• 103
 • 33
 •  
 • 52
 •  
 •  
 •  
  188
  Shares

പ്രവാസിയുടെ അവകാശങ്ങളെപ്പറ്റി ചിലര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതു വേണ്ട. വീട്ടില്‍ നിന്നു മാറി നിന്ന് 12 വര്‍ഷം ജോലി ചെയ്തയാള്‍ തന്നെയാണ് ഞാനും. നിങ്ങളില്‍ പലരുടെയും പ്രവാസം എന്തായാലും ഇപ്പോള്‍ അത്രത്തോളം നീണ്ടിട്ടില്ല. അതുകൊണ്ട് പ്രവാസിയുടെ കഷ്ടപ്പാട് എനിക്കു നന്നായി മനസ്സിലാവും. ഉറ്റവര്‍ക്കു വേണ്ടി വല്ല നാട്ടിലും പോയിക്കിടന്ന് കഷ്ടപ്പാട് സഹിക്കുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനവുമുണ്ട്.

എനിക്കും വീട്ടുകാര്‍ക്കും എന്റെ പ്രവാസം ഒരുപോലെ മടുത്തിട്ടാണ് പരിമിതമായ സാഹചര്യമാണെങ്കില്‍ പോലും നാട്ടില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം വിട്ട് ഇനി എങ്ങോട്ടുമില്ല എന്നു തീരുമാനിച്ചതിന് കാരണമുണ്ട്. വയസ്സായ അച്ഛനെയും അമ്മയെയും നോക്കേണ്ട ചുമതല വീട്ടിലെ മൂത്ത പുത്രനായ എനിക്ക് കൂടുതലാണ്. ഭാര്യ വീട്ടിലാണെങ്കില്‍ അവിടെയും മൂത്തയാള്‍ എന്റെ ഭാര്യ തന്നെ. ഇത്രയും വളര്‍ത്തി വലുതാക്കിയതല്ലേ, വയസ്സാകുമ്പോള്‍ ഉപേക്ഷിക്കാന്‍ മനസ്സുവരുന്നില്ല. വീട് ഒരു സ്വര്‍ഗ്ഗമാണ്, പട്ടിണി ആണെങ്കിലും. നിങ്ങളും പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വരുമ്പോള്‍ സ്വയം തൊഴില്‍ തന്നെയായിരിക്കുമല്ലോ ജീവിതമാര്‍ഗ്ഗം? എനിക്കറിയാവുന്ന തൊഴില്‍ എഴുത്താണ്, പത്രപ്രവര്‍ത്തനം. ഇത്രയും വര്‍ഷത്തെ സജീവ മാധ്യമപ്രവര്‍ത്തനത്തിലൂടെ നേടിയ ബന്ധങ്ങളാണ് അതിനുള്ള മുതല്‍മുടക്ക്.

എന്റെ എഴുത്തുകളില്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്ന നേതാക്കളുമായി വ്യക്തിപരമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. എന്റെ വിമര്‍ശനം ഒരിക്കല്‍പ്പോലും വിനാശകാരിയായിട്ടില്ല. പക്ഷേ, അണികള്‍ക്കതറിയില്ല. അറിയണമെന്നുമില്ല. പ്രശംസയും വിമര്‍ശനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പ്രശംസ സ്വീകരിക്കുന്നവര്‍ വിമര്‍ശനവും സ്വീകരിക്കാന്‍ പഠിക്കണം. പക്ഷേ, വിമര്‍ശിക്കുമ്പോള്‍ ചിലര്‍ക്ക് അസഹിഷ്ണുത. എഴുത്ത് നിര്‍ത്തിക്കാന്‍ പല മാര്‍ഗ്ഗങ്ങളും അവര്‍ തേടും. കുപ്രചരണവും അതിലുള്‍പ്പെടും.

