-ശ്രേഷ്ഠ ചെയ്തത് ഡ്യൂട്ടിയാണ്
-ശ്രീറാം ചെയ്തത് ഡ്യൂട്ടിയാണ്
-അദീല ചെയ്തത് ഡ്യൂട്ടിയാണ്
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.പി.എസ്. ഉദ്യോഗസ്ഥ ശ്രേഷ്ഠ താക്കൂര്‍ സ്ഥലം മാറ്റപ്പെട്ടു.
കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.എ.എസ്. ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറ്റപ്പെട്ടു.
കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.എ.എസ്. ഉദ്യോഗസ്ഥ അദീല റബീഹ് അബ്ദുള്ള സ്ഥലം മാറ്റപ്പെട്ടു.
ഉത്തര്‍ പ്രദേശില്‍ ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ച ബി.ജെ.പി. പ്രാദേശിക നേതാവിന് പിഴയിട്ടതായിരുന്നു ശ്രേഷ്ഠയുടെ സ്ഥലംമാറ്റത്തിനു കാരണം.
ശ്രേഷ്ഠയെ ഫാഷിസത്തിന്റെ ഇര എന്ന് പലരും വിശേഷിപ്പിച്ചുകണ്ടു.
ഇക്കാര്യത്തിലെ അളവുകോല്‍ കേരളത്തിനും ബാധകമാണ്.
അങ്ങനെ വരുമ്പോള്‍ ശ്രീറാമും അദീലയും ഇരകള്‍ തന്നെ.
ഒരേ തരം ഭരണകൂട ജന്മിത്വത്തിന്റെ ഇരകള്‍.
ശ്രീറാമിന്റെ കേസാണ് കൂടുതല്‍ ചര്‍ച്ചാവിഷയമായിട്ടുള്ളത്.
സര്‍ക്കാരിന്റെ വിവേചനാധികാരം, സ്ഥാനക്കയറ്റം തുടങ്ങിയ ന്യായീകരണങ്ങള്‍ പ്രവഹിക്കുന്നു.
പക്ഷേ, എന്താണ് സത്യം?
2013ലാണ് ശ്രീറാം ഐ.എ.എസ്സിലെത്തുന്നത്.
2016 ജൂലായില്‍ ദേവികുളത്ത് സബ് കളക്ടറായി പോസ്റ്റിങ് ലഭിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശ്രീറാം എവിടെയായിരുന്നു എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്.
ശ്രീറാമിനെ ദേവികുളത്ത് നിയമിച്ചത് പിണറായി സര്‍ക്കാരാണ്.
മൂന്നാറില്‍ എസ്.രാജേന്ദ്രന് എം.എല്‍.എ. അടക്കമുള്ള കൈയേറ്റക്കാര്‍ക്കെതിരെ ശ്രീറാം ശക്തമായ നിലപാട് സ്വീകരിച്ചു.
ഇടുക്കിയുടെ സ്വന്തം മന്ത്രിയായ എം.എം.മണിയും ശത്രുപക്ഷത്തായി.
എന്നാല്‍, ശ്രീറാമിനെ പൂട്ടാന്‍ രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെച്ച കെണി ഹൈക്കോടതി തട്ടിത്തെറിപ്പിച്ചു.
ശ്രീറാമിന്റെ നടപടികള്‍ക്ക് കോടതിയുടെ അംഗീകാരം.
അങ്ങനെ ശ്രീറാം ജയിക്കേണ്ടെന്ന് സര്‍ക്കാര്‍.
സ്ഥാനക്കയറ്റം എന്ന വ്യാജേനയുള്ള മാറ്റം എംപ്ലോയ്മെന്റ് ഡയറക്ടറായി.
ഇപ്പോഴല്ല ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിച്ചത്, 2017 ജനുവരിയിലാണ്.
സീനിയര്‍ സ്കെയില്‍ സബ് കളക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ദേവികുളത്ത് തുടരുന്നു.
2014ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി പ്രകാരം അതാണ് വേണ്ടത്.
2018 ജൂലായ് വരെ ശ്രീറാമിനെ അവിടെ തുടരാന്‍ അനുവദിക്കണം.
2018 ജൂലായ് മാസത്തിനു മുമ്പ് ശ്രീറാമിനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്നത് ശരിയാണ്.
പക്ഷേ, അതിന് ചില നടപടിക്രമങ്ങളുണ്ട്.
മതിയായ കാരണം രേഖപ്പെടുത്തി സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടണം.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഈ സമിതി ശ്രീറാമിന്റെ ഭാഗം കൂടി കേള്‍ക്കണം.
ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യണം.
മന്ത്രിസഭയുടേതാണ് അന്തിമ തീരുമാനം.
ഒരു അബദ്ധത്തില്‍ നിന്ന് പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് സത്യം.
ടി.പി.സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് പണി കിട്ടിയത് സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ പേരിലാണ്.
ശ്രീറാമിന്റെ കാര്യത്തിലും അതേ പിഴവ് ആവര്‍ത്തിക്കുന്നു.
ഒരുപാട് കാലം സര്‍വ്വീസ് ബാക്കിയുള്ളതിനാല്‍ ഈ ചെറുപ്പക്കാരന് കേസിന് പോകില്ലായിരിക്കാം.
