഉണ്ണിയപ്പം, മധുരസേവ, കാരച്ചേവ് എന്നിങ്ങനെ പലഹാരങ്ങള്‍ ഒരു കുട്ടയില്‍ നിറച്ച് അവര്‍ വരും. ഏതെടുത്താലും ഒരു പായ്ക്കറ്റിന് 10 രൂപ! കടയില്‍പ്പോയി വാങ്ങിയാല്‍ എന്തായാലും ഈ വിലയ്ക്കു കിട്ടില്ല.

വിലക്കിഴിവ് ഞങ്ങളെ ആകര്‍ഷിച്ചു. അവരുടെ സ്ഥിരം ഇടപാടുകാരായി ഞാനും വീട്ടുകാരും മാറാന്‍ താമസമുണ്ടായില്ല. ഞായറാഴ്ചകളിലെ പലഹാരം വാങ്ങല്‍ ഞങ്ങള്‍ക്കൊരു ശീലം പോലായി. കച്ചവടം ഉറച്ചു. അതു മനസ്സിലാക്കിയ അവര്‍ പതിയെ വില കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ വില 10 രൂപയില്‍ നിന്ന് 12 രൂപയിലേക്കു ചാടി. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ അത് 15 രൂപയായി. പിന്നെ കുറച്ചുകാലം വില കൂടിയില്ലെങ്കിലും പായ്ക്കറ്റിലെ ഉള്ളടക്കത്തിന്റെ വലിപ്പവും ഭാരവും കുറഞ്ഞുവന്നു.

ഒടുവില്‍ കഴിഞ്ഞ മാസം പെട്ടെന്ന് അവരുടെ പലഹാരവില കുതിച്ചു കയറി. പായ്ക്കറ്റ് വില 25 രൂപ! അതിനവര്‍ പറഞ്ഞ കാരണമാണ് വിചിത്രം. നേരത്തേ അവര്‍ നേരിട്ടായിരുന്നു കച്ചവടം. ഇപ്പോള്‍ മരുമകനാണ് മേല്‍നോട്ടം. അതിനാല്‍ അവനാണ് വില നിശ്ചയിക്കുന്നത്. താന്‍ നിസ്സഹായയാണ്. അവരുടെ നിസ്സഹായത പരിഗണിച്ച് കൂടിയ വിലയ്ക്ക് ഞാന്‍ സാധനങ്ങള്‍ വാങ്ങേണ്ടതില്ലല്ലോ. ഞായറാഴ്ചത്തെ പലഹാരം വാങ്ങല്‍ ശീലം അങ്ങനെ നിഷ്‌കരുണം അവസാനിപ്പിച്ചു. അവര്‍ക്കു വേദന തോന്നാതെ ശല്യം ഒഴിവാക്കാന്‍ അമ്മ വല്ലാതെ കഷ്ടപ്പെട്ടു. വീട്ടില്‍ എല്ലാവര്‍ക്കും ഷുഗറും കൊളസ്‌ട്രോളുമാണെന്നും ഇത്തരം പലഹാരങ്ങള്‍ കഴിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നുമൊക്കെ അമ്മ ഒരു ദിവസം വിശദീകരിക്കുന്നതു കണ്ടു. അമ്മ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും തമിഴത്തിക്ക് ഒരു കാര്യം പിടികിട്ടി -പൊന്മുട്ടയിട്ടിരുന്ന താറാവ് ചത്തു. ഇപ്പോള്‍ തമിഴത്തിയുടെ തല ഗേറ്റില്‍ കാണുമ്പോള്‍ തന്നെ വീട്ടിനുള്ളില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദമുയരും -‘വേണ്ട, വേണ്ട’.

GST 1.jpg

ചരക്ക് സേവന നികുതി ബില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമം കാണുമ്പോഴാണ് തമിഴത്തിയുടെ കച്ചവടം ഓര്‍മ്മ വന്നത്. രാജ്യസഭയില്‍ ആവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബി.ജെ.പി. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍, ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് അഥവാ ജി.എസ്.ടി. ബില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത ഉടലെടുക്കുന്നതിനു കാരണമായിരിക്കുന്നു. പാര്‍ട്ടി സി.പി.എം. തന്നെ.

