Reading Time: 2 minutes

ഒരു സുഹൃത്തു കൂടി വിടവാങ്ങി.
ജനയുഗത്തിലെ കെ.ആര്‍.ഹരി.
എത്രയോ വര്‍ഷങ്ങളായി ഹരിയെ അറിയാം.
സൗമ്യന്‍, മാന്യന്‍, മുഖത്ത് സദാപുഞ്ചിരി.
ഹരി പോയെന്ന് ശരിക്കും വിശ്വസിക്കാനാവുന്നില്ല.

സജീവ മാധ്യമപ്രവര്‍ത്തന രംഗത്തുള്ളയാളല്ല ഞാന്‍.
അതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ പൊതുഇടങ്ങളില്‍ ഞാനുണ്ടാവാറില്ല.
എങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനുമായി ദിവസേന കണ്ടുമുട്ടിയിരുന്നു.
അത് ഹരിയായിരുന്നു.
സജീവമായിരുന്നപ്പോഴും അങ്ങനല്ലാതായപ്പോഴും ഒരേ തരത്തില്‍ സ്നേഹത്തോടെ പെരുമാറിയ അപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍.
കണ്ടാലുടനെയുള്ള “ങ്ഹാ.. ശ്യാമേ…” എന്ന വിളി ഉള്ളില്‍ നിന്നു വരുന്നതായിരുന്നു.
കോവിഡ് കാലത്തിനു തൊട്ടുമുമ്പു വരെ ഹരിയുമായുള്ള കണ്ടുമുട്ടല്‍ പതിവായിരുന്നു.
തിരുവനന്തപുരം മാധ്യമരംഗത്തെ വിവരങ്ങള്‍ അറിഞ്ഞിരുന്നത് ആ കൂടിക്കാഴ്ചകളിലൂടെയാണ്.

കെ.ആര്‍.ഹരി

തിരുവനന്തപുരം പൂജപ്പുരയില്‍ ഹരിയുടെ വീട്ടിനു തൊട്ടടുത്തായിരുന്നു എന്റെ മകന്‍ കണ്ണന്‍ പഠിച്ചിരുന്ന Weeny Whiz നേഴ്സറി സ്കൂള്‍.
കണ്ണനെ സ്കൂളിലാക്കാനുള്ള യാത്രകളാണ് ഹരിയുമായുള്ള സ്ഥിരം കൂടിക്കാഴ്ചകള്‍ക്ക് വഴിമരുന്നിട്ടത്.
രാവിലെ മിക്കപ്പോഴും ഹരി വീട്ടിനു പുറത്തു തന്നെ കാണും.
മകള്‍ നിരഞ്ജനയെ സ്കൂളിലാക്കാന്‍ ബുള്ളറ്റോ, മഴയാണെങ്കില്‍ കാറോ ഇറക്കാനുള്ള തയ്യാറെടുപ്പിലാകും.
ചിലപ്പോള്‍ മകള്‍ തയ്യാറായി വരുന്നതും കാത്ത് ബുള്ളറ്റിനു മുകളില്‍ ഇരിപ്പുണ്ടാവും
അങ്ങനെയില്ലെങ്കില്‍ ബുളളറ്റില്‍ മകളുമായി പൂജപ്പുര സെന്റ് മേരീസ് സ്കൂളിലേക്കു പോകുന്ന ഹരിയെ വഴിയില്‍ വെച്ചു കാണും.
എന്റെ കാര്‍ എവിടെക്കണ്ടാലും ഹരിക്കറിയാം, സലാം പറയാന്‍ കൈ വായുവില്‍ പൊങ്ങിയിരിക്കും.

ഹരിയുടെ വീട്ടിനു മുന്നിലെ ഇടുങ്ങിയ വഴിയില്‍ രണ്ടു വാഹനങ്ങള്‍ മുഖാമുഖം വന്നാല്‍ കുരുക്കാണ്.
സ്കൂളിനു സമീപത്താവുമ്പോള്‍ കുരുക്ക് പതിവാണല്ലോ.
ആ കുരുക്കഴിക്കാന്‍ സ്ഥിരമായി സഹായിച്ചിരുന്നയാളാണ് ഹരി.
“വരട്ടെ വരട്ടെ.. ഇടതു ചേര്‍ന്നു വരട്ടെ” -ഹരി എത്രയോ തവണ എനിക്ക് വഴിയൊരുക്കിയിരിക്കുന്നു.
അങ്ങനെ എനിക്കു മാത്രമല്ല, എന്റെ വീട്ടിലുള്ളവര്‍ക്കെല്ലാം ഹരിയെ അറിയാം.
കാണുമ്പോഴെല്ലാം സലാം പറയുന്ന, സ്നേഹത്തോടെ സംസാരിക്കുന്ന ഈ സുഹൃത്തിനെ എല്ലാവരും പരിചയപ്പെട്ടിട്ടുണ്ട്.
ഹരിയെ ദൂരെ കാണുമ്പോള്‍ തന്നെ കണ്ണന്‍ പറയും -“ദാണ്ടച്ഛാ അച്ഛന്റെ ഫ്രണ്ട്”.

എന്നും കാണുന്നയാളോട് ഒരു അടുപ്പമുണ്ടാവുക സ്വാഭാവികമാണല്ലോ.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണെങ്കില്‍ അടുപ്പം വര്‍ദ്ധിക്കും.
എനിക്കും ഹരിക്കുമിടയില്‍ സംഭവിച്ചത് അതാണ്.
കോവിഡ് ലോക്ക്ഡൗണ്‍ കണ്ണന്റെ നേഴ്സറി പഠനത്തിന് വിരാമമിട്ടു.
പിന്നീടവന്‍ സ്കൂള്‍ മാറി കോട്ടണ്‍ഹില്‍ ഗവ. എല്‍.പി.എസില്‍ ഒന്നാം ക്ലാസ്സിലേക്കു പോയി.
നഗരത്തിലെ വേറൊരു മേഖലയിലാണ് ആ സ്കൂള്‍.
അടുത്തിടെ പൂജപ്പുരയില്‍ വെച്ചു കണ്ടപ്പോള്‍ സ്കൂള്‍ മാറിയ കാര്യം ഹരിയോടു ഞാന്‍ പറഞ്ഞു.
“നമ്മുടെ പതിവ് കൂടിക്കാഴ്ചകള്‍ അവസാനിക്കുകയാണല്ലോ ഹരി?”
പുഞ്ചിരിച്ചുകൊണ്ട് ഹരിയുടെ മറുപടി -“നമ്മളിനിയും കാണും.”

എന്റെ ചോദ്യം അറം പറ്റിയോ?
48 വയസ്സു മാത്രം പ്രായമുള്ള ഹരി വിടവാങ്ങി.
എന്നോട് യാത്ര പറയാതെ പോയി.
വിവരമറിഞ്ഞ് മരവിച്ചിരുന്നു.
ഹരിയുടെ ഭൗതികശരീരം എനിക്കു കാണണ്ട.
“നമ്മളിനിയും കാണും” എന്ന് അവന്‍ പറഞ്ഞത് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എന്‍ഫീല്‍ഡ് ബുള്ളറ്റിലോ കാറിലോ അവന്‍ എതിരെ വരും, എനിക്കു നേരെ കൈയുയര്‍ത്തും.
ആ വിശ്വാസത്തില്‍ ഞാന്‍ റോഡിലേക്ക് സൂക്ഷിച്ചു നോക്കും, കാത്തിരിക്കും…

 

Previous articleഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല
Next articleസഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here