പക്ഷേ, ശ്രീറാം ഭക്തസഭക്കാര്‍ ആരെങ്കിലും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ വിഷയമെത്തിച്ചാല് എട്ടിന്റെ പണി ഉറപ്പ്.
ഇതു പോലെ തന്നെ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായിരുന്ന അദീല അബ്ദുള്ളയുടെ കസേര തെറിപ്പിച്ചത് ആര്‍ക്കുവേണ്ടിയാണ്?
ഭൂമാഫിയയ്ക്കെതിരെ നടപടിയെടുത്തത് അദീലയെ വമ്പന്മാരുടെ കണ്ണിലെ കരടാക്കി.
ശ്രീറാമിന്റെ നടപടികള്‍ സംഘടിത പ്രതിഷേധം കാരണം നാലാളറിഞ്ഞുവെങ്കില് അദീലയുടെ നടപടികള്‍ പലരുമറിഞ്ഞില്ല.
സ്ഥാനമേറ്റ് 9 മാസത്തിനകം ഏക്കര്‍ കണക്കിനു ഭൂമിയാണ് ഇവര്‍ കൈയേറ്റമൊഴിപ്പിച്ചത്.
കൊച്ചി വൈറ്റിലയില്‍ കണ്ണായ സ്ഥലത്ത് സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന 2 ഏക്കര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഭൂമിയും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി.
പാട്ടക്കുടിശ്ശികയുള്ളവരെയും പിടിച്ചു.
ഫോര്‍ട്ട് കൊച്ചിയില്‍ വമ്പന്മാരുടെ കേന്ദ്രമായ കൊച്ചിന് ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന 4 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി.
അതോടെ അദീലയുടെ കസേരയ്ക്ക് ഇളക്കം തട്ടി.
ജൂണ്‍ 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ സബ് കളക്ടറുടെ സ്ഥലംമാറ്റം അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായാണ് വന്നത്.
കായല്‍ നികത്തലടക്കം കൊച്ചിയിലെ വമ്പന്‍ കൈയേറ്റങ്ങളില്‍ കൈവെച്ചുവെന്നതാണ് അദീല ചെയ്ത കുറ്റം.
അദീലയുടെ സ്ഥാനമാറ്റം ആരും അറിഞ്ഞില്ല, അതിനാല്‍ത്തന്നെ പ്രതിഷേധവുമുണ്ടായില്ല.
പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്കുന്ന ‘ലൈഫ്’ പദ്ധതിയാണ് അദീലയുടെ പുതിയ തട്ടകം.
ശ്രീറാമിന്റെയും അദീലയുടെ സ്ഥാനചലനത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ്.
ശ്രേഷ്ഠയുടെ സ്ഥാനചലനത്തിനു പിന്നിലും രാഷ്ട്രീയ കാരണം തന്നെയായിരുന്നു.
ചില കാര്യങ്ങളില്‍ യോഗി ആദിത്യനാഥും പിണറായി വിജയനും കണക്കു തന്നെ.
അപ്പോള്‍, നിങ്ങളിട്ടാല്‍ വള്ളിക്കളസം ഞങ്ങളിട്ടാല്‍ ബര്‍മുഡ എന്ന വാദം ഇനി വേണ്ട എന്നര്‍ത്ഥം.
ഭംഗിയായി ബാലൻസ് ചെയ്തു…
നാല് കൊല്ലമായി ദേവികുളം സബ് കലക്ടറായിരിക്കുന്ന ശ്രീറാം മൂന്ന് വർഷ ക്കാലം എത്ര കയ്യേറ്റം ഒഴിപ്പിച്ചെടുത്തിട്ടുണ്ട്? വാദിക്കാനല്ല അറിയാൻ വേണ്ടി മാത്രം ചോദിക്കുകയാ.
മുഴുവൻ വായിച്ചില്ല അല്ലെ? പിണറായി സർക്കാരാണ് ശ്രീറാമിനെ ദേവികുളത്ത് നിയമിച്ചത്. 2016 ജൂലായിൽ.
4 വർഷം തികയാൻ 2020 ജൂലായ് ആകണം സഹോ..
ഇതുപോലെ മറ്റപ്പെട്ടവരുടെ കാര്യത്തില്‍ അര്‍ക്കും ഒന്നും പറയാനില്ല..’ക്ഷീരമുള്ളൊരു അകിടിന് ചുവട്ടില്‍ കൊതുക്കിന് ചോര തന്നെ കൗതുകം”
ന്യായീകരണ തൊഴിലാളി ഏത് രൂപത്തിലും വരുംന്ന് മനസിലായി.
എന്തൊരു താരതമ്യം ..
അത് മാത്രം അല്ല എല്ലാ ആളുകളും കോടതിയിൽ പോയല്ലോ? അപ്പോൾ എങ്ങിനെ ഒഴിപ്പിക്കും.
പതിനൊന്ന് മാസമേ ആയു ള്ളു. മുഴുവൻ സി.പി. എം കാരും മൂന്നു വർഷം എന്ന് പറഞ്ഞ് ട്രാളുകളും ഇറക്കി കഷ്ടം.
ഹെൽമെറ്റ് & കൈയേറ്റവും നല്ല താരതമ്യം.
ഇവിടത്തെ സ്ഥലംമാറ്റത്തിന്റെ impact കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ കുറിപ്പ് തന്നെ ഉണ്ടാവില്ലായിരുന്നു.