ജി.എസ്.ടി. സംബന്ധിച്ച് സി.പി.എമ്മിലെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, നേതാക്കളുടേതായി പുറത്തുവരുന്ന അഭിപ്രായങ്ങളില്‍ ഭിന്നസ്വരം പ്രകടം. ഏതെങ്കിലുമൊരു വിഷയത്തില്‍ സി.പി.എം. നേതാക്കള്‍ക്ക് ഭിന്നസ്വരം ഉണ്ടാകുന്നത് അപൂര്‍വ്വമല്ല. അത്തരം ഭിന്നസ്വരങ്ങള്‍ സംഘടനാ സമിതികള്‍ക്കകത്താണ് പ്രതിഫലിക്കുക. അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് ഏകാഭിപ്രായമായി പുറത്തേക്കുവരും. എന്നാല്‍ ജി.എസ്.ടിയില്‍ വ്യത്യസ്താഭിപ്രായം പരസ്യമാക്കിയിരിക്കുന്നത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര സമിതിയംഗവും കേരളത്തിലെ ധനകാര്യ മന്ത്രിയുമായ ഡോ.ടി.എം.തോമസ് ഐസക്കുമാണ്.

ഭരണഘടനയില്‍ ഭേദഗതി വരുത്തി ചരക്ക് സേവന നികുതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപകടകരവും നമ്മുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതുമാണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ ആശങ്ക ഉയര്‍ത്തുന്ന പ്രധാനികളില്‍ ഒരാള്‍ യെച്ചൂരിയാണ്. അടുത്തിടെ തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കുള്ള ആശങ്ക അദ്ദേഹം പരസ്യമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയെക്കുറിച്ചു വന്ന വാര്‍ത്തകള്‍ കണ്ടിട്ടായിരുന്നു യെച്ചൂരിയുടെ പ്രതികരണം എന്നു വേണമെങ്കില്‍ പറയാം. ജി.എസ്.ടിയെ അനുകൂലിക്കുന്ന നിലപാട് പിണറായി സ്വീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തതയില്ല. ഏതായാലും പിണറായി നിഷേധിച്ചിട്ടില്ല.

ജി.എസ്.ടി. നടപ്പാക്കുന്നതോടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുക സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവരുമാനം കേന്ദ്രം തട്ടിയെടുക്കുക എന്നതാണ്. വാറ്റ് നടപ്പാക്കിയപ്പോള്‍ സംഭവിച്ചതും ഇതു തന്നെ. സംസ്ഥാനങ്ങളുടെ നികുതി വരുമാനം കൈയേറപ്പെടുകയും കേന്ദ്രത്തില്‍ സാമ്പത്തിക കേന്ദ്രീകരണം നടക്കുകയും ചെയ്യുന്നത് വികേന്ദ്രീകൃതാസൂത്രണത്തിന്റെ സത്തയ്ക്കു നിരക്കുന്നതല്ല. സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ കൈനീട്ടേണ്ടി വരും. മാത്രമല്ല, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് അതത് സംസ്ഥാനങ്ങളുടെ വികസന അജന്‍ഡ തീരുമാനിക്കാനാവാത്ത അവസ്ഥ വന്നുചേരുകയും ചെയ്യും.

ഇതിനപ്പുറമുള്ള ചില അപകടങ്ങള്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. വില്പന നികുതിയാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. ജി.എസ്.ടി. നടപ്പായാല്‍ ഇതു നഷ്ടമാവും. വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ പോലൊരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ അതു നേരിടുന്നതിനു പോലും വിഭവസമാഹരണം സാദ്ധ്യമാവാതെ വരും. ആകെ ചെയ്യാനാവുക ഇത്തരം ദുരന്തവേളകളില്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ താണുകേണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിക്കുക എന്നതാണ്. അതുവഴി കിട്ടുന്ന സഹായം സ്വീകരിക്കുക എന്നതു മാത്രമാണ് സംസ്ഥാനങ്ങള്‍ക്കു മുന്നിലുള്ള വഴിയെന്നും യെച്ചൂരി പറയുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്ന മുഖ്യമന്ത്രിമാരോട് വിലപേശി ഉറപ്പിക്കേണ്ടതല്ല ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ എന്നൊരും കൊട്ടും യെച്ചൂരി കൊടുത്തിട്ടുണ്ട്.

