Reading Time: 3 minutes

ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ ജീവിച്ചിരുന്നത് ക്രിസ്തുവിനു മുമ്പ് 428നും 348നും ഇടയിലാണ്. അദ്ദേഹം അന്നു പറഞ്ഞിരുന്നു -“വിദൂരഭാവിയില്‍ ഒരിക്കല്‍, നമ്മുടെ കൊച്ചുമക്കളുടെ കൊച്ചുമക്കളുടെ കാലത്ത്, നമ്മുടെ ഈ ക്ലാസ് മുറികള്‍ക്കു തുല്യമായൊരു സംവിധാനം വികസിച്ചുവരും. അകത്ത് അഗ്നി തെളിയുന്ന പെട്ടികള്‍ക്കു മുന്നില്‍ അവര്‍ മണിക്കൂറുകളോളം ചെലവിടും. അവര്‍ക്ക് വെളിച്ചവും അറിവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമുണ്ടാവും എന്നാശിക്കുന്നു.” പ്ലേറ്റോ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു. 2,500 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലേറ്റോയുടെ കാലത്തെന്നല്ല, 10 വര്‍ഷം മുമ്പു പോലും നമ്മുടെ വിദൂരസങ്കല്പത്തില്‍ മാത്രമുണ്ടായിരുന്ന കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

പക്ഷേ, ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല എന്നു പറയുന്നത് ശരിയല്ല. ഒരു പരസ്യത്തിന്റെ രൂപത്തിലാണെങ്കിലും ഈ ആശയം നമ്മുടെ മുന്നിലെത്തിയിരുന്നു. അറം പറ്റിയ ആ പരസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് 13 വര്‍ഷം മുമ്പ് പുറത്തിറക്കിയ ആ പരസ്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. പ്രതിസന്ധിയെ നേരിടാനുള്ള പുതുവഴി എന്ന നിലയിലാണ് ആ പരസ്യം അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, വേറൊരു രീതിയിലാണെങ്കിലും പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗ്ഗമായി ആ പരസ്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു.

‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയം പ്രചരിപ്പിക്കുന്ന ആ പരസ്യം ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട പരസ്യങ്ങളിലൊന്ന്. അഭിഷേക് ബച്ചനായിരുന്നു പരസ്യത്തിലെ നായകന്‍. ഇതില്‍ ഒരു സ്കൂളിന്റെ പ്രിന്‍സിപ്പലായ പാതിരിയുടെ വേഷത്തിലായിരുന്നു അദ്ദേഹം. പഠിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കാന്‍ സാധിക്കാത്തത് അദ്ധ്യാപനത്തിന്റെ പുതുവഴികള്‍ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ക്ലാസ് മുറിയുടെ നാലു ചുമരുകളില്‍ നിന്ന് വിദ്യാഭ്യാസത്തെ അദ്ദേഹം ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് എത്തിക്കുകയാണ്, പറിച്ചുനടുകയാണ് -മൊബൈല്‍ ടെലിഫോണിയുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ. അകലെയുള്ള അദ്ധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയാണ്, അറിവു പകരുകയാണ്. അങ്ങനെ ‘വിദൂര’ വിദ്യാഭ്യാസത്തിലൂടെ അറിവു നേടിയ വിദ്യാര്‍ത്ഥിനി മുന്നിലെത്തി സമ്മാനം വാങ്ങുന്നിടത്ത് പരസ്യം അവസാനിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇതു തന്നെയല്ലേ?

What an Idea, Sirji! എന്ന തലക്കെട്ടിലുള്ള പരസ്യ പരമ്പരയുടെ ഭാഗമായിരുന്നു ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയമുള്ള ആ പരസ്യവും. ഐഡിയയുമായി 3 വര്‍ഷത്തെ പരസ്യകരാര്‍ ഒപ്പിടുന്നതിന് ജൂനിയര്‍ ബച്ചന്‍ 30 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് അന്നു പുറത്തുവന്ന വിവരം. 2021ലെ 30 കോടിയല്ല 2007ലെ 30 കോടി എന്നോര്‍ക്കുക! പരസ്പരം പോരടിക്കുന്ന രണ്ടു ജാതിക്കാര്‍ക്കിടയില്‍ കലാപമൊഴിവാക്കാന്‍ അവരുടെ പേരുകള്‍ക്കു പകരം തിരിച്ചറിയാന്‍ അക്കങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഗ്രാമമുഖ്യന്റെ റോളിലാണ് ഈ പരസ്യ പരമ്പരയില്‍ അഭിഷേക് അരങ്ങേറിയത്. ‘ജാതിക്കലാപം’ വിഷയമാക്കിയ ഈ പരസ്യം തന്നെ ഐഡിയ എന്ന ബ്രാന്‍ഡിന്റെ വ്യക്തിത്വം പ്രേക്ഷകമനസ്സില്‍ ഉറപ്പിച്ചു.