Hate-Speech5.jpg

സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്നാല്‍ പുലഭ്യമല്ല. പുലഭ്യ പ്രക്ഷേപണക്കാരുടെ ശ്രദ്ധയ്ക്ക് ഒരു കാര്യം പറയാം. എന്റെ അഭിപ്രായത്തോട് പ്രതികരിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്റെ കുറിപ്പ് വായിച്ചു മനസ്സിലാക്കിയാവാം, മനസ്സിലാക്കാതെയാവാം. അതു പ്രശ്‌നമല്ല. മാന്യമായ ഭാഷയില്‍ എത്ര വേണമെങ്കിലും വിമര്‍ശിക്കാം. ഏതോ കുബുദ്ധികള്‍ പടച്ചുവിട്ട സ്‌ക്രീന്‍ഷോട്ട് കണ്ടിട്ട് ഇവിടെ വന്ന് പുലഭ്യം പറയുകയാണ് ലക്ഷ്യമെങ്കില്‍ അത് അംഗീകരിക്കില്ല. വിഷയത്തിന്റെ ഒരു വശം മാത്രമേ സ്‌ക്രീന്‍ഷോട്ട് അവതരിപ്പിക്കുന്നുള്ളൂ. ആ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിക്കുന്നവന്റെ താല്പര്യം. അതു പോലും പരിഗണിക്കാതെയാണ് തെറിവിളി.

Hate-Speech1.jpg

അടിവസ്ത്രം അലക്കുന്നത് മോശം പണിയാണെന്ന നിങ്ങളുടെ ധാരണയില്‍ നിന്നാണ് എന്നെ തെറിവിളിക്കണമെന്ന ചിന്താഗതി തന്നെ ഉടലെടുത്തതെന്ന് വിനയപൂര്‍വ്വം ചൂണ്ടിക്കാട്ടട്ടെ. അടിവസ്ത്രം അലക്കുന്നത് നല്ല പണിയാണെന്ന ചിന്താഗതിയായിരുന്നു നിങ്ങള്‍ക്കെങ്കില്‍ പിന്നെ അതില്‍ അപമാനമെന്താണ്? മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വളരെ ‘നികൃഷ്ടമായ’ പലതും അനുഭവിക്കേണ്ടി വന്നിട്ടുള്ള എനിക്ക്‌ ഇപ്പണിയൊഴിച്ച് മറ്റെല്ലാം മഹത്തരമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിപ്പോയ സാഹചര്യത്തില്‍ എന്റെ ജോലിയില്‍ തികഞ്ഞ അഭിമാനമുണ്ട് എന്നതും ശരിയാണ്. ഞാന്‍ ഏതു ജോലി ചെയ്താലും അങ്ങനെ ആയിരിക്കും. മാധ്യമപ്രവര്‍ത്തകനാകും മുമ്പ് സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍, ഹോര്‍ഡിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ മറ്റു ജോലികള്‍ ചെയ്തതും അഭിമാനിച്ചും ആസ്വദിച്ചും തന്നെയാണ്. മുമ്പ് പലവട്ടം ഞാന്‍ അതിനെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. അഭിമാനികളായ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഏറ്റവുമൊടുവില്‍ ഞാനെഴുതിയത് ഇക്കഴിഞ്ഞ മെയ് ഒന്നിനാണ്. അവകാശങ്ങളൊന്നുമില്ലാതെ ഉഴലുന്ന ഞങ്ങള്‍ എഴുത്തുതൊഴിലാളികളുടെ വേദനകളെക്കുറിച്ച് ഒരു വിലയിരുത്തല്‍. എന്റെ വെബ്‌സൈറ്റിലും അഴിമുഖം പോര്‍ട്ടലിലും ഇപ്പോഴും ആ ലേഖനം ലഭ്യമാണ്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കലും മറ്റൊരു ജോലിയെ പുച്ഛിക്കില്ല. കാരണം മാധ്യമപ്രവര്‍ത്തനത്തെക്കാള്‍ കഷ്ടപ്പാടുള്ള മറ്റൊരു ജോലിയില്ല. ചെറിയൊരനുഭവം പറഞ്ഞാല്‍ അതു മനസ്സിലാവും. ജീവിതത്തിലാദ്യമായി റിപ്പോര്‍ട്ടിങ്ങ് ആവശ്യത്തിന് കേരളത്തിനു പുറത്തു പോയത് 1998ന്റെ തുടക്കത്തില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്കാണ്. അവിടെ തേവര്‍ സമുദായവും ദളിതരും തമ്മിലുണ്ടായ കലാപം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു യാത്ര. ഒരു ദളിത് യോഗത്തിലേക്ക് തേവര്‍ ഗുണ്ടകള്‍ ലോറിയില്‍ വന്നിറങ്ങുന്നതും അവരുടെ വാള്‍ വീശലില്‍ നാലു ദളിതരുടെ തല ഉടലില്‍ നിന്നു തല്‍ക്ഷണം വേര്‍പെടുന്നതും എന്റെ കണ്‍മുന്നിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ഇടയ്ക്ക് ആ രംഗം സ്വപ്‌നം കണ്ട് ഞാന്‍ ഞെട്ടിയുണരാറുണ്ട്. ആ കൊലകളെ തുടര്‍ന്നുണ്ടായ അതിരൂക്ഷമായ സംഘര്‍ഷത്തില്‍ നിന്നു ജീവന്‍ രക്ഷിക്കാന്‍ ചേറും മാലിന്യവും നിറഞ്ഞ നാറ്റം വമിക്കുന്ന ഓടയ്ക്കുള്ളില്‍ ഞാനും ഒപ്പമുണ്ടായിരുന്ന ഫൊട്ടോഗ്രാഫര്‍ ബിനു റോജേഴ്‌സും ഒളിച്ചിരുന്നത് 16 മണിക്കൂര്‍. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലുമില്ലാതെ. വെള്ളം കിട്ടിയാല്‍തന്നെ ആ കൊടുംനാറ്റത്തില്‍ കുടിക്കാനാവുമായിരുന്നില്ല. ഒടുവില്‍ പൊലീസെത്തിയാണ് ഞങ്ങളെ രക്ഷിച്ചു തിരികെ മധുരയിലെത്തിച്ചത്. ഇത്തരം അനുഭവങ്ങള്‍ മറ്റൊരു തൊഴിലിനുമില്ല. അടിവസ്ത്രം അലക്കുന്നവരുണ്ടെങ്കില്‍ അവര്‍ എത്രയോ ഭാഗ്യവാന്മാര്‍. വേറെ പണി അറിയാത്തതുകൊണ്ട്, അല്ലെങ്കില്‍ കിട്ടാത്തതുകൊണ്ട് മാധ്യമപ്രവര്‍ത്തനം തുടരുന്നു.

ഇനി വര്‍ത്തമാനകാല അവസ്ഥയിലേക്ക് തിരികെ വരാം. മുഖപുസ്തകത്തില്‍ എനിക്കുനേരെ വരുന്ന തെറിവിളി അടക്കമുള്ള പ്രതികരണങ്ങള്‍ നോക്കുന്നത് തന്നെയാണ് ഇപ്പോള്‍ ജോലി. അതിന് പരസ്യരൂപത്തില്‍ ഗൂഗിള്‍ ചെറിയൊരു പ്രതിഫലം തരുന്നുണ്ട്. അതാണ് നിങ്ങള്‍ തെറി എഴുതിയാല്‍ തത്സമയം നീക്കം ചെയ്യാന്‍ എനിക്കു സാധിക്കുന്നത്. മുഖപുസ്തകത്തില്‍ delete and ban from page എന്നൊരു സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുവദിച്ചിട്ടുണ്ട്. ചെറിയ തെറിയാണെങ്കില്‍പ്പോലും അതു നിഷ്‌കരുണം പ്രയോഗിക്കും. മാന്യതയില്ലാത്തവര്‍ എന്നെ വായിക്കണ്ട, അറിയണ്ട. അതുപോലെ, എന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ ഇനി സുഹൃത്തുക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. ആരും എന്നെ പിന്തുടരണ്ട. അതിനാല്‍ത്തന്നെ അവിടെ ചിലരെ ബ്ലോക്ക് ചെയ്തിരുന്നത് ഒഴിവാക്കിയിട്ടുണ്ട്. ബ്ലോക്കിന് ഇനി പ്രസക്തിയില്ലല്ലോ. അവര്‍ക്ക് എന്നെ പിന്തുടരാനാവില്ല. മാധ്യമപ്രവര്‍ത്തകനാണെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ആരും ഉപദേശിക്കാന്‍ വരരുത്, സഹിഷ്ണുത ഇപ്പോള്‍ അല്പം കുറവാണ്.