ISSAC
ധനമന്ത്രിമാരുടെ യോഗത്തില്‍ ഡോ.തോമസ് ഐസക്ക്

എന്നാല്‍, തോമസ് ഐസക്കിന്റെ അഭിപ്രായം യെച്ചൂരിയുടേതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്. യഥാര്‍ത്ഥത്തില്‍ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ കുറിപ്പിലേക്ക് എന്നെ നയിച്ചതു പോലും. ജി.എസ്.ടിയെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സംസ്ഥാന ധന മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. നേരത്തേ വാറ്റ് നടപ്പാക്കിയപ്പോള്‍ എതിര്‍ത്ത താന്‍ ഇപ്പോള്‍ ജി.എസ്.ടിയെ അനുകൂലിക്കാന്‍ തീരുമാനിച്ചതിനെ കാര്യകാരണങ്ങള്‍ സഹിതം ഐസക്ക് ന്യായീകരിക്കുന്നുണ്ട്.

വാറ്റ് സമ്പ്രദായം നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ചവരുടെ മുന്‍നിരയില്‍ ഐസക്കുണ്ടായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള വില്പനനികുതി അധികാരം വാറ്റ് സമ്പ്രദായം വരുമ്പോള്‍ അടിയറവയ്ക്കേണ്ടിവരുമെന്നും അഖിലേന്ത്യാ തലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ചേ നികുതിയില്‍ മാറ്റംവരുത്താന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു പ്രധാന വിമര്‍ശനം. അതു ശരിയായിരുന്നു താനും. പക്ഷേ ഇപ്പോള്‍ ജി.എസ്.ടിയെ അനുകൂലിക്കുന്നതാണ് നല്ലതെന്നാണ് ഐസക്കിന്റെ വാദം. വാറ്റിനെ എതിര്‍ത്തതും ജി.എസ്.ടിയെ അനുകൂലിക്കുന്നതും അദ്ദേഹത്തിന് ശരികളാണ്.

വാറ്റ് നികുതിസമ്പ്രദായം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങളുടെ വില്പനനികുതി അവകാശം ഇല്ലാതായി. അവകാശം ഉണ്ടെന്നു പറഞ്ഞ് തന്റെ ഒന്നാമത്തെ ബഡ്ജറ്റില്‍ ആഡംബര വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയെങ്കിലും പിറ്റേവര്‍ഷം നികുതി വര്‍ദ്ധന പിന്‍വലിക്കേണ്ടിവന്നുവെന്ന് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. അയല്‍ സംസ്ഥാനങ്ങളിലെ താഴ്ന്ന നികുതി ഉപഭോക്താക്കളെ അങ്ങോട്ട് ആകര്‍ഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം ആവശ്യത്തിന് ചരക്ക് വാങ്ങിക്കൊണ്ടുവരുന്നതിന് തടയാനോ പ്രവേശനനികുതി ചുമത്താനോ കേരളത്തിന് അധികാരമില്ല. അതുകൊണ്ട് പ്രതീക്ഷിച്ചപോലെ വരുമാനം ഉയര്‍ന്നില്ല.

വാറ്റ് മാറി ജി.എസ്.ടി. വരുമ്പോള്‍ നേരത്തേ നഷ്ടപ്പെട്ടതിനപ്പുറം പുതിയ അധികാരമൊന്നും സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതാകുന്നില്ലെന്നാണ് ഐസക്കിന്റെ പക്ഷം. മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ കൈയിലുള്ള സേവന നികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം ലഭിക്കുകയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന നികുതി ഇനം സേവനനികുതിയാണ്. എന്നുമാത്രമല്ല നികുതിഘടനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള അസന്തുലിതാവസ്ഥ ഒരുപരിധിവരെ പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ചുനിന്നാല്‍ ഈ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്താം. ചരക്ക് സേവന നികുതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും അവകാശമുണ്ട്. തുല്യ അവകാശമെന്നാണ് കേന്ദ്ര നിലപാട്. പക്ഷേ, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശം വിലപേശി വാങ്ങാം. ഇപ്പോള്‍ കേന്ദ്രത്തിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി പിരിക്കാനുള്ള അവകാശം ഏതാണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

