കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസ്യതയ്ക്ക് കൂടുതല്‍ കോട്ടം തട്ടിച്ചുകൊണ്ട് ഒരു നികുതിവെട്ടിപ്പിന്റെ കഥ. ഫ്‌ളാറ്റിന് പണം നല്‍കിയവര്‍ അറിയാതെ പദ്ധതി തന്നെ മറിച്ചുവിറ്റ കെ.ജി.എസ്. ഡെവലപ്പേഴ്‌സും വിറ്റ ഫ്‌ളാറ്റുകള്‍ അതിന്റെ ഉടമകളറിയാതെ പണയം വെച്ച് വായ്പയെടുത്ത ഹീര ഹോംസും വരുത്തിവെച്ച വിശ്വാസ്യതാനഷ്ടം ചില്ലറയല്ല. അതിനു പിന്നാലെയാണ് ഹീര തന്നെ പ്രതിയായ നികുതിവെട്ടിപ്പിന്റെ കഥ ഇപ്പോള്‍ പുറത്തുവരുന്നത്.

വാണിജ്യ നികുതി വകുപ്പില്‍ 2 അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്തിന്റെ പേരിലാണ് ഈ സസ്‌പെന്‍ഷന്‍ എന്ന് അന്വേഷിച്ചപ്പോഴാണ് ഹീരയുടെ തട്ടിപ്പിന്റെ പുതിയ കഥ പുറത്തുവന്നത്. കഥ പുതിയതാണെങ്കിലും സംഭവം പഴയതാണ്. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന ചൊല്ല് കേട്ടിട്ടില്ലേ? അതു തന്നെ. തട്ടിപ്പ് കോടികണക്കിന് രൂപ വരും.

തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയതിനാണ് 2 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പിടി വീണത്. തിരുവനന്തപുരം സ്‌പെഷല്‍ സര്‍ക്കിളിലെ അസസ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണറായ കെ.ശ്രീബിന്ദു, ഇപ്പോള്‍ കൊല്ലം സ്‌പെഷല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറും നേരത്തേ തിരുവനന്തപുരത്തെ വര്‍ക്‌സ് കോണ്‍ട്രാക്ട്‌സ് വിഭാഗം വാണിജ്യ നികുതി ഓഫീസറുമായിരുന്ന സി.ശശികുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

വളരെ വിദഗ്ദ്ധമായാണ് നികുതി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഹീര മറ്റൊരാള്‍ക്ക് ഉപകരാര്‍ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തിയതാണ് തട്ടിപ്പിന്റെ പുതിയ രൂപം. ഇത്തരത്തിലുള്ള സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ കരാറുകാരനായ ഹീരയ്ക്ക് നികുതിയില്‍ കുറവു നല്‍കി. സംശയം തോന്നിയതിനെത്തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ വാണിജ്യ നികുതി വകുപ്പിലെ ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കി. ഈ പരിശോധനയിലാണ് വിവിധ വര്‍ഷങ്ങളായി നല്‍കേണ്ട ഏകദേശം 50 കോടി രൂപയ്ക്കു നല്‍കേണ്ട നികുതിയില്‍ ഇളവു വരുത്തി നല്‍കിയതായി കണ്ടെത്തിയത്.

അനധികൃതമായി നല്‍കിയ ഫോറം 20-എച്ച് മറയാക്കി വേണ്ടത്ര പരിശോധനയില്ലാതെ കോടിക്കണക്കിന് വിറ്റുവരവ് വെട്ടിക്കുന്നതിന് കൂട്ടുനിന്നു എന്ന പേരിലാണ് ഉടനെ സസ്‌പെന്‍ഷന്‍ തീരുമാനമുണ്ടായത്. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യന്‍ അന്വേഷണ വിധേയമായുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് സമാന സ്വഭാവത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അനധികൃത നികുതിയിളവ് നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. നികുതി വകുപ്പ് കമ്മീഷണറാണ് ഈ പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുക.

swisstown
ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗണ്‍

കുറച്ചുകാലമായി ഹീര കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തെ പട്ടത്തുള്ള അറ്റ്‌മോസ്ഫിയര്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ജഗതിയിലെ റിവര്‍ പാര്‍ക്ക് ഫ്‌ളാറ്റുകള്‍ പറഞ്ഞ സമയത്ത് കൈമാറാനായില്ല. ശാസ്തമംഗലത്തെ സ്‌കൈ ഗോള്‍ഫ് പദ്ധതിയും വൈകുന്നു. വഴുതക്കാട്ടത്തെ പദ്ധതിയാണെങ്കില്‍ കേസില്‍ കുടുങ്ങുകയും ചെയ്തു. കാല്‍ നൂറ്റാണ്ടു കൊണ്ട് 213.22 കോടി രൂപയുടെ വായ്പാബാദ്ധ്യത ഹീരയ്ക്ക് വന്നിട്ടുണ്ട് എന്നാണ് കണക്ക്. തവണകള്‍ വീഴ്ച വരുത്തിയതും അല്ലാത്തതുമായി 182.5 കോടി രൂപയുടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ ബാക്കിനില്‍ക്കുന്നുവെന്നും അടുത്തിടെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പയാണ് തട്ടിപ്പിന്റെ രൂപത്തിലേക്കു നേരത്തേ മാറിയിരുന്നത്. ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗണിലെ 194 ഫ്‌ളാറ്റുകള്‍ ഉടമകളറിയാതെ പണയപ്പെടുത്തി വായ്പയെടുക്കുകയായിരുന്നു. 2011ല്‍ 20 കോടി രൂപയും 2013ല്‍ 15 കോടി രൂപയുമാണ് കെ.എഫ്.സിയില്‍ നിന്ന് ഹീര വായ്പയെടുത്തത്. ഈ വായ്പകള്‍ തീര്‍പ്പാക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് ഇപ്പോള്‍ കോടികളുടെ നികുതിവെട്ടിപ്പിന്റെ കഥ കൂടി പുറത്തുവരുന്നത്.

FOLLOW
 •  
  319
  Shares
 • 275
 • 28
 •  
 • 16
 •  
 •