Kannan (32).JPG

വെറും രണ്ടു വയസ്സു പ്രായമുള്ള എന്റെ കുഞ്ഞിന്റെ ഫോട്ടോയ്ക്കു താഴെപ്പോലും പുഴുവരിച്ച ശവത്തെക്കാള്‍ അറപ്പുളവാക്കുന്ന തെറികള്‍ എഴുതിവെച്ച മനോരോഗികളോട് ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിക്കുന്നു -നിങ്ങള്‍ക്കും കുഞ്ഞുങ്ങളുണ്ട്. അവരുടെ മുഖം ഒരു നിമിഷം ഓര്‍ക്കുക. എന്നിട്ടും നിങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ തെറി പറയാന്‍ തോന്നുന്നുവെങ്കില്‍ എഴുതിക്കൊള്ളുക. എനിക്കൊന്നും പറയാനില്ല. ഞാന്‍ ഡിലീറ്റ് ചെയ്‌തോളാം. പേജില്‍ ഇപ്പോഴും അവന്റെ ചിത്രമുണ്ട്. നിങ്ങളെ പേടിച്ച് അതു നീക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ എത്ര പ്രകോപിപ്പിച്ചാലും ഞാന്‍ തിരികെ തെറി വിളിക്കുമെന്നും കരുതണ്ട. അറിയാഞ്ഞിട്ടല്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാന്‍ പഠിച്ചത്. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ തെറിവാക്കുകളുടെ സൃഷ്ടിയിലും ഞങ്ങളെ വെല്ലാന്‍ ആരുമില്ല. നിങ്ങള്‍ എന്നെ വിളിക്കുന്ന ഓരോ തെറിയും അതിന്റെ ഇരട്ടിയായി മടക്കി ലഭിച്ചുവെന്ന് കരുതിക്കൊള്ളുക.

എന്റെ എഴുത്ത് നിര്‍ത്തിക്കാന്‍ ആസൂത്രിത നീക്കമാണ് ചില മഹാന്മാര്‍ നടത്തിയ ഈ ‘അടിവസ്ത്രം അലക്കല്‍ പ്രചാരണം’ എന്നു ഞാന്‍ തിരിച്ചറിയുന്നു. സ്‌ക്രീന്‍ഷോട്ട്, ഡിസ്‌പ്ലേ കാര്‍ഡ് എന്തൊക്കെയായിരുന്നു! എത്ര പെട്ടെന്നായിരുന്നു! നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്നലെ വരെ എന്നെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവര്‍ ഇന്ന് എന്നെ അടുത്തറിയുന്നു. നേരത്തെ ഞാനെഴുതിയ, നിങ്ങള്‍ക്കിഷ്ടപ്പെടാത്ത ലേഖനങ്ങള്‍ അവര്‍ വായിക്കുന്നു. ഒരു തരം negative marketing. എന്റെ വെബ്‌സൈറ്റില്‍ വര്‍ദ്ധിച്ച ട്രാഫിക് തന്നെയാണ് തെളിവ്. നിങ്ങളുടെ ഓപ്പറേഷന്‍ ദയനീയമായി പരാജയപ്പെട്ടു. നിങ്ങള്‍ എന്നെക്കുറിച്ച് എന്തൊക്കെ പ്രചരിപ്പിച്ചാലും അതു ഞാനല്ല എന്ന് എന്റെ എഴുത്ത് തുടര്‍ച്ചയായി വായിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്റെ പഴയ കുറിപ്പുകള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വായിക്കാവുന്ന നിലയില്‍ വെബ്‌സൈറ്റിലുണ്ട്. Comrades, I heartfully thank you for making me famous overnight!!! ഇതിന്റെ കളികള്‍ പിന്നീട് വിശദമായിത്തന്നെ എഴുതാനാണ് തീരുമാനം.

Hate-Speech2.jpg

പിന്നെ, എന്നെ ആരെങ്കിലുമൊക്കെ തെറിവിളിച്ചു എന്നു കരുതി എന്റെ അത്താഴം മുടങ്ങുകയൊന്നുമില്ല. കാതങ്ങള്‍ക്കകലെ നിന്നുള്ള നിങ്ങളുടെ ചെയ്തികള്‍ പ്രതിരോധിക്കാന്‍ എനിക്കാവില്ല എന്ന ധൈര്യമാണ് നിങ്ങളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഒരു ന്യൂനപക്ഷം മാത്രമായ അത്തരം ഭീരുക്കളോട് സഹതാപം മാത്രം. സത്യം മനസ്സിലാക്കി എന്നോടൊപ്പം ഉറച്ചുനിന്ന നല്ലവരായ ഭൂരിപക്ഷം പ്രവാസി സുഹൃത്തുക്കള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിവാദനങ്ങള്‍.

ഒരു കാര്യം സമ്മതിക്കാതെ വയ്യ. പ്രവാസികളെ ആരെങ്കിലും അധിക്ഷേപിച്ചുവെന്നു കേട്ടാലുടനെ അയാള്‍ക്കെതിരെ സംഘടിതമായി ആക്രമണം നടത്തുന്ന ഊര്‍ജ്ജം അത്ഭുതാവഹമാണ്. സത്യാവസ്ഥ തിരക്കാനൊന്നും ആരും മെനക്കെടാറില്ല എന്നു മാത്രം. ഈ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കൂ. സൗദി അറേബ്യയിലെ തൊഴില്‍പ്രശ്‌നം നിമിത്തം കഷ്ടപ്പെടുന്ന സഹോദരന്മാരെ സഹായിക്കാന്‍ നിങ്ങള്‍ എന്തു ചെയ്തു? ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന അവര്‍ക്ക് അതു ലഭ്യമാക്കാന്‍ ചെറിയൊരു ബക്കറ്റ് പിരിവെങ്കിലും നടത്തിയോ? സുസംഘടിതരായ പ്രവാസികള്‍ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തതായി ഇവിടെ നാട്ടിലാര്‍ക്കും അറിയില്ല. എന്തെങ്കിലും ചെയ്യുമ്പോള്‍ എനിക്കാവുന്ന വിധത്തില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണ്. നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും എനിക്കാവുന്നത് ഞാന്‍ ചെയ്യും. കാരണം, എന്തൊക്കെ കുറ്റങ്ങളുണ്ടായാലും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നും ഇരകളുടെയും കഷ്ടപ്പെടുന്നവരുടെയും പക്ഷത്താണ്.

Hate-Speech4.jpg

മാധ്യമപ്രവര്‍ത്തകന്‍ ആണ് എന്നതാണ് ചിലര്‍ക്കെങ്കിലും പൊടുന്നനെ ഞാന്‍ ശത്രുവാകാന്‍ കാരണം. ഞങ്ങളെ വിമര്‍ശിക്കുമ്പോള്‍ പലരും ഒരു കാര്യം മറന്നു -ഒരു മുതലാളിക്കു കീഴില്‍ അയാളുടെ താല്പര്യ പ്രകാരം തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട വെറും തൊഴിലാളികള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരും. എന്നെപ്പോലെ സ്വതന്ത്രമായി എഴുതുന്ന ചിലര്‍ക്കു മാത്രമാണ് മുതലാളിപ്പേടി വേണ്ടാത്തത്. നന്മ ചെയ്യാനുള്ള ശ്രമം ഈ പരിമിതികള്‍ക്കിടയില്‍ നിന്നുള്ള ഞാണിന്മേല്‍ക്കളിയാണ്. ഞങ്ങളുടെ തൊഴില്‍ സുഗമമാക്കുന്നതിന് ചില അവകാശങ്ങള്‍ നിങ്ങളെല്ലാവരും ഉള്‍പ്പെടുന്ന സമൂഹം അനുവദിച്ചു തന്നിട്ടുണ്ട്. അതു മാത്രമാണ് പ്രയോഗിക്കുന്നത്. അഭിഭാഷകര്‍ക്ക് കോടതിക്കുള്ളില്‍ ചില അവകാശങ്ങളുള്ളതു പോലെ, എം.എല്‍.എമാര്‍ക്ക് അവരുടെ അവകാശങ്ങളുള്ളതു പോലെ, പോലീസുകാര്‍ക്ക് അവരുടെ അധികാരങ്ങളുള്ളതു പോലെ, അടിവസ്ത്രം കഴുകുന്നയാള്‍ക്ക് ആ മേഖലയിലുള്ളതു പോലെ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട്. പോരാട്ടത്തിലൂടെ നേരത്തേ നേടിയ അവകാശങ്ങള്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഇപ്പോള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കുന്നു.

അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ മറ്റെല്ലാ മേഖലകളിലും എന്ന പോലെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. ഞങ്ങളില്‍ നല്ലവരുണ്ട്, വളരെ മോശക്കാരുമുണ്ട്. മോശക്കാരായ ചിലരുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അതുപോലെ തന്നെ, മോശക്കാരായ രണ്ടു വ്യക്തികളെ ചൂണ്ടിക്കാട്ടിയാല്‍ അത് ആ സമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കല്‍ ആവുന്നതെങ്ങനെ? ഒരു പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കൈക്കൂലി വാങ്ങിയാല്‍ അയാളെ മാത്രമല്ലേ കുറ്റപ്പെടുത്തുക? അത് ആ പോലീസ് സ്‌റ്റേഷനെതിരെയോ പോലീസ് സേനയ്ക്കാകെ എതിരെയോ ഉള്ള കുറ്റപ്പെടുത്തലാവുമോ? നിങ്ങള്‍ പറയുന്ന രീതിയിലാണെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരെയും ഒന്നും പറയാനാവില്ല.

യോജിക്കാം, വിയോജിക്കാം. എല്ലാം മാന്യമായ രീതിയിലാവട്ടെ.

MORE READ

പണത്തിനു മീതെ പരുന്തുമില്ല... ഐ.എസ്. ബന്ധത്തിന്റെയും മതവൈരം പ്രചരിപ്പിച്ചതിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ...
മാനിഷാദ… IPC 228-A The law of the land states that the identity of a rape victim cannot be disclosed and those guilty of doing so face punishment under Sectio...
ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!... ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യ...
ചെറുത്തുനില്‍പ്പ്‌... നമ്മുടെ നാട്ടില്‍ അടുത്തിടെ ഒരു ഭരണമാറ്റമുണ്ടായി. നമ്മള്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അത് യഥാര്‍ത്ഥ മാറ്റമാണോ? അല്ല തന്നെ. രാഷ്ട്രീയ നേതൃത്വം മ...
അഭിഭാഷക ‘ഗുണ്ടകള്‍’ അറിയാന്‍... അഭിഭാഷക ഗുണ്ടകള്‍!!! മനഃപൂര്‍വ്വമാണ് ഈ പ്രയോഗം. പ്രകോപനം സൃഷ്ടിക്കുകയല്ല ലക്ഷ്യം. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ഗുണ്ടകളായി ഞാന്‍ കാണുന്നില്ല. അവരില്‍ ഒരു...
ബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം... -ബിഹാറിലെ റോത്തസ് ജില്ലയിലെ കാര്‍ഗഹര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ 6 വയസ്സുള്ള ഹിന്ദു ബാലികയെ മെറാജ് മിയാന്‍ (27) എന്നയാള്‍ ബലാത്സംഗം ചെയ്തു. ഗ്രാമത്ത...
മാതൃകയാക്കാം… ഈ വിവാഹം... നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്ക...

 • 103
 • 33
 •  
 • 52
 •  
 •  
 •  
  188
  Shares
 •  
  188
  Shares
 • 103
 • 33
 •  
 • 52
 •  
 •  

2 COMMENTS

 1. ആര്‍ജ്ജവമുള്ള നിലപാട്.
  പറഞ്ഞതില്‍ ഉറച്ചുനിന്നുള്ള വിശദീകരണം ഇഷ്ടപ്പെട്ടു.ആ കമന്‍റിന്‍റെ പേരില്‍ ഒരു പ്രവാസിയെന്ന നിലയില്‍ ഞാനും ഒരു പോസ്റ്റ് എന്‍റെ വാളിലിട്ടിരുന്നു.സ്വാഭാവിക പ്രതികരണം.മാന്യമായ ഭാഷ ഉപയോഗിക്കുക എന്നത് ഒരു സംസ്കാരമാണ്.സംസ്കാരം പഠിപ്പിക്കുന്ന മതക്കാരും സംസ്കാരം പറയുന്ന രാരാഷ്ട്രീയക്കാരരും സ്വയം മാന്യത നടിക്കുന്നവരും ആള്‍കൂട്ടമായി മാറുമ്പോള്‍ എല്ലാം മറക്കുന്നു എന്നത് ഒരു ദുര്യോഗം തന്നെയാണ്.

COMMENT