ഐ‍ഡിയയുടെ ഈ പരസ്യങ്ങളിലൂടെയാണ് പ്രേക്ഷകര്‍ വിനോദപ്രദവും ചിന്തോദ്ദീപകവും പിടിച്ചിരുത്തുന്നതുമായ ആശയങ്ങള്‍ ആദ്യമായി ഒരുമിച്ച് അനുഭവിച്ചതെന്ന് പരസ്യരംഗത്തെ കുലപതികളിലൊരാളായ കെ.വി.ശ്രീധര്‍ തന്റെ 30 സെക്കന്‍ഡ് ത്രില്ലേഴ്സ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടിട്ടുണ്ട്. ഇതില്‍ ഐഡിയ പരസ്യങ്ങളുടെ പിന്നാമ്പുറക്കഥകളും അദ്ദേഹം കോറിയിട്ടിരിക്കുന്നു. പരസ്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തന്നെ പരിചയപ്പെടുത്തിയാണ് ശ്രീധറിന്റെ അവലോകനങ്ങളും വിശകലനങ്ങളും. ലോവ് ലിന്റാസിന്റെ ക്രിയേറ്റീവ് ഹെഡായിരുന്ന ആര്‍.ബാല്‍കി, ഐഡിയ പരസ്യങ്ങളുടെ മേല്‍നോട്ടം വഹിച്ച ക്രോം പിക്ചേഴ്സിലെ അമിത് ശര്‍മ്മ, ലോവ് ലിന്‍റാസിലെ ക്രിയേറ്റീവ് ഡയറക്ടര്‍മാര്‍ നിഖില്‍ റാവു, അശ്വിന്‍ വര്‍ക്കി എന്നിവാണ് ‘സര്‍ജി’ പരമ്പര പരസ്യങ്ങളുടെ ബുദ്ധികേന്ദ്രങ്ങള്‍.

സമൂഹത്തിനായി എന്തെങ്കിലും ചെയ്യുന്ന സാങ്കേതികത -ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഐഡിയയ്ക്ക് വളരെ സങ്കീര്‍ണ്ണമായൊരു അടിസ്ഥാനമാണ് പ്രസരിപ്പിക്കാനുണ്ടായിരുന്നത്. വളരെ ലളിതമായി ഇതു പറയാനുള്ള ശ്രമം എന്ന നിലയിലാണ് ‘What an Idea’ അവതരിപ്പിച്ചത്. ‘Sirji’ പിന്നീട് പരസ്യങ്ങളുടെ തിരക്കഥാ രചനാവേളയില്‍ കടന്നുവരികയായിരുന്നു, കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 2007ലാണ് ‘ജാതിക്കലാപം’ വിഷയമാക്കിയ പരസ്യം വന്നത്. 2008ലും 2009ലും ‘സര്‍ജി’ പരമ്പരയില്‍ ഒട്ടേറെ പരസ്യങ്ങള്‍ വന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയം 2008 ജൂലൈ 1ന് പുറത്തുവന്ന ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ പരസ്യം തന്നെ. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പരസ്യം കാണുമ്പോള്‍ നമ്മുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിടരും -സംതൃപ്തിയുടെ പുഞ്ചിരി!! What an Idea Sirji!!

ഐഡിയ എന്ന ബ്രാന്‍ഡ് ഇന്നില്ല. വൊഡാഫോണുമായി ലയിച്ച് അത് Vi എന്ന പുതിയ ബ്രാന്‍ഡായി പുനരവതരിച്ചിരിക്കുന്നു. പക്ഷേ, ഐഡിയ ഇല്ലെങ്കിലും ഐഡിയയുടെ ആ പരസ്യം എന്നും ഓര്‍മ്മയില്‍ നിലനില്‍ക്കും.

 


പിന്‍കുറിപ്പ്: 1998 മുതല്‍ ഈയുള്ളവന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താവാണ്. 9847062789 എന്നതാണ് നമ്പര്‍. 23 വര്‍ഷത്തിനിപ്പുറം ഇപ്പോഴും ഔദ്യോഗിക നമ്പര്‍ ഇതു തന്നെ. ആദ്യം ESCOTEL ആയിരുന്നു സേവനദാതാവ്. പിന്നീട് അത് idea ആയി രൂപാന്തരം പ്രാപിച്ചപ്പോള്‍ സഞ്ചാരം വര്‍ഷങ്ങളോളം അവര്‍ക്കൊപ്പമായി. ideaയും vodafoneഉം ചേര്‍ന്ന് Vi ആയപ്പോള്‍ ഇപ്പോള്‍ നില്പ് Viയുടെ നിരയിലാണ്. അപ്പോള്‍ ഇത് ‘കുടുംബകാര്യ’മാണ് എന്നര്‍ത്ഥം.

Previous articleകോവിഡിനെ പിടിച്ചുകെട്ടുമോ ഈ മരുന്ന്?
Next articleഅയ്യോ.. മൊയലാളി പോവല്ലേ…

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

Donate to support FAIR JOURNALISM

COMMENTS