GST 2.jpg

കേരളത്തെ സംബന്ധിച്ചിടത്തോളം ജി.എസ്.ടി ഒരു ഭാഗ്യമാണെന്ന് ധനമന്ത്രി പറയുന്നു. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം ആവശ്യത്തിനുവേണ്ടി ചരക്കുകള്‍ വാങ്ങി ഇവിടേക്കു കൊണ്ടുവന്നാല്‍ കേരളത്തിന് നികുതി ലഭിക്കില്ല. വില്പന നടക്കുന്ന സംസ്ഥാനത്താണ് നികുതി കൊടുക്കേണ്ടത്. എന്നാല്‍ ജി.എസ്.ടി. പ്രകാരം അവസാന വില്പന നടക്കുന്ന ഉപഭോക്തൃ സംസ്ഥാനത്തിലാണ് നികുതി ലഭിക്കുക. തന്മൂലം കേരളത്തിന്റെ നികുതിവരുമാനം ഗണ്യമായി ഉയരും. അതിനാല്‍ എത്രയും വേഗം ജി.എസ്.ടി. വരുന്നോ കേരളത്തിന് അത്രയും നല്ലതെന്ന് ഐസക്ക് വാദിക്കുന്നു. യെച്ചൂരിയുടെ വാദമുഖങ്ങള്‍ നിഷ്‌കരുണം ഖണ്ഡിക്കുന്നു.

എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ശേഷിയില്ല തന്നെ. അവശ്യസാധനങ്ങളുടെ വില കുറയുമോ എന്നു മാത്രമാണ് ഞങ്ങള്‍ നോക്കുന്നത്. പക്ഷേ, ഐസക്ക് പറഞ്ഞത് അങ്ങോട്ടു വിശ്വസിക്കാന്‍ എന്തുകൊണ്ടോ മനസ്സ് സമ്മതിക്കുന്നില്ല. അനുഭവം അങ്ങനെയാണേ. എന്റെ വീട്ടില്‍ വരുന്ന തമിഴത്തിയുടെ പലഹാരക്കച്ചവടം പോലാണെങ്കിലോ!! തമിഴത്തിയുടെ കൈയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടതില്ലെന്നു തീരുമാനിക്കാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. ജി.എസ്.ടി. ബില്‍ ഒരു തവണ പാസായാല്‍ പിന്നെ തിരിച്ചുപോക്കില്ല. അതിനാല്‍ ഓരോ ചുവടും സൂക്ഷിച്ചാവണം. ഐസക്ക് ആദ്യം യെച്ചൂരിയെ വിശ്വസിപ്പിക്കട്ടെ, എന്നിട്ടാവാം ഞാന്‍ വിശ്വസിക്കുന്നത്.


 • 634
 • 219
 •  
 • 171
 •  
 • 3
 •  
  1K
  Shares
 •  
  1K
  Shares
 • 634
 • 219
 •  
 • 171
 •  
 • 3

2 Comments Add yours

 1. PRADEEP says:

  How to write reply in malayalam? Copy is not allowed in this box. i don’t well english.
  what do?

  1. V S Syamlal says:

   കോപ്പി മാത്രമേ സാധിക്കാത്തതായുള്ളൂ. കമന്റ് പേസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. വേറെ എവിടെയെങ്കിലും ടൈപ്പ് ചെയ്‌തെടുത്ത കമന്റ് ഇവിടത്തെ കമന്റ് ബോക്‌സില്‍ മൗസ് ക്ലിക്ക് ചെയ്ത ശേഷം കീബോര്‍ഡിലെ CTRL എന്ന കീയും V എന്ന കീയും ഒരുമിച്ചു ഞെക്കിയാല്‍ മതി.

